Current Date

Search
Close this search box.
Search
Close this search box.

നവനാസ്തികതയുടെ അടിവേരറുക്കുന്ന ഗ്രന്ഥം

ക്രൈസ്തവ ചർച്ചിന്റെ പിന്തിരിപ്പൻ പൗരോഹിത്യ നിലപാടിനെതിരെ യൂറോപിൽ ഉയർന്നുവന്ന വൈജ്ഞാനിക നവോത്ഥാനത്തിന്റെ തുടർച്ചയായാണ് നാസ്തിക – യുക്തിവാദി പ്രസ്ഥാനങ്ങൾ ലോകത്ത് ഉടലടുത്തത്. പതിനാറാം നൂറ്റാണ്ടിലെ പ്രത്യേക സാമൂഹ്യ ‘സാഹചര്യത്തിന്റെ സൃഷ്ടി’യായ അവ പിന്നീട് മതവിരുദ്ധത മുഖമുദ്രയാക്കി. എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കും വിധം, അന്ധവിശ്വാസത്തിന്റെ പേരുപറഞ്ഞ് യഥാർത്ഥ വിശ്വാസത്തെത്തന്നെ എതിർത്തു. 18, 19 നൂറ്റാണ്ടുകളിൽ വ്യത്യസ്ത നാസ്തിക പ്രസ്ഥാനങ്ങൾ ലോകത്ത് സജീവമായിരുന്നെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും തീരെ നിർജീവമായി. എന്നാൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൻറെ ആരംഭത്തോടെ അവ ഉയർത്തെഴുന്നേൽക്കുകയും നവനാസ്തികത (New Atheism) എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.

നാസ്തികതയുടെയും യുക്തിവാദത്തിന്റെയും ഈ തിരിച്ചുവരുന്നതിനു ഹേതുവായത് പ്രധാനമായും ഇന്റർനെറ്റിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും സൗകര്യവും, അമേരിക്കയിലും യൂറോപ്പിലും ശക്തിപ്പെട്ട വലതുപക്ഷ വംശവെറി രാഷ്ട്രീയവും, വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തെ തുടർന്ന് അമേരിക്ക പ്രഖ്യാപിച്ച ‘വാർ ഓൺ ടെറർ’ എന്ന പദ്ധതി മുസ്ലിം വിരുദ്ധതക്ക് ഉണ്ടാക്കിക്കൊടുത്ത അനുകൂല സാഹചര്യവുമായിരുന്നു. “Four Horsemen” (നവനാസ്തികതയുടെ കുതിരപ്പട്ടാളക്കാർ) എന്ൻ വിശേഷിപ്പിക്കപ്പെട്ട റിച്ചാർഡ് ഡോക്കിൻസ്, ക്രിസ്റ്റഫർ ഹിച്ചൻസ്, സാം ഹാരിസ്, ഡാനിയൽ ഡെന്നെറ്റ് എന്നിവർ മത-വിശ്വാസ പ്രത്യയശാസ്ത്രങ്ങളെ കടന്നാക്രമിച്ചുകൊണ്ട് രചിച്ച ‘ദി ഗോഡ് ഡെലൂഷ്യൻ’, ‘ഗോഡ് ഈസ് നോട്ട് ഗ്രേറ്റ്’, ‘ദി എൻഡ് ഓഫ് ഫെയിത്ത്’, ‘ബ്രേക്കിംഗ് ദി സ്പെൽ’ എന്നീ പുസ്തകങ്ങളുമായി രംഗത്തിറങ്ങിയതോടെയായിരുന്നു അതിന്റെ തുടക്കം.

അറിഞ്ഞേടത്തോളം, ഈ നാല് പേരുടെയും മത വൈരാഗ്യ സമീപനത്തെ നിശിതമായി വിമർശിച്ചുകൊണ്ട് ഗാരി വോൾഫ് എന്ന അമേരിക്കൻ എഴുത്തുകാരനാണ് ‘വയേർഡ്’ എന്ന മാഗസിനിൽ നവനാസ്തികത (New Atheism) എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചത്. ആ വിശേഷണം പിന്നീട് നാസ്തികർ സ്വന്തമാക്കുകയായിരുന്നു. ‘ടൈം ടു സ്റ്റാൻറ് അപ്പ്’ എന്ന പേരിൽ ഡോക്കിൻസ് ലേഖനമെഴുതിയതും ഈയൊരു പശ്ചാത്തലത്തിലാണ്. ‘മതം എന്ന അപകടകരമായ അന്ധവിശ്വാസത്തോട് നമ്മൾ വർഷങ്ങളായി പുലർത്തിയിരുന്ന അനാവശ്യമായ ബഹുമാനം വെടിഞ്ഞ് ഉറക്കെ സംസാരിക്കേണ്ട സമയമായിരിക്കുന്നു. സെപ്റ്റംബർ 11 ശേഷം കാര്യങ്ങൾ പഴയത് പോലെയല്ല’ എന്നാണ് അതിലദ്ദേഹം പറഞ്ഞുവെച്ചിട്ടുള്ളത്.

നവനാസ്തികയുടെ വളർച്ചയുടെ കാരണങ്ങൾ അന്വേഷിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നത്, സൈദ്ധാന്തികപരമായോ സാമൂഹികശാസ്ത്രപരമായോ വിലയിരുത്തേണ്ട പല കാര്യങ്ങളെയും അവഗണിച്ചുകൊണ്ടും, ‘കോസ്‌മോപോളിറ്റൻ ലിബറൽ’ എന്ന നിലയിൽ ലഭിക്കാവുന്ന സ്വീകാര്യത പരമാവധി മുതലെടുത്തുകൊണ്ടുമാണ് ഈയൊരു മുന്നേറ്റമുണ്ടായിട്ടുള്ളത് എന്നാണ്. അതോടൊപ്പം തന്നെ, യുക്തിവാദ പ്രസ്ഥാനങ്ങളും, ഹ്യൂമനിസ്റ്റുകളും പൊതുവെ പുലർത്തുന്ന ഇടത് ലിബറൽ മൂല്യങ്ങളിൽനിന്നുമുള്ള വലിയ വ്യതിയാനവും ഇവിടെ കാണാം. അപര വലതുപക്ഷത്തിന്റെ (alt-right) നിലപാടുകളോട് പലതരത്തിലും യോജിച്ചുപോകുന്നവരാണ് നവനാസ്തികർ. അവരുടെ വലുതപക്ഷ ഭീകരതയും തീവ്ര ഇസ്‌ലാമോഫോബിയയും ഇതിനകം മറനീക്കി പുറത്തുവന്നിട്ടുണ്ട്.

സാം ഹാരിസിൻറെ ‘ദി എൻഡ് ഓഫ് ഫെയ്ത്തി’ൽ അദ്ദേഹം തന്റെ ഇസ്‌ലാം വിരുദ്ധതയെ തീവ്രമായി അവതരിപ്പിക്കുന്നതിനോടൊപ്പം അമേരിക്ക-ഇസ്റായേൽ അവിശുദ്ധ കൂട്ടുകെട്ട് മുസ്‌ലിം ലോകത്ത് നടത്തിക്കൊണ്ടിരുന്ന നരനായാട്ടുകളെ ഹീനമായി ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്! യുക്തിചിന്തയും മതവിശ്വാസവും തമ്മിലുള്ള സംഘർഷം, മതമൗലികവാദത്തിനെതിരെ ശക്തമായി പോരാടേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയാണ് സാം ഹാരിസിൻറെ പുസ്തകത്തിലെ മുഖ്യ പ്രതിപാദ്യങ്ങൾ.

മതത്തെ ശാസ്ത്രീയ വിശകലനങ്ങൾക്ക് വിധേയമാക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയലും, പുരാതന നാടോടി വിശ്വാസങ്ങളിൽനിന്നാണ് മതത്തിന്റെ ഉത്ഭവമെന്ന വ്യാഖ്യാനവും, ആധുനിക ലോകത്തെ മതത്തിന്റെ സ്വാധീനത്തെയും അതിന്റെ അനന്തര ഫലങ്ങളെയും കുറിച്ച വിശകലനവും, മതം ജീവിതത്തിന് അർഥം നൽകുകയോ മനുഷ്യരെ ധാർമികരാക്കുകയോ ചെയ്യുന്നില്ല എന്ന വാദവുമാണ് ഡാനിയൽ ഡെന്നെറ്റിൻറെ ‘ബ്രേക്കിംഗ് ദി സ്പെല്ലി’ന്റെ ആകത്തുക.

ഒരു കാലത്ത് ഇടതുപക്ഷത്തുനിന്നുകൊണ്ട് നവ സാമ്രാജ്യത്വത്തെ വിമർശിക്കുന്നതിൽ മുമ്പിൽ നിന്നിരുന്ന ക്രിസ്റ്റഫർ ഹിച്ചൻസ് എന്ന ബ്രിട്ടീഷ് നാസ്തികൻ നേരെ അറ്റ്ലാന്റിക് കടന്ന് അമേരിക്കയിലെത്തിയ ശേഷം മുസ്ലിം വെറി ഉൽപാദിപ്പിക്കും വിധം എഴുതിയ പുസ്തകമാണ് ‘ഗോഡ് ഈസ് നോട്ട് ഗ്രേറ്റ്’. അല്ലാഹു അക്ബർ എന്ന മുസ്‌ലിം മുദ്രാവാക്യത്തെ പരിഹസിക്കുന്നതാണ് പുസ്തകത്തിന്റെ പേര് തന്നെ. മതങ്ങൾ, പ്രത്യേകിച്ച് ഇസ്‌ലാം അന്ധവിശ്വാസ ജഡിലവും അക്രമാസക്തിയുമുള്ളതുമാണെന്ന് സ്ഥാപിക്കാനാണ് ഹിച്ചൻസ് ശ്രമിച്ചത്.

നാസ്തികർ ഇപ്പോൾ ഭയഭക്തിയോടെ വായിക്കുന്ന ഗ്രന്ഥമാണ് റിച്ചാഡ് ഡോക്കിൻസ് എന്ന ബ്രിട്ടീഷ് ജീവശാസ്ത്രകാരന്റെ ‘ദ ഗോഡ് ഡെലുഷൻ’. ദൈവ-മത വിശ്വാസങ്ങൾക്ക് ശാസ്ത്രീയമായോ തത്വചിന്താപരമായോ ന്യായീകരണമില്ലെന്നും, ചരിത്രപരമായും സമീപകാല ലോകസാഹചര്യം കണക്കിലെടുക്കുമ്പോഴും അത് മനുഷ്യരാശിയുടെ വിനാശത്തിനു കാരണമാവുമെന്നുമാണ് ഡോക്കിൻസ് വാദിക്കുന്നത്. ഒന്നും രണ്ടും ലോകമഹാ യുദ്ധങ്ങളെ ‘മതേതരത്വ’ത്തിന്റെ പട്ടികയിൽ പെടുത്താൻ ശ്രമിക്കാത്ത, അതിന്റെ പേരിൽ ശാസ്ത്രത്തെ വിമർശിക്കാത്ത ഡോക്കിൻസ് പക്ഷേ മതപ്രതിബദ്ധതയില്ലാത്ത രാജാക്കന്മാർ രാഷ്ട്രീയ തൽപര്യങ്ങളാൽ നടത്തിയ പോരാട്ടങ്ങളെപ്പോലും മതത്തിൽ ഗണത്തിൽ പെടുത്തുകയും അതിന്റെ പേരിൽ മതങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്യുന്നു! മനുഷ്യരിൽ നിലനിൽക്കുന്ന മൂല്യബോധം ദൈവത്തിന്റെ സംഭാവനയല്ലെന്നും ജീവപരിണാമ പ്രക്രിയയിലൂടെ സാമൂഹ്യജീവിയായ മനുഷ്യൻ സ്വയം ആർജിച്ച ഗുണസമുച്ചയമാണെന്നും ഡോക്കിൻസ് വാദിക്കുന്നു. കേരളാ നാസ്തികരുടെ ആൾദൈവമായ സി രവിചന്ദ്രൻ എഴുതിയ “നാസ്തികനായ ദൈവം” എന്ന പുസ്തകം ഡോക്കിൻസിന്റെ The God Delusion എന്ന കൃതിയെ അധികരിച്ചുള്ള പഠനമാണ്.

ഡോക്കിൻസിൻറെ ഈ പുസ്തകത്തിന് (അതിനെ അധികരിച്ച് സി രവിചന്ദ്രൻ എഴുതിയ ‘നാസ്തികനായ ദൈവം: റിച്ചാഡ് ഡോക്കിൻസിൻറെ ലോകം’ എന്ന രചനക്കും) മതത്തിന്റെ പക്ഷത്തുനിന്നുകൊണ്ട് ബഹുമാന്യനായ എൻ.എം ഹുസൈൻ എഴുതിയ ശ്രദ്ധേയവും ഗഹനവുമായ ഖണ്ഡനമാണ് ‘നവ നാസ്തികത: റിച്ചാഡ് ഡോക്കിൻസിന്റെ വിഭ്രാന്തികൾ’ ബ്രഹത് ഗ്രന്ഥം.

‘നാസ്തികരുടെ ഇസ്ലാം വിമർശനങ്ങൾ’ എന്ന പേരിൽ ഈയുള്ളവൻ ഒരു പുസ്തകമെഴുതിക്കൊണ്ടിരിക്കെയാണ്, വിഷയത്തിന് പൂർണത ലഭിക്കണമെങ്കിൽ അതിന്റെ തുടക്കത്തിൽ നവനാസ്തികതയുമായും, മതവും ശാസ്ത്രവുമായും ബന്ധപ്പെട്ട ചില കാര്യങ്ങൾ കൂടി ഉൾപ്പെടെത്തേണ്ടതുണ്ടെന്ന് തോന്നിയത്. ആ ആവശ്യാർഥം തേടിപ്പിടിച്ച് വായിച്ച പുസ്തകങ്ങളിൽ ഏറെ ആകർഷണീയമായതും നന്നായി ഉപകാരപ്പെട്ടതുമായ ഒന്നാണ് എൻ.എം ഹുസൈൻറെ ഈ പുസ്തകം.

മൊത്തം 317 പേജുകളുള്ള പുസ്തകം മൂന്ൻ ഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. ‘ദൈവാസ്തിക്യം: ശാസ്ത്രവും ദർശനവും’ എന്നതാണ് ഒന്നാം ഭാഗം. ‘ഡോക്കിൻസിൻറെ വിഭ്രാന്തികൾ’, ‘പരിണാമസിദ്ധാന്തവും ഉത്തരാധുനിക ശാസ്ത്രവും’ എന്നിവയാണ് മറ്റു ഭാഗങ്ങൾ. സോഷ്യൽ മീഡിയയിലെ നാസ്തികരുടെ ഇസ്ലാം വിമർശനങ്ങൾ ശ്രദ്ധിക്കുന്നവർ വായിച്ചിരിക്കേണ്ട ഗ്രന്ഥമാണിത്. നവനാസ്തികതയുടെ ആചാര്യന്റെ ഓരോ വാദങ്ങളെയും തലനാരിഴ കീറി ചർച്ച ചെയ്യുന്നുണ്ടിതിൽ. എതിരാളിയുടെ ആയുധം പിടിച്ചെടുത്ത് അതുകൊണ്ടുതന്നെ തിരിച്ചടിക്കുന്ന യുദ്ധതന്ത്രവും, ബൗദ്ധികമായ ആക്രമണ രീതിയുമാണ് എൻഎം ഹുസൈൻ ഈ ഗ്രന്ഥത്തിൽ കൈക്കൊണ്ടിട്ടുള്ളത്.

ദൈവമില്ലെന്ന് സ്ഥാപിക്കാൻ ഡോക്കിൻസ് കൊണ്ടുവന്ന ഉദാഹരണങ്ങളെ നിഷ്കൃഷ്ടമായ നിരൂപണത്തിന് വിധേയമാക്കുക വഴി അവ ഒന്നുമല്ലെന്ന് സ്ഥാപിക്കുകയും ഒരുപടികൂടി മുന്നോട്ടുപോയി, അതേ ഉദാഹരണങ്ങൾ തന്നെ മതി ദൈവാസ്തിക്യത്തിന് തെളിവായി എന്ന് സമർഥിക്കുകയും ചെയ്യുന്നു എന്നതാണ് ഈ കൃതിയിൽ ഏറെ ശ്രദ്ധേയമായി തോന്നിയ ഒരു കാര്യം. ഇക്കാര്യത്തിൽ എൻഎം ഹുസൈന്റെ സാമർഥ്യവും നിരൂപണ വൈദഗ്ധ്യവും എടുത്തുപറയേണ്ടതാണ്. പല പ്രഭാഷണങ്ങളിലും വെളുക്കെ ചിരിച്ചുകൊണ്ട് ആളുകളെ കബളിപ്പിക്കാൻ വേണ്ടി രവിചന്ദ്രനെപ്പോലുള്ള നവനാസ്തികർ പറയാറുള്ള ഉദാഹരണങ്ങളെ ഉള്ളി തോല് പൊളിക്കും വിധം തൊലിച്ച് അവയുടെ ഉള്ള് തീർത്തും പൊള്ളയാണ് എന്ൻ വായനക്കാരെ ബോധ്യപ്പെടുത്തുന്നതാണ് എൻഎം ഹുസൈന്റെ ശൈലി. അതിമനോഹരം. ആർച്ചിനെയും കടുവയെയും അലാറത്തെയും കുറിച്ച ഡോക്കിൻസിൻറെ ഉപമകളുടെയും വ്യാഖ്യാനങ്ങളുടെയും പിന്നാലെക്കൂടി ഗ്രന്ഥകാരൻ നിഷ്പ്രഭമാക്കിയത് ഉദാഹരണം.
ദൈവം ഉണ്ട് എന്നതിന് മധ്യകാല യുറോപ്പിലെ പ്രമുഖ ക്രൈസ്തവ ദാർശനികനായ സെന്റ് തോമസ് അക്വിനാസ് സമർപ്പിച്ച തത്ത്വചിന്താപരമായ അഞ്ച് തെളിവുകളെ ഖണ്ഡിക്കാനെന്നവണ്ണം ഡോക്കിൻസ് പറഞ്ഞുവെച്ച കാര്യങ്ങളെ നിരൂപണം നടത്തുന്നിടത്തും എൻഎം ഹുസൈന്റെ നിരൂപണ/ വിശകലന പാടവം തെളിഞ്ഞുകാണാം. അക്വിനാസിന്റെ ന്യായങ്ങളെ വിമർശന വിധേയമാക്കുമ്പോഴും പക്ഷേ അവയിൽ ഒന്നിനെപ്പോലും യുക്തിഭദ്രമായി ഖണ്ഡിക്കാൻ ഡോക്കിൻസിന് കഴിഞ്ഞിട്ടില്ല എന്നദ്ദേഹം സമർഥിക്കുന്നുണ്ട്.

‘വിശ്വാസികളുടെ ദൈവം ‘വിടവുകളുടെ ദൈവ’മാണ് (God of gaps) എന്ന ഡോക്കിൻസിന്റെ ‘കണ്ടുപിടുത്ത’ത്തെ നിരൂപിക്കവെ, ജീവോൽപത്തി ഭൗതികമായി വ്യാഖ്യാനിക്കുന്നതിൽ അമ്പേ പരാജയപ്പെടുന്ന നാസ്തികരാണ് അതിനുപിന്നിൽ ‘അജ്ഞത’യും ‘വിടവും’ സൃഷ്ടിക്കുന്നത് എന്നും, അതുവഴി ‘വിടവുകളുടെ ദൈവം’ നിരീശ്വരവാദികളുടെ വിടവു (Gaps of Atheists)കളായി മാറുകയാണ് ചെയ്യുന്നത് എന്നും തിരിച്ചടിക്കുന്നു ഗ്രന്ഥകാരൻ.

രാസപ്രവർത്തനത്തിലൂടെയാണ് ജീവന്റെ ഉൽപത്തിയെന്ന് വാദിക്കുന്ന റിച്ചാഡ് ഡോക്കിൻസ് തന്നെ, എങ്ങനെയാണ് ജീവൻ ഉണ്ടായത് എന്നതിനെക്കുറിച്ച് വിശദീകരിക്കവേ പറഞ്ഞുവെച്ച ‘എന്തെങ്കിലുമൊന്ന് ആദ്യം ഉണ്ടായിക്കിട്ടിയാൽ ബാക്കി ജോലി പരിണാമം ചെയ്തുകൊള്ളും’, ‘ഏതെങ്കിലും തരത്തിലുള്ള ജനിതക തന്മാത്ര ആദ്യമായി രൂപംകൊണ്ടത് എങ്ങനെയന്നതാണ് യഥാർഥ പ്രശ്നം. ഈ ആദ്യ തന്മാത്ര യാദൃശ്ചികമായി ഉണ്ടായതാണെന്ന് പറഞ്ഞാൽ തൃപ്തികരമായ വിശദീകരണമാവില്ല” എന്നിങ്ങനെയുള്ള കാര്യങ്ങളെ കണക്കിന് കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ, നാസ്തികരാണ് യഥാർഥ നിഗൂഢ വാദികളെന്ന് വാദിക്കുകയും അവരുടെ ധൈഷണിക പ്രതിസന്ധിയും വിഭ്രാന്തിയും തുറന്നുകാണിക്കുകയും ചെയ്യുന്നുമുണ്ട്.

പരിണാമ സിദ്ധാന്തത്തിന്റെ അഭിനവ വക്താവായി പ്രത്യക്ഷപ്പെടുന്ന ഡോക്കിൻസ്, തന്റെ വാദം സ്ഥാപിക്കാൻ വേണ്ടി പറഞ്ഞുവെച്ച ‘പരിണാമ പരമ്പരയുടെ ചരിത്രം ആദ്യ-മധ്യ കാലഘട്ടത്തിലെ ഫോസിലുകൾ കണ്ടെത്തി കൃത്യമായി തെളിയിച്ചിട്ടുണ്ട്’ എന്ന പെരുംകള്ളത്തെ ഫോസിൽ ശാസ്ത്ര വിദഗ്ധരെത്തന്നെ ഉദ്ധരിച്ചുകൊണ്ട് തൊലിയുരിച്ച് കാണിക്കുന്നു ഗ്രന്ഥകാരൻ.

ദൈവവിശ്വാസം യുക്തിവിരുദ്ധവും അശാസ്ത്രീയവുമാണെന്നും, ഭൗതികവാദത്തിനാണ് ശാസ്ത്രത്തിന്റെയും യുക്തിയുടെയും പിന്തുണയുള്ളതെന്നും, ദൈവം ഉണ്ടെന്ന് വാദിക്കുന്നവരാണ് തെളിവ് ഹാജരാക്കേണ്ടത്, നിഷേധിക്കുന്നവരല്ല എന്നും മറ്റുമുള്ള നാസ്തികരുടെ വാദത്തിനെതിരെ യുക്തിയുക്തവും ചിന്തോദ്ധീപകവുമായ ചോദ്യശരങ്ങളെയ്യുകയും, ദൈവ നിഷേധത്തിന് തെളിവ് ഹാജരാക്കാൻ ഡോക്കിൻസിനു കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

എടുത്തുപറയേണ്ട സവിശേഷതകൾ ഇനിയുമേറെയുണ്ട്. ദൈർഘ്യം ഭയന്ന് ചുരുക്കുന്നു.

പുസ്തകം വായിച്ചു തുടങ്ങുമ്പോൾ, അതിനെ പരിചയപ്പെടുത്തുന്ന നല്ലൊരു ആമുഖത്തിന്റെ, പശ്ചാത്തല വിവരണത്തിന്റെ കുറവ് ശരിക്കും അനുഭവപ്പെടുന്നുണ്ട്. എന്തുകൊണ്ടാണ് ഗ്രന്ഥകാരൻ അത് വേണ്ടെന്ൻ വെച്ചതെന്ന് മനസ്സിലാകുന്നില്ല. വേണ്ടത്ര അടുക്കും ചിട്ടയുമില്ലാത്തവിധം വിഷയങ്ങൾ ക്രോഡീകരിച്ച ഡോക്കിൻസിൻറെ പുസ്തകത്തിന്റെയും അതിനെ അധികരിച്ച് രവിചന്ദ്രൻ എഴുതിയ ‘നാസ്തികനായ ദൈവം: റിച്ചാഡ് ഡോക്കിൻസിൻറെ ലോക’ത്തിന്റെയും നിരൂപണമായതിനാലാവണം‍, ഒരേ വിഷയത്തിൻറെ വ്യത്യസ്ത വശങ്ങൾ വിവിധ ടൈറ്റിലുകൾക്ക് കീഴിൽ അങ്ങിങ്ങായാണ് വരുന്നത്. പഠനമുദ്ദേശിച്ച് റെഫറൻസ് എന്നോണം ഈ പുസ്തകത്തെ സമീപിക്കുന്നവർക്ക് അതൊരു കല്ലുകടിയായിരിക്കും.

പുസ്തകത്തിന്റെ അവസാനത്തിൽ ഇരുപതോളം പേജുകൾ ഉപയോഗപ്പെടുത്തിയിരിക്കുന്നത് ‘കുറിപ്പുകൾ’ക്ക് വേണ്ടിയാണ്. 411 നമ്പറുകളിലായുള്ള പ്രസ്തുത കുറിപ്പുകൾ അധികവായന ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനപ്പെടും.

മനോഹരമായ കെട്ടിലും മട്ടിലും സാമാന്യം വലിപ്പമുള്ള അക്ഷരങ്ങളിലാണ് പുസ്തകം അച്ചടിച്ചിരിക്കുന്നത്. എറണാകുളത്തെ ‘ക്രിയേറ്റീവ്സ്’ ആണ് പ്രസാധകർ. വിതരണം ദഅവാ ബുക്സ്. വില 150 രൂപ.

Related Articles