Current Date

Search
Close this search box.
Search
Close this search box.

ഉമ്മത്തിൻ്റെ ഉയിർപ്പിന് ഒരു കൈപ്പുസ്തകം

പ്രശസ്ത ഗ്രന്ഥകാരനും പ്രഭാഷകനുമായ ശൈഖ് മുഹമ്മദ് കാരകുന്നിൻ്റെ ഏറ്റവും ശ്രദ്ധേയവും കാലിക പ്രസക്തവുമായ കൃതിയാണ് “ഇസ് ലാമിക സമൂഹം അതിജീവനത്തിൻ്റെ അദ്ഭുത കഥകൾ” (പ്രസാധനം: ഐ.പി.എച്ച്)

കലർപ്പറ്റതും ദൃഢ രൂഢവുമായ ഈമാനും ശുഭാപ്തിയും വഴി പോയ കാല ഇസ് ലാമിക സമൂഹങ്ങൾ നേടിയെടുത്ത വിജയത്തിൻ്റെ അമ്പരപ്പിക്കുന്ന ചരിത്ര സംഭവങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം.

സമുദായം അഭിമുഖീകരിച്ച, മുന്നോട്ടു പോക്ക് അസാധ്യമാണെന്നു തോന്നിച്ച ഒട്ടേറെ പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും ഉച്ചവെയിലുകളും കടലാഴങ്ങളും കൃതി തൊട്ടു കാണിക്കുന്നു.

കാലിക ഇസ് ലാമിക സമൂഹത്തെ / മുസ് ലിംകളെ നിരാശയിൽ നിന്നും ഭയത്തിൽ നിന്നും മോചിപ്പിച്ച് അവരിൽ ആത്മീയക്കരുത്തും രാഷ്ട്രീയ ഇച്ഛാശക്തിയും പ്രതീക്ഷയും വളർത്താൻ ഏറെ പര്യാപ്തമാണ് ഗ്രന്ഥം.

വെല്ലുവിളികളാണ് ഇസ് ലാമിനെ ശക്തിപ്പെടുത്തിയത് എന്ന വസ്തുതയും കൃതി ബോധ്യപ്പെടുത്തുന്നു.

ചോരച്ചാലിൽ വിരിഞ്ഞ ചെന്താമര, കനൽ പഥങ്ങൾ താണ്ടിക്കടന്ന കർമശാസ്ത്ര സരണികൾ, മധുരമായ പ്രതികാരം, വിസ്മയകരമായ മനംമാറ്റം, ആധുനിക തുർകിക്ക് പറയാനുള്ളത്, ദൈവനീതിക്ക് ദാക്ഷിണ്യമില്ല, ഫിർദൗസ് കിനാവ് കാണുന്നവർ എന്നിങ്ങനെയുള്ള തലക്കെട്ടുകളിലൂടെ ഗ്രന്ഥകർത്താവ് നമ്മെ കൈപിടിച്ച് കൊണ്ടു പോവുകയും ഭൂതകാല ചരിത്രം അറിയാത്തവർക്ക് ഭാവികാലം വരയാനാവില്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

ഖാബീൽ,നംറൂദ്, ഫിർഔൻ മുതൽ ഹിറ്റ്ലർ, മുസ്സോളിനി, ഫാറൂഖ് രാജാവ്,ജമാൽ അബ്ദുന്നാസർ, മുസ്തഫ കമാൽ പാഷ വരെ ലോകം കണ്ട ഏകാധിപതികളുടെ അപമാനകരമായ പരിണിതികൾ അധർമങ്ങൾക്കെതിരെ പൊരുതാൻ നമുക്ക് പ്രേരകമാവും.

എല്ലാവിധ ആശങ്കകളെയും നിഷ്ക്രിയത്വങ്ങളെയും വകഞ്ഞു മാറ്റി ഉത്തേജനത്തിൻ്റെ നവീനമായ ഉൾകാഴ്ചയും ഉൾക്കരുത്തും നൽകുന്നു ഈ വിശിഷ്ട കൃതി!

Related Articles