Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം സ്വഭാവം

ഇടക്കാലത്ത് സ്റ്റഡീ ക്ലാസുകൾക്ക് ഏറ്റവും കൂടുതൽ റഫർ ചെയ്തിരുന്ന ഗ്രന്ഥമാണ് ശൈഖ് മുഹമ്മദുൽ ഗസാലിയുടെ ഖുലുഖുൽ മുസ്ലിം എന്ന ഗ്രന്ഥം. വിശ്വാസിയുടെ ജീവിതത്തിൽ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഉത്തമഗുണങ്ങളാണ് ആ പുസ്തകത്തിന്റെ ഉള്ളടക്കം. പിന്നീടത് മുസ്ലിം സ്വഭാവം എന്ന പേരിൽ നന്മ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറബി അറിയാത്തവർക്കും ഗസാലിയുടെ ഗ്രന്ഥം പ്രാപ്യമായി എന്നതായിരുന്നു ആ പരിഭാഷ കൊണ്ടുള്ള മെച്ചം.

ഈയുള്ളവന്റെ ഗുരുസമാനനായ പണ്ഡിതൻ ഹൈദരലി ശാന്തപുരം അവർകളുടെ മുസ്ലിം സ്വഭാവം വായിച്ചപ്പോഴാണ് രണ്ട് പതിറ്റാണ്ട് മുമ്പത്തെ ഗ്രന്ഥം ഓർമവന്നത്. അദ്ദേഹം ശാന്തപുരത്ത് ദഅവാ കോളേജിന്റെ പ്രിൻസിപ്പലായിരിക്കുമ്പോൾ അദ്ദേഹത്തെ അസിസ്റ്റ് ചെയ്യാൻ ഈയ്യുള്ളവന് ഭാഗ്യമുണ്ടായിട്ടുണ്ട്. അക്കാലത്തും അതിനു ശേഷവും പലപ്പോഴായി അദ്ദേഹത്തിന്റെ ഫജ്ർ ക്ലാസുകൾ ഇടക്കിടക്ക് കേൾക്കാറുണ്ടായിരുന്നു.

പണ്ഡിതോചിതമായ അടുക്കും ചിട്ടയുമുള്ള അത്തരം ക്ലാസുകൾ അദ്ദേഹമൊന്ന് കുറിച്ചു വെച്ചിരുന്നുവെങ്കിൽ എന്ന് അന്നെല്ലാം ആഗ്രഹിച്ചിട്ടുമുണ്ട്. ചിലത് ആരാമം വനിതാ മാസികയിലും മുമ്പ് വായിച്ചിട്ടുണ്ട്. ഹൈദരലി സാഹിബിന്റെതായി മുമ്പ് തന്നെ പ്രസിദ്ധീകൃതമായ ‘സംസ്കരണ ചിന്തകളുടെ’ വളർച്ചയും ഇസ്വ്‌ലാഹീ ചർച്ചകളുടെ തുടർച്ചയുമാണീ ഗ്രന്ഥം. ഉമ്മതിലെ വ്യക്തി/സമൂഹ സംസ്കരണത്തിന് അനിവാര്യമായ ഉൾവെളിച്ചങ്ങൾ കൃത്യമായി കിട്ടുന്ന ഒരു ഗ്രന്ഥം തന്നെയാണ് മുസ്ലിം സ്വഭാവം. സൽസ്വഭാവം , കാരുണ്യം, സത്യസന്ധത, പാപമുക്തി , പ്രവാചക സ്നേഹം, അധ്വാനം, സ്വർഗം, കുടുംബം, അയൽബന്ധം, സഭാ / ആഹാര/ രോഗീ മര്യാദകൾ എന്നിവയുടെ ഇസ്ലാമിക അധ്യാപനങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതോടൊപ്പം അസൂയ ,പരദൂഷണം എന്നീ ദുർഗുണങ്ങളെ ജീവിതത്തിൽ നിന്നും പടിയടച്ച് പിണ്ഡം വെയ്ക്കുവാനുള്ള മാനസികമായ കരുത്ത് പകരുന്ന ഗ്രന്ഥം കൂടിയാണിത്. ഹൈദരലി സാഹിബിന്റെ എഴുത്തുകൾക്ക് കൂടുതൽ സാദൃശ്യത മർഹൂം കെ.സി.അബ്ദുല്ലാഹ് മൗലവിയുടെ എഴുത്തുകൾക്കാണ്.

ഖുർആൻ/ ഹദീസ് വാചകങ്ങളെ ആശയതലത്തിൽ പരാവർത്തം നടത്തി കൃത്യമായ വാചകങ്ങൾ അറബിമൂലത്തോടെ നിർലോഭം ഉദ്ധരിക്കുന്ന ആ രീതി തന്നെയാണ് സാധാരണക്കാർക്ക് മനസ്സിലാകുന്നതിന് ഉപകാരപ്പെടുക . വിജ്ഞാനത്തിന്റെ മഹാപേമാരി എന്നതിന്പകരം ചാറ്റൽമഴ എന്ന് എന്തുകൊണ്ടും വിശേഷിപ്പിക്കാവുന്ന വായനാനുഭവം.

ഖതീബന്മാർ, പ്രഭാഷകന്മാർ എന്നിവർക്കും റഫറൻസാക്കാവുന്ന നല്ല ഒരു വായനാനുഭവം. 185 രൂപ വില വരുന്ന പ്രസ്തുത ഗ്രന്ഥം ഇപ്പോൾ 155 രൂപക്ക് സ്വന്തമാക്കാം. IPH പ്രസിദ്ധീകരിച്ച ഈ ലഘു പുസ്തകം പോസ്റ്റലായും ലഭ്യമാണ്.

Related Articles