Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴക്കെന്തൊരഴക്

വിശുദ്ധ ഖുർആനിന്റെ സത്യതയേയും അതിന്റെ നിത്യതയേയും സംബന്ധിച്ച അന്വോഷണം ഏത് കാലത്തുമെന്ന പോലെ പുതിയ കാലത്തും നടക്കുന്നുണ്ട്. മഹാഗ്രന്ഥത്തിന്റെ വശ്യതയും ഹൃദ്യതയും അതിന്റെ ദാർശനിക ധന്യതയും തൊട്ടറിയാൻ ഏത് മനസ്സാണ് കൊതിക്കാത്തത്?. പ്രപഞ്ച നാഥന്റെ വചനങ്ങളുടെ അഴകും പദങ്ങളുടെ മികവും അക്ഷരങ്ങളുടെ തികവും രുചിച്ചറിയാൻ ഏത് ഹൃദയമാണ് വെമ്പൽ കൊള്ളാത്തത്?. അല്ലാഹുവിന്റെ കലാമിന്റെ പ്രധാന നിയോഗം എന്നത് മാനവ സമൂഹത്തിന്റെ മാർഗ്ഗദർശനമാണ്.

‘ ഖുർആൻ മഴ ‘ നോമ്പ് കാലത്ത് ഒരനുവാചകൻ പേര് ഉച്ചരിക്കുമ്പോൾ തന്നെ അവന്റെ നാഡീ ഞരമ്പുകൾക്ക് നനവ് അനുഭവപ്പെടുന്നുണ്ടാവണം. സ്പിരിച്ച്യുലായും ഫിസിക്കലായും വറ്റിവരണ്ട ഹൃദയങ്ങളിലേക്ക് ഗ്രന്ഥകാരൻ ഖുർആനാകുന്ന ജലവും ശമനവും എത്തിക്കുന്നു.! അല്ലാഹു വിവിധ സ്ഥലങ്ങളിൽ വിശുദ്ധ ഖുർആനെ ശമനമായും, മഴയോട് ഉപമിക്കുന്നതായും കാണാം. ‘ ഖുർആൻ മഴ ‘ യെന്ന പേരിന്റെ തെരഞ്ഞെടുപ്പും ഇവിടെ പ്രസക്തമാവുകയാണ്. അറബിയിലും ഉർദുവിലുമുൾപ്പെടെ വിരചിതമായ തഫ്സീർ ഗ്രന്ഥങ്ങൾ ഉദ്ധരിച്ചിരിക്കുന്നു. ഇമാം ഗസ്സാലിയുടെയും ശഅറാവിയുടെയും, ഇബ്നു ആശൂറിന്റെയും ചിന്തകൾ ഇതിനോടൊപ്പം ഗ്രന്ഥകാരൻ കോർത്തിണക്കുമ്പോൾ ഖുർആൻ മഴക്ക് അഴക് കൂടുന്നു. വലിയ സൂറകളുടെ അകക്കാമ്പും ഉള്ളടക്കവും വളരെ കുറഞ്ഞ വരികളിൽ വ്യക്തമാക്കുന്നത് ശ്രദ്ധേയമാണ്. ഒരു ഖുർആൻ പഠിതാവിനെ സംബന്ധിച്ചിടുത്തോളം വളരെ ഉപകാരപ്രദവും വൈജ്ഞാനികവുമാണ് ഗ്രന്ഥത്തിന്റെ ആഖ്യാന ശൈലിയും ഗ്രന്ഥകാരന്റെ വ്യാഖ്യാന ശൈലിയും. ആയത്തുകളെ ചരിത്ര പശ്ചാതലമായും മഖാസിദുമായും പൊതിഞ്ഞിരിക്കുന്നു. ഇമാം ശാഫിഈയുടെയും ഇമാം മാലികിന്റെയും കോട്ടിങ്‌സുകൾ ബുദ്ധിപരമായി യോജിച്ച വചനങ്ങളിൽ ചേർത്തു വെച്ചിരിക്കുന്നു. ഇതോടൊപ്പം തന്നെ ഖുർആൻ ഉപയോഗിച്ച പദങ്ങളുടെ ആശയ വൈപുല്യവും അക്ഷരങ്ങളുടെ തെരഞ്ഞെടുപ്പും യുക്തിയും സൗന്ദര്യവുമെല്ലാം ‘ തദബ്ബുറേ ഖുർആൻ ‘ പോലുള്ള തഫ്സീറുകൾ ഉപയോഗിച്ച് സമർത്ഥിച്ചിരിക്കുന്നു.

ഉദാ: സൂറത്തുൽ കഹ്ഫിൽ പ്രയോഗിച്ച فأردت، فأراد ربك، فأردنا എന്നീ പ്രയോഗങ്ങളുടെ പൊരുൾ വളരെ ചിന്താപരമായി വ്യത്യാസപ്പെടുത്തിയിരിക്കുന്നു. ‘ തഫ്സീറുൽ ഖുർതുബി ‘, തഫ്സീർ ഇബ്നു കഥീർ തുടങ്ങി പൗരാണിക തഫ്സീറുകളുടെ പ്രസക്തി എഴുത്തുകാരൻ ക്രിയാത്മകമായി ചേർത്തു വെക്കുന്നത് കാണാം. വിശുദ്ധ ഖുർആൻ ആശയങ്ങളുടെ അവതരണവും , സംഭവങ്ങളുടെ വിശകലനും , പ്രമേയങ്ങളുടെ സമർപ്പണവുമാണെന്ന് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. വചനങ്ങൾ തമ്മിലുള്ള ആന്തരിക ബന്ധവും പൊരുത്തവും ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്നു. ഓരോ ആയത്തിനും പറ്റിയ വിധത്തിൽ വളരെ മർമ്മപ്രധാനമായി സമർത്ഥിച്ചിരിക്കുന്ന ഗ്രന്ഥകാരന്റെ കഴിവ് പ്രശംസനീയമാണ്. ഈ രീതിയിലെല്ലാം വൈജ്ഞാനികമായി ഓരോ ജുസ്ഉം അനുവാചകന് വേണ്ട വിധത്തിൽ തരുന്നതോടൊപ്പം ‘ മശാഹിദുൽ ഖിയാമ ‘ യൊക്കെ (വിശുദ്ധ ഖുർആന്റെ പരലോക ചിത്രീകരണം ) പരാമർശിക്കുന്ന സ്ഥലങ്ങളിൽ അതിന്റെ മാസ്റ്ററായ ശഹീദ് സയ്യിദ് ഖുതിബിനെയും അദ്ധേഹത്തിന്റെ ചിന്തകളെയും അനുവാചകനെ അനുഭവിപ്പിക്കുന്ന രീതിയിൽ ഗ്രന്ഥകാരൻ കലാത്മകമായി ആവിഷ്കരിച്ചിരിക്കുന്നു.

ഒരു ഖുർആൻ പഠിതാവെന്ന നിലയിൽ എനിക്ക് ഏറെ ഉപകാരപ്പെട്ടു ഈ പുസ്തകം. മാത്രവുമല്ല, ഖുർആൻ പഠിക്കാൻ ഉദ്ദേശിക്കുന്നവർക്ക് പഠനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ സാമാന്യമായ ഒരു ധാരണ ഉണ്ടാക്കിയെടുക്കാൻ ഈ ഗ്രന്ഥം ഉപകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ ഖുർആൻ മഴ പിറന്നത് കഴിഞ്ഞ രണ്ട് വർഷങ്ങളിലെ മഹാമാരി അനുഗ്രഹമായി പരിണമിച്ചത് കൊണ്ടാണെന്ന് ഗ്രന്ഥകാരൻ ആമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. മാത്രവുമല്ല, മൗദൂദി സാഹിബിന്റെ തഫ്ഹീമുൽ ഖുർആൻ, അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ എന്നിവയോടൊപ്പം മൗലാനാ അമീൻ അഹ്സൻ ഇസ്‌ലാഹിയുടെ തദബ്ബുറെ ഖുർആൻ, ശൈഖ് ഇബ്നു ആശൂറിന്റെ തഹ് രീറു വത്തൻവീറുമെല്ലാം വർഷങ്ങളായി പഠിച്ചു കൊണ്ടിരിക്കുന്ന എഴുത്തുകാരന്റെ പാണ്ഡ്യത്യം ആയത്തുകളുടെ വ്യാഖ്യാന ശൈലിയിൽ വല്ലാതെ പ്രതിഫലിക്കുന്നുണ്ട്. പദങ്ങളുടെ പൊരുൾ കണ്ടെത്താൻ അക്ഷരങ്ങളുടെ പിറകിൽ തമ്പ് കെട്ടി പാർക്കുകയായിരുന്നു ഗ്രന്ഥകാരൻ..! ചുരുക്കത്തിൽ വിശുദ്ധ ഖുർആനിന്റെ അകങ്ങളിലൂടെ ഒരു ഖുർആൻ പ്രണയിതാവ് നടത്തുന്ന ദീർഘയാത്രയാണീ പുസ്തകം. മഹാഗ്രന്ഥത്തിന്റെ ആഴങ്ങളിലേക്ക് പ്രവേശിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന കൃതി.

വിശുദ്ധ ഖുർആൻ വായിക്കുന്തോറും വിസ്മയവും ഏത് കാലത്തും ചിന്താപരമായ സജീവത നിലനിർത്തി പോകുന്ന ഗ്രന്ഥവുമാണത്. അങ്ങനെയുള്ള അല്ലാഹുവിന്റെ ഈ കലാമിനെ സ്പഷ്ടമായ രീതിയിൽ, അതിന്റെ കെട്ടിലും മട്ടിലും കൊടുക്കേണ്ടത് കൊടുത്ത് ഓരോ സൂറയുടെയും കോർ പോയ്ന്റ് വ്യക്തമാക്കിയിരിക്കുകയാണ് ബഹുഭാഷാപണ്ഡിതനും കേരളത്തിലെ ഉന്നത ഇസ്ലാമിക കലാലയമായ ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ സീനിയർ ലക്ചറും എല്ലാത്തിലുമുപരി വൈകാരിക ബന്ധം കൊണ്ടും വൈജ്ഞാനിക ബന്ധം കൊണ്ടും ചേർന്ന് നിൽക്കുന്ന എന്റെ പ്രിയ ഉസ്താദ് അബ്ദുൽ ഹഫീദ് നദ് വി. ഖുർആനുമായി ബന്ധപ്പെട്ട അമൂല്യമായ രചനകൾ ഇനിയും ആ തൂലിക തുമ്പിൽ മധുരമായി പ്രകാശിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഈ ഗ്രന്ഥം വായിക്കുവാൻ ഞാൻ നിർദ്ദേശിക്കുന്നു.

 

ഖുര്‍ആന്‍ മഴ – അബ്ദുല്‍ ഹഫീദ് നദ്‌വി
പ്രസാധനം കൂര ബുക്‌സ്
മുഖവില- 270 പേജ്- 238
9995889472
www.wordpeckermedia.com

Related Articles