Current Date

Search
Close this search box.
Search
Close this search box.

അവര്‍ക്ക് പെറ്റമ്മയും സദാചാര പോലിസ്

ഇത്തവണ മുഖ്യധാരാ മതേതര/മതപര മാഗസിനുകളില്‍ ചിലത് ഒരു പൊതുവിഷയത്തില്‍ കേന്ദ്രീകരിച്ചാണ് തങ്ങളുടെ മാര്‍ക്കറ്റ് പിടിക്കാനിറങ്ങിയത്. മാര്‍ക്കറ്റിന് ആവശ്യം ചൂടുള്ളതാണെന്ന് കൃത്യമായ ബോധ്യമുള്ളവരും, പ്രതികരിക്കേണ്ടത് ധാര്‍മിക ബാധ്യതയാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരും കളത്തിന്റെ ഇരുപകുതികളിലായി നിലക്കൊള്ളുന്നു. വാരികകളെല്ലാം തന്നെ പരസ്പരം ചോദ്യങ്ങള്‍ക്ക് മറുചോദ്യങ്ങള്‍ ഉന്നയിച്ചും, ഉത്തരങ്ങള്‍ക്ക് തര്‍ക്കുത്തരങ്ങള്‍ മൊഴിഞ്ഞുമാണ് കളത്തില്‍ ചുവടുറിപ്പിക്കുന്നത്. വാദങ്ങള്‍ പറഞ്ഞുറപ്പിക്കുന്നതിനിടയില്‍ അപരപ്രത്യയശാസ്ത്ര ചരിത്രത്തെ കുറിച്ചുള്ള അജ്ഞതയാല്‍ ബോധപൂര്‍വ്വമോ അല്ലാതെയോ കടന്നു വരുന്ന ചരിത്ര നിഷേധത്തിന്റെ വ്യക്തമായ ഉദാഹരണങ്ങള്‍ വായനക്കാരനെ കിടിലം കൊള്ളിക്കും.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2014 നവം30-ഡിസം6) എന്‍.എസ് മാധവന്‍ എഴുതുന്നു ‘പ്രൊഫസര്‍ എം. ലീലാവതി പറഞ്ഞതു പോലെ ‘നിയമവിരുദ്ധവും നമ്മുടെ സംസ്‌കാരത്തിന് നിരക്കാത്തതുമായ കുറെ സമരങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്’. കീഴ്ജാതിയിലെ സ്ത്രീകള്‍ മാറുമറയ്ക്കരുതെന്ന് തിരുവിതാംകൂറില്‍ ശംഖുമുദ്ര വെച്ച നിയമമായിരുന്നു. മാറു മറച്ചാല്‍ മുല അറുത്തിടാനുള്ള വകുപ്പുമുണ്ടായിരുന്നു. ചാന്നാര്‍ ലഹള ഇതിനെ ശക്തമായി നേരിട്ടു‘. മാറു മറക്കാനുള്ള അവകാശത്തിന് വേണ്ടി സവര്‍ണാധിപത്യത്തിനെതിരെയുള്ള കേരളീയ സ്ത്രീകളുടെ പോരാട്ട ചരിത്രത്തെ കുറിച്ചുള്ള ലേഖകന്റെ വായന ചാന്നാര്‍ സമരത്തില്‍ മുട്ടി നില്‍ക്കുകയാണ്. ഈ ചരിത്രത്തിന്റെ പകുതിവായനയെ പൂരിപ്പിച്ച് കൊണ്ട് മാധ്യമം ആഴ്ചപ്പതിപ്പില്‍ സി.ദാവൂദ് എഴുതുന്നു ‘1822ല്‍ മാറു മറയ്ക്കാനുള്ള അവകാശത്തിനായി ചാന്നാര്‍ സമരം നടക്കുന്നതിനും എത്രയോ മുമ്പ്, 1788ല്‍ ടിപ്പു സുല്‍ത്താന്‍ മലബാറില്‍ സ്ത്രീകള്‍ക്ക് മാറു മറയ്ക്കാനുള്ള അവകാശം സ്ഥാപിച്ചിരുന്നു. എന്നാല്‍, നവോത്ഥാന ചരിത്രമെഴുതുന്ന ഇടതുപണ്ഡിതര്‍പോലും 1822ലെ ചാന്നാര്‍ ലഹളയെയാണ് പരാമര്‍ശിക്കാന്‍ ഇഷ്ടപ്പെടുക. ടിപ്പുസുല്‍ത്താനാണ് മാറുമറയ്ക്കല്‍ സ്വാതന്ത്ര്യം ആദ്യമായി നടപ്പിലാക്കിയത് എന്ന് പറയുന്നതില്‍ അവരും ഒരു ‘അത്’ അനുഭവിക്കുന്നുവെന്നതാണ് കാര്യം‘.

ചുംബന സമരമെന്ന ഹിന്ദുത്വഭരണകാലത്തെ സ്വതന്ത്ര ബഹുജന പ്രക്ഷോഭത്തെ സംബന്ധിച്ച് സംസാരിക്കുകയാണ് എന്‍.എസ് മാധവന്‍. ‘എല്ലാ ചുംബനങ്ങള്‍ക്കും നാമകരണം നടത്തിയ വാത്സ്യായനന്‍ പതിനേഴാമത്തെ ചുംബനത്തെ വിളിക്കുന്നത് ‘പ്രകടനാത്മക ചുംബനം’ എന്നു തന്നെയാണ്. ഇത് പാത്തും പതുങ്ങിയും ചെയ്യണമെന്ന് അദ്ദേഹം പറയുന്നില്ല’. അതേ സമയം ‘വ്യക്തിയുടെ ലൈംഗികമായ തിരഞ്ഞെടുപ്പുകളാണ് പ്രധാനം എന്നതാണ് വാദമെങ്കില്‍ സ്വവര്‍ഗരതിയെ മാത്രമല്ല മൃഗരതിയെയും അനുകൂലിക്കേണ്ടി വരും. മൃഗരതിയെയും ഒരു ലൈംഗിക തിരഞ്ഞെടുപ്പായി കണ്ട് അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും, അങ്ങനെ ചെയ്യുന്നവരെ ലൈംഗിക ന്യൂനപക്ഷമായി അംഗീകരിക്കാനും നവലൈംഗിക രാഷ്ട്രീയക്കാര്‍ സന്നദ്ധമാവേണ്ടിവരും‘ എന്ന ഒരുപിടി ചോദ്യങ്ങള്‍ നിറഞ്ഞ വരികള്‍ സി.ദാവൂദ് സാംസ്‌കാരിക ഉത്തരം താങ്ങികളുടെ മുന്നിലേക്ക് ഉത്തരത്തിനായല്ലെങ്കിലും ബോധ്യത്തിന് വേണ്ടി വലിച്ചെറിയുന്നുണ്ട്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആനന്ദ് ‘സദാചാരികളുടെ മഹാമുന്നണി’ എന്ന തലക്കെട്ടിനു കീഴില്‍ കുറിക്കുന്നു ‘കേരളത്തില്‍ ഒരു കാലത്ത് സ്ത്രീകള്‍ മാറിടം മറയ്ക്കരുതെന്നായിരുന്നു സമൂഹശ്രേഷ്ഠന്മമാരുടെ സദാചാര നിയമം’. സവര്‍ണ്ണ അധീശവര്‍ഗത്തിന്റെ തീട്ടൂരങ്ങളെ ‘സദാചാരം’ എന്ന പദം കൊണ്ട് വിശേപ്പിക്കുന്ന ആനന്ദ് ആര്‍ക്ക് വേണ്ടിയാണ് പേനയുന്തുന്നത് എന്ന് വ്യക്തം. സദാചാരം എന്ന കര്‍മ്മം സമൂഹത്തിന്റെ ധാര്‍മികസന്തുലനത്തില്‍ വഹിക്കുന്ന പങ്കിനെ ബോധപൂര്‍വ്വം വിസ്മരിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം സദാചാരം എന്ന പദം ഒരു വൃത്തികേടാണ് എന്ന് സ്ഥാപിച്ചെടുക്കാന്‍ സവര്‍ണ്ണ കോപ്രായത്തരങ്ങളെ കൂട്ടുപിടിച്ചുള്ള അക്ഷരാഭ്യാസം തന്നെയാണ് ആനന്ദ് നടത്തുന്നത്.

തീര്‍ന്നില്ല ‘ഇടതുപക്ഷമായാലും വലതുപക്ഷമായാലും കേരളത്തിലെ രാഷ്ട്രീയം എന്നും മതജാതി കേന്ദ്രിതം തന്നെയാണ്. ഏത് നേതാവിനെയും ഒന്ന് ഉരച്ചുനോക്കിയാല്‍ അടിയില്‍ ഒരു നായരെയോ ഈഴവനെയോ മുസ്‌ലിമിനെയോ ക്രിസ്ത്യാനിയെയോ കാണാം‘ ആനന്ദിനെ ഉരച്ചു നോക്കാതെ തന്നെ ആനന്ദിനുള്ളിലെ അസഹിഷ്ണു മറനീക്കി പുറത്ത് വരുന്നത് കാണാം. സമൂഹത്തിന്റെ കൂട്ടായ ജാഗ്രത്തായ നോട്ടങ്ങളെ ഒളിഞ്ഞു നോട്ടമായിട്ടാണ് ആനന്ദ് വിലയിരുത്തുന്നത്. സി.ദാവൂദ് പറയുന്നത് കേള്‍ക്കുക ‘സമൂഹത്തിന്റെ ഒരു ജാഗ്രതാ നോട്ടം (protective gaze)  ലൈംഗിക പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരായ ഒരു പ്രതിരോധകവചമാണ്. സദാചാര പോലിസ് എന്ന പേരില്‍ നടക്കുന്ന കാടടച്ചുള്ള പ്രചാരണങ്ങള്‍ ഈ protective gaze നെ ദുര്‍ബലമാക്കുകയില്ലേ എന്ന് സാംസ്‌കാരിക സമൂഹം ആലോചിക്കുന്നത് നല്ലതാണ്’.

കാലം ഒരുക്കി വെക്കുന്ന ചതിക്കുഴികളെ കുറിച്ചുള്ള ബോധ്യങ്ങളില്‍ നിന്നും ഉരുവെടുക്കുന്ന മാതാപിതാക്കളുടെ സന്ദേഹത്തോടെയുള്ള നോട്ടങ്ങളെയും, വിലക്കുകളെയും സദാചാര പോലിസിംങ് എന്ന് പേരിട്ട് വിളിക്കാന്‍ ഇന്നത്തെ സന്താന തലമുറ ധൈര്യപ്പെടുന്നുവെങ്കില്‍ അതിനുത്തരവാദികള്‍ ആരെല്ലാമാണെന്നറിയാന്‍ വര്‍ത്തമാനകാല സാംസ്‌കാരിക എഴുത്തുകാരുടെ എഴുത്തുകളുടെ കൂടെ കൊടുക്കുന്ന ചിത്രങ്ങളിലൂടെയൊന്ന് കണ്ണോടിച്ചാല്‍ മാത്രം മതിയാകും.

Related Articles