സാര്‍ഥകമായ ജീവിതം നയിച്ച് പലതും അടയാളപ്പെടുത്തിപ്പോയ സമീപകാല പണ്ഡിതരില്‍ പ്രധാനിയായിരുന്നു പ്രമുഖ ഖുര്‍ആനിക പണ്ഡിതനും പ്രഭാഷകനുമൊക്കെയായ ശൈഖ് മുതലവല്ലി ശഅ്‌റാവി. പ്രബോധകരുടെ നേതാവെന്ന അപരനാമത്തിലറിയപ്പെട്ട അദ്ദേഹം വിശുദ്ധ ഖുര്‍ആനിന്റെ അക്ഷയഖനികള്‍ പലതും അതിലളിതവും സരളവുമായി ജനങ്ങളിലേക്കെത്തിക്കുന്നതില്‍ സജീവശ്രദ്ധ പുലര്‍ത്തി. രാഷ്ട്രീയവും സാഹിത്യവും സാമൂഹികപ്രവര്‍ത്തനവും എല്ലാം ഒരുപോലെ അദ്ദേഹം കൈകാര്യം ചെയ്തു, അല്ലെങ്കില്‍ അവയൊക്കെ അദ്ദേഹത്തിനു വഴങ്ങിയെന്നു പറയുന്നതാവും ശരി. ആഗോളതലത്തില്‍ ഏറെ വിശ്രുതനായ ഈ പണ്ഡിതന്റെ മലയാളത്തിലുള്ള ആദ്യ ജീവചരിത്രമാണ് ഒ.എം സയ്യിദ് ആദില്‍ ഹസന്‍ വാഫി രചിച്ച ‘ശൈഖ് മുതവല്ലി ശഅ്‌റാവി’ എന്ന ഗ്രന്ഥം. വളരെ ചുരുങ്ങിയ പേജുകളില്‍ ശഅ്‌റാവിയുടെ ജീവിതവും സംഭാവനകളും സമഗ്രമായി അവതരിപ്പിക്കുന്നുണ്ടീ ഗ്രന്ഥം.
സംഭവബഹുലമായ ജീവിതമായിരുന്നു ശൈഖ് ശഅ്‌റാവിയുടേത്. ഈജിപ്തിലെ ദഖാദൂസ് എന്ന ഗ്രാമത്തില്‍ 1911 ല്‍ ജനിച്ച അദ്ദേഹം ഓരോ ഇസ് ലാമിക പ്രബോധകര്‍ക്കും പണ്ഡിതര്‍ക്കും ഉദാത്ത മാതൃകയാണ്. ആരുടെ മുഖത്തുനോക്കിയും താന്‍ മനസ്സിലാക്കിയ സത്യം വിളിച്ചുപറഞ്ഞുവെന്നതാണ് അദ്ദേഹത്തെ വ്യതിരിക്തനാക്കിയത്. അതോടൊപ്പം വിശുദ്ധ ഖുര്‍ആനിന്റെ ആഴങ്ങളറിഞ്ഞുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഖുര്‍ആനിനെ ഹൃദയത്തോടു ചേര്‍ക്കുന്ന പാരമ്പര്യമുള്ള ഈജിപ്തില്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചു. ഈജിപ്തിലെ ജനങ്ങള്‍ ഇന്നും അദ്ദേഹത്തിന്റെ ചിത്രം വാഹനങ്ങളിലും കടകള്‍ക്കു മുന്നിലും പതിപ്പിച്ച് ആ സ്‌നേഹപ്രകടനം നടത്തുന്നതും കാണാം.
എട്ട് അധ്യായങ്ങളിലായി അദ്ദേഹത്തിന്റെ കുടുംബജീവിതം, പഠനവും അധ്യാപനവും, വ്യക്തിജീവിതം, വൈജ്ഞാനിക സംഭാവനകള്‍, യാത്രകള്‍, രാഷ്ട്രീയജീവിതം, വഹിച്ച സ്ഥാനങ്ങള്‍ എന്നിവയൊക്കെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. കൂടുതലാരുമറിയാത്ത ശഅ്‌റാവിയുടെ ജീവിതഗന്ധിയായ പല അനുഭവങ്ങളും സംഭവങ്ങളും മനോഹരമായി ഈ ഗ്രന്ഥം കുറിച്ചിടുന്നുണ്ട്. പണ്ഡിതനായ ശഅ്‌റാവിയുടെ ജീവിതത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് സാധാരണ കര്‍ഷകനായ പിതാവായിരുന്നു എന്നതാണ് ഏറെ കൗതുകകരമായ കാര്യം. കര്‍ഷകനായിട്ടുകൂടി മകനെ പണ്ഡിതനാക്കാന്‍ അതിയായി ആഗ്രഹിച്ച ആ പിതാവ് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുന്നതില്‍ തുടങ്ങി അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ഉന്നതസ്ഥാനത്തെത്തുന്നതു വരെയുള്ള ഓരോ നിമിഷവും മകന്റെ ഓരോ നേട്ടങ്ങളിലും അകമറിഞ്ഞു സന്തോഷിച്ചു. പലപ്പോഴും പഠനം ഉപേക്ഷിച്ചു പോവാനുള്ള തീരുമാനം എടുക്കാന്‍ തുനിഞ്ഞപ്പോഴൊക്കെയും പിതാവിന്റെ നിര്‍ബന്ധം ഒന്നുകൊണ്ടു മാത്രമായിരുന്നു ഈ മേഖലയില്‍ തന്നെ തുടര്‍ന്നത്. അല്‍ അസ്ഹറില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് പഠനം നിറുത്താന്‍ പിതാവിനെ നിര്‍ബന്ധിക്കാന്‍ വേണ്ടി വിലയേറിയ ഗ്രന്ഥങ്ങള്‍ ആവശ്യപ്പെട്ട അദ്ദേഹത്തെ അത്ഭുതപ്പെടുത്തി ആ ഗ്രന്ഥങ്ങളൊക്കെയും എത്തിച്ചു കൊടുത്തിരുന്നു സ്‌നേഹനിധിയായ ആ പിതാവ്.
പിതാവിന്റെ വഴിതുടര്‍ന്ന്, അഞ്ചു സന്താനങ്ങളുണ്ടായിരുന്ന അദ്ദേഹം എല്ലാവരെയും മതകീയ ചുറ്റുപാടില്‍ തന്നെ വളര്‍ത്തണമെന്ന നിര്‍ബന്ധബുദ്ധിയോടെ എല്ലാവരെയും വിശുദ്ധ ഖുര്‍ആന്‍ ഹാഫിളുകളാക്കി. മക്കള്‍ക്ക് പലപ്പോഴും ആവശ്യാനുസരണം ഉപദേശങ്ങള്‍ നല്‍കിയിരുന്ന അദ്ദേഹം വിവാഹവേളയില്‍ മകനു നല്‍കിയ ഉപദേശം പ്രസിദ്ധമാണ്: ‘മകനേ, നിന്റെ ഭാര്യ, സ്വന്തം പിതാവ്, മാതാവ്, സഹോദരന്‍, സഹോദരി എന്നിവരെയെല്ലാം വിട്ടകന്നാണ് നിന്റെ കൂടെ കൂടുന്നത്. അതിനാല്‍ നീ അവള്‍ക്ക് ഇതെല്ലാമായി മാറണം.’
പഠനകാലവും അധ്യാപനവും പരിചയപ്പെടുത്തുന്ന കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രധാന അധ്യാപകരെയും സഹപാഠികളെയും ശിഷ്യന്മാരെയും കുറിച്ചുള്ള വിവരണങ്ങളുണ്ട്. ശിഷ്യരുടെ കൂട്ടത്തില്‍ പ്രധാനിയാണ് അദ്ദേഹത്തെപ്പോലെത്തന്നെ പ്രസിദ്ധനായ ഡോ. യൂസുഫുല്‍ ഖര്‍ദാവി. ‘ഫീ വിദാഇല്‍ ഇസ് ലാം’ എന്ന തന്റെ ഗ്രന്ഥത്തില്‍ തന്റെ ഉസ്താദിനെക്കുറിച്ചുള്ള അനുസ്മരണം നടത്തുന്നുണ്ട് ശൈഖ് ഖര്‍ദാവി.
അദ്ദേഹത്തിന്റെ വ്യക്തിജീവിതം പറയുന്നിടത്ത് ഗ്രന്ഥകാരന്‍ ഏറ്റവും പ്രാധാന്യത്തോടെ വിവരിച്ചിട്ടുള്ളതാണ് അദ്ദേഹത്തിന്റെ ഉദാരത. സാധാരണക്കാരില്‍ നിന്ന് വിഭിന്നമായി സാമ്പത്തികമായി ഉയര്‍ന്നുനിന്നിരുന്ന അദ്ദേഹം ഉദാരതയുടെ വിഷയത്തില്‍ മറ്റെല്ലാ സമ്പന്നരെയും അമ്പരപ്പിച്ചു. സ്ഥിരമായി ആയിരക്കണക്കിന് പാവങ്ങള്‍ക്കു ഭക്ഷണം നല്‍കുകയും പാവപ്പെട്ടവര്‍ക്കു സൗജന്യമായി ഭക്ഷണം കഴിക്കാനായി ഒരു പ്രത്യേക ഹോട്ടല്‍ തുറക്കുകപോലും ചെയ്തു അദ്ദേഹം. തന്റെ വീട്ടില്‍ വരുന്ന പാവങ്ങളെപ്പോലും അതിഥികളെന്നപോലെ സല്‍ക്കരിച്ചു. വിശുദ്ധ ഖുര്‍ആന്‍ പഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി സ്ഥാപനങ്ങള്‍ സ്വന്തം ചെലവില്‍ തുടങ്ങുകയും ചെയ്തു.
വിനയം തണല്‍വിരിച്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സംഭവം പ്രസിദ്ധമാണ്. കൈറോ യൂണിവേഴ്‌സിറ്റിയിലെ വളരെ പ്രൗഢമായൊരു സദസ്സില്‍ സംസാരിച്ച് തിരിച്ചു പോവുന്നതിനിടെ ഒരു പള്ളിയില്‍ നമസ്‌കരിക്കാനിറങ്ങി അദ്ദേഹം. അല്‍പം കഴിഞ്ഞ് ചെന്നുനോക്കിയ ഡ്രൈവര്‍ കണ്ടത് പള്ളിയിലെ ശുചിമുറി വൃത്തിയാക്കുന്ന ശഅ്‌റാവിയെയായിരുന്നു. അന്ധാളിപ്പു മാറാത്ത ഡ്രൈവറോടായി അദ്ദേഹം പറഞ്ഞു: ‘പ്രൗഢമായൊരു സദസ്സിലാണല്ലോ ഞാന്‍ സംസാരിച്ചത്. എന്റെ മനസ്സില്‍ അഹംഭാവം മുളപൊട്ടിയോ എന്നൊരു തോന്നല്‍. അതില്ലാതാക്കാനാണ് ഞാനിത് ചെയ്തത്’.
എഴുത്തിലേറെ പ്രഭാഷണകലയെ ഇഷ്ടപ്പെടുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു അദ്ദേഹം. എന്തുകൊണ്ടാണ് പ്രഭാഷണകല മികച്ചതാവുന്നത് എന്നതിന് തന്റേതായ ന്യായങ്ങളും അദ്ദേഹം പറയുന്നുണ്ട്. ആയതിനാല്‍ അദ്ദേഹത്തിന്റെ പേരില്‍ ലഭ്യമായിട്ടുള്ള മിക്ക ഗ്രന്ഥങ്ങളും അദ്ദേഹം നേരിട്ട് എഴുതിയതോ പരിശോധിച്ചതോ അല്ലെന്നര്‍ഥം. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ആനുകാലികങ്ങളില്‍ വന്ന ലേഖനങ്ങളും ചേര്‍ത്തുവച്ച് പുസ്തകരൂപം പ്രാപിച്ചവയാണ് അവയില്‍ പലതും. എന്നാല്‍ ശഅ്‌റാവിയെന്ന പണ്ഡിതനെ വിശ്രുതനാക്കിയ അദ്ദേഹത്തിന്റെ ഖുര്‍ആനിക ചിന്തകള്‍ കോര്‍ത്തിണക്കിയ ‘ഖവാത്വിറുശ്ശഅ്‌റാവി ഹൗലല്‍ ഖുര്‍ആനില്‍ കരീം’ എന്ന 22 വാല്യങ്ങളിലായി പരന്നുകിടക്കുന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ ഖുര്‍ആനിക പ്രഭാഷണങ്ങളുടെ സമാഹാരം നേരിട്ട് സമ്പൂര്‍ണമായി പരിശോധിച്ചിട്ടുള്ളതാണ്. ഖുര്‍ആന്‍ പ്രേമികള്‍ക്ക് വല്ലാത്തൊരു ആനന്ദവും വായനാനുഭൂതിയുമാണ് ഈ ഗ്രന്ഥം നല്‍കുക. ഈ ഗ്രന്ഥത്തിനു പുറമെ, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ലേഖനങ്ങളും ചേര്‍ത്തുവച്ച് ഖുര്‍ആന്‍, ഹദീസ്, അഖീദ, സീറഃ, ഫിഖ്ഹ്, മറ്റു വിഷയങ്ങള്‍ എന്നിവയിലായി അദ്ദേഹത്തിന്റേതായി അന്‍പതിലേറെ ഗ്രന്ഥങ്ങള്‍ കാണാം. ഈ ഗ്രന്ഥങ്ങളെക്കുറിച്ചൊക്കെയുള്ള ചെറുവിവരണങ്ങള്‍ ഈ ജീവചരിത്രഗ്രന്ഥത്തെ പ്രൗഢമാക്കുന്നു.
രാഷ്ട്രീയത്തിലുള്ള കൃത്യമായ ഇടപെടല്‍ കൂടിയാണ് ശഅ്‌റാവിയിലെ വ്യക്തിത്വത്തെ വ്യതിരിക്തനാക്കുന്നത്. പഠനകാലത്തും അതിനുശേഷവും സജീവമായ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹമേര്‍പ്പെട്ടു. പലപ്പോഴും ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. ഭരണകൂടത്തിന്റെ അരുതായ്മകള്‍ക്കെതിരെ ഒന്നും കൂസാതെ സംസാരിച്ചു. അപ്പോഴും അധികാരരാഷ്ട്രീയത്തില്‍ അല്‍പം പോലും താത്പര്യമുണ്ടായിരുന്നില്ല. എങ്കിലും നിര്‍ബന്ധപൂര്‍വം 1976 ല്‍ ഈജിപ്തിലെ ഔഖാഫ് മന്ത്രിസ്ഥാനം അലങ്കരിക്കേണ്ടിവന്നു. പിന്നീട് പാര്‍ലമെന്ററി സ്ഥാനങ്ങള്‍ പലതും തേടിവന്നെങ്കിലും അദ്ദേഹം അതിനോടൊക്കെ മുഖംതിരിച്ചു. വൈജ്ഞാനിക പ്രസരണത്തിന്റെ ഭാഗമായി അദ്ദേഹം നടത്തിയ വിശാലമായ യാത്രകളുടെ വിവരണവും ഈ ഗ്രന്ഥത്തിലുണ്ട്. സംഭവബഹുലമായ ആ ജീവിതത്തിന് തിരശ്ശീല വീഴുന്നത് 1998 ലാണ്. അദ്ദേഹത്തിന്റെ തന്നെ ശ്രമഫലമായി ജന്മനാട്ടില്‍ നിര്‍മിക്കപ്പെട്ട മജ്മഉശ്ശഅ്‌റാവി എന്ന സ്ഥാപനത്തിലാണ് മറവുചെയ്യപ്പെട്ടത്.
112 പേജുകളുള്ള ഗ്രന്ഥത്തിന് 130 രൂപയാണ് മുഖവില. ചെമ്മാട് ബുക് പ്ലസാണ് പ്രസാധകര്‍.
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE