ഇതരരെ അടിച്ചമർത്താനുള്ള മാർഗമായി നോം ചോംസ്കി വിലയിരുത്തുന്ന ദേശീയതയെ മനുഷ്യവംശത്തിന്റെ പകർച്ചപ്പനിയായാണ് ആൽബർട്ട് ഐൻസ്റ്റൈൻ കാണുന്നതെങ്കിൽ തിന്മയുടെ മഹാമാരി എന്ന് അതിനെ വിശേഷിപ്പിച്ചിട്ടുണ്ട് രബീന്ദ്രനാഥ ടാഗോർ. ആത്മവഞ്ചനയാൽ തീക്ഷ്ണത കൂട്ടുന്ന അധികാര ദാഹത്തെയാണ് ജോർജ് ഓർവെൽ ദേശീയതയിൽ കാണുന്നത്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ മനുഷ്യർക്ക് മേൽ പലതരം ആഘാതങ്ങൾ വർഷിച്ചിട്ടുള്ള ദേശീയതയെ മനുഷ്യ സ്നേഹികളായ ചിന്തകന്മാരിൽ പലരും തള്ളിക്കളഞ്ഞിട്ടുണ്ട്. തീവ്ര വലതു പക്ഷ ദേശീയതയെ മുറുകെപ്പിടിച്ചിരുന്ന പല ദേശങ്ങൾക്കും അതിന്റെ ദുരിതങ്ങൾ സ്വയം തന്നെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും മനുഷ്യരെ തമ്മിൽ വിഭജിക്കുന്ന റാഡിക്കൽ ദേശീയത അനുദിനം ശക്തിപ്രാപിച്ചു കൊണ്ടിരിക്കുകയാണ് ഇന്ന്. നാം നമ്മുടെ തന്നെ പ്രവർത്തനങ്ങളാൽ അപകടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരൊറ്റ ഗോളത്തിലാണ് നാമെല്ലാവരും ഒരുമിച്ച് പാർക്കുന്നത് എന്ന് യുവാൽ നോവ ഹരാരി ഓർമിപ്പിക്കുന്നുണ്ട്. നമ്മുടെ തെറ്റുകൾ വഴി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെയും ഇതര പ്രതിസന്ധികളെയും നേരിടുന്നതിൽ ഒരു ആഗോള സഹകരണം അനിവാര്യമാണെന്നും ദേശീയതയോ ദേശീയ ബോധമോ അത്തരം ആപത്തുകളെ മറികടക്കാൻ പര്യാപ്തമല്ലെന്നും അദ്ദേഹം തുടരുന്നു.
ഈ പുസ്തകത്തിലെ ആദ്യത്തെ രണ്ട് അധ്യായങ്ങൾ ദേശീയതയുടെ ചരിത്രവും പ്രത്യയ ശാസ്ത്രവും വിശകലനം ചെയ്യുന്നു. തുടർന്നുള്ള അധ്യായങ്ങളിൽ ദേശീയതയുമായി ബന്ധപ്പെട്ട, ലോക പ്രശസ്ത ചിന്തകരുടെ സിദ്ധാന്തങ്ങളും വിശകലനങ്ങളും അവലോകനം ചെയ്യപ്പെടുന്നു.
പുസ്തകത്തിന്റെ ശീർഷകം രബീന്ദ്രനാഥ ടാഗോറിന്റെ ഒരു ഉദ്ധരണിയിൽ നിന്നെടുത്തതാണെന്ന് ഗ്രന്ഥകാരൻ മുഹമ്മദ് ശമീം പറയുന്നുണ്ട്.
വി.എ കബീറിന്റെ പ്രൗഢമായ അവതാരിക ഗ്രന്ഥത്തെ കൂടുതൽ കരുത്തുറ്റതും ധന്യവുമാക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ: ” ഫാഷിസത്തിന്റെ ഗർഭാശയമാണ് ദേശീയത്വം. അതിൽ നിന്ന് ജന്മമെടുത്ത് കൈകാലുകൾ വെച്ച രൂപങ്ങളായിരുന്നു ഹിറ്റ്ലറും മുസ്സോളിനിയുമൊക്ക. പുതിയ കാലത്തെ ഏറ്റവും വലിയ ദൈവമാണ് ദേശീയതയെന്ന് ഇഖ്ബാൽ വിശേഷിപ്പിച്ചത് വെറുതെയല്ല. ബങ്കിം ചന്ദ്രന്റെ ആനന്ദമഠത്തിൽ നിന്ന് ഇറങ്ങി വന്ന അത്തരമൊരു പുതിയ ദേവതയാണ് ഭാരത മാതാ! ഹിന്ദുക്കൾക്ക് ഇങ്ങനെ ഒരു ദേവത മുമ്പുണ്ടായിരുന്നില്ല. തെറ്റായാലും ശരിയായാലും എന്റെ രാജ്യം എന്നതാണ് ദേശീയത്വത്തിന്റെ പ്രമാണ വാക്യം. ഭാരതീയ പൈതൃകവുമായല്ല യൂറോപ്പുമായാണ് ഇതിന് പൊക്കിൾക്കൊടി ബന്ധമുള്ളത്. ഇറ്റാലിയൻ രാഷ്ട്രമീമാംസകനായ മാക്കിയ വല്ലിയുടെ പ്രിൻസിനോടാണ് ഈ പ്രമാണ വാക്യം കടപ്പെട്ടിരിക്കുന്നത്. സ്വേഛാധിപതികളുടെ ഇഷ്ട പുസ്തകമാണ് പ്രിൻസ്. മുസ്സോളിനിയുടെ ഡോക്ടറൽ തിസീസിന് തെരഞ്ഞെടുത്ത പുസ്തകം. ഹിറ്റ്ലറുടെ കട്ടിലിൽ ഇതേ കൃതി സഹശയനം ചെയ്തിരുന്നതായി പറയപ്പെടുന്നു. ഹിന്ദുത്വ ദേശീയതയുടെ വേര് ഭാരതീയ പൈത്യകത്തിലല്ല വിദേശ മണ്ണിലാണെന്നും അതിന് യഥാർഥ ഹൈന്ദവതയുമായി ബന്ധമൊന്നുമില്ലന്നും ഇതിൽ നിന്ന് മനസ്സിലാക്കാം ”
ഐ. പി. എച്ച് ആണ് കുപ്പിച്ചില്ലും വൈരക്കല്ലും വിപണിയിലെത്തിക്കുന്നത്.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp