Current Date

Search
Close this search box.
Search
Close this search box.

നബി(സ)യും സ്വഫിയ്യ(റ)യും: മാനവികതയുടെ മഹാപാഠങ്ങൾ

നാസ്തികരും ക്രിസംഘികളും വ്യാപകമായി ദുർവ്യാഖ്യാനിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യാറുള്ള വിഷയമാണ് ഖൈബർ യുദ്ധവും അതേതുടർന്ന് നടന്ന, സ്വഫിയ്യ(റ) ബിൻത് ഹുയയ്യുമായുള്ള മുഹമ്മദ് നബി(സ)യുടെ വിവാഹവും. പ്രവാചക ചരിത്രത്തെ വികലമാക്കാനാഗ്രഹിക്കുന്നവർ ഈ സംഭവത്തെ പ്രതി കെട്ടിച്ചമക്കാറുള്ള അപസർപ്പക കഥകൾക്ക് കൈയും കണക്കുമില്ല. ‘പിതാവിനെയും ഭർത്താവിനെയും ആസൂത്രിതമായി വകവരുത്തി സുന്ദരിയായ സ്വഫിയ്യയെ സ്വന്തമാക്കി, ഇദ്ദാകാലം കഴിയുന്നതിന് മുമ്പേ അനുയായികളെ കാവൽ നിർത്തിക്കൊണ്ട് അവളുമായി കിടപ്പറ പങ്കിട്ടു’ എന്നൊക്കെയുള്ള ആരോപണങ്ങൾ കേൾക്കാത്തവരായി സോഷ്യൽ മീഡിയയിൽ ഇടപെടുന്ന മുസ്ലിം സുഹൃത്തുക്കളിൽ ആരെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ആഇശ(റ)യുടെ വിവാഹപ്രായത്തെയെന്നപോലെ സ്വഫിയ്യ(റ)യുടെ വിവാഹത്തെയും കുറിച്ച് പറയാൻ നവനാസ്തികർക്കും ക്രിസംഘികൾക്കും നൂറ് നാവാണ്! ഈ സംഭവങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് പ്രവാചകനെ തെറിവിളിക്കാത്ത നവനാസ്തിക പോസ്റ്റുകളും കമെന്റുകളും വിരളമായിരിക്കും.

എന്നാൽ സ്വഫിയ്യ(റ)യുമായുള്ള പ്രവാചകന്റെ വിവാഹത്തെയും അതിന്റെ പശ്ചാതലത്തെയും കുറിച്ച് നിഷ്പക്ഷമയും ആധികാരികമായും പഠിക്കാൻ ശ്രമിച്ചാൽ നമുക്ക് ലഭിക്കുന്ന ചിന്ത്രം മറ്റൊന്നാണ്. ഉള്ളറിഞ്ഞ സ്നേഹത്തിന്റെയും മാനവികതയുടെയും മഹത്തായ പാഠങ്ങളാണ് അവിടെ നമുക്ക് കാണാനാവുക. അതേകുറിച്ച് പ്രമുഖ ഇസ്ലാമിക പ്രബോധകൻ മുസ്തഫാ തൻവീർ രചിച്ച പുസ്തകമാണ് ‘നബി(സ)യും സ്വഫിയ്യ(റ)യും: മാനവികതയുടെ മഹാപാഠങ്ങൾ’. ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാവുന്നവിധം ലളിതവും ഒഴുക്കുള്ള ശൈലിയോട് കൂടിയതുമാണ് 7 അധ്യായങ്ങളായി 65 പേജുകളിൽ ഒതുക്കിവെക്കപ്പെട്ട ഈ ലഘുകൃതി. വില 100 രൂപ. എന്നും എപ്പോഴും ഇസ്ലാം വിരോധികൾ ചർച്ചയാക്കാറുള്ള ഒരു വിഷയത്തെ പ്രത്യേകമെടുത്ത് ഇവ്വിധം പുസ്തകരൂപത്തിലാക്കിയ ഗ്രന്ഥകാരനും പ്രസാധകരും അഭിനന്ദനമർഹിക്കുന്നു.

അവതരിപ്പിക്കുന്ന കാര്യങ്ങളോരോന്നും ആധികാരികമായിരിക്കാനും ആരോപണവിധേയമാകാറുള്ള വിഷയങ്ങളുടെ നാനാവശങ്ങളെയും സ്പർശിക്കാനും ഗ്രന്ഥകാരൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വായനയുടെ ഒഴുക്കിന് തടസ്സം നേരിടാത്തവിധം നിരവധി ചരിത്ര രേഖകൾ മനോഹരമായി ഒതുക്കിവെച്ചിരിക്കുന്നു. ഓരോ അധ്യായങ്ങളുടെയും അവസാനത്തിൽ കൊടുത്തിരിക്കുന്ന റഫറൻസുകൾ അധികവായനക്ക് ഏറെ ഉപകാരപ്രദമത്രെ. ഗ്രന്ഥകാരന്റെ വിശകലന പാടവമാണ് വായനക്കിടയിൽ എന്നെ ആകർഷിച്ച മറ്റൊരു കാര്യം. വിമർശനവിധേയമായ ഓരോ ചരിത്രവസ്തുതകളെയും എതിരാളികൾക്ക് പോലും തൃപ്തികരമാവും വിധം അവതരിപ്പിക്കാൻ മുസ്തഫാ തൻവീറീനായിട്ടുണ്ട്.

മുമ്പ് ‘സ്നേഹസംവാദം’ വെബ്സിനിൽ ഖണ്ഡശ:യായി പ്രസിദ്ധീകരിക്കപ്പെട്ടതാണ് ഈ പുസ്തകത്തിലെ മിക്ക ഭാഗങ്ങളും എന്നാണ് മനസ്സിലാവുന്നത്. ഈയുള്ളവൻ എഴുതിക്കൊണ്ടിരിക്കുന്ന ‘സൂര്യവെളിച്ചത്തിലെ പ്രവാചകനും പുകമറ സൃഷ്ടിക്കുന്ന നാസ്തികരും’ എന്ന പുസ്തകത്തിലെ ഒരധ്യായം സ്വഫിയ്യ(റ)യുടെ വിവാഹവുമായി ബന്ധപ്പെട്ട വിമർശനങ്ങളും വസ്തുതകളുമാണ്. (അതിന്റെ പല വശങ്ങളും നേരത്തെ ഇസ്ലാം ഓൺലൈവ് പ്രസിദ്ധപ്പെടുത്തിയിരുന്നു.) ഏതാണ്ട് ഒരു വർഷം മുമ്പ് പ്രസ്തുത അധ്യായം രചിക്കാനായി റഫറൻസുകൾ അന്വേഷിച്ചുകൊണ്ടിരിക്കെ എൻറെ കണ്ണിലുടക്കിയ ശ്രദ്ധേയമായ മലയാള പഠനങ്ങളിൽ ഒന്ൻ ‘സ്നേഹ സംവാദ’ത്തിലെ പരാമൃഷ്ട ലേഖന പരമ്പരയായിരുന്നു. 2021 ജനുവരി 9നു മലപ്പുറത്ത് വച്ച് എംഎം അക്ബറും ഇഎ ജബ്ബാറും തമ്മിൽ നടത്തിയ നാസ്തികത – ഇസ്ലാം സംവാദ സദസ്സിൽ വെച്ച് ഗ്രന്ഥകാരനെ കണ്ടപ്പോൾ, മേൽപറഞ്ഞ സ്നേഹസംവാദം ലേഖനങ്ങൾ പുസ്തകമാക്കിയിരുന്നെങ്കിൽ എന്ന ആഗ്രഹം ഈയുള്ളവൻ പങ്കുവെക്കുകയും ചെയ്തിരുന്നു. ദഅവാ ബുക്സ് അത് പുസ്തകമാക്കി പ്രസിദ്ധീകരിച്ച വിവരം കഴിഞ്ഞ ദിവസം അറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. അപ്പോൾ തന്നെ ഓർഡർ ചെയ്യുകയും ഇന്നത് ലഭിക്കുകയും ചെയ്തു.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒളിഞ്ഞുകിടക്കുന്ന ഒരുപാട് ചരിത്ര സംഭവങ്ങൾ ഈ പുസ്തകത്തിൽ ഇതൾവിരിയുന്നുണ്ട്. നാസ്തികരും മറ്റും പുകമറക്കുള്ളിലാക്കാറുള്ള, തെളിമയാർന്ന പ്രവാചക ജീവിതത്തിലെ സ്വഫിയ്യയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട പല വശങ്ങളും അതുവഴി ശുഭ്രവസ്ത്ര ശബളിമയോടെ തെളിഞ്ഞുവരുന്നത് കാണാം. സോഷ്യൽ മീഡിയയിൽ നവനാസ്തികരുമായി സംവദിക്കുന്ന മുസ്ലിം സുഹൃത്തുക്കൾക്കും നാസ്തികരുടെ തെറ്റിദ്ധരിപ്പിക്കലുകളിൽ വീണുപോയവർക്കും ഏറെ ഉപകാരപ്പെടും ഈ കൃതി; ബുദ്ധിപരവും വൈജ്ഞാനികവുമായ സത്യസന്ധയോടെ ചരിത്രത്തെ സമീപിക്കുന്ന പക്ഷം ഇസ്ലാം വിമർശകർക്കും.

Related Articles