Current Date

Search
Close this search box.
Search
Close this search box.

നേതൃപാടവത്തിന്റെ ഇസ്ലാമിക മാതൃകകൾ

ആത്മീയപരമായും ഭൗതികപരമായുമുള്ള പുരോഗതിയും വളർച്ചയും സാധ്യമാക്കാൻ കൃത്യനിർവഹണം കൂടിയേ തീരൂ. പൊതു കാഴ്ചപ്പാടിൽ അതു കൊണ്ടർഥമാക്കുന്നത് പരമാവധി ലാഭം കിട്ടുന്ന വഴിയിൽ തൊഴിൽ ശക്തിയെ തിരിച്ചു വിടുക എന്നൊക്കെയാണ്. കാര്യക്ഷമമായും സമ്പൂർണമായും ഒരു കൃത്യത്തെ നടപ്പിലാക്കാനുള്ള ഒരു കലയാണത്. പരസ്പര ബഹുമാനം, ബന്ധം, ഉത്തരവാദിത്തം എന്നീ മൂന്നു കാര്യങ്ങളാണ് അതിനെ നിർണയിക്കുന്നത്. ഉൽപാദനവും ലാഭവും മാത്രം സംരംഭങ്ങളെ മുന്നോട്ടു നയിക്കുന്ന, വളരെപ്പെട്ടെന്ന് വളർന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് മറ്റു ഘടകങ്ങളെയൊന്നും ആരും ഗൗനിക്കാറേയില്ല. കോർപറേറ്റ് ലോകത്തെ ഭൗതികമായ കാഴ്ചപ്പാടു കൊണ്ടുനടക്കുന്നവർ ആ മേഖലയിലെ മാനുഷിക മൂല്യങ്ങളെയും സാമൂഹിക ഉത്തരവാദിത്തങ്ങളെയും തൃണവൽഗണിക്കുകയാണ് ചെയ്യുന്നത്. ഇതേ കാരണം കൊണ്ടു തന്നെ, പ്രവാചകാധ്യാപനങ്ങളിൽ നിന്നും പരിശുദ്ധ ഖുർആനിൽ നിന്നുമുള്ള കൃത്യനിർവഹണ മാർഗ്ഗങ്ങളെ പൂർണമായി അവതരിപ്പിക്കുന്ന മാർഗ്ഗദർശിയാണ് ഈ പുസ്തകം. തലച്ചോറ് മനുഷ്യ ശരീരത്തിൽ ചെയ്തു കൊണ്ടിരിക്കുന്ന അതേ പണിയാണ് ഒരു സംഘടനക്കകത്ത് മാനേജ്മെന്റിനും ചെയ്യാനുള്ളതെന്ന് ഇത് വ്യക്തമാക്കിത്തരുന്നു.

Islam and Mangement എന്ന ഈ പുസ്തകം സംഭവകഥകൾ പറഞ്ഞു പോകുന്നതിലൂടെ കൃത്യനിർവഹണത്തിന്റെ മറുപുറത്തെ അടയാളപ്പെടുത്താൻ ശ്രമിക്കുകയാണ്. അതു വഴി മറ്റു ഘടകങ്ങളുടെ പ്രാധാന്യത്തെ പറഞ്ഞു വെക്കുകയും ഇത്തിരി മനസുവെച്ചാൽ എങ്ങനെ സമൂഹത്തെയും തൊഴിൽ ശക്തിയെയും തൊഴിലിടങ്ങളെയും പ്രായോഗികമായി ഉടച്ചുവാർക്കാമെന്ന് കാണിച്ചു തരികയും ചെയ്യുന്നു ഈ പുസ്തകം. പ്രവാചകൻ എങ്ങനെയാണ് തന്റെ കൃത്യനിർവഹണ പാടവത്തെ തന്റെ ജീവിതത്തിലുടനീളം ഉപയോഗപ്പെടുത്തിയതെന്നും അതിന്റെ സുതാര്യതയിലൂടെ ഒരുപാട് മനുഷ്യരുടെ ജീവിതം മാറ്റിമറിച്ചതെന്നും പുസ്തകം വിവരിക്കുന്നുണ്ട്. അതിന്റെ പ്രധാന ഉദാഹരണമായി ഗ്രന്ഥകർത്താവ് ചൂണ്ടിക്കാണിക്കുന്നത് ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രവാചകന് എങ്ങനെ സമൂഹത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ്. മനുഷ്യ ചരിത്രത്തിലൊരിടത്തും ആർക്കും നടപ്പാക്കാൻ സാധിക്കാത്ത സമ്പൂർണമായ ആ മാറ്റം നമ്മെ പഠിപ്പിക്കുന്നത് തന്നെ പ്രവാചകൻ നിർദേശിച്ച രീതിയിൽ കൃത്യനിർവഹണം നടപ്പാക്കിയാൽ ഇതെല്ലാം സാധ്യമാക്കാവുന്നതേയുള്ളൂ എന്നതാണ്.

Also read: എന്തുകൊണ്ട് അല്ലാഹു വിപത്തുകളില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നില്ല!

വരും കാലത്ത് നേതൃതലങ്ങളിലിരിക്കേണ്ടി വരുന്നവർക്ക് പ്രവാചകാധ്യാപനങ്ങളുടെ വെളിച്ചത്തിൽ കൃത്യമായ നിർദേശങ്ങളിലൂടെ ഈ ഗ്രന്ഥം മുതൽക്കൂട്ടാവുമെന്നുറപ്പാണ്. ബിസിനസ് സംരംഭങ്ങൾക്ക് മാത്രമല്ല, തൊഴിലിടങ്ങൾക്കും വ്യവസായ മേഖലക്കും മത സാമൂഹിക സംഘടനകൾക്കുമെല്ലാം ഒരു പാഠപുസ്തകമാണ് ഇത്. ഇതിന്റെ ആമുഖത്തിൽ വലിയൊരു ഭാഗം നീക്കി വച്ചിരിക്കുന്നത് തന്നെ സുസംഘടിതമായൊരു മാനേജ്‌മെന്റ് സംവിധാനമില്ലാതെ ഒരു ക്ഷേമ രാഷ്ട്രത്തിന് സാമൂഹിക നീതി, സാമ്പത്തിക പുരോഗതി എന്നിവയിലൊക്കെ മുന്നേറ്റം സാധ്യമല്ലെന്ന് അടിവരയിട്ട് പറയാനാണ്.

മാനേജ്മെന്റിന്റെ ഘടകങ്ങൾ വിശദീകരിക്കുന്ന പുസ്തകത്തിന്റെ രണ്ടാമധ്യായത്തിൽ ഇസ്ലാമിനെ നിർവചിക്കുന്നത് തന്നെ ഒരു ജീവിതരീതിയായാണ്. അതിനെ കൃത്യമായി നിർണയിച്ചു തരുന്ന ഖുർആനും പ്രവാചക അധ്യാപനങ്ങളും കൃത്യനിർവഹണത്തിന്റെ വിവിധ വശങ്ങളെക്കൂടി ചർച്ചക്കെടുക്കുന്നുണ്ട്. അതെപ്പറ്റി മുപ്പത്തിയേഴോളം അധ്യാപനങ്ങളാണ് പുസ്തകത്തിലുള്ളത്. ആസൂത്രണം, പ്രചോദനം, സംഘാടനം, നിയന്ത്രണം, നേതൃത്വം, സംഘടിത ബോധം, ബിസിനസ് മര്യാദകൾ, വിഭവ ശേഷി വളർത്തൽ, നിലപാട്, ആശയവിനിമയം, വ്യക്തിപരമായ പെരുമാറ്റങ്ങൾ, ആത്മീയതയെയും വൈകാരികതയെയും അഡ്രസ് ചെയ്യുക, കൂട്ടുത്തരവാദിത്തം, നഷ്ടപരിഹാരം, തന്ത്രജ്ഞത തുടങ്ങി നബി (സ്വ)യുടെ കൃത്യ നിർവഹണ നൈപുണ്യത്തിന്റെ എല്ലാ മേഖലകളെയും പുസ്തകം അക്കമിട്ടു ചർച്ച ചെയ്യുന്നു.
ഫലപ്രദമായി വിഭവങ്ങളെ ഉപയോഗപ്പെടുത്തുക എന്നതാണ് ഫലപ്രദമായി കൃത്യ നിർവഹണം നടപ്പിലാക്കാനുള്ള മാർഗം.

രചയിതാവ് അത് വിശദീകരിക്കുന്നത് ഒരുദാഹരണത്തിലൂടെയാണ്. നബി (സ്വ) തങ്ങൾ മദീനയിൽ പണി കഴിപ്പിച്ച പള്ളി പ്രാർഥനക്ക് പുറമേ ഒരു പാഠശാലയായും ആശുപത്രിയായും അതിഥി കേന്ദ്രമായും വീടില്ലാത്തവർക്ക് വീടായും കാരുണ്യ കേന്ദ്രമായും പരമോന്നത കോടതിയായും ഭരണസിരാകേന്ദ്രമായുമെല്ലാം ഉപയോഗപ്പെടുത്തിയിരുന്നു. ആട്ടിടയനായതിൽ നിന്നും സ്വരുക്കൂട്ടിയ സംഘാടന നൈപുണ്യമാണ് മദീനയിലെത്തിയ ശേഷം സവിശേഷമായൊരു നഗരമായി മദീനയെ കെട്ടിപ്പടുക്കാൻ പ്രവാചകനെ സഹായിച്ചത്. മുഹാജിറുകളെയും അൻസാറുകളെയും ഒരു കുടക്കീഴിലാക്കിയ പ്രവാചകൻ ആ സംഘടിത ബോധമുപയോഗിച്ച് മദീനയെ ഒരു വാണിജ്യ തലസ്ഥാനമാക്കി മാറ്റുകയും ശത്രുക്കളെ തുരത്തിയോടിച്ച് ഒരു ഇസ്ലാമിക രാഷ്ട്രം സംസ്ഥാപിക്കുകയും ചെയ്തു. ആ സംഘാടന പാടവമാണ് യുദ്ധങ്ങളിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലുമെല്ലാം പിന്നീട് നിഴലിച്ചു കണ്ടത്.

“താഴെയുള്ളവരോട് നിങ്ങൾ അനുകമ്പയുള്ളവരാകുക, അത് നിങ്ങൾക്ക് നന്മയേ കൊണ്ടുവരൂ, അല്ലാത്ത പെരുമാറ്റങ്ങളൊക്കെയും നിർഭാഗ്യവും”.(അബൂദാവൂദ്). കോർപറേറ്റുകളും ബിസിനസ് സംരംഭങ്ങളുമെല്ലാം ലാഭ കേന്ദ്രീകൃതമായ വിപണിയെ പ്രോത്സാഹിപ്പിക്കുന്ന ഇന്ന് മേൽപറഞ്ഞ പ്രവാചക വചനം മുന്നോട്ടുവച്ച മൂല്യങ്ങളൊക്കെയും തിരസ്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. വ്യക്തിത്വ വികസനമൊക്കെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന കോർപറേറ്റ് ലോകത്ത് പെരുമാറ്റം, മാനേജിംഗ് സ്കില്ലുകൾ എന്നിവക്കൊക്കെ വലിയ കടമകൾ നിർവഹിക്കാനുണ്ട്. ബാഹ്യമായ പെരുമാറ്റങ്ങളാണ് ഇക്കാലത്ത് വ്യക്തിത്വ വികാസം അളക്കാനുപയോഗിക്കുന്നതെങ്കിൽ ഇസ്ലാമിൽ ആന്തരിക വ്യക്തിത്വത്തിനും അതു പോലെ പ്രാധാന്യമുണ്ട്. വിഭവശേഷിക്കും പരിശീലനത്തിനും ഒരേ പ്രാധാന്യമാണ് ഇസ്ലാമിലുളളത്. അബൂബക്ർ (റ)വിനെയും ഉമർ (റ)വിനെയും പോലുള്ള രാഷ്ട്രതന്ത്രജ്ഞർ ഉണ്ടായിവന്നത് ഈ പ്രവാചക ശിക്ഷണത്തിലൂടെയായിരുന്നു.

Also read: “ പ്രവാചക നിന്ദ മതമല്ല അതൊരു രാഷ്ട്രീയമാണ്”

പണത്തോടുള്ള ആർത്തി, സാമ്പത്തിക നേട്ടങ്ങൾ എന്നിവയെല്ലാം കാരണമായി സാമൂഹിക ഉത്തരവാദിത്തമെന്ന ആശയം ഇന്ന് ആർക്കും വേണ്ടാതായിട്ടുണ്ട്. എന്നാൽ ഇതിന് ഏറെ പ്രാധാന്യം കല്പിക്കുന്ന ഇസ്ലാം പ്രവാചകന്മാരെ നിയോഗിച്ച് സാമൂഹിക ഉത്തരവാദിത്തം ജനങ്ങളിക്കിടയിൽ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്തത്. സാമൂഹിക ഉത്തരവാദിത്തങ്ങൾ നിർവഹിക്കാതെ ഒരാൾക്ക് ശരിയായ മുസ്ലിമാവാൻ കഴിയില്ലെന്നാണ് ഇസ്‌ലാമികാധ്യാപനവും.
ഖലീഫ ഉമർ (റ)വിന്റെയും മറ്റു സ്വഹാബികളുടെ ജീവിത കഥകളിലൂടെയാണ് കൃത്യനിർവഹണത്തിന്റെ പാഠങ്ങൾ ഈ പുസ്തകം കോർത്തുവെക്കുന്നത്. ഈ മേഖലയിലേക്ക് വലിയൊരു സംഭാവനയെന്ന നിലയിൽ വളരെ ചിട്ടയോടെ ഓരോ അംശത്തെയും ഇഴകീറി പരിശോധിക്കുകയാണ് പുസ്തകം. വളരെ നല്ലൊരുദ്ദേശ്യത്തോടു കൂടിയാണ് അദ്ദേഹം ഇതെഴുതിയിരിക്കുന്നതെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ വരും തലമുറകളുടെ പുരോഗതിക്കും വളർച്ചക്കും മുതൽക്കൂട്ടാവുന്ന രീതിയിൽ ഈ ഗ്രന്ഥത്തെ ഒരു പാഠപുസ്തകമായുപയോഗിച്ച് പരിഷ്കരണങ്ങൾ നടപ്പിലാക്കാൻ കോർപറ്റുകളും കമ്പനികളും മുന്നോട്ടുവരട്ടേയെന്ന് ആശംസിക്കുകയും ചെയ്യുന്നു.

Islam and Management
By, Syed Kazim
Markazi Maktaba Islami Publishers,
D-307, Jamia Nagar, Okhla,
New Delhi
2016
പേജ്: 424
വില: Rs 245

വിവ- അഫ്സൽ പിടി മുഹമ്മദ്

Related Articles