Current Date

Search
Close this search box.
Search
Close this search box.

പഠനവൈകല്യവും മനസ്സിന്റെ സംവിധാനവും എങ്ങനെ മനസ്സിലാക്കാം

പഠനവുമായി ബന്ധപ്പെട്ടുള്ള മനസ്സിന്റെ സംവിധാനം മനസ്സിലാക്കുന്നതിനു മുമ്പ് ഒരു കാര്യം പറഞ്ഞുതുടങ്ങാം. എന്റെ അടുത്തൊരു സുഹൃത്തിന്റെ സഹോദരീപുത്രി യൂണിവേഴ്‌സിറ്റി പഠനകാലത്ത് കോഴ്‌സ് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് പ്രതിസന്ധികൾ നേരിട്ടവളായിരുന്നു. പാസിംഗ് സാധ്യമാവാൻ മാത്തമാറ്റിക്‌സിൽ നല്ല മാർക്ക് വേണ്ടിയിരുന്നെങ്കിലും തോൽക്കുമോ എന്ന ഭയം കാരണം പരീക്ഷക്ക് രജിസ്റ്റർ പോലും ചെയ്യാതിരിക്കുകയായിരുന്നു അവൾ. ‘ഞാൻ മാത്തമാറ്റിക്‌സിൽ കഴിവില്ലാത്തവളാണ്’ എന്നുള്ള അവളുടെ ചിന്താഗതിയാണ് അവളുടെ പഠനം പാതിവഴിക്ക് നിറുത്തിയതും അവളെ വഴിയാധാരമാക്കിയതും. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോവുന്ന ആദ്യ വ്യക്തിയല്ല ഈ പെൺകുട്ടി. നീ വിജയിക്കാൻ പ്രാപ്തയല്ല എന്നുള്ള ചിലരിൽ നിന്നുള്ള തെറ്റായ സന്ദേശം മനസ്സിൽ കടക്കുന്നതാണ് ഇത്തരം തടസ്സങ്ങൾ രൂപപ്പെടുന്നതിനു പിന്നിലെ അതിപ്രധാന കാരണങ്ങളിലൊന്ന്.

പഠനവുമായി ബന്ധപ്പെട്ടുള്ള മനസ്സിന്റെ സംവിധാനവും ശരിതെറ്റുകളും മനസ്സിലാക്കിത്തരുന്ന ഗ്രന്ഥമാണ് ‘Limitless Mind: Learn, Lead and Live Without Barriers'(അതിരുകളില്ലാത്ത മനസ്സ്: പഠിക്കുക, നയിക്കുക, തടസ്സങ്ങളില്ലാതെ ജീവിക്കുക) എന്ന ജോ ബൗളറിന്റെ പുസ്തകം. സ്റ്റാന്റ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ മാത്തമാറ്റിക്‌സ് പ്രൊഫസർ കൂടിയായ ബൗളർ പറയുന്നത് മനസ്സിന്റെ സംവിധാനം മനസ്സിലാക്കുകയും പഠനരീതി മെച്ചപ്പെടുത്താനുള്ള രീതികൾ മനസ്സിലാക്കുകയും ചെയ്താൽ എന്തുകാര്യവും ജനങ്ങൾക്കു പഠിച്ചെടുക്കാമെന്നാണ്. ഈ ഗ്രന്ഥത്തിൽ ‘ജന്മസിദ്ധി’ യെക്കുറിച്ചുള്ള പരമ്പരാഗത തെറ്റുധാരണകളെ അവഗണിക്കാനും ബുദ്ധിയെക്കുറിച്ചുള്ള പുതിയ പഠനങ്ങളെ സ്വീകരിക്കാനും തുടർന്ന് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിജയ സൗഹൃദാന്തരീക്ഷമുള്ളതാക്കാനും ഗ്രന്ഥകാരി ആഹ്വാനം ചെയ്യുന്നു.

ജന്മസിദ്ധിയെന്ന പ്രതിസന്ധി
ബൗളർ പറയുന്നു: ദശലക്ഷണക്കിന് കുട്ടികൾ ഓരോ വർഷവും തങ്ങളുടെ പഠനയാത്രക്ക് തുടക്കം കുറിക്കുന്നത് തങ്ങൾ പഠിക്കാൻ പോവുന്ന കാര്യങ്ങളോടുള്ള അത്യുത്സാഹത്തോടെയാണ്. പക്ഷെ, മറ്റുള്ളവരെപ്പോലെ മതിയായ ബുദ്ധി തങ്ങൾക്കില്ലെന്ന് മനസ്സിലാക്കുമ്പോഴാണ് അവർക്ക് പെട്ടെന്ന് നിരാശ പിടിപെടുന്നത്. സിദ്ധിയെന്നത് പ്രകൃതിപരമാണെന്നും അധ്വാനിച്ചുണ്ടാക്കുക സാധ്യമല്ലെന്നുമുള്ള തെറ്റായ സന്ദേശം അറിഞ്ഞോ അറിയാതെയോ രക്ഷിതാക്കളിൽ നിന്നോ അധ്യാപകരിൽ നിന്നോ വിദ്യാർഥികളിലേക്ക് എത്തുന്നതാണ് ഇതിനു കാരണം. തന്റെ അധ്യാപനകാലത്ത് ഇക്കാര്യം പല വിദ്യാർഥി വിദ്യാർഥിനികളിലും നേരിട്ടു കണ്ടിട്ടുണ്ടെന്ന് ബൗളർ സാക്ഷ്യപ്പെടുത്തുന്നു. ‘നമ്മുടെ തലച്ചോറ് ഉറച്ചതാണെന്നും ചില പ്രത്യേക വിഷയങ്ങൾ മനസ്സിലാക്കാനുള്ള പ്രാപ്തിയില്ലെന്നുമുള്ള പഴമ്പുരാണം നമ്മുടെ ചിന്തകളെ സ്വാധീനിച്ചത് വിദ്യാഭ്യാസ മേഖലയെ മാത്രമല്ല, മറിച്ച് നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഒട്ടനേകം വിഷയങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്’ ബൗളർ തന്റെ ഗ്രന്ഥത്തിൽ പറയുന്നു. പുതിയ സാഹചര്യങ്ങൾക്കും സന്ദർഭങ്ങൾക്കുമനുസരിച്ചു മനുഷ്യശരീരത്തിന്റെ പ്രവർത്തനം ക്രമപ്പെടുത്തുവാനുള്ള തലച്ചോറിന്റെ കഴിവ് (Neuroplasticity) പറയുന്ന ശാസ്ത്രശാഖ പറയുന്നത് പഠനം ഏതുകാലത്തും സാധ്യമാണെന്നാണ്. പക്ഷെ, ദൗർഭാഗ്യകരമെന്നോണം ഇക്കാര്യം നമ്മുടെ പഠനരീതി ഉൾക്കൊണ്ടില്ലെന്നതാണ് വസ്തുത. ജന്മസിദ്ധിയെക്കുറിച്ചുള്ള ചില തെറ്റായ അഭിപ്രായങ്ങൾ വംശീയവും ലിംഗപരവുമായ ഘടകങ്ങളുടെ ഫലമായി ഉണ്ടായതാണെന്നും അവർ കൂട്ടിച്ചേർക്കുന്നു. കായികവിനോദങ്ങൾ ആൺകുട്ടികൾക്കു മാത്രമുള്ളതാണെന്ന സന്ദേശം മിക്ക പെൺകുട്ടികൾക്കും ചെറുപ്പകാലത്ത് തന്നെ ലഭിക്കുന്നത് ഇതിനുദാഹരണമാണ്. അവരുടെ കഴിവുകളെ പ്രതികൂലമായി സ്വാധീനിക്കുന്നതിൽ ഇതിനു വലിയൊരളവിൽ പങ്കുണ്ട്. കായികവുമായി ബന്ധപ്പെട്ട പഠനമേഖലകളിൽ സ്ത്രീപ്രാധിനിത്യം കുറയുന്നതിനു പിന്നിലും ഇതിനു പങ്കുണ്ട്.

നമ്മുടെ ബുദ്ധി പഠിക്കാൻ എങ്ങനെ സഹായിക്കുന്നു?
വെറും പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടുന്നതിനു പകരം മാത്തമാറ്റിക്‌സുമായോ മറ്റോ ബന്ധപ്പെട്ട പ്രതിസന്ധികൾ നേരിടുന്ന വ്യക്തികൾക്കുള്ള പരിഹാരമാർഗങ്ങളും ബൗളർ തന്റെ ഗ്രന്ഥത്തിൽ നിർദേശിക്കുന്നുണ്ട്. അവ ചുരുക്കി മനസ്സിലാക്കാം.

1- നിങ്ങളുടെ ബുദ്ധി മാറിക്കൊണ്ടിരിക്കുന്നതാണെന്ന് ആദ്യം മനസ്സിലാക്കുക. അവർ പറയുന്നു:’ഓരോ തവണ നാം പഠിക്കുമ്പോഴും ‘ അഥവാ, ജനിക്കുന്ന സമയത്ത് ഒരാൾക്കും പഠിക്കാവുന്ന കാര്യങ്ങൾ പരിതിമിതപ്പെടുന്നില്ല എന്നർഥം. പകരം, ജന്മസിദ്ധിയെക്കുറിച്ചുള്ള ധാരണകളും അത് അധ്യാപനരീതിയിൽ വരുത്തുന്ന സ്വാധീനവുമാണ് സത്യത്തിൽ ജനങ്ങളുടെ പഠനത്തെ തടസ്സപ്പെടുത്തുന്നത്. ഉദാഹരണത്തിന്, വിദ്യാർഥികളെ വായനാശേഷിയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കുമ്പോഴും കഴിവുകളനുസരിച്ച് സ്‌പോർട്‌സ് ടീമുകളാക്കി തിരിക്കുമ്പോഴുമെല്ലാം വിദ്യാർഥികളിൽ ഇത്തരം നെഗറ്റീവ് ചിന്തകൾ ഉണ്ടാവാനിടയുണ്ട്. ഏറ്റവും നല്ലത് വ്യത്യസ്ത കഴിവുകളുള്ള വിദ്യാർഥികളെ ഒരുമിച്ചുനിറുത്തലാണ്. ഒരു ഗവേഷണം വ്യക്തമാക്കിയതുപോലെ, ആദ്യകാലത്ത് പഠനവൈകല്യമെന്ന പേരിൽ തരംതിരിക്കപ്പെട്ട വിദ്യാർഥികൾ വ്യക്തിപരമായുള്ള ചില പരിശീലനങ്ങൾക്കു ശേഷം തങ്ങളുടെ ശേഷി വീണ്ടെടുത്തതായും കാണാം.

2- പരാജയവും പിഴവുകളും പ്രതിസന്ധികളും ഉൾക്കൊള്ളുന്ന രീതി പഠിക്കുക. പൊതുവിൽ വിദ്യാർഥികളും അധ്യാപകരും വിശ്വസിച്ചുപോരുന്നത് പരീക്ഷകളിൽ ശരിയായ ഉത്തരം ലഭിക്കുന്നത് പഠിച്ചുവെന്നതിനുള്ള തെളിവാണെന്നാണ്. പക്ഷെ, യാഥാർഥ്യത്തിന്റെ ലോകത്ത് വിദ്യാർഥികൾ തങ്ങളുടെ പ്രാപ്തിക്കും മുകളിലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ തലച്ചോറ് പതിവിലും നന്നായി പ്രവർത്തിക്കുമെന്നും പുതിയ അറിവുകൾ രൂപപ്പെടുമെന്നും ബൗളർ ചൂണ്ടിക്കാട്ടുന്നു. വരുംനാളുകളിൽ അവരുടെ പഠനത്തെ കൂടുതൽ എളുപ്പമാക്കാനും ഇത് സഹായിക്കും. കുട്ടികൾക്ക് നന്നായി അറിയാവുന്ന വിഷയം തന്നെ നിരന്തരം പരിശീലിക്കുന്നത് അവരുടെ പഠനത്തെ പ്രതികൂലമായാണ് ബാധിക്കുക. അതേസമയം, പുതിയ മേഖലകൾ പരിചയിക്കുമ്പോൾ തെറ്റുകൾ സംഭവിക്കുന്നത് അവരുടെ വിജ്ഞാനത്തെ കൂടുതൽ ദൃഢപ്പെടുത്താനാണ് സഹായിക്കുക. ഒരധ്യാപകൻ, പുതിയ വിഷയങ്ങളിൽ ഗവേഷണാന്വേഷണങ്ങൾ നടത്താൻ കുട്ടികൾക്ക് പ്രചോദനം നൽകുകയും തെറ്റുകൾ സംഭവിക്കാൻ സമ്മതം നൽകുകയും ചെയ്യുമ്പോൾ അവർ രണ്ടുപേരുമറിയാതെ തെറ്റുകൾ പതിയെ തിരുത്തപ്പെടുന്നു.

3- നിന്റെ ബുദ്ധിയെക്കുറിച്ചുള്ള നിന്റെ വിശ്വാസങ്ങൾ മാറ്റുക. തീർച്ചയായും ബുദ്ധി നിന്നെ അനുസരിക്കുക തന്നെചെയ്യും. നിന്നെക്കുറിച്ചുള്ള നിന്റെ അഭിപ്രായം നീ മാറ്റുന്നതോടെ പതിയെ നിന്റെ ശരീരത്തെയും ബുദ്ധിയെയും മാറ്റാനത് സഹായിക്കും. ഉദാഹരണത്തിന്, ചെറുപ്രായത്തിൽ തന്നെ- 18 മുതൽ 49 വരെ- വാർധക്യത്തെക്കുറിച്ച് നെഗറ്റീവ് ചിന്തകൾ വെച്ചുപുലർത്തുന്ന ചെറുപ്പക്കാരിലാണ് ഹൃദ്രോഗവും രക്തസമ്മർദവും കൂടുതലായി കാണപ്പെടുന്നതെന്ന് ഗവേഷകർ പറയുന്നു. ഇതുതന്നെയാണ് പഠനവുമായി ബന്ധപ്പെട്ട ഒരാളുടെ ചിന്താഗതിയിലും സംഭവിക്കുന്നത്. ഉദാഹരണത്തിന്, ചെറിയ കുട്ടികളുടെ മനസ്സിൽ, പഠനവിഷയങ്ങളിലുള്ള വിജയം തങ്ങളുടെ ജന്മസിദ്ധിയുമായി ബന്ധപ്പെട്ടു കിടക്കുതാണെന്നും നമ്മുടെ പരിശ്രമത്തിന് അതിലൊരു സ്വാധീനവുമില്ലെന്നുമുള്ള ചിന്ത ആരിൽ നിന്നെങ്കിലുമായി ലഭിക്കുന്നതോടെ തുടർന്നുള്ള പഠനജീവിതത്തിൽ ആ കുട്ടി തത്പരനാവാൻ സാധ്യത വളരെ കുറവാണ്.

4- പഠനത്തിനുള്ള വ്യത്യസ്തമായ രീതികൾ പരിശീലിക്കുക. പഠിക്കാൻ കഴിയുമെന്നുള്ള വിശ്വാസമുണ്ടാവുക- വിജ്ഞാനമൊന്നും സ്ഥായിയല്ലെന്നും നിരന്തര പരിശ്രമങ്ങളിലൂടെ നേടിയെടുക്കാമെന്നുമുള്ള വിശ്വാസം- യും പുതിയ പുതിയ പഠനരീതികൾ പരിശീലിക്കുകയുമാണ് പ്രധാനം. പുതിയ രീതിശാസ്ത്രങ്ങൾ അവലംബിക്കുകയെന്നത് പഠനത്തെയും അധ്യാപനത്തെയും വളരെ പോസിറ്റീവായി സ്വാധീനിക്കുന്ന കാര്യമാണ്. കാരണം, ഒരേസമയം തലച്ചോറിന്റെ വ്യത്യസ്തഭാഗങ്ങളെ ചൂഴ്ന്നുനിൽക്കുന്നതാണത്.

ബൗളർ തന്റെ ഗ്രന്ഥത്തിൽ തുടർന്നെഴുതുന്നു:’തലച്ചോറിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള പുതിയ പഠനങ്ങൾ തെളിയിക്കുന്നത് അധ്യാപനത്തിന് വ്യത്യസ്ത മാർഗങ്ങൾ അവലംബിക്കുന്നത് കൂടുതൽ വിദ്യാർഥികളെ ചലനാത്മകമാക്കാനും മിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളും മുൻകാലത്ത് ഉപയോഗിച്ചു പോന്നിരുന്ന രീതിയിൽ നിന്ന് മാറിനിൽക്കാനും സഹായിക്കും’. തന്റെ പ്രത്യേക ഗവേഷണത്തിൽ, മാത്തമാറ്റിക്‌സ് പഠിപ്പിക്കാനുള്ള ഈ പ്രത്യേകരീതി- കഥകളുപയോഗിച്ചോ വിഷ്വൽസ് ഉപയോഗിച്ചോ മറ്റോ മാത്തമാറ്റിക്കൽ പ്രശ്‌നങ്ങൾ സോൾവ് ചെയ്യാൻ വിദ്യാർഥികളെ വെല്ലുവിളിക്കൽ- കൂടുതൽ ഫലപ്രദമാണ്. പ്രത്യേകിച്ച് പെൺകുട്ടികളിലും ഇംഗ്ലീഷ് ഭാഷ പഠിക്കുന്നവരിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിലും ഈ രീതി ഫലപ്രദമാണ്. പഠിക്കാൻ ഉദ്ദ്യേശിക്കുന്ന ഒരു വിഷയത്തെ നേരിട്ടുമനസ്സിലാക്കുന്നതിനു പകരം വ്യത്യസ്ത കോണുകളിലൂടെ ആ വിഷയത്തെ സമീപിക്കുന്നതാണ് കൂടുതൽ ഗുണകരമെന്ന് ഇത് തെളിയിക്കുന്നു.

5- പെട്ടെന്നുള്ള ഫലത്തെക്കാൾ വഴക്കമുള്ള ചിന്തയിലേക്ക് എത്തുകയെന്നതാവണം നിന്റെ ലക്ഷ്യം. പലപ്പോഴും മിക്ക അധ്യാപകരുടെയും വിദ്യാർഥികളുടെയും വിശ്വാസം വല്ല കാര്യവും ഞൊടിയിടയിൽ ചെയ്തുതീർക്കുന്നവർ അക്കാര്യത്തിൽ നൈപുണ്യമുള്ളവരാണെന്നാണ്. പക്ഷെ, പഠനങ്ങൾ പറയുന്നത് അങ്ങനെയല്ല. ഇടുങ്ങിയ സമയത്തിനുള്ളിൽ വല്ല കാര്യവും ചെയ്തുതീർക്കാൻ ശ്രമിക്കുന്നത് – സമയം നിശ്ചയിക്കപ്പെട്ട ടെസ്റ്റ് പോലെ- പ്രധാനവിവരങ്ങൾ ശേഖരിക്കപ്പെട്ടിട്ടുള്ള നമ്മുടെ മെമ്മറിക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഇതുകൊണ്ടുതന്നെ ഹോംവർക്കായി വിദ്യാർഥികൾക്ക് നീണ്ട സെറ്റുകൾ കൊടുക്കുന്നതും നിശ്ചിതസമയത്തിനുള്ളിലെ പരീക്ഷണങ്ങൾ കൊണ്ട് വിദ്യാർഥികളുടെ നിലവാരം അളക്കുന്നതും ഫലപ്രദമല്ലെന്ന് ബൗളർ വാദിക്കുന്നു. പെട്ടെന്ന് വർക്കുകൾ ചെയ്തുതീർക്കുന്ന വിദ്യാർഥികൾ പ്രോത്സാഹനങ്ങളും ഏറ്റുവാങ്ങുന്നു. അതേസമയം, നേരെതിരിച്ച് ചില വിദ്യാർത്ഥികൾ സമയബന്ധിതമായ ടെസ്റ്റുകളിലൂടെ മികവ് പുലർത്തുന്നതായി കാണാം, കാരണം അവർക്ക് അവരുടെ സാഹചര്യങ്ങളെ നേരിടാനുള്ള വൈദഗ്ദ്ധ്യം ഉണ്ട്, മാത്രമല്ല അവരുടെ വിദ്യാഭ്യാസ യാത്ര അവസാനിക്കാൻ സാധ്യതയുമില്ല.

6-പരസ്പരസഹകരണം ഉറപ്പാക്കാൻ ശ്രമിക്കുക. വളർച്ചാമനോഭാവം പഠിപ്പിക്കുന്ന സ്‌കൂളുകൾ ഫലപ്രദമാവുക വിദ്യാർഥികൾക്കിടയിലും ആ ചിന്ത ഉണ്ടാവുമ്പോൾ മാത്രമാണ്. പ്രതിഭാധനരായ വിദ്യാർഥിസിദ്ധാന്തത്തിൽ ഇപ്പോഴും വിശ്വസിക്കുന്ന വിദ്യാർഥികളുണ്ടെങ്കിൽ അവർക്കിടയിലുള്ള പരസ്പരസഹകരണം കുറയും. വ്യക്തിപരമായ പഠനത്തിനപ്പുറം കൂട്ടമായ, ഗ്രൂപ്പായ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സ്‌കൂളുകൾ ഉയർന്നുവരണം. കൂട്ടായ പ്രവർത്തനം കഠിനമായ മാത്തമാറ്റിക്കൽ പ്രശ്‌നങ്ങളെ പരിഹരിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്.

ബൗളർ തുടരുന്നു:’വിദ്യാർഥികൾ കൂട്ടായി പ്രവർത്തിക്കുമ്പോൾ മാറ്റങ്ങളുണ്ടാവുകയും എല്ലാവരും ഏതെങ്കിലുമൊരളവിൽ പ്രതിസന്ധികൾ നേരിടുന്നവരാണെന്ന് അവർ മനസ്സിലാക്കുകയും ചെയ്യും. പഠനം ഒരു നിരന്തര പ്രക്രിയയാണെന്നും തടസ്സങ്ങൾ സാധാരണയാണെന്നുമുള്ള ചിന്തയെ അതു ശക്തിപ്പെടുത്തും. മാത്രമല്ല, ക്ലാസ് റൂമിലെ പരസ്പരസഹകരണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്- വ്യക്തിപരമായി വിദ്യാർഥികളെ പരീക്ഷിക്കുന്നതിനു പകരം- പ്രായോഗികലോകവുമായി കൂടുതൽ ബന്ധപ്പെട്ടു കിടക്കുന്നതും ശാസ്ത്രവിഷയങ്ങിൽ പൊതുവെ കാണപ്പെടാറുള്ള ലിംഗവിവേചനം കുറക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ്.’

എന്റെ സുഹൃത്തിന്റെ സഹോദരിപുത്രിയുടെ വിഷയത്തിൽ, പ്രശ്‌നപരിഹാരങ്ങൾക്കുതകുന്ന ഒരു സമർഥനായ അധ്യാപകനിലൂടെ അവളുടെ ഭയം മാറ്റിനിറുത്തുകയാണ് ചെയ്തത്. തുടർന്ന് ഉന്നതമായ വിജയം നേടുകയും ചെയ്തു അവൾ. പഠനകാലത്ത് നേരിടുന്ന മിക്ക പ്രതിസന്ധികളുടെയും പിന്നിലെ കാരണം വിദ്യാർഥികളുടെ കഴിവുകേടല്ല, മറിച്ച് നമ്മുടെ രീതികളുടെ പ്രശ്‌നമാണെന്ന് ഈ സംഭവം തെളിയിക്കുന്നു.

 

അവലംബം- islamonline.net

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles