Current Date

Search
Close this search box.
Search
Close this search box.

ആത്മീയ ദാരിദ്യം അനുഭവിക്കുന്ന മതപ്രസിദ്ധീകരണങ്ങള്‍

കഴിഞ്ഞ വാരത്തിലെ പ്രമുഖ മുസ്‌ലിം ആനുകാലികങ്ങള്‍ വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ ചില ചിന്തകളാണ് ഈ വായനാവാരത്തില്   പങ്കുവെക്കുന്നത്. രാഷ്ട്രീയത്തിന് അമിത പ്രാധാന്യമുള്ള ഒരു രാജ്യത്തും സംസ്ഥാനത്തുമാണ് നാം ജീവിക്കുന്നത്. അതുയര്‍ത്തുന്ന ദൈനംദിന ചര്‍ച്ചകളില്‍ നിന്ന് പൂര്‍ണമായി മാറിനില്‍ക്കാന്‍ ഈ സാമുഹിക പരിസരത്ത് പ്രസിദ്ധീകരീക്കുന്ന മുസ്‌ലീം ആനുകാലികങ്ങള്‍ക്ക് സാധ്യമല്ല. പക്ഷേ വേണ്ടതിലധികം ദിനപത്രങ്ങളും ചാനലുകളുമുളള ഈ കൊച്ചുകേരളത്തില്‍ അത്തരം വിഷയങ്ങളിലെ വിശകലനങ്ങള്‍ ഈ മതപ്രസിദ്ധീകരണങ്ങള്‍ വഴി അല്ലാതെ തന്നെ നമ്മുടെ സ്വീകരണമുറിയില്‍ എത്തുന്നുണ്ട്. ഇത്തരം വിഷയങ്ങളില്‍ തങ്ങള്‍ പ്രതിനിധീകരിക്കുന്ന മതസംഘടനകള്‍ക്ക് പറഞ്ഞ് തീരാവുന്ന വല്ല അഭിപ്രായവുമുണ്ടെങ്കില്‍ അത് എഴുതാന്‍ സൗകര്യമുള്ള ദിനപത്രങ്ങള്‍ മിക്ക മതസംഘടനകളുടെയും കീഴിലുണ്ടുതാനും. ഈ സൗകര്യമെല്ലാം ഉപയോഗപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ അപൂര്‍മായി ചിലതേ ഉണ്ടാകൂ. അത് തീര്‍ച്ചയായും പറയാന്‍ മത ആനുകാലികങ്ങള്‍ ഉപയോഗപ്പെടുത്താം. മുസ്‌ലിം ആനുകാലികങ്ങളെ അരാഷ്ട്രീയവത്കരിക്കണമെന്നല്ല, ദിനപത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന ദൈനംദിന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍വിതചര്‍വണം ചെയ്യാന്‍ മതപ്രസിദ്ധീകരണങ്ങളിലെ വിലപ്പെട്ട പേജുകള്‍ അപഹരിക്കരുതെന്നാണ്.

പക്ഷേ കഴിഞ്ഞ കുറെ കാലമായി ശ്രദ്ധയമായ മിക്ക കേരളമുസ്‌ലിം ആനുകാലികങ്ങളും പേജുകള്‍ നിറക്കുന്നത് ഇത്തരം വിഷയങ്ങള്‍ കൊണ്ടാണെന്ന് ഖേദത്തോടെ പറയേണ്ടിയിരിക്കുന്നു. ഓരോ മതസംഘടനയിലെയും മികച്ച പ്രഭാഷകര്‍ ആരെന്നു ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കാനുണ്ടാവുക അവരിലെ മികച്ച ആത്മീയ പ്രഭാഷകരെയായിരിക്കും. എഴുത്തുക്കാരെക്കുറിച്ച് ഇതേ ചോദ്യം ഉന്നയിച്ചാല്‍ ലഭിക്കുന്ന മറുപടി, ദൈനംദിന രാഷ്ട്രീയം വിശകലനം ചെയ്യുന്നവര്‍ ആയിരിക്കും മിക്ക പ്രമുഖ എഴുത്തുക്കാരും. മത ആത്മീയ സംസ്‌ക്കരണ എഴുത്തുക്കാര്‍ ആ ലിസ്റ്റില്‍ ആരുമുണ്ടാവില്ല. ഹ്യദ്യമായ ശൈലിയില്‍ ആത്മീയ മതയെഴുത്തുകള്‍ നടത്തുന്ന ഒരാളെയും ഒരു മലയാള മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലും ഈയടുത്തായി വായിക്കാന്‍ കഴിഞ്ഞിട്ടില്ല. വല്ലതും എഴുതുന്ന ചില സ്ഥിരം എഴുത്തുക്കാരാകട്ടെ പുട്ടിന് തേങ്ങയിടുന്നത് പോലെ ആയത്തും ഹദീസും കൊണ്ട് പേജുകള്‍ നിറക്കുകയാണ് ചെയ്യുന്നത്. ഇസ്‌ലാമിക തര്‍ബിയത്ത് ലേഖനം എന്ന് പറഞ്ഞാല്‍ ആ വിഷയത്തില്‍ വന്ന പരമാവധി ആയത്തുകളും ഹദീസുകളും ഒരുമിച്ച് കൂട്ടലാണ് എന്നാണ് അവരുടെ ധാരണ. ആവര്‍ത്തനങ്ങള്‍ കണ്ടു മടുത്ത വലിയൊരു വിഭാഗം വായനക്കാര്‍ അത്തരം എഴുത്തുകളും വായിക്കാതായിരിക്കുന്നു.

എന്തു കൊണ്ടു നമ്മുടെ എഴുത്തില്‍ ഇനിയും  മാറ്റങ്ങള്‍ വരാത്തത്? അറബിയിലും ഇംഗ്ലീഷിലുമുളള ഇസ്‌ലാമിക മാഗസിനുകളില്‍ സൈക്കോളജിയും കൗണ്‍സലിംഗും ചേര്‍ത്ത് ഇസ്‌ലാമിക അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ ഇസ്‌ലാമിക ചരിത്രത്തിലെ ഉദാഹരണങ്ങള്‍ സഹിതം വശ്യമായ ശൈലിയില്‍ സംസ്‌കരണ ചിന്തകള്‍ പങ്കുവെക്കുന്നുണ്ട്. എന്നല്ല അങ്ങനെ ഒരു എഴുത്ത് ധാര തന്നെ ഇസ്‌ലാമെഴുത്തില്‍ വികസിച്ച് വന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. അറബ് ലോകത്ത് ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിക്കുന്ന ബെസ്റ്റ് സെല്ലറുകളില്‍  ഇപ്പോള്‍ ഇത്തരം പുസ്തകങ്ങളും ഉള്‍പ്പെടും. മലയാളത്തിന് കുറച്ചെങ്കിലും പരിചയമുളള അത്തരം എഴുത്തുകാരില്‍ പെട്ടവരാണ് ഡോ: ആഇദ് അല്‍ഖര്‍നി, ഡോ: അംറ് ഖാലിദ്, ഡോ :സമീര്‍ യൂനുസ് തുടങ്ങിയവര്‍. മതവിദ്യാഭ്യാസ രംഗത്ത് പിന്നാക്കം പോവുകയും ഭൗതിക വിദ്യാഭ്യാസത്തില്‍ ഉയര്‍ച്ചകള്‍ താണ്ടുകയും ചെയ്തവരാണ് പുതിയ കേരളമുസ്‌ലിം തലമുറ. അവരുടെ ആത്മീയ ദാഹം തീര്‍ക്കാന്‍ വരണ്ട മത എഴുത്ത് ശൈലികള്‍ക്ക് പകരം അല്‍പം നനവും ആര്‍ദ്രതയുമുളള ഇസ്‌ലാമെഴുത്തുകള്‍ മലയാള മുസ്‌ലിം ആനുകാലികങ്ങളില്‍ പരന്നൊഴുകേണ്ടിയിരിക്കുന്നു. അതിനുള്ള ബോധപൂര്‍വമുള്ള ശ്രമം എല്ലാ ഭാഗത്തും നിന്നും ഉണ്ടായില്ലെങ്കില്‍ വരും തലമുറയില്‍ വേരറ്റു പോകുക നമ്മുടെ ആത്മീയ മൂല്യങ്ങളായിരിക്കും. രാഷ്ട്രീയ സാമൂഹിക അവബോധം കൊണ്ടു മാത്രം ഇസ്‌ലാമിക സംസ്‌കാരത്തെ നട്ടുനനച്ച് വളര്‍ത്തിയെടുക്കാമെന്നത് ഒരു വ്യാമോഹം മാത്രമായിരിക്കും.

Related Articles