Current Date

Search
Close this search box.
Search
Close this search box.

ഫിക്ഷനുകളിലൂടെ ഞാൻ എന്നെ സുഖപ്പെടുത്തിയ വിധം

എൻെറ ഒമ്പതാം പിറന്നാളിന്, എന്റെ അമ്മാവന്റെ ഭാര്യ ഒരു ലോക്കും രണ്ട് താക്കോലുമുള്ള വർണാഭമായ നല്ല സുഗന്ധമുള്ളൊരു ഡയറി എനിക്ക് വാങ്ങിത്തന്നു. വലിയൊരു കുടുംബത്തിൽ ജനിച്ച എന്നെ സംബന്ധിച്ചെടുത്തോളം എന്റെ വ്യക്തിപരമായ ജീവിതത്തിൽ കാര്യമായ അനുഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും, മഞ്ഞ, നീല, പിങ്ക് നിറങ്ങളിലുള്ള പേജുകൾ എന്റെ ഏറ്റവും സ്വകാര്യമായ ചില ചിന്തകൾ കുറിച്ചിടാൻ ഒരു അവസരം എനിക്ക് നൽകി.

കാലക്രമേണ ദിനസരിക്കുറിപ്പ് എന്റൊരു ശീലമായി മാറി. എന്റെ ആദ്യ ക്രഷിനെക്കുറിച്ച് ഞാൻ എഴുതി. എന്റെ മുഖക്കുരു മായ്ച്ചുകളയാൻ ദൈവത്തിനൊരു കത്തെഴുതി. ആദ്യ പിരീഡ് സമയത്ത് എനിക്കുണ്ടായ അത്ഭുതത്തെക്കുറിച്ച് ഞാൻ കുറിച്ചുവെച്ചു. എന്റെ കസിനുമൊത്തുള്ള അടിപിടി എഴുതിവെച്ചു. 1991ലെ ഗൾഫ് യുദ്ധത്തെക്കുറിച്ച് എഴുതി. എന്റെ ലജ്ജയെക്കുറിച്ചും ഭയത്തെക്കുറിച്ചും എഴുതി.

യമനിലായിരുന്നു എന്റെ ജനനം. എന്റെ ചെറുപ്പക്കാലത്ത് പല തവണ എന്റെ കുടുംബം പലയിടത്തേക്കും മാറിത്താമസിച്ചു. 1992ൽ യുഎസിലേക്ക് താമസം മാറുമ്പോൾ എനിക്ക് പതിമൂന്ന് വയസ്സായിരുന്നു. ഹൈസ്കൂൾ പഠനകാലത്ത് ലേഖനമെഴുത്ത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. എന്റെ കസിന്റെ ഹോംവർക്ക് പോലും ഞാൻ എഴുതിക്കൊടുത്തു. പതിനഞ്ചോളം പുസ്തകം രചിച്ച പിതാവിനെപ്പോലെത്തന്നെ ഒരിക്കൽ എന്റെ പുസ്തകവും അച്ചടിക്കപ്പെടുന്നത് ഞാൻ സ്വപ്നം കണ്ടു. ഇരുപതാം വയസ്സിൽ ഞാനൊരു ബ്ലോഗ് തുടങ്ങി. യമനിലേക്ക് തന്നെ മടങ്ങിയ ശേഷം 2011ൽ എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ നേരിൽ കണ്ട യമൻ പ്രതിഷേധങ്ങളും അതിന്റെ യാഥാർത്ഥ്യങ്ങളെ അനാവരണം ചെയ്യുന്ന സാക്ഷ്യപത്രങ്ങളും ഫോട്ടോഗ്രാഫുകളും കുറിപ്പുകളും പോസ്റ്റുചെയ്യാൻ ഈ ബ്ലോഗ് ഞാൻ ഉപയോഗിച്ചു. 2013ൽ എനിക്ക് 33 വയസ്സാകുന്നത് വരെ ഞാൻ അതിൽ എന്റെ വൈയക്തികമായ വികാരങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്റെ മുത്തശ്ശിയുമായുള്ള സംഭാഷണമാണ് എന്നെ അതിന്റെ വൈകാരിക തലത്തിലേക്കും വേദനയിലേക്കും കൊണ്ടെത്തിച്ചത്. പിന്നീട് ന്യായവിധിയെ ഭയപ്പെടാതെ ഞാൻ എന്റെ എഴുത്ത് ശക്തമായി തുടർന്നു.

ആദ്യം, എന്റെ പേജുകളെല്ലാം ആത്മസഹതാപം കൊണ്ടും കുറ്റബോധം കൊണ്ടും നിരർത്ഥകഭാഷണങ്ങളാലും നിറഞ്ഞതായിരുന്നു. കാലക്രമേണ, എന്റെ ഭാവനകൾ വളരുകയും അതൊരു ഫിക്ഷനായി മാറുന്നത് ഞാൻ അത്ഭുതത്തോടെ നോക്കിനിന്നു. എഴുത്ത് കേവലമൊരു ഉത്തേജനം മാത്രമായിരുന്നില്ല. ഓരോ ദിവസവും അതെന്നെ യമനിലേക്ക് കൂട്ടിക്കൊണ്ടുപോയി. എല്ലാ ദിവസവും ഞാൻ യമനിനെക്കുറിച്ച് എഴുതി. ടെലിവിഷനുകളിൽ നിറയുന്ന യമനിലേക്കല്ല, എന്റെ ഓർമ്മയിലെ യമനിലേക്കാണ് ഞാൻ പോയത്.

സൻആയിലെ ഒരു പാദം
1979 നവംബറിൽ ഒരു പെരുന്നാൾ രാവിൽ സൻആയിൽ എന്റെ കുടുംബത്തിന്റെ 200 വർഷം പഴക്കമുള്ള വീടിന്റെ തെക്കൻ ഭാഗം എന്റെ ഓർമ്മയിലേക്ക് കിതച്ചെത്തി. മസ്ഖാത്തുർറഅ്സ്, തലകൾ വീഴുന്ന സ്ഥലമെന്നാണ് അതിന്റെ ഭാഷാർത്ഥം. പല നഗരങ്ങളിലും ഞാൻ താമസിച്ചിട്ടുണ്ടെങ്കിലും സൻആ പോലെ എന്റെ വീടെന്ന് തോന്നിച്ച മറ്റൊരു നഗരമില്ല.

മേരിലാൻഡിലെ സോറൽ അവന്യൂവിൽ താമസിക്കുമ്പോഴും വീടിനകത്ത് ഞങ്ങളെല്ലാം അൽസയ്യിദ് പരിസര വാസികളായിരുന്നു. ഞങ്ങളുടെ ഒരു പാദം സൻആയിലും മറുപാദം മേരിലാൻഡിലുമായിരുന്നു. ഭക്ഷണം, യമനി സാറ്റ്ലൈറ്റ് ചാനൽ, ഫർണിച്ചർ, ബേസ്മെന്റിലെ യെമനി ലോ-കുഷൻ അടക്കം എല്ലാ തരത്തിലും ഞങ്ങൾ യമനിൽ തന്നെയായിരുന്നു. മറ്റനേകം അഭയാർത്ഥി കുടുംബങ്ങളെപ്പോലെ തന്നെ എന്റെ പിതാവും യമനിലെ വീടിനെക്കുറിച്ച് എപ്പോഴും സംസാരിക്കും, അനിവാര്യമായൊരു തിരിച്ചുപോക്ക് സങ്കൽപിച്ചുകൊണ്ട്.

രാഷ്ട്രീയം ഞങ്ങളുടെ ഗാർഹിക ജീവിതത്തിന്റെ പ്രധാന ഭാഗമായിരുന്നു. വസൂരി മൂലം ഒരു കണ്ണ് നഷ്ടപ്പെട്ട പിതാമഹനായ അലിയുടെ പെയ്ന്റിംഗ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തലായി അഭിമാനപൂർവം ഞങ്ങളുടെ ചുമരിൽ തൂങ്ങിക്കിടന്നു. സ്വതന്ത്ര യെമൻ പ്രസ്ഥാനത്തിലെ ഒരു അംഗമെന്ന നിലയിൽ, പരിഷ്കരിച്ച ഭരണഘടനാ ഇമാമേറ്റ് വിഭാവനം ചെയ്യുന്ന ഒരു സാക്രഡ് നാഷണൽ ചാർട്ടർ നിർമ്മിച്ചെടുക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. 1948ഫെബ്രുവരിയിലെ വിപ്ലവം, യമൻ ഏകാധിപതിയായിരുന്ന ഇമാം യഹ്യയുടെ(1904-1948) കൊലപാതകം എന്നിവയെത്തുടർന്ന് അദ്ദേഹം തടവിലാക്കപ്പെടുകയും പിന്നീട് വധശിക്ഷക്ക് വിധേയനാവുകയും ചെയ്തു. 1948ലെ വിപ്ലവകാരികളുടെ ഒരു മംഗളഗാനമായി പിതാമഹൻ അലിയുടെ തലയുടെ ഫോട്ടോ സൻആയിലെ മിലിട്ടറി മ്യൂസിയത്തിൽ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.

എന്റെ പിതാവും അമ്മാവന്മാരും അവരുടെ കൗമാര പ്രായത്തിൽ അക്കാലത്തെ പ്രമുഖ പണ്ഡിതന്മാർക്കൊപ്പം ഒരുപാട് കാലം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. അവരുട ജയിൽവാസത്തെക്കുറിച്ചും കൂടുതൽ അറിയാൻ ഞങ്ങൾ എപ്പോഴും ശ്രമിക്കുമായിരുന്നു, പ്രത്യേകിച്ച് എന്റെ അമ്മാവൻ തടങ്കലിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടതിനെക്കുറിച്ച്(എന്റെ പിതാവിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല). അവർ ചെയ്തിരുന്നത് പോലെ നാരങ്ങയും ടൂത്ത് പിക്കും ഉപയോഗിച്ച് എങ്ങനെയാണ് രഹസ്യ കത്തുകളെഴുതുന്നതെന്ന് പഠിപ്പിച്ചു തരാൻ ഞങ്ങളവരോട് ആവശ്യപ്പെടാറുണ്ടായിരുന്നു.

ഈ കഥകളെല്ലാമാണ് ഞാനെന്റെ റോഡ്മാപ്പായും ജീവിത പുസ്തകമായും സ്വീകരിച്ചത്. എന്റെ എഴുത്തിലൂടെ അവരുടെ ഓർമ്മകൾക്ക് ഞാൻ പ്രശസ്തി നേടിക്കൊടുക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്തു. വളരുന്തോറും എന്റെ മനസ്സിൽ ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് യമനിലേക്കുള്ള അനുവാര്യമായ മടക്കമായിരുന്നു.

നഷ്ടപ്പെട്ടുപോയ സ്വപ്നങ്ങൾ
ഇരുപത് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ 2010ൽ എന്റെ മുപ്പതാം വയസ്സിലാണ് ഞാൻ സൻആയിൽ എത്തിച്ചേരുന്നത്. യമനിന്റെ തലസ്ഥാന നഗരിയിൽ പ്രതിഷേധം ശക്തപ്പെട്ടു തുടങ്ങും നേരമായിരുന്നു അത്. യുവ ആക്റ്റിവിസ്റ്റുകൾക്കും പ്രതിപക്ഷ അംഗങ്ങൾക്കുമൊപ്പം ഞാൻ അഭിമാനത്തോടെ ഏറ്റുവിളിച്ചു: “ഭരണകൂടത്തിന്റെ പതനമാണ് ജങ്ങളുടെ ആവശ്യം’. വിപ്ലവ പാരമ്പര്യമുള്ള എന്റെ കുടുംബത്തെ വീണ്ടും രൂപപ്പെടുത്തിയെടുക്കാനുള്ള ഒരു അവസരം കൂടിയായി ഞാനിതിനെ കണ്ടു.

വിപ്ലവത്തെ ഇംഗ്ലീഷിൽ ബ്ലോഗ് ചെയ്യാനും മരിച്ചവരെ(അവരുടെ പേര്, പ്രായം, ഫോട്ടോ, മരണ സമയവും കാരണവും എന്നിവയെല്ലാം) രേഖപ്പെടുത്തി മനുഷ്യാവകാശ സംഘടനകൾക്ക് അയക്കാനുമുള്ള ചുമതല ഞാൻ സ്വയം ഏറ്റെടുത്തു. പലരുമായും ഞാൻ സംഭാഷണങ്ങൾ നടത്തുകയും നയ സംക്ഷിപ്തവും രാഷ്ട്രീയ കേന്ദ്രീകൃതവുമായ സാഹചര്യങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു.

കുറച്ച് വർഷത്തെ ഈ പ്രവർത്തനത്തിന് ശേഷം ഞാൻ വല്ലാതെ വിഷാദാവസ്ഥയിലായി. ഞാൻ സ്നേഹിച്ച ആളുകളെല്ലാം അപ്പോഴേക്കും മരിച്ചുപോയിരുന്നു. പലരെയും തട്ടിക്കൊണ്ടുപോവുകയോ തടവിലാക്കുകയോ ചെയ്തിരുന്നു. നഷ്ടപ്പെട്ടുപോകുന്ന സ്വപ്നത്തേക്കാൾ എനിക്ക് സങ്കടം തോന്നിയത് നഷ്ടപ്പെട്ടുപോകുന്ന നാടിനെയും വീടിനെയും ഓർത്തായിരുന്നു. ആളുകളുടെ കഷ്ടപ്പാടുകൾ രേഖപ്പെടുത്താൻ എന്റെ ആവേശം ചോർന്നുപോയി. കാരണം, അതൊന്നും യാതൊരു തരത്തിലുള്ള മാറ്റങ്ങളും സൃഷ്ടിക്കുന്നുണ്ടായിരുന്നില്ല. ആക്ടിവിസത്തിൽ നിന്നും താൽക്കാലികമായി ഞാൻ വിട്ടുനിന്നു. ഞാൻ ബലഹീനയായി മാറുന്നുവെന്ന് എനിക്ക് തോന്നി. ഇത്രയേറെ പ്രയാസങ്ങൾ സഹിച്ചിട്ടും എന്റെ കുടുംബത്തിന് ഇവിടെത്തന്നെ ജീവിതം തുടരാനാകുന്നില്ലല്ലോ. എന്റെ കുടുംബ പൈതൃകത്തിൽ നിന്നും എന്റെ പഴയ ജീവിതത്തിൽ നിന്നും കൂട്ടുകാരിൽ നിന്നുമെല്ലാം ഞാൻ ഒരുപാട് അകലെയായത് പോലെ. ഒട്ടും താമസിയാതെ രാഷ്ട്രീയത്തിൽ നിന്നും ഞാൻ പിന്മാറി. ഒരു ആക്റ്റിവിസ്റ്റല്ലെങ്കിൽ പിന്നെയാരാണ് ഞാൻ?

2013ൽ സൻആയിലെ ദിവസങ്ങളിലൊന്നിൽ എന്റെ മുത്തശ്ശി മാമ സയ്യിദ വേദനാജനകമായൊരു അനുഭവം പറഞ്ഞുതന്നു. എന്റെ പിതാമഹൻ ജയിലിൽ കഴിയുന്ന സന്ദർഭത്തിൽ താൻ ഗർഭിണിയാണെന്ന് അറിഞ്ഞ് ഭയപ്പാടോടെ തന്റെ നാലാമത്തെ കുഞ്ഞിനെ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ച കഥ അവരെനിക്ക് വിവരിച്ചുതന്നു. ഒരു കുട്ടിയെക്കൂടി പരിപാലിക്കുന്നതിനെക്കുറിച്ച് മാമ സയ്യിദക്ക് ചിന്തിക്കാനാകുമായിരുന്നില്ല. ആദ്യ മാസങ്ങളിൽ തന്നെ ഗുളികകൾ കഴിച്ച് മാമ നാലാമത്തെ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ, അത് ശരിയായില്ല. റജാ എന്ന് പേരുള്ള ഒരു പെൺകുട്ടിക്ക് അവർ ജന്മം നൽകുകയും ചെയ്തു.

മാമയുടെ കഥകളിലേക്ക് എന്നെ കൂടുതൽ ആകർശിച്ച കാര്യം മാമ പല കാര്യങ്ങളും ഞങ്ങളുമായി പങ്കിടാൻ സന്നദ്ധയായില്ലെന്നതായിരുന്നു. ഞങ്ങളുടെ കുട്ടിക്കാല കഥകളെല്ലാം കുടുംബത്തിലെ പുരുഷന്മാരുടെ ജീവിതത്തെ മാത്രം കേന്ദ്രീകരിച്ചായതെങ്ങനെയെന്ന് ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ഗോത്ര നേതാവിന്റെ മകളും ഞങ്ങളും പിതാമഹതിയുമായിരുന്ന ഫാത്വമയുടേതൊഴികെ സ്ത്രീകളുടേത് മാത്രമായ കഥകൾ നിരവധിയുണ്ടായിരുന്നു. എന്നിരുന്നാലും, മാമ സയ്യിദയുടെ ജീവിത ത്യാഗങ്ങൾ ഡോക്യുമെന്റേഷന് അത്ര യോഗ്യമല്ലെന്ന് മനസ്സിലാക്കുന്നു.

അവരുമായി ഒരു അഭിമുഖം നടത്തി അവരുടെ ജീവിതത്തെക്കുറിച്ച് എഴുതട്ടെയെന്ന് പലപ്രാവശ്യം ഞാൻ മാമയോട് ചോദിച്ചിരുന്നു. റമളാൻ പരമ്പരക്കുള്ള ഒരു സ്ക്രിപ്റ്റായി അതിനെ മാറ്റണമെന്ന ഒരു ഉപാധിയോടെ ഒരിക്കൽ മാമ അതിന് സമ്മതിച്ചു. റമളാൻ മാസത്തിൽ ദിവസവും സംപ്രേഷണം ചെയ്യുന്ന സോപ്പ് ഓപ്പെറാസ് നാടകീയമായ ഇതിവൃത്തങ്ങൾക്ക് പേരുകേട്ട ഒന്നാണ്. മാമ അത് കാണാറുമുണ്ടായിരുന്നു.

ഒമ്പതാം വയസ്സിൽ മരണപ്പെട്ട റജയുടെ കഥയിൽ നിന്നും അവരുടെ ജീവിതകഥ ഞാൻ ആരംഭിച്ചു. 1967ലെ സൻആ ഉപരോധ കാലത്ത് സൻആയിൽ നിന്നും അവരുടെ ഗ്രാമമായിരുന്ന ബാനി ഹുശൈശിലേക്ക് വണ്ടിയോടിച്ച് പോകും വഴിയേ ഒരു ബുള്ളറ്റ് കൊണ്ടാണ് റജ മരണപ്പെടുന്നത്. അത് മാമയെ വല്ലാതെ തളർത്തി. തന്റെ മകളെ താൻ അബോർഷൻ ചെയ്യാൻ ശ്രമിച്ചതിന് തനിക്ക് ലഭിച്ച ശിക്ഷയാണിതെന്ന് അവർ വിശ്വസിച്ചു. ഒരു കുറ്റവാളിയെപ്പോലെ അവർ തേങ്ങി.

മാമ സയ്യിദയുടെ കഥ എഴുതിത്തുടങ്ങിയപ്പോൾ ഞാൻ അവരുടെ പേര് സൂക്ഷ്മശാലി എന്നർത്ഥമുള്ള തഖിയ്യ എന്നാക്കി മാറ്റിയിരുന്നു. താമസിയാതെ, ഈ കഥാപാത്രം എന്റെ മുത്തശ്ശിയിൽ നിന്നും മറ്റൊരാളിലേക്ക് രൂപാന്തരപ്പെടാൻ തുടങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. ചില സന്ദർഭങ്ങളിൽ അതിന് പിതാമഹതിയായ ഫാത്തിമയോട് സാദൃശ്യമുണ്ടായി. മാമ സയ്യിദ ഒരിക്കലും ചെയ്യാത്ത ഒരു കാര്യമായ എകെ 47 വഹിച്ച് കുതിരപ്പുറത്ത് യാത്ര ചെയ്യുന്ന സീനിൽ എനിക്ക് ഫാത്തിമയെയാണ് ഓർമ്മ വന്നത്.

തഖിയ്യ ചിലപ്പോൾ ഞാൻ തന്നെയായി, അഭിപ്രായക്കാരിയും കുറ്റബോധമുള്ളവളുമായി. ചിലപ്പോൾ എനിക്ക് അന്യമായ മറ്റൊരു സ്ത്രീയായി. എന്റെ കഥാപാത്രത്തിന് ഡിസോക്കേറ്റീവ് ഐഡന്റിറ്റി ഡിസോർഡർ ഉണ്ടായിരിക്കാം. ഒരുപക്ഷെ തഖിയ്യ, മുൻകാലത്തുള്ളവരും സമകാലീനരുമായ സർവ സ്ത്രീകളുടെയും പ്രതിരൂപമായിരിക്കാം. അവൾ ഒരേസമയം ശക്തയും ദുർബലയുമായിരുന്നു. അവൾ യാഥാർത്ഥ്യങ്ങൾക്കെല്ലാം അപ്പുറമുള്ളവളായിരുന്നെങ്കിൽ പോലും പലപ്പോഴും പരിചിതവും യാഥാർത്ഥ്യവുമായി അവ അനുഭവപ്പെട്ടു.

പോരാട്ടങ്ങളിൽ നിന്നുള്ള പിന്മാറ്റം
2015 ജനുവരിയിൽ യമനിൽ സംഘർഷം രൂക്ഷമാകാൻ തുടങ്ങിയപ്പോഴേക്കും എന്റെ ഭർത്താവ് ടുണീഷ്യയിലേക്ക് മാറിയിരുന്നു. ഞാനപ്പോഴും സൻആയിനും ടുണീഷ്യക്കും ഇടയിൽ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുകയായിരുന്നു. ജനുവരി 19ന് ഹൂതി വിമതർ സൻആയിലുള്ള പ്രസിഡന്റിന്റെ കൊട്ടാരം ആക്രമിച്ചു. തൊട്ടുടത്ത ദിവസം ഏദൻ വിമാനത്താവളം അടച്ചു. അടുത്തതായി സൻആ വിമാനത്താവളവും അടച്ചേക്കുമോയെന്ന് ഞങ്ങൾ ഭയന്നു.

അറിയിപ്പ് ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ ഞാൻ സ്യൂട്ട്‌കേസ് എടുക്കാതെ അടുത്ത ഫ്‌ളൈറ്റിന് ടുണീഷ്യയിൽ ഭർത്താവിന്റെ അടുത്തേക്ക് വച്ചുപിടിച്ചു. ഉടൻ തന്നെ യമനിലേക്ക് മടങ്ങണമെന്ന് കരുതിയിരുന്നുവെങ്കിലും മുൻ പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദി രാജിവെച്ചു. ഞാൻ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ തൊട്ടടുത്ത ദിവസങ്ങളിൽ 2015 മാർച്ച് 26ന് സഈദി വ്യോമാക്രമണം ആരംഭിച്ചു. അപ്പോഴാണ് കുറ്റബോധം വീണ്ടുമെന്നെ തളർത്തിയത്. ഒന്നാമതായി, മണിക്കൂറുകൾക്കുള്ളിൽ തന്നെ രാജ്യം വിട്ട് ഓടിപ്പോകാനുള്ള അനുമതിയും പദവിയും എനിക്കുണ്ടായിരുന്നു. രണ്ടാമതായി, ഞാൻ ഒരു ഗർഭിണിയായതിനാൽ തന്നെ സുരക്ഷിതമായ പരിശോധനക്കായി ഡോക്ടറെ സന്ദർശിക്കാൻ സാധിക്കുമായിരുന്നു. അതേസമയം, യമനിലെ ഗർഭിണികൾ ആശുപത്രിയിലെ ഉപകരണങ്ങളുടെ അഭാവവും വൈദ്യുതി, ഇന്ധനക്ഷാമവും കാരണം മരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ബോംബാക്രമണങ്ങളും പോർ വിമാനങ്ങളുടെ ബീഭത്സമായ ശബ്ദവും അതിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും ഞാൻ നിരന്തരം ദുസ്വപ്‌നം കണ്ടു. എന്റെ ഉറക്കം കെടുത്തിയ മറ്റൊരു ദുസ്വപ്‌നത്തിൽ എന്റെ ശരീരം കഷ്ണങ്ങളാക്കി ഛേദിക്കുകയും അവ പ്ലാസ്റ്റിക് കവറുകളിൽ നിറക്കുകയും ചെയ്യുന്നത് ഞാൻ കണ്ടു. എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് ആലോചിച്ച് ഞാൻ നിരന്തരം ആശങ്കയിലായി. ഭക്ഷണമൊന്നും ഇറങ്ങാതായി. ഞാൻ ടുണീഷ്യൻ ബീച്ചിലേക്കൊന്നും പോയില്ല. ഗർഭപിണ്ഡത്തിൽ ഉണ്ടാകുന്ന സമ്മർദ്ദത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡോക്ടർ മുന്നറിയിപ്പ് നൽകിയതോടെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതും ടിവി കാണുന്നതും നിർത്തി. അസ്വസ്ഥതയുണ്ടാക്കുന്ന ചിത്രങ്ങളിൽ നിന്നും ട്വീറ്റുകളിൽ നിന്നും വിട്ടുനിന്നത് എന്റെ ഉത്കണ്ഠ കുറച്ചുവെങ്കിലും എന്റെ കുറ്റബോധം വർദ്ധിച്ചു കൊണ്ടിരുന്നു. മുമ്പ് സമരങ്ങളിൽ സജീവമായിരുന്നിടത്ത് ഇപ്പോൾ ഞാൻ നിസ്സഹായയായി.

ഒരിക്കൽ കൂടി ഞാൻ എന്റെ പേജുകളെല്ലാം മറിച്ചുനോക്കി. ദിവസവും എഴുതുന്ന രണ്ട് മണിക്കൂർ എനിക്ക് യുദ്ധ സ്ഥലത്തിന് പുറത്ത് ജീവിക്കാൻ കഴിഞ്ഞു. ഹോവാർഡ് സിൻ തന്റെ ടൈംസ് ഓഫ് വാർ എന്ന ലേഖന സമാഹാരത്തിൽ പറയുന്നത് പോലെ ഞാൻ ഇവിടെ ഇപ്പോഴുമുണ്ട്. എനിക്ക് നിയന്ത്രിക്കാൻ സാധ്യമാകാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ഞാൻ നിർത്തി. ചെക്കപോസ്റ്റുകളിൽ മരിക്കുന്ന ഗർഭിണികളെക്കുറിച്ചോ അസ്ഥികൂടങ്ങളായി മാറുന്ന കുഞ്ഞുങ്ങളുടെ നേർക്ക് നിസ്സഹായതയോടെ നോക്കൂന്ന മാതാപിതാക്കളോ ബോംബാക്രമണത്തിന് ശേഷം പ്രിയപ്പെട്ടവരുടെ ശരീരഭാഗങ്ങൾ കൂട്ടിച്ചേർക്കേണ്ട ഗതികേടിൽ അകപ്പെട്ടവരെക്കുറിച്ചോ ഞാൻ ചിന്തിച്ചില്ല.

വേദനയിൽ പൊതിഞ്ഞ കുറിപ്പുകൾ
മാമ സയ്യിദക്ക് സമർപ്പിച്ചിരുന്ന സീരീസ് ക്രമേണ ഒരു നോവലായി മാറി. മരണം വരെ മാമ ഇഷ്ടപ്പെട്ടിരുന്ന പ്രതിദിന തുഫ്‌റൂതാസിനെ(കൂടിച്ചേരലുകൾ) കുറിച്ചും ഞാൻ അതിൽ എഴുതിയിട്ടുണ്ട്. ഓരോ യമനി സ്ത്രീയും ഉച്ചക്ക് ശേഷം വിശ്രമിക്കാനെടുക്കുന്ന സമയങ്ങളാണത്. അന്നേരം കൊന്തയുള്ള വസ്ത്രങ്ങൾ ധരിച്ച് ശരീരത്തിൽ സുഗന്ധം പൂശിയാണ് തുഫ്‌റൂതക്ക് അവർ വരിക. ചിലപ്പോൾ വളരെ അടുത്ത സ്‌നേഹിതകളുടെ ഒത്തുകൂടലായിരിക്കും. ചിലപ്പോളത് വിവാഹം, ബിരുദം, ജനനം എന്നിവ ആഘോഷിക്കുവാനുള്ള ചടങ്ങുകളായിരിക്കും. സ്ത്രീകളാൽ തിരക്കേറിയ മുറി സുഗന്ധം, സിഗരറ്റ്, ഷീഷ, വിയർപ്പ് എന്നിവയാൽ നിറയും.

എന്റെ ബാല്യകാലത്തെക്കുറിച്ചും ഞാനതിൽ എഴുതിയിട്ടുണ്ട്. എന്റെ ഇഷ്ട ഭക്ഷണമായ അബൂ മലാഖയെക്കുറിച്ചും(വലത് ഭാഗത്ത് പാൽ ചോക്ലേറ്റും ഇടത് ഭാഗത്ത് വൈറ്റ് ചോക്ലേറ്റും വെച്ച് രണ്ട് ഭാഗമുള്ള ഒരു പ്ലാസ്റ്റിക്ക് ടൂബിൽ തയ്യാറാക്കപ്പെട്ടിട്ടുള്ള ഭക്ഷണം) ഞാൻ എഴുതിയിട്ടുണ്ട്. ചില സമയങ്ങളിൽ അതിനകത്തെ ചോക്ലേറ്റ് പുറത്തെടുക്കാൻ ഞാൻ മരം കൊണ്ടുണ്ടാക്കിയ ചെറിയ സ്പൂണുകൾ ഉപയോഗിക്കും. എന്നാലും മിക്കപ്പോഴും ചൂണ്ടുവിരൽ തന്നെയാണ് ഞാൻ ഉപയോഗിക്കാറുള്ളത്.

സന്തോഷകരമായ സംഭവങ്ങൾ മാത്രമായിരുന്നില്ല ഞാൻ അതിൽ എഴുതിച്ചേർത്തത് മറിച്ച്, എനിക്ക് വളരെ പ്രയാസങ്ങളുണ്ടായ അധ്യായങ്ങളും അതിലുണ്ട്. ഞാൻ രേഖപ്പെടുത്തിവെച്ച മൃതദേഹങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. അവയിൽ ചിലത് എന്നന്നേക്കുമായി എന്റെ മനസ്സിൽ കൊത്തിവെക്കപ്പെട്ടിരിക്കുന്നു: ‘ജാലകങ്ങളൊന്നുമില്ലാത്ത പത്ത് മുതൽ പന്ത്രണ്ട് അടി മാത്രമായിരുന്നു ഓരോ റൂമും. ഒരു ശരീരത്തിനും വാസനയുണ്ടായിരുന്നില്ല. ഒരുപക്ഷെ, ഒരു മണിക്കൂർ മുമ്പ് കൊല്ലപ്പെട്ടതാകാം കാരണം. കൊതുകിന്റെ മൂളൽ മാത്രമേ കേൾക്കാനുണ്ടായിരുന്നൊള്ളൂ. റൂമിന്റെ ഒത്ത നടുക്കുള്ള രണ്ട് തട്ട് കട്ടിലിൽ മെലിഞ്ഞ ഒരു പതിനാല് വയസ്സുകാരന്റെ മൃതശരീരം വെള്ള പുതപ്പിൽ പൊതിഞ്ഞ് കിടക്കുന്നത് കണ്ടു. ആ പുതപ്പ് തുറന്ന് അവനുടനെ പുറത്തു വരുമെന്ന് എനിക്ക് തോന്നി. അങ്ങനെയായിരുന്നെങ്കിൽ അവന് അവന്റെ പിതാവിനൊപ്പം ജീവിക്കാനാകുമായിരുന്നു’.

ഇന്ന്, ഞങ്ങൾ അടുത്തിടെ ജോലിക്ക് പോയ ബ്രസ്സൽസിലെ പുതിയ വീട്ടിൽ വെ്ച്ച് എന്റെ മാതൃ രാജ്യത്ത് സംഘർഷം രൂക്ഷമാകുന്നത് ഞാൻ ഇപ്പോഴും കാണുന്നു. കവി സുഹൈർ ഹമ്മാദ് പറഞ്ഞത് പോലെ: ‘സൃഷ്ടിപരവും പരിധിയില്ലാത്തതുമായ മനുഷ്യന്റെ ആക്രമണത്തെ ചുറ്റിപ്പറ്റിത്തിരിയുകയാണ് എന്റെ ചിന്ത’. മാറ്റമെന്താണെന്ന് വെച്ചാൽ, എനിക്ക് നിയന്ത്രിക്കാൻ സാധ്യമാകുന്ന കാര്യങ്ങളെക്കുറിച്ച് മാത്രമേ ഞാനിപ്പോൾ ചിന്തിക്കുന്നൊള്ളൂ. കഥകളിലും സംസ്‌കാരത്തിലുമായി യമനിനെ ഞാനിപ്പോഴും ജീവിപ്പിച്ച് നിർത്തുന്നു.

സങ്കടത്തെക്കാൾ മറ്റു പല വികാരങ്ങളുമാണ് ഇപ്പോൾ എനിക്കുള്ളത്. ആദ്യം അവ എന്റെ കഥാപാത്രങ്ങളുടെ വികാരങ്ങളായിരുന്നെങ്കിൽ ഇപ്പോഴത് എന്റെ തന്നെ വികാരങ്ങളാണ്. സ്ത്രീകളുടെ പാർട്ടികളെക്കുറിച്ചും(മികച്ച ചായ വിളമ്പിയിരുന്ന പുരാതന സൻആയിലെ അമ്മോ അലി കഫെയായിരുന്നു അതിൽ പ്രധാന കേന്ദ്രം) യമനിലെ പ്രശസ്തമായ ബിസ്‌കറ്റിനെക്കുറിച്ചുള്ള(അബൂ വലദ് എന്നാണ് അതിന്റെ പേര്) എന്റെ ബാല്യകാല ഓർമ്മകളെക്കുറിച്ചും എഴുതുമ്പോൾ ഭയത്തിൽ നിന്നെല്ലാം ഞാൻ മുക്തയാകുന്നു.

ആഴമേറിയ സങ്കടങ്ങളെ പ്രതിരോധിക്കാനും സംഭിവിച്ച കാര്യങ്ങളെ അപനിർമ്മാണം നടത്താനും ഫിക്ഷനിലൂടെ എനിക്ക് സാധ്യമായി. വർഷങ്ങൾക്കുശേഷം എന്റെ ബാല്യകാല ഡയറിക്കുറിപ്പുകളിലേക്ക് മടങ്ങിയെത്തുമ്പോൾ, പതിനൊന്ന് വയസ്സുകാരിയുടെ വേദനാജനകമായ ഓർമ്മകൾ വായിച്ച് ഞാൻ ഞെട്ടിപ്പോയി.

ദീർഘ കാലമായി ഞാൻ ഉപേക്ഷിച്ചു കളഞ്ഞ കാര്യത്തിൽ വീണ്ടും സജീവമാകാൻ എഴുത്ത് എന്നെ സഹായിക്കുന്നുണ്ട്. എഴുതുകയെന്നാൽ മാറ്റിയെഴുതലാണെന്ന് പറയാറുണ്ട്. ഞാൻ എഴുതിയത് ഓരോ തവണ എടുത്ത് വായിക്കുമ്പോഴും അതിന് ഞാൻ പുതിയ അർത്ഥങ്ങൾ നൽകുന്നു. ദുഖിക്കാൻ മാത്രമല്ല കരയാനുള്ള ഇടം കൂടിയാണ് ഫിക്ഷൻ എനിക്ക് നൽകിയത്. ദി ഇയർ ഓഫ് മാജിക്കൽ തിങ്കിംഗ് എന്ന പുസ്തകത്തിൽ ജോൺ ഡിഡിയൻ പറയുന്നുണ്ട്: ‘ദുഖം നിഷ്‌ക്രിയമാണ്. അത് സംഭവിച്ചു കഴിഞ്ഞു. പിന്നീട് അതിനെ കൈകാര്യം ചെയ്യുന്നത് കരച്ചിലോ തേങ്ങലോ ആണ്. അതാണ് അതിലേക്ക് ശ്രദ്ധ നേടിത്തരുന്നത്’.

വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടുവരാനും വാർപ്പുമാതൃകയിലല്ലാതെ ചിന്തിക്കാനും ഫിക്ഷൻ എനിക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നു. കാരണം, മനുഷ്യ സ്വഭാവത്തിന്റെ സങ്കീർണതകളെ നോവൽ വിലമതിക്കുന്നു. കഥാപാത്രങ്ങളുടെ ഡയലോഗുകളിലൂടെ ഞാൻ എന്റെ തന്നെ പിശാചിന്റെ വക്താവായി മാറുകയും എന്റെ സ്വന്തം വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഒരു ഘട്ടത്തിൽ, എന്നെ വേദനപ്പിക്കുന്നവരെ പോലും നായകനാക്കി കൊണ്ടുവരാൻ ഞാൻ ശ്രമിക്കുന്നു. അങ്ങനെ ചെയ്യുക വഴി സഹതാപത്തിൽ നിന്നും ലജ്ജയിൽ നിന്നും ഞാൻ ഒളിച്ചോടാൻ ശ്രമിക്കുന്നു.

വിത്യസ്ത പതിപ്പുകളിലൂടെയാണ് എന്റെ നോവൽ കടന്നുപോയത്. എന്റെ മുത്തശ്ശിയുടെ സ്വകാര്യ ജീവിത യാത്രയിൽ തുടങ്ങി ഇപ്പോൾ അത് രോഗശാന്തിയിലേക്കുള്ള നീണ്ട പാത തേടിയുള്ള പര്യവേക്ഷണമാണത്. മാമ സയ്യിദയോട് കൂടുതൽ കഥകൾ ചോദിക്കാൻ സാധിച്ചിരുന്നെങ്കിലെന്ന് ഞാനിന്ന് ആഗ്രഹിക്കുന്നു, അവരിന്നില്ല. എനിക്ക് കഴിയാവുന്നത്ര സങ്കൽപിച്ചെടുക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങൾ പറയാതെ കിടപ്പുണ്ട്.

വിവ- മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles