Current Date

Search
Close this search box.
Search
Close this search box.

സാർത്ഥകം ഈ ജീവിതം

ഓരോ മനുഷ്യനെയും ദൈവം ഈ ഭൂമിയിലേക്ക് സൃഷ്ടിചയച്ചത് ഓരോ നിയോഗത്തിന് വേണ്ടിയായിരിക്കും. ആ നിയോഗങ്ങള്‍ കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് ഓരോരുത്തരിലും അന്തര്‍ലീനമായിട്ടുള്ളത്. ആനിയോഗങ്ങള്‍ ജീവിതാനന്തരവും താന്‍ ഭൂമിയില്‍ ജീവിച്ചുവെന്നതിന്റെ അടയാളങ്ങളായിട്ടുണ്ടാവണമെന്നതാണ് അതിന്റെ ആകത്തുക. അരനൂറ്റാണ്ടിലേറെക്കാലമായി മാധ്യമ പ്രവര്‍ത്തകന്‍, സാമൂഹിക വിദ്യഭ്യാസ പ്രവര്‍ത്തകന്‍, വാഗ്മി, ഗ്രന്ഥക്കാരന്‍ എന്നീ നിലകളിലെല്ലാം കേരളീയ സാമൂഹിക ജീവിതത്തിലെ നിറസാന്നിധ്യമായ മാധ്യമം-മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുര്‍റഹ്മാന്റെ ‘ജീവിതാക്ഷരങ്ങള്‍ ‘ എന്ന ആത്മകഥ മുഴുവന്‍ വായിച്ചപ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് നടേ പറഞ്ഞ കാര്യങ്ങളാണ്.

സഫലമായൊരു ജീവിതമെങ്ങനെയുള്ളതാണെന്ന് ജീവിതാക്ഷരങ്ങള്‍ പുരണ്ട ഈ പുസ്തകം നമുക്ക് പറഞ്ഞ് തരും. ബഹുമുഖ തലസ്പര്‍ശിയായ ജീവിതം സാധ്യമാകണമെങ്കില്‍ അതിന് നല്ല പ്രതിഭാ ശേഷിയും കഠിനാദ്ധ്വാനവും അത്യന്താപേക്ഷിതമാണ്. ജീവിക്കുകയാണെങ്കില്‍ അത് ബാക്കിയുള്ളവര്‍ക്ക് കുടി പ്രചോദനമേകുന്ന തരത്തില്‍ കൂടിയാകുമ്പോള്‍ ആ ജീവിതം സാര്‍ത്ഥകമാകും തീര്‍ച്ച. ജനനം മുതല്‍ ഇതപര്യന്തം വരെയുള്ള കാര്യങ്ങള്‍ കോറിയിട്ടിരിക്കുകയാണ് ഈ ആത്മകഥയില്‍. വരുംകാലത്തിന് മുതല്‍ക്കൂട്ടാവുന്ന ആശയങ്ങളും, കാഴ്ചപ്പാടുകളും, ചിന്തകളും, നിലപാടുകളുമെല്ലാം ഈ ആത്മകഥാംശത്തില്‍ നിന്ന് നമുക്ക് ഒപ്പിയെടുക്കാനാവും. ജീവിക്കുന്ന കാലത്തെ അധസ്ഥിതികളോട് അയാള്‍ ഒളിഞ്ഞും തെളിഞ്ഞും പോരാടുന്നുണ്ടെന്ന് ജീവാംശമുള്ള വാക്കുകള്‍ നമ്മോട് പറഞ്ഞ് തരുന്നുണ്ട്.പല ആത്മകഥകളിലും കണ്ട് വരുന്ന നടപ്പ് രീതികള്‍ക്കും, ശൈലികള്‍ക്കും പുറത്ത് കടക്കാന്‍ ഈ പുസ്തകത്തിനായിട്ടുണ്ടെന്ന് നിസംശയം പറയാം. വ്യക്തിതലങ്ങളെ കേന്ദ്രീകരിക്കുന്നതോടൊപ്പം തന്നെ സാമൂഹിക രാഷ്ട്രീയ ചരിത്ര തലങ്ങളെയും അത് തൊടുന്നുണ്ട്. ഇന്നലെകളെക്കുറിച്ചുള്ള മൂന്ന് തലങ്ങളിലെയും ബോധ്യങ്ങള്‍ കൂടി അത് പങ്ക് വെക്കുന്നുമുണ്ട്. വരുംതലമുറക്ക് പ്രചോദനമേകുന്ന വ്യക്തിത്വം രൂപപ്പെടുത്താന്‍ ഗ്രന്ഥകര്‍ത്താവിന് കഴിഞ്ഞിട്ടുണ്ടെന്ന് തന്റെ ജീവിതയാത്രയുടെ ഓരോ അദ്ധ്യായങ്ങള്‍ മറിച്ച് നോക്കുമ്പോള്‍ പേര്‍ത്തും പേര്‍ത്തും തോന്നിയിട്ടുണ്ട്.

വറുതികളുടെ ഇന്നലെകളെ അയാള്‍ അതിജീവിക്കുകയായിരുന്നു. ആ ഇന്നലെകളില്‍നിന്നാണ് ആ മഹാമനീഷി സമൂഹത്തിന്റെയും, സമുദായത്തിന്റെയും ജിഹ്വയായി മാറാന്‍ പ്രേരിതമായത്. സാമുദായിക സംവാദ മണ്ഡലങ്ങളിലെ അവിഭാജ്യഘടകമായി മാറാന്‍ അദ്ദേഹത്തിന്റെ പ്രതിഭാശേഷികൊണ്ട് സാധിച്ചു. മുസ്ലിം സമൂഹത്തിനും സമുദായത്തിനും നേരെ കാടടച്ച് വെടി വെക്കുന്ന പ്രതിയോഗികളുടെ വായടപ്പിക്കാന്‍ അദ്ദേഹം തന്നെ മതിയായിരുന്നു. അത്രയും കുറിക്ക് കൊള്ളുന്ന, മൂര്‍ച്ചയേറിയ ആശയങ്ങളുടെയും വാക്ചാചാതുരിയുടെയും ഉടമയാണ് ഗ്രന്ഥക്കാരന്‍. ഒരൊഴുക്കിലങ്ങ്, ഒറ്റയിരുപ്പില്‍ തന്നെ വായിച്ച് തീര്‍ക്കാവുന്ന ആത്മകഥ. നിരാശകളേക്കാള്‍ പ്രതീക്ഷകളും, പ്രകോപനങ്ങളേക്കാള്‍ പ്രചോദനവുമേകുന്ന പുസ്തകം. ഒരു ജീവിതായുസ്സ് മുഴുവന്‍ നല്ല നാളുകള്‍ക്കും, നല്ല നാളേകള്‍ക്കുമായി നീക്കിവെച്ച കര്‍മകാലങ്ങള്‍. മൂര്‍ച്ചയേറിയ ആശയങ്ങളും, വിമര്‍ശക ശരങ്ങളുടെ മുനയൊടിക്കുന്ന വാഗ് വൈദഗ്ധ്യവും മാത്രം മതി ഈ മഹാ ജീവിതത്തെ അളന്ന് തിട്ടപ്പെടുത്താന്‍ .ഒന്നാലോചിച്ചാല്‍ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ് ഈ മനുഷ്യന്‍. അദ്ദേഹത്തിന്റെ ചിന്തകളും കാഴ്ചപ്പാടുകളും വരും തലമുറയെ വാര്‍ത്തെടുക്കുന്ന വിദ്യഭ്യാസ മേഖലക്ക് കൂടുതല്‍ ഉണര്‍വും ഉന്മേഷവും പകരുന്നതാണ്. ജീവിതാക്ഷരങ്ങളില്‍ പുരണ്ടതൊന്നും മതിയായിട്ടില്ലെന്നുറപ്പ്. ഇനിയും എത്രയോ അക്ഷരങ്ങള്‍ പുരളാനുണ്ടെന്ന ബോധ്യം ഈ ആത്മകഥ വായനക്കാരനില്‍ ബാക്കി വെക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ആത്മസംതൃപ്തി കൊണ്ട, സാര്‍ത്ഥകമായ മഹനീയ ജീവിതം.

198 പേജടങ്ങിയ ഈ ആത്മകഥ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇസ് ലാമിക് പബ്ലിഷിംഗ് ഹൗസാണ്. 210 രൂപയാണ് വില.

Related Articles