Current Date

Search
Close this search box.
Search
Close this search box.

ഇനി നമുക്ക് ശബാബും, രിസാലയും രാഷ്ട്രീയം പറയുന്നത് കേള്‍ക്കാം

രാഷ്ട്രീയവും മതവും ഭൂമിയിലാണെങ്കിലും കിഴക്കും പടിഞ്ഞാറും പോലെ രണ്ടും രണ്ടറ്റത്താണെന്നും, മതം രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതില്ല, രാഷ്ട്രീയക്കാര്‍ മതകാര്യം നോക്കേണ്ടതില്ല എന്നിങ്ങനെയുള്ള വാദമുഖകള്‍ ചര്‍ച്ചിച്ച് ഇനിയും തീര്‍ന്നിട്ടില്ലെങ്കിലും ചില ശുഭ സൂചനകള്‍ പരാമര്‍ശിക്കാതെ പോകുന്നത് സ്വജനപക്ഷപാതിത്വമാകും എന്നതിനാല്‍ സൂചിപ്പിക്കുകയാണ്. വാദം കൊണ്ട് പഴമക്കാര്‍ പറഞ്ഞു വെച്ചതിനെ അപ്പടി ഒരു തരിപോലും തൂവിപ്പോകാതെ മുറുകെ പിടിച്ചു നടക്കുന്നവരാണെങ്കിലും പ്രവര്‍ത്തനങ്ങളില്‍ നേര്‍വിപരീത ദിശയിലേക്ക് പോകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. മതവും രാഷ്ട്രീയവും “അത് വെ ഇത് റെ” എന്ന ലൈനിലാണെന്ന് ദാര്‍ശനിക മാനഭംഗം നടത്തിയിരുന്ന ശബാബും, രിസാലയും സമീപകാലത്ത് ‘രാഷ്ട്രത്തെ സംബന്ധിക്കുന്നത്’ എന്നര്‍ത്ഥം വരുന്ന “രാഷ്ട്രീയം” സംസാരിക്കുന്നത് പ്രതിപക്ഷ ബഹുമാനമുള്ളവര്‍ എടുത്തുദ്ദരിക്കേണ്ടത് തന്നെയാണ്.

മൂല്യവിചാരം തന്നെയാണ് ഇസ്‌ലാം. മൂല്യവിചാരങ്ങളെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് പ്രസരിപ്പിക്കുമ്പോഴാണ് ഫിര്‍ഔനുമാരും, നംറൂദുമാരും അരിശം കൊള്ളുക. സമകാലിക കേരളീയ സമരപരിസരങ്ങളില്‍ അരങ്ങേറിയ ചില ‘വേലിചാടലുകളെ’ മൂല്യവിചാരങ്ങളില്‍ നിന്നു കൊണ്ട് വിശകലനം ചെയ്യുകയും, ഇടതുപക്ഷത്തിന്റെ നിലപാട് വൈകല്യങ്ങളെ തുറന്ന് കാട്ടുകയും ചെയ്യുന്നതാണ് രിസാല വാരികയുടെ (നവം: 26/14) കവര്‍‌സ്റ്റോറി. ‘സാക്ഷാല്‍ കമ്മ്യൂണിസ്റ്റുകാര്‍ പകല്‍ വെളിച്ചത്തില്‍ പൊതുസ്ഥലത്ത് ചുംബിക്കാന്‍ യുവതീയുവാക്കള്‍ക്ക് അവകാശമുണ്ടെന്ന് പരസ്യമായി വാദിച്ചു. സദാചാര പോലിസുകാര്‍ക്ക് നഗ്നസന്യാസിമാരെ തുണിയുടുപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന് രാജേഷ് എം.പി ചോദിച്ചപ്പോള്‍ ജനം കൈയ്യടിച്ചു. ചുംബിക്കാന്‍ ഇറങ്ങിയ യൂവതീയുവാക്കളെ പോലിസ് തല്ലിച്ചതക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതില്‍ സഖാവ് പിണറായി വിജയന്‍ ധര്‍മരോഷം കൊണ്ടു. കേരളത്തിലെ ഇടതുചിന്ത എപ്പോഴാണ് ഇത്ര വലത്തോട്ട് മാറി ചലിക്കാന്‍ തുടങ്ങിയതെന്ന് പലരും ചോദിച്ചുപോയ സന്ദര്‍ഭം‘. അതെ, എത്ര മനോഹരമായാണ് ‘രിസാല‘ രാഷ്ട്രീയം പറയുന്നതെന്ന് വായനക്കാരും ചോദിച്ചു പോകുന്നു.

‘ജനന നിയന്ത്രണത്തിന്റെ രാഷ്ട്രീയം’ ആണ് പോയവാരത്തിലെ ശബാബ് വാരികയുടെ (നവം: 28/14) കവര്‍‌സ്റ്റോറി. തത്വങ്ങള്‍ അനശ്വരങ്ങളാണെന്ന മൂഢധാരണ വെച്ചു പുലര്‍ത്തുന്ന ഭരണകൂടത്തോട് മറുത്തുപറയാന്‍ രാഷ്ട്രീയ ഭാഷ തന്നെ സംസാരിക്കേണ്ടി വരും. പക്ഷെ ഒരു വ്യത്യാസം മാത്രം. മൂല്യരാഷ്ട്രീയം ഉറവയെടുക്കുന്ന ദൈവികവേദരാഷ്ട്രീയ വര്‍ത്തമാനങ്ങളാണ് ഇസ്‌ലാമിന്റെ വക്താക്കള്‍ സംസാരിക്കുക. ദിവസങ്ങള്‍ക്ക് മുമ്പ് ഛത്തീസ്ഘട്ടിലെ ബിലാസ്പൂരില്‍ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായി ജീവന്‍ ബലി നല്‍കേണ്ടി വന്ന സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാനാണ് ശബാബ് ഇത്തവണ തീരുമാനിച്ചിരിക്കുന്നത്. ജനസംഖ്യയുടെ വര്‍ദ്ധനവ് ലോകസമാധാനത്തിന് ഭീഷണിയാണെന്നായിരുന്നു തോമസ് മാല്‍ത്തൂസിന്റെ കണ്ടെത്തല്‍. ജനസംഖ്യാ വര്‍ദ്ധനവ് പട്ടിണി, വറുതി, ആരോഗ്യ പ്രശ്‌നങ്ങള്‍, ദാരിദ്ര്യം എന്നിവക്ക് കാരണമാകുമെന്ന് മാല്‍ത്തൂസ് സിദ്ധാന്തിച്ചു. വികസിത രാഷ്ട്രങ്ങളിലെ ഉപരിവര്‍ഗത്തിന്റെ മനസ്സില്‍ തങ്ങളുടെ വരും തലമുറക്ക് കഴിക്കാന്‍ ഭൂമിയില്‍ വരും നാളുകളില്‍ ഭക്ഷണം ഉണ്ടാകില്ലേ എന്ന ആധി ഉടലെടുത്തു. പരിഹാരവും അവര്‍ തന്നെ കണ്ടെത്തി. ജനന നിരക്ക് താരതമ്യേന കൂടിയ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞു. എന്തു കൊണ്ടാണ് ഓരോ വര്‍ഷവും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ മാത്രം പുതിയ വൈറസ്സുകള്‍ പ്രത്യക്ഷപ്പെട്ട് പകര്‍ച്ചവ്യാധികള്‍ ‘സൃഷ്ടിക്കുന്നത്’?, മൂന്നാം ലോക രാജ്യങ്ങളില്‍ മാത്രം എന്തു കൊണ്ടാണ് വന്ധ്യംകരണം ഒരു ആശയമായും, പുരോഗമന ചിന്തയായും അവതരിപ്പിക്കപ്പെടുന്നത്? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കോര്‍പ്പറേറ്റ് മുതലാളിമാരുടെ സ്വന്തം കുടുംബങ്ങളെ കുറിച്ചുള്ള ഭയാശങ്കകളില്‍ നിന്നും കണ്ടെത്താന്‍ കഴിയും. മാല്‍ത്തൂസിയന്‍ സിദ്ധാന്തത്തെയാണ് വന്ധ്യംകരണത്തിന് വിധേയമാക്കേണ്ടതെന്ന ശബാബിന്റെ പ്രഖ്യാപനം ഇവിടെയാണ് പ്രസക്തമാവുന്നത്.

‘രാജി ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്’ എന്ന് എം.എന്‍ വിജയന്‍. ഭരണകൂടത്തിന്റെ അരുതായ്മകള്‍ക്കെതിരെയും, പിണറായി വിജയന്റെ മൂല്യനിഷേധത്തിനെതിരെയും ഇസ്‌ലാമിക മൂല്യങ്ങള്‍ രാഷ്ട്രീയ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി പ്രതിരോധം തീര്‍ക്കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് ശബാബും, രിസാലയും നമുക്ക് മുന്നില്‍ സമ്മതിക്കാതെ സമ്മതിക്കുന്നുണ്ട്.

Related Articles