Current Date

Search
Close this search box.
Search
Close this search box.

വായിക്കപ്പെടേണ്ട കൃതി

ആശയ സമ്പന്നതയും അനുഷ്ഠാന ദാരിദ്ര്യവുമെന്നത് ഇന്നത്തെ ഒരു സങ്കടാവസ്ഥയാണ്. സ്വഭാവ വൈകല്യങ്ങളും കുടുംബ ബന്ധങ്ങളിലെ ശൈഥില്യവും തജ്ജന്യമായ നിരവധി സങ്കീർണ്ണതകളും വഴി സമുദായ ഭദ്രത തകർന്നു കൊണ്ടിരിക്കുന്നു. കൗൺസിലിംഗ് സെന്ററുകളും സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റ്കളും പെരുകിവരുന്നു. വ്യക്തി, കുടുംബം എന്നീ തലങ്ങളിൽ ബോധപൂർവ്വം വളർത്തിയും പരിശീലിപ്പിച്ചും ഉണ്ടാക്കി എടുക്കേണ്ട മൂല്യങ്ങൾ ഇല്ലാത്തതാണ് മുഖ്യഹേതു. പുറമേക്കുള്ള മിനുക്കുപണികൾ കൊണ്ടൊന്നും പ്രശ്നപരിഹാരം സാധ്യമല്ല.

വ്യക്തിജീവിതത്തിലും കുടുംബാന്തരീക്ഷത്തിലും പുലരേണ്ട സ്വഭാവഗുണങ്ങൾ, ശീലങ്ങൾ എന്നിവ പഴഞ്ചനാണെന്ന് തെറ്റിദ്ധരിക്കുന്ന പലരുമുണ്ട്. നല്ല ശീലങ്ങളും മൂല്യങ്ങളും ചിരപുരാതനമാണെന്നത് തന്നെ അതിന്റെ മഹത്വവും നന്മയും വിളിച്ചോതുന്നുണ്ട്. പണ്ടുള്ളവർ നല്ലവരായി തീർന്ന അതേ നല്ല മൂല്യങ്ങളും ശീലങ്ങളും തന്നെയാണ് അന്നും ഇന്നും എന്നും പ്രയോജനപ്രദം എന്ന് തിരിച്ചറിയണം.

കുടുംബം എന്നത് മനുഷ്യനോളം പഴയതാണ്. മനുഷ്യത്വത്തിന്റെ ഭാഗവുമാണ്.

വ്യക്തി കുടുംബം എന്നീ തലങ്ങളിൽ ശ്രദ്ധിക്കാതെ, സമുദായ സംസ്കരണവും സമുദ്ധാരണവും സാധ്യമവില്ല. ഉപരിതലം,മേൽതട്ട് അഥവാ നാഗരിക വ്യവസ്ഥയുടെ നിയന്ത്രണം എങ്ങനെയെങ്കിലും വരുതിയിലായാൽ മാറ്റമുണ്ടായി കൊള്ളും എന്ന ധാരണയാണ് കമ്മ്യൂണിസം ഉൾപ്പെടെയുള്ള ഭൗതിക ദർശനത്തിന്റെ വക്താക്കൾ പുലർത്തിയത്. അത് ശുദ്ധ മൗഢ്യമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. പാലിന്റെ മേന്മക്ക്‌ അനുസരിച്ചായിരിക്കും ക്രീമിന്റെ മേന്മ.

വ്യക്തി കുടുംബം എന്നീ തലങ്ങളിൽ പരിവർത്തനം വരാതെ സമൂഹ സംസ്കരണം ഫലപ്രദമാകില്ല. വ്യക്തികൾ ചേരുന്നതാണ് കുടുംബം; കുടുംബാന്തരീക്ഷമാണ് വ്യക്തിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നത്. സാമൂഹിക വ്യവസ്ഥ അഥവാ ഖിലാഫത്ത് ഇല്ലാതായിട്ടും പരിശുദ്ധ ഇസ്ലാം നിലനിന്ന് പോരുന്നത് അത് തുടക്കം മുതലേ വ്യക്തി, കുടുംബം എന്നീ തലങ്ങളിൽ വളരെ യേറെ ശ്രദ്ധയൂന്നിയതിനാലാണ്. ഈ തലങ്ങളിൽ ഇനിയും ശ്രദ്ധയൂന്നേണ്ടതുണ്ട്. അതിനാകട്ടെ പ്രായോഗിക തടസ്സങ്ങളൊന്നുമില്ല. ഹൈദറലി ശാന്തപുരത്തിന്റെ ‘മുസ്ലിം സ്വഭാവം’ എന്ന പുസ്തകം ഇതിലേക്കുളള വഴി കാട്ടിയാണ്.

ആരാമം മാസികയിൽ പ്രസിദ്ധീകൃതമായ പതിനഞ്ച് ലേഖനങ്ങളുൾപ്പെടെ പഠനാർഹമായ പതിനാറ് ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. നേരത്തെ അഞ്ച് പതിപ്പുകളിലായി പതിനായിരക്കണക്കിന് വായനക്കാരിലെത്തിയ ‘സംസ്കരണ ചിന്തകൾ’ എന്ന പുസ്തകത്തിന്റെ തുടർച്ചയാണ് ഈ കൃതി എന്ന് ഗ്രന്ഥകാരൻ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു പുസ്തകങ്ങളും ഒരുമിച്ച് മനസ്സിരുത്തി വായിച്ചപ്പോൾ എല്ലാം മുസ്‌ലിം കുടുംബങ്ങളിലും പഠനസ്വഭാവത്തിൽ ഗൗരവപൂർവ്വം വായിക്കപ്പെടേണ്ട കൃതിയാണിതെന്ന് മനസ്സിലായി.സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ വിശ്വാസികൾക്കും ഇത് ഏറെ ഉപകാരപ്പെടും. വനിതകൾക്കും വിദ്യാർഥികൾക്കും വിഷയാധിഷ്ഠിതമായി പഠിക്കാനും ജീവിതത്തിൽ പകർത്താനും പാകത്തിലാണ് വിഷയക്രമീകരണം. പ്രമാണങ്ങളുടെ പിൻബലത്തോടെയുള്ള വസ്തുനിഷ്ഠമായ വിവരണമാണ്. ഖുർആൻ, ഹദീസ് വാക്യങ്ങൾ അറബി മൂലത്തോടെ നൽകിയിരിക്കുന്നു.

ധാരാളമായി സൈദ്ധാന്തിക പ്രഭാഷണങ്ങൾ നടത്തുന്നതിനേക്കാൾ ഏറെ ഫലപ്രദം മറ്റുള്ളവർക്ക് അനുഭവേദ്യമാകുന്ന നല്ല സ്വഭാവ ഗുണങ്ങൾ ജീവിതത്തിൽ ഉണ്ടാവുക എന്നതാണ്. മാനവതയുടെ ആദിമതവും പ്രകൃതിമതവുമായ പരിശുദ്ധ ഇസ്ലാമിന്റെ വ്യാപനം ആദ്യകാലത്ത് നടന്നത് ഇങ്ങനെത്തന്നെയാണ്. ഭാഷയുടെ പരിമിതികളെ അതിജീവിക്കുന്നതാണ് സ്വഭാവ ഗുണങ്ങൾ.

ഇസ്ലാമിനെ ഉൽകൃഷ്ട സ്വഭാവ ഗുണങ്ങളിലൂടെയും മാന്യവും സൗമ്യവുമായ നിലപാടുകളിലൂടെയും പ്രതിനിധാനം ചെയ്യാൻ പണ്ഡിത-പാമര ഭേദമന്യേ പ്രയോജനപ്പെടുന്ന ഈ കൃതി ഒരു നല്ല പാഠപുസ്തകമാണ്. നിത്യപ്രസക്തമായ കാര്യങ്ങളാണ് ഇതിന്റെ ഉള്ളടക്കം. സ്വഭാവ രൂപീകരണത്തിനും വ്യക്തിത്വ വികാസത്തിനു മുതകുന്ന ഈ കൃതി സരളവും ലളിതവുമാണ്.

 

185 രൂപ വില വരുന്ന പ്രസ്തുത ഗ്രന്ഥം ഇപ്പോൾ 155 രൂപക്ക് സ്വന്തമാക്കാം. IPH പ്രസിദ്ധീകരിച്ച ഈ ലഘു പുസ്തകം പോസ്റ്റലായും ( https://www.iphbooks.com/productdetails.php?id=822) ലഭ്യമാണ്.

Related Articles