Book Review

സമകാലീന ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ചറിയാന്‍ ഒരു കൈപുസ്തകം

ഏതെങ്കിലും പ്രത്യയ ശാസ്ത്രത്തിന്റേയൊ തത്വസംഹിതകളുടേയൊ അടിസഥാനമില്ലാതെ മനുഷ്യ സമൂഹത്തിന് ജീവിക്കുക സാധ്യമല്ല. കാരണം മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. അത്‌കൊണ്ട് തന്നെ സാമൂഹ്യ ബന്ധങ്ങളേയും ഉത്തരവാദിത്വങ്ങളേയും വ്യക്തമായി നിര്‍ണ്ണയിക്കുന്ന സാമൂഹിക തത്വങ്ങളും ചിട്ടകളും വ്യവസ്ഥകളും നിയമങ്ങളും അവരുടെ ജീവിത പുരോഗതിക്ക് അനിവാര്യമാണ്. ഇതിന് വേണ്ടി അവര്‍ നിരവധി പ്രത്യയശാസ്ത്രങ്ങള്‍ മാറിമാറി പരീക്ഷിക്കാന്‍ വിധിക്കപ്പെട്ടവരാണ്.

ഇത്തരത്തില്‍പ്പെട്ട രണ്ട് പ്രത്യയശാസ്ത്രങ്ങളായിരുന്നു മുതലാളിത്തവും കമ്മ്യൂണിസവും. മാനവ രാശിക്ക് തീരാ ദുരന്തങ്ങള്‍ സമ്മാനിച്ച് കമ്മ്യൂണിസം കഴിഞ്ഞ നൂറ്റാണ്ടില്‍ നിഷ്‌കാസിതമായിരിക്കുന്നു. ഭൂതകാലത്തിന്റെ ഭയാനകമായ സ്മരണകള്‍ മാത്രമാണ് ഇന്ന് കമ്മ്യുണിസത്തിന് അയവിറക്കാനുള്ളത്. എത്ര എത്ര മനുഷ്യരെയാണ് അത് കൊന്നൊടുക്കിയത്? ചൈന ഇന്ന് കമമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മേലങ്കി വലിച്ചെറിഞ്ഞെങ്കിലും, അതിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിട്ടില്ലെന്നാണല്ലോ മുസ്ലിംങ്ങളോടും െ്രെകസ്തവരോടുമുള്ള അവരുടെ സമീപനത്തില്‍ നിന്നും വ്യക്തമാവുന്നത്.

മുതലാളിത്തമാകട്ടെ പണാധിപത്യത്തിലൂടെ ലോകം മുഴുവന്‍ കീഴ്‌പ്പെടുത്താനുള്ള അധിനിവേശ മനസ്സുമായി ലോകത്തുടനീളം പാവപ്പെട്ട ജനതകളെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് 21ാം നൂറ്റാണ്ടിലെ ഏറ്റവും സജീവ സാനിധ്യവും ചര്‍ച്ചാ വിഷയവുമായി ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മാറുന്നത്. ഇസ്ലാമിന്റെ പ്രബോധനം മാത്രമല്ല അതിന്റെ സാധ്യമായ പ്രായോഗിക സംസ്ഥാപനവും ലക്ഷ്യം വെച്ച് കൊണ്ട് സംഘടിപ്പിക്കപ്പെട്ടതാണ് ആഗോള ഇസ്ലാമിക പ്രസ്ഥാനങ്ങള്‍. വ്യക്തി സംസ്‌കരണത്തിലൂടെ കുടുംബ സംസ്‌കരണവും അതിലൂടെ സമൂഹത്തിന്റെ സമൂല പരിവര്‍ത്തനത്തിനും വേണ്ടി നിലകൊള്ളുകയാണ് ഈ പ്രസ്ഥാനങ്ങളുടെ പൊതുവായ ലക്ഷ്യങ്ങള്‍.

ഈ പ്രസ്ഥാനങ്ങളെ കുറിച്ച് ലളിതമെങ്കിലും സമഗ്രമായി പരിചയപ്പെടുത്തുകയാണ് പ്രഗല്‍ഭ പണ്ഡിതനും എഴുത്തുകാരനും വാഗ്മിയുമായ ഒ. അബ്ദുറഹ്മാന്‍ രചിച്ച ‘ആധുനിക യുഗത്തിലെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍’ എന്ന കൃതി. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ അജണ്ട നിര്‍ണ്ണയിക്കുന്നതിന്റെ ഭൂമിക എന്താണ് എന്നതിനെ കുറിച്ച് ആധികാരികമായി പരാമര്‍ശിക്കുന്നതാണ് പ്രഥമാധ്യായം. അത് ഇസ്ലാമിനെ എല്ലാ തലത്തിലും സ്ഥാപിക്കുക എന്നതാണെന്നും ഇസ്ലാമില്‍ നിന്നുള്ള മുസ്‌ലിംകളുടെ വ്യതിചലനവും അനിസ്ലാമിക ജീവിത രീതികളും അനൈക്യവുമാണ് മുസ്ലിം സമൂഹത്തിന്റെ തകര്‍ച്ചക്ക് മൗലിക കാരണമെന്നും കൊളോണിയല്‍ ശക്തികളുടെ ആധിപത്യത്തിന് വഴിയൊരുക്കിയതെന്നും ഈ അധ്യായം സമര്‍ത്ഥിക്കുന്നു.

ഭൗതിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് നിറവേറ്റാനുള്ള സാമൂഹിക ദൗത്യത്തെകുറിച്ചാണ് രണ്ടാം അദ്ധ്യായത്തിലെ പ്രതിപാധ്യം. ഇസ്ലാം കേവലം ഒരു ആത്മീയ ചിന്താരീതിയാണെന്നും അതിന് ഭൗതിക കാര്യങ്ങളെ കുറിച്ച് കാഴ്ചപ്പാടൊന്നുമില്ല എന്ന ഇസ്ലാമിനെ കുറിച്ച പൊതു തെറ്റിദ്ധാരണ തിരുത്താന്‍ ഈ അദ്ധ്യായം സഹായകമാണ്.

തുടര്‍ന്ന് വരുന്ന മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള അദ്ധ്യായങ്ങളിലായി ശഹീദ് ഹസനുല്‍ ബന്ന രൂപംകൊടുത്ത ഇഖ്‌വാനുല്‍ മുസ്ലിമൂന്‍, ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമി എന്നീ പ്രസ്ഥാനങ്ങളേയും ആ മഹാന്മാരേയും കുറിച്ച പ്രസക്തവും സമഗ്രവുമായ വിവരണങ്ങളാണ് പ്രതിപാതിക്കുന്നത്. ആധുനിക യുഗത്തിലെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ എന്ന തലക്കെട്ടില്‍ ഇത്തരമൊരു കൃതി രചിക്കുമ്പോള്‍ അതില്‍ കേവലം ഈ രണ്ട് പ്രസ്ഥാനങ്ങളെ മാത്രം പരാമര്‍ശിച്ചാല്‍ മതിയൊ എന്ന കാര്യം ആലോചിക്കാവുന്നതാണ്.

ഈ രണ്ട് പ്രസ്ഥാനങ്ങളുടെ ചുവട് പിടിച്ച് നിരവധി രാഷ്ട്രങ്ങളില്‍, വിത്യസ്ത പേരുകളില്‍, വിത്യസ്ത സാഹചര്യങ്ങളില്‍ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനകള്‍ കൂടി ഈ കൃതിയുടെ പരിധിയില്‍ വരാമായിരുന്നു എന്ന ചിന്ത ഇവിടെ പങ്കുവെക്കുകയാണ്. കാരണം അവയെല്ലാം ഇസ്ലാമിന്റെ സമഗ്രതയില്‍ ഊന്നിയ ചിന്താധാരയിലാണ് നിലകൊള്ളുന്നത് എന്നത് കൊണ്ടാണ്. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഒരു ഉട്ടോപ്യന്‍ ലോകത്തല്ല ജീവിക്കുന്നതെന്നും അതിന് വിജയകരമായ ആഗോള പരീക്ഷണാനുഭവങ്ങള്‍ ഉണ്ട് എന്ന് തെളിയിക്കുവാനും അത്തരം പ്രസ്ഥാനങ്ങളെ കുറിച്ച പരാമര്‍ശം സഹാകരമാവുമായിരുന്നു.

സെക്കന്ററി വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച് എഴുതിയതാണ് ഈ കൃതി എങ്കിലും സമകാലീന ഇസ്ലാമിക പ്രസ്ഥാനങ്ങളെ കുറിച്ചറിയാന്‍ ഒരു കൈപുസ്തകമെന്ന നിലയില്‍ പൊതുവെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നതാണ് ഇതിന്റെ ഉള്ളടക്കം. ഒറ്റയിരിപ്പില്‍ വായിച്ച് തീര്‍ക്കാവുന്ന രചയിതാവിന്റെ ലളിതമായ പതിവ് ശൈലി കൃതിയെ കൂടുതല്‍ ആഘര്‍ഷകമാക്കുന്നു.

പ്രസാധകര്‍: മജ്‌ലിസ് തഅ്‌ലീമില്‍ ഇസ്ലാമി, കേരള
വില: 20 രൂപ

Facebook Comments
Show More

Related Articles

Check Also

Close
Close
Close