Book Review

അക്വിനാസിന് ലഭിച്ചതും മുസ് ലിം ദൈവശാസ്ത്രജ്ഞര്‍ക്ക് ലഭിക്കാതെ പോയതും

ഇസ് ലാമിക തത്വശാസ്ത്രത്തെ കുറിച്ച് ഗഹനമായ പഠനങ്ങള്‍ നടത്തിയ ഗ്രന്ഥകാരനും യൂണിവേഴ്‌സിറ്റി ഓഫ് മ്യൂണിച്ചിലെ ഫിലോസഫി അധ്യാപകനുമാണ് പീറ്റര്‍ ആഡംസണ്‍. അദ്ദേഹത്തിന്റെ Philosophy in Islamic World എന്ന 2016-ല്‍ ഓക്‌സ്‌ഫോര്‍ഡ് പ്രസിദ്ധീകരിച്ച പുസ്തകം ഇസ് ലാമിക തത്വചിന്തയെ കുറിച്ച് പാശ്ചാത്യലോകത്ത് നിലനിന്നിരുന്ന ധാരണകളെ തിരുത്തിയെഴുതുകയുണ്ടായി. ഇബ്‌നുറുഷ്‌ദോടു കൂടെ അവസാനിച്ചെന്നു കരുതിയ മുസ് ലിം തത്വചിന്താ പാരമ്പര്യത്തിന്റെ ശോഭന ചിത്രങ്ങളെ പിന്‍കാല ദൈവശാസ്ത്രജ്ഞരില്‍ കണ്ടെടുക്കാന്‍ ഈ പഠനത്തിന് സാധിച്ചു. അക്വിനാസിനെ പോലുള്ള കൃസ്ത്യന്‍ ദൈവശാസ്ത്രജ്ഞര്‍ തത്വചിന്തയുടെ വക്താക്കളായി നിലകൊള്ളുമ്പോഴും ഇമാം ഗസ്സാലിയും ഇമാം റാസിയും അടങ്ങുന്നവര്‍ക്ക് അര്‍ഹമായ പദവി നിരാകരിക്കപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കുകയാണ് aeon.com പ്രസിദ്ധീകരിച്ച ഈ ലേഖനത്തില്‍.

ചിലപ്പോള്‍ ഞാനൊരു ശുഭാപ്തവിശ്വാസിയായത് കൊണ്ടാവാം, ഞാന്‍ കരുതുന്നത് ഇന്ന് മിക്ക ജനങ്ങളും ഇസ് ലാമിക ലോകത്തെ തത്വചിന്തയുടെ പ്രാധാന്യവും മൗലികതയും അംഗീകരിച്ചിട്ടുണ്ടെന്നാണ്. ‘അറബിക് ഫിലോസഫി ഒരു മൗലിക ചിന്ത എന്ന നിലക്ക് ഒരു പ്രാധാന്യവുമര്‍ഹിക്കുന്നതല്ല. അവിസെന്നയെയും(ഇബ്‌നുസീന) അവറോസിനെയും(ഇബ്‌നുറുഷ്ദ്) പോലെയുള്ള ആളുകള്‍ അടിസ്ഥാനപരമായി വ്യാഖ്യാതാക്കള്‍ മാത്രമാണ്’. ബര്‍ട്രന്റ് റസ്സല്‍ തന്റെ ഹിസ്റ്ററി ഓഫ് വെസ്റ്റേണ്‍ ഫിലോസഫി(1945) എന്ന ഗ്രന്ഥത്തില്‍ വളരെ കുപ്രസിദ്ധമായി ഈ രേഖപ്പെടുത്തിയത് പോലെയൊന്നും ആധുനിക പണ്ഡിതന്മാര്‍ ഇന്ന് എഴുതുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എങ്കിലും, കൂടുതല്‍ വ്യക്തതയൊടെയുള്ള ഒരു സമീപനം സ്വീകരിക്കുകയാണെങ്കിലും നമുക്ക് മുന്നിലിപ്പോഴും അദൃശ്യ ഇടങ്ങള്‍(blindspots) ഉണ്ടെന്ന് മനസ്സിലാവും. ഇന്ന് തത്വചിന്തകരായി നാം ഗൗരവത്തോടെ പരിഗണിക്കാന്‍ തുടങ്ങിയവരൊക്കെ റസ്സല്‍ കേവലം വ്യാഖ്യാതാക്കള്‍ എന്ന പേരില്‍ തള്ളിക്കളഞ്ഞ അല്‍ കിന്ദി, അല്‍ ഫാറാബി, അവിസെന്ന, അവറോസ് തുടങ്ങിയവരാണ്. അവരൊക്കെ മൗലികതയില്ലാത്തവരാണെന്ന വാദമൊക്കെ ബലഹീനമാണെങ്കിലും യഥാര്‍ത്ഥത്തില്‍ അരിസ്‌റ്റോട്ടിലിന്റെയും മറ്റു ഗ്രീക്ക് തത്വചിന്തകരുടെയും പിന്‍ഗാമികളായിരുന്നു അവര്‍. എന്നാല്‍ ഇവര്‍ മാത്രമായിരുന്നില്ല അക്കാലത്തെ ബുദ്ധിജീവികളും തത്വചിന്തകരും. ഇന്ന് ചിലപ്പോഴൊക്കെ വിശ്വസിക്കപ്പെടുന്നത് പോലെ, പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇബ്‌നുറുഷ്‌ദോടു കൂടെ മുസ് ലിം ലോകത്തെ തത്വചിന്താ ദര്‍ശനങ്ങളപ്പാടെ ഇല്ലാതായിട്ടുമില്ല. മുസ് ലിം ഫിലോസഫിയുടെ ചരിത്രം ഗവേഷണം ചെയ്യുന്നവര്‍ ഇസ് ലാമിക ചരിത്രത്തിലുടനീളം പ്രാധാന്യവും താത്പര്യവും നല്‍കേണ്ടത് ഈ അരിസ്റ്റോട്ടിലിയന്‍മാര്‍ക്കായിരുന്നില്ല, മറിച്ച് ദൈവശാസ്ത്രം എന്ന് സാധാരണ ഭാഷാന്തരം ചെയ്യപ്പെടാറുള്ള ഇല്‍മുല്‍ കലാമിന്റെ വക്താക്കള്‍ക്കായിരുന്നു.

‘കലാം’ എന്ന അറബി പദത്തിന്റെ അര്‍ത്ഥം ‘വാക്ക്’ എന്നാണ്. ഇവിടെ ‘ഇല്‍മുല്‍ കലാം’ {വാക്കുകളുടെ ശാസ്ത്രം എന്നര്‍ഥം) എന്നതിനെ ചുരുക്കി ‘കലാം’ എന്ന് ഉപയോഗിക്കുന്നു. ഗ്രീക്കിലെ ഫിലസോഫിയ(Philosophia) എന്ന മൂലപദത്തില്‍ നിന്ന് അറബി ഭാഷയിലേക്ക് കടമെടുത്ത ‘ഫല്‍സഫ’ എന്ന പദത്തിന് വിരുദ്ധമായാണ് പലപ്പോഴും ഈ പദം ചരിത്രത്തില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. ഇന്നും ആധുനിക പണ്ഡിതന്മാര്‍ ഈ വൈരുദ്ധ്യത്തെ ഉയര്‍ത്തിക്കാട്ടുകയും കലാം എന്നാല്‍ തത്വചിന്തയിലുള്‍പെടാത്തതോ തത്വചിന്തക്കെതിരോ ആയ ഒന്നാണെന്ന് ഊഹിക്കുകയും ചെയ്യുമ്പോള്‍ ഉപര്യുക്ത മധ്യകാല പാരമ്പര്യത്തിലാണ് അവര്‍ നിലകൊള്ളുന്നത്. കൃത്യമായി പറയുമ്പോള്‍ അക്കാലത്ത് ‘തത്വചിന്തകരെന്ന’ സ്ഥാനം നേടിയിരുന്ന അല്‍ ഫാറാബിയില്‍ നിന്നും ഇബ്‌നുറുഷ്ദില്‍ നിന്നുമാണ്. അവരുടെ കാഴ്ചപ്പാടില്‍ ദൈവശാസ്ത്രജ്ഞര്‍ കേവലം തര്‍ക്കസംബന്ധിയായ വാദങ്ങളില്‍(dialectical argumentation) മാത്രം വ്യാപൃതരായിരുന്നു. എന്നാല്‍, ഫിലോസഫിയാവട്ടെ പ്രത്യക്ഷമായ തെളിവുകള്‍(demonstrative proofs) പ്രധാനം ചെയ്യുന്നതും. ഒരു ദൈവശാസ്ത്രജ്ഞന്‍ ഒരു പുതിയ അടിസ്ഥാനത്തെ മുന്നോട്ടുവെക്കുന്നില്ല, മറിച്ച് വിശുദ്ധ ഗ്രന്ഥത്തിന്റെ തനിക്ക് പ്രിയപ്പെട്ട വ്യാഖ്യാനത്തെ പ്രതിരോധിക്കുക മാത്രമാണ്. ശക്തമായ വിഭാഗീകരണം മാത്രമാണ് തന്മൂലമുണ്ടാവുകയെന്ന് പരാതിപ്പെടുകയും ഇതിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് ഇബ്‌നുറുഷ്ദ്. ഇബ്‌നുറുഷ്ദിനെ സംബന്ധിച്ച്, ഒരു തത്വചിന്തകന് മാത്രമാണ് ഖുര്‍ആനിന്റെ അവലംബയോഗ്യമായ വായന നടത്താനാവുക. കാരണം, സ്വതന്ത്രമായ തലങ്ങളില്‍ നിന്ന്, അതായത് അരിസ്‌റ്റോട്ടിലിയന്‍ തത്വചിന്തയുടെ അടിസ്ഥാനത്തില്‍, സത്യത്തെ മനസ്സിലാക്കാന്‍ കഴിയുക ഒരു തത്വചിന്തകന് മാത്രമാണ്.

Also read: അപവാദങ്ങൾ പ്രചരിപ്പിക്കുന്നതിനോടുള്ള ഇസ് ലാമിന്റെ സമീപനം

എന്നാല്‍ ഈ തീവ്രമായ വിമര്‍ശനത്തെ നാം കണക്കിലെടുക്കണമെന്നുണ്ടോ? ദൈവശാസ്ത്രം യുക്തിയെ അപര്യാപ്തമായേ ഉപയോഗിക്കുകയുള്ളൂ എന്ന ധാരണയിലാണ് ഈ അരിസ്‌റ്റോട്ടിലിയന്‍ വിമര്‍ശനങ്ങള്‍ രൂപപ്പെടുന്നത്. എന്നാല്‍ കലാം വളരെയധികം യുക്തിപരമായിരുന്നു(rationalist) എന്ന കാരണത്താല്‍ തന്നെ ഈ വിമര്‍ശനം സംശയകരമായി മാറുന്നുണ്ട്. ദൈവശാസ്ത്രജ്ഞര്‍ പലപ്പോഴും യുക്തിപരമായ കാരണങ്ങളാല്‍ മാത്രം ഖുര്‍ആനിന്റെ പ്രത്യക്ഷ അര്‍ത്ഥത്തില്‍ നിന്ന് വ്യതിചലിക്കാറുണ്ട്. ഉദാഹരണത്തിന്, വെളിപാടുകളില്‍ ദൈവത്തിന് ശരീരമുണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ ദൈവത്തിന്റെ ഭൗതികശരീരത്തോടുകൂടെയുള്ള നിലനില്‍പിനെതിരായുള്ള വാദങ്ങള്‍ കൊണ്ട് ഇതിനെ മുതകല്ലിമീങ്ങള്‍(ദൈവശാസ്ത്രജ്ഞര്‍) വിശദീകരിക്കുന്നത് കാണാം. മുതകല്ലിമീങ്ങള്‍ പലപ്പോഴും നിരുപാധിക മനഃശക്തി(free will), കണാദവാദം(atomism), നൈതികതയുടെ ഉത്ഭവം തുടങ്ങിയ തത്വചിന്തയുടെ കേന്ദ്രപ്രമേയങ്ങളിലും വസ്തുക്കളുടെ വിശേഷണങ്ങളുടെ രൂപപ്പെടല്‍, അസ്തിത്വമില്ലാത്ത വസ്തുക്കളുടെ അവസ്ഥ തുടങ്ങിയ സാങ്കേതിക വിഷയങ്ങളിലും വിശദമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടതായി കാണാം. ചരിത്രം വ്യത്യസ്തമായ ഒരു ദിശയില്‍ സഞ്ചരിക്കുകയും തീവ്ര അരിസ്റ്റോട്ടിലിയന്‍ രചനകള്‍ അറബിയില്‍ ഇല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ തത്വചിന്തയുടെ ചരിത്രമെഴുതിയവര്‍ ഈ ദൈവശാസ്ത്രജ്ഞരുടെ രചനകളെ ഇസ് ലാമിക ലോകത്തിന്റെ തത്വചിന്താ പാരമ്പര്യമായി അംഗീകരിക്കുമായിരുന്നു എന്നതില്‍ എനിക്ക് സംശയമില്ല.

അത്തരമൊരു സമീപനം ഇസ് ലമാമിന്റെ ബൗദ്ധിക പാരമ്പര്യത്തോടുള്ള നമ്മുടെ സമീപനത്തെ മധ്യകാല ക്രൈസ്തവ ചിന്തയോട് സ്വീകരിച്ച സമീപനവുമായി താദാത്മ്യപ്പെടുത്തിയേനെ. കാരണം, സ്വയം ദൈവശാസ്ത്രജ്ഞരെന്ന് മനസ്സിലാക്കിയിരുന്ന അന്‍സലെം, അക്വിനാസ്, ഡണ്‍സ് സ്‌കോട്ടസ്, വില്യം ഓഫ് ഓക്കാം പോലുള്ള ക്രൈസ്തവ പണ്ഡിതരിലേക്കാണ് മധ്യകാല ഫിലോസഫിയെ നാം ചേര്‍ത്തുവെച്ചിരിക്കുന്നത്. മധ്യകാല തത്വചിന്തയെ, വളരെ കൃത്യമായി അതിലുള്ള മതകീയ ഉള്ളടക്കങ്ങള്‍ കൊണ്ട് തന്നെ അംഗീകരിക്കാത്തവരുണ്ട് എന്നത് ശരിതന്നെ, എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍ തത്വചിന്ത അത് കണ്ടെത്തപ്പെടുന്ന ഇടങ്ങളിലെല്ലാമുള്ളതാണ്. മതകീയമായ താത്പര്യം പിന്നിലുണ്ടെന്ന കാരണം കൊണ്ട് മാത്രം ചിന്തകന്മാര്‍ മുന്നോട്ടുവെച്ച തത്വശാസ്ത്രപരമായ വാദഗതികളെ അവഗണിക്കുക എന്നത് വളരെ ഇടുങ്ങിയ കാഴ്ചപ്പാടാണ്. അത്തരം താല്‍പര്യം അക്വിനാസിനെ പോലെ ക്രിസ്ത്യാനിറ്റിയിലുള്ളവര്‍ക്കോ മൈമനോദിസിനെ പോലെ ജൂതായിസത്തിലുള്ളവര്‍ക്കോ ന്യായ ജ്ഞാനശാസ്ത്രവും വേദാന്ത തത്വശാസ്ത്രവും പോലെ ഹിന്ദൂയിസത്തിലുള്ളതിനോ ഇനി ഇസ് ലാമിലുള്ളതിനോ ആണെങ്കില്‍ കൂടെയും.

ദൈവശാസ്ത്രത്തിന്റെ ഈ തത്വശാസ്ത്രപരമായ ചോദന കണക്കിലെടുക്കാതെയുള്ള സമീപനരീതി, ഇസ് ലാമിക തത്വശാസ്ത്രത്തിലെ പ്രധാനിയായിരുന്ന അവിസെന്നക്ക് (1037-ല്‍ മരിച്ചു) ശേഷമുള്ള കാലഘട്ടത്തിലേക്കെത്തുമ്പോള്‍ വളരെ ഹാനികരമായി മാറിയിട്ടുണ്ട്. അവിസെന്ന വളരെ വലിയ പ്രതിഫലനമുണ്ടാക്കിയ വ്യക്തിയായിരുന്നു. തദ്ഫലമായി, ഇമാം ഗസ്സാലിയെയും(മരണം: 1111) ഫഖ്‌റുദ്ദീന്‍ റാസിയെയും(മരണം: 1210) പോലുള്ള ‘ദൈവശാസ്ത്രജ്ഞര്‍’ ഇബ്‌നുസീനയുടെ വാദങ്ങളെ വളരെ സൂക്ഷ്മമായ തലത്തില്‍ ഇഴകീറി പരിശോധിക്കുകയും ചില സമീപനങ്ങളെ അംഗീകരിച്ചുകൊണ്ട് തന്നെ പിഴവുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്. ഇബ്‌നു സീനയുടെ മെറ്റാഫിസിക്‌സിനെ ഇമാം ഗസ്സാലി തന്റെ ‘തത്വചിന്തകരുടെ വിഡ്ഢിത്വങ്ങള്‍’ (തഹാഫതുല്‍ ഫലാസിഫ) എന്ന ഗ്രന്ഥത്തില്‍ നിശിതമായി വിമര്‍ശിക്കുന്നതോടൊപ്പം തന്നെ തത്വചിന്തകരുടെ താര്‍ക്കിക ശാസ്ത്രത്തിന്റെ(logic) പ്രയോജനക്ഷമതയെ നിഷേധിക്കുന്നവരെ കണക്കിന് പരിഹസിക്കുന്നുമുണ്ട്. അതുപോലെ, വളരെ പണ്ഡിതോചിതവും അരിസ്‌റ്റോട്ടിലിയന്‍ വര്‍ഗീകരണം പോലുള്ള തത്വശാസ്ത്ര ഘടകങ്ങള്‍ക്കനുസരിച്ച് ക്രമീകൃതവുമായ അല്‍ റാസിയുടെ ബൃഹത്തായ ദൈവശാസ്ത്ര ഗ്രന്ഥങ്ങള്‍ അക്വിനാസിന്റെയും സ്‌കോട്ടസിന്റെയും ഗ്രന്ഥങ്ങളുമായി താരതമ്യമര്‍ഹിക്കുന്നതാണ്. ഇബ്‌നുറുഷ്ദിനോട് കൂടെ ഇസ് ലാമിക ലോകത്ത് ഫിലോസഫി അന്തരിച്ചു എന്ന മിഥ്യാധാരണ, ഇത്തരം സങ്കീര്‍ണമായ തത്വശാസ്ത്ര സംഹിതകളാല്‍ പ്രൗഢമായ ഗ്രന്ഥങ്ങള്‍ തന്നെ തത്വശാസ്ത്രത്തിന്റെ ചരിത്രത്തിന് പുറത്ത് നില്‍ക്കുന്നതാണെന്ന കാഴ്ചപ്പാടില്‍ നിന്ന് രൂപപ്പെടുന്നതാണ്.

Also read: വീട്ടിലിരിക്കുമ്പോള്‍ സമയം ഉപയോഗപ്പെടുത്താനുള്ള 10 വഴികള്‍

പൂര്‍ണമായോ ഭാഗികമായോ യുക്തിപൂര്‍ണമായ നിരീക്ഷണങ്ങള്‍ക്ക് പകരം വേദവാക്യങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തിയ, തത്വശാസ്ത്രത്തില്‍ താല്‍പര്യമുള്ള വായനക്കാരന് പരിമിതമായ താത്പര്യം മാത്രമുളവാക്കുന്ന ദൈവശാസ്ത്ര ഗ്രന്ഥങ്ങളും ഉണ്ടെന്നത് നിഷേധിക്കുന്നില്ല. എന്നാല്‍ ഇക്കാരണം കൊണ്ട് മാത്രമല്ല ദൈവശാസ്ത്ര ഗ്രന്ഥങ്ങള്‍ തത്വചിന്തകന് അഹിതകരമായി മാറിയത്. അല്‍ ഫാറാബിയും ഇബ്‌നുറുഷ്ദും പറഞ്ഞതുപോലെ, എല്ലാവര്‍ക്കും സ്വീകാര്യമാവുന്ന തരത്തില്‍ വാചികമായ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് മറുപടി പറയാനുള്ള തര്‍ക്കശാസ്ത്രപരമായ(dialectical) ഒരു ചോദന അവരുടെ സമകാലികരായ (പ്രത്യേകിച്ചും ആദ്യ കാലക്കാരായ) ദൈവശാസ്ത്രജ്ഞരിലുണ്ടായിരുന്നു. പക്ഷെ, ആ ഒരു ചോദനക്ക് ശേഷം വന്ന ദൈവശാസ്ത്ര സാഹിത്യങ്ങളില്‍ ശോഷണം സംഭവിച്ചിട്ടുണ്ട്. ഇനിയും ക്രോഡീകരിക്കപ്പെടുകയോ ഗവേഷണവിധേയമാവുകയോ ചെയ്യാത്ത വലിയൊരു ശേഖരം തന്നെ ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട് പിന്‍കാലത്ത് രൂപപ്പെട്ടിട്ടുണ്ട് എന്ന വസ്തുത പരിഗണിച്ച് കൊണ്ട് തന്നെ, എന്റെ ഒരു നിരീക്ഷണത്തില്‍ ഈ പാരമ്പര്യത്തിന്റെ വികാസത്തിനനുസരിച്ച് കൂടുതല്‍ ‘തത്വചിന്താപരമായി’ കലാം മാറിയിട്ടുണ്ട്. ഇബ്‌നു സീനാനന്തര കാലഘട്ടത്തില്‍, പതിമൂന്നാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലുണ്ടായിരുന്നതിന് സമാനമായി, ഏറ്റവും വിദഗ്ധരും അവഗാഹമുള്ളവരുമായ അറേബ്യന്‍ തത്വചിന്തകര്‍ അന്നത്തെ ദൈവശാസ്ത്ര പണ്ഡിതരായിരുന്നു.

ഇസ് ലാമിക ലോകത്ത് ഫിലോസഫേഴ്‌സ് എന്ന നാമധേയം അണിയുകയും അവ്വിധം ലോകത്ത് പ്രസിദ്ധിയാര്‍ജിക്കുകയും ചെയ്തവരെ കുറിച്ച് തന്നെ വിരലിലെണ്ണാവുന്ന വിദഗ്ധര്‍ മാത്രമാണ് പഠിക്കുന്നതെന്ന വസ്തുത പരിഗണിക്കുമ്പോള്‍ ഇല്‍മുല്‍ കലാമിനെ കുറിച്ച് പഠിക്കുന്ന വലിയൊരു പണ്ഡിതസമൂഹം രൂപപ്പെടണമെന്ന എന്റെ താല്‍പര്യം അത്യാഗ്രഹങ്ങളുടെ ഗണത്തില്‍ പെടുമെന്ന് തോന്നുന്നു. വളരെ പ്രസക്തമായ നിരവധി ഗ്രന്ഥങ്ങള്‍ ഇനിയും ഗവേഷണ വിധേയമാവാതെ അവശേഷിക്കുമ്പോള്‍ ഇസ് ലാമിലെ യുക്തിചിന്ത ഇബ്‌നുറുഷ്ദിനോടു കൂടെ അവസാനിച്ചിട്ടില്ലെന്നും ഫാറാബിയെയും ഇബ്‌നു റുഷ്ദിനെയും അവിസെന്നയെയും പോലുള്ളവരുടെ കുത്തകയായിരുന്നില്ല അതെന്നും ലോകത്തെ അറിയിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

 

Philosophy in the Islamic World (2016)
by Peter Adamson
Oxford University Press.

വിവ.സീന തോപ്പില്‍

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker