Current Date

Search
Close this search box.
Search
Close this search box.

അംബേദ്കറൈറ്റായി മാറിയ കർസേവകന്റെ ജീവിതം

ഒരിക്കൽ ആർ.എസ്.എസ്സിൽ പ്രവർത്തിക്കുകയും പിന്നീട് പുറത്തുവരികയും ചെയ്തവരുടെ അനുഭവകുറിപ്പുകളിലൂടെയാണ് ആർ.എസ്.എസ്സിന്റെ പ്രവർത്തനശൈലി പുറംലോകം വ്യക്തമായി അറിഞ്ഞിട്ടുള്ളത്. ആർ.എസ്.എസ്സിന്റെ ഭാഗമാവുകയും പിന്നീട് അതിന്റെ പ്രവർത്തനരീതിയിൽ അതൃപ്തരായി പുറത്തുവരികയും ചെയ്തവർ നിരവധിയാണ്. ആർ.എസ്.എസ്സിന്റെ കടുത്ത വിമർശകരിൽ ഒരാളായിരുന്നു ഡോ. ഡി.ആർ ഗോയൽ. സംഘ്പരിവാർ നേതാക്കളെ കുറിച്ചും, ഇന്ദിര ഗാന്ധി സർക്കാരിന്റെ നയങ്ങൾക്കെതിരെ ജയ്പ്രകാശ് നാരായണനും മറ്റു രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് ആരംഭിച്ച സർക്കാർ വിരുദ്ധ ജനകീയ പ്രസ്ഥാനത്തിൽ നിന്ന് അകലംപാലിച്ചു കൊണ്ട് എങ്ങനെയാണ് ആർ.എസ്.എസ് ഇന്ദിര ഗാന്ധിയോട് മാപ്പപേക്ഷിച്ചത് എന്നതിനെ കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ നൽകുന്നതാണ്ആർ.എസ്.എസ്സിനെ നിശിതമായി വിമർശിച്ചു കൊണ്ടുള്ള ഗോയലിന്റെ എഴുത്തുകൾ.

മഹാരാഷ്ട്രയിലെ ചിറ്റ്പവൻ ബ്രാഹ്മണർക്കാണ് ആർ.എസ്.എസ്സിൽ ആധിപത്യമുള്ളത്. ഉത്തർപ്രദേശിൽ നിന്നുള്ള താക്കൂർ വിഭാഗക്കാരനായ രാജേന്ദ്ര സിംഗിനെ (രജു ഭയ്യ) ഒഴിച്ചുനിർത്തിയാൽ ചരിത്രത്തിൽ ഒരിക്കൽപോലും മറ്റു സമുദായങ്ങളിൽ നിന്നുള്ളവർ ആർ.എസ്.എസ്സിന്റെ നേതൃനിരയിലേക്ക് ഉയർന്നുവന്നിട്ടില്ല. ബ്രാഹ്മണരിൽ നിന്നു തന്നെ, കെ.എസ് സുദർശൻ ഒഴിച്ച്, ബാക്കിയെല്ലാവരും മഹാരാഷ്ട്രക്കാരാണ്. മഹാരാഷ്ട്രിയൻ ബ്രാഹ്മണർക്കും, അവർക്ക് സാമ്പത്തികസഹായം നൽകുന്നവരെന്ന് പറയപ്പെടുന്ന ഗുജറാത്തി മർവാരികൾക്കും ഇടയിലുള്ള തൊഴിൽവിഭജനമാണ് ഇതിൽ ഏറെ താൽപര്യമുണർത്തുന്ന ഭാഗം.

1980ൽ ഇന്ദിരാ ഗാന്ധി അധികാരത്തിലേക്ക് തിരിച്ചുവന്നതിനു ശേഷം, കോൺഗ്രസ് കൂടുതലായി ഹിന്ദുത്വത്തിലേക്ക് ചാഞ്ഞു, എത്രത്തോളമെന്നു വെച്ചാൽ, 1984-ൽ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനു ശേഷം രാജീവ് ഗാന്ധി ദൽഹിയിൽ അധികാരമേറ്റപ്പോൾ, സംഘ്പരിവാർ അദ്ദേഹത്തെ പരസ്യമായി തന്നെ പിന്തുണച്ചിരുന്നു. ഒരു പ്രാദേശിക കോടതി വിധിയിലൂടെ അയോധ്യയ്ക്കു മേലുണ്ടായിരുന്ന സാങ്കേതികപ്പൂട്ട് തുറന്നുകൊടുത്തതാണ് രാജീവ് ഗാന്ധി പ്രത്യുപകാരം ചെയ്തത്.

പ്രാതിനിധ്യ പരിപ്രേക്ഷ്യത്തിൽ നിന്നുനോക്കുമ്പോൾ 1990-കളായിരുന്നു ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും കലുഷിതമായ വർഷങ്ങൾ. മണ്ഡൽ കമണ്ഡൽ (സന്യാസിമാരുടെ കമണ്ഡലു) യുദ്ധത്തിൽ മണ്ഡലിനായിരുന്നു വിജയം. എന്നാൽ മണ്ഡൽ ശക്തികളുടെ വിജയം ബ്രാഹ്മണ അധീശത്വത്തിന്റെ തകർച്ചയാണ് അർഥമാക്കുന്നതെന്ന് സംഘ്പരിവാറിന് നന്നായിട്ടറിയാമായിരുന്നു. അതിനാൽ മറ്റു സമുദായങ്ങളിൽ നിന്നുള്ളവരെ സംഘപരിവാറിൽ ചേർക്കുന്ന പ്രവർത്തനങ്ങൾ അവർ തുടർച്ചയായി നടത്തി. അവരുമായി ചേർന്നു പ്രവർത്തിക്കുകയും വിവേചനങ്ങൾ നേരിടേണ്ടി വരികയും ചെയ്ത ദലിത് ആദിവാസി വിഭാഗക്കാർ ഒരുപാടുണ്ട്. വലതുപക്ഷ രാഷ്ട്രീയത്തെ കുറിച്ചും അവരുടെ ‘സാംസ്കാരിക ദേശീയത’യെ കുറിച്ചും മനസ്സിലാക്കുന്നതിൽ അത്തരം ഫസ്റ്റ് പേഴ്സൺ നരേറ്റീവുകൾ വളരെ പ്രധാനമാണ്. കൂടുതൽ ദലിത് ആദിവാസി വിഭാഗക്കാരെ തങ്ങളുടെ കീഴിലേക്ക് കൊണ്ടുവരാൻ ആർ.എസ്.എസ്സിന് കഴിയുന്നുണ്ടെങ്കിൽ, അത് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ മാത്രം നേട്ടമല്ല, മറിച്ച്ബഹുജനത്തിന്റെ അല്ലെങ്കിൽ ആദിവാസികളുടെ പേരിലുള്ള സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സമ്പൂർണ പരാജയം കൂടിയാണത്.

സജീവ അംബേദ്കറൈറ്റ് പ്രവർത്തകനും എഴുത്തുകാരനുമാണ് ബൻവർ മേഘവൻശി. അംബേദ്കറൈറ്റ് പ്രസ്ഥാനത്തിന്റെ പ്രചാരണാർഥം രാജസ്ഥാനിലുടനീളം അദ്ദേഹം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. 1990-കളിൽ രാജസ്ഥാനിലെ ബിൽവാരയിലെ ആർ.എസ്.എസ് ജില്ലാ ഓഫീസ് തലവനായി കൊണ്ടാണ് അദ്ദേഹം തന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. മുസ്ലിം വിരുദ്ധ പാഠങ്ങൾ പകർന്നു നൽകിയ പ്രസ്തുത പദവി, ബാബരി മസ്ജിദ് ധ്വംസന ‘പ്രസ്ഥാനത്തിൽ’ അദ്ദേഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തി. അയോധ്യയിലെ രാമക്ഷേത്രം തകർത്ത മുഗളന്മാരുടെ കിരാതവാഴ്ചയുടെയും ഹിന്ദുക്കളുടെ അടിമത്തത്തിന്റെയും ‘അടയാളമായിരുന്നു’ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അന്ന് ബാബരി മസ്ജിദ്. മുലായം സിംഗ് യാദവ് സർക്കാർ ബാബരി മസ്ജിദ് പൊളിക്കാനെത്തിയ കർസേവകരെ തടഞ്ഞതോടെ ബൻവറിന് അയോധ്യയിൽ എത്തിച്ചേരാൻ സാധിച്ചില്ല. ഉത്തർപ്രദേശിൽ, പള്ളി പൊളിക്കാനെത്തിയ അക്രമാസക്ത ജനകൂട്ടത്തിനെതിരെ പൊലീസിന് വെടിവെക്കേണ്ടി വന്നു. വെടിവെപ്പിൽ അനവധി പേർ കൊല്ലപ്പെട്ടു. സംഘ്പരിവാറും ഹിന്ദി പത്രങ്ങളും കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി വാഴ്ത്തി.

ബൻവറിന്റെ ഫസ്റ്റ് പേഴ്സൺ ആഖ്യാനം സംഘ്പരിവാറിനെയും അവരുടെ ജാതി രാഷ്ട്രീയത്തെയും തുറന്നുകാട്ടുന്നുണ്ട്. മറ്റു ജാതിക്കാരെ അവർ സന്തോഷത്തോടെ സംഘടനയിലേക്ക് സ്വീകരിച്ചിരുത്തുമെങ്കിലും, ഒരിക്കൽ ഒരുമിച്ച് ഇരുന്നതു കൊണ്ട് ഇല്ലാതാവുന്നതല്ല അവരുടെ ജാതി ശ്രേണി. സംഘ്പരിവാർ സാഹിത്യങ്ങൾ അല്ലാതെ വേറൊന്നും തന്നെ അദ്ദേഹം വായിച്ചിട്ടുണ്ടായിരുന്നില്ല. പാഞ്ചജന്യമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട പ്രസിദ്ധീകരണം. പാഞ്ചജന്യവും സീതാ റാം ഗോയലിനെയും മാത്രം വായിക്കുന്ന ഒരാളുടെ പ്രത്യയശാസ്ത്ര കരുത്ത് ഇതിൽ നിന്നും നമുക്കു മനസ്സിലാക്കാൻ കഴിയും.

രാജസ്ഥാനിലെ മേഘവാൽ സമുദായത്തിൽ നിന്നാണ് ബൻവർ മേഘവൻശി വരുന്നത്. വ്യത്യസ്ത ദലിത് സമുദായങ്ങളുമായി താരതമ്യം ചെയ്താൽ രാഷ്ട്രീയ നിലപാട് ഉയർത്തിപിടിക്കുന്ന വിഭാഗമാണ് മേഘവാൽ എന്നു കാണാൻ സാധിക്കും. ഡോ. ബാബ സാഹേബ് അംബേദ്കർ ചെന്നെത്തിയ ഇടങ്ങളിലെല്ലാം തന്നെ ദലിതർ തങ്ങളുടെ രാഷ്ട്രീയ ശബ്ദം ഉയർത്തുകയും ബ്രാഹ്മണ അധീശത്വത്തിനു മുന്നിൽ കുനിയാൻ വിസമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ബ്രാഹ്മണ അധീശത്വത്തെ വെല്ലുവിളിച്ചു കൊണ്ട് ദലിതർ സ്വന്തം കാലിൽ എഴുന്നേറ്റുനിന്നതിന്റെ ഉദാഹരണങ്ങളാണ് മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ. നിർഭാഗ്യവശാൽ, രാജസ്ഥാനിൽ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല, തദ്ഫലമായി ബ്രാഹ്മണ അധീശത്വ രാഷ്ട്രീയ വ്യവസ്ഥയാണ് അവിടെ ആധിപത്യമുറപ്പിച്ചത്. ഒരുപക്ഷേ, അംബേദ്കറൈറ്റ് സാഹിത്യത്തിന്റെയും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും അഭാവം കാരണമാവാം അങ്ങനെ സംഭവിച്ചത്.

ദലിത് സമുദായാംഗം എന്ന കാരണത്താൽ സംഘ്പരിവാറിന്റെ യോഗത്തിൽ ബൻവർ മേഘവൻഷിക്ക് വിവേചനം നേരിടേണ്ടി വന്നു. ഓ.ബി.സി വിഭാഗത്തിന് മേധാവിത്വമുള്ള ഒരു ഗ്രാമത്തിൽ അധ്യാപകനായി നിയമിക്കപ്പെട്ടപ്പോൾ, ജാതി ശ്രേണിയിൽ തങ്ങളേക്കാൾ താഴ്ന്ന ജാതിയിൽപ്പെട്ട ഒരാൾ പഠിപ്പിക്കാൻ വരുന്നതിൽ അവർ അസ്വസ്ഥരായി. ബൻവറിനെ സ്വീകരിക്കാൻ അവർ ഒരുക്കമല്ലായിരുന്നു.

കേവലം ആർ.എസ്.എസ്സിൽ നിന്നും പുറത്തുവരിക മാത്രമല്ല, അവരെ നേർക്കുനേർ എതിരിടാൻ കൂടി ബൻവർ തീരുമാനിച്ചിരുന്നു. തന്റെ പ്രദേശത്ത് എ.ബി.വി.പിക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് ഒരു സമാന്തര വിദ്യാർഥി സംഘടനം അദ്ദേഹം രൂപീകരിച്ചു. പതുക്കെ പതുക്കെ അംബേദ്കർ ചിന്തകളിലേക്ക് അദ്ദേഹം ആകൃഷ്ടനാവുകയും, ജാതി വിവേചനം, തൊട്ടുകൂടായ്മ, സംവരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട അംബേദ്കർ ചിന്തകൾ അദ്ദേഹത്തിന്റെ കണ്ണുതുറപ്പിക്കുകയും ചെയ്തു.

‘മേം ഏക് കർസേവക് ത്ഥാ’ എന്ന ബൻവർ മേഘവൻശിയുടെ കൃതി ഹിന്ദി ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ആർ.എസ്.എസ്സിലെ തന്റെ ആദ്യനാളുകളെ കുറിച്ചുള്ള ഓർമകളാണ് അദ്ദേഹം സവിസ്തരം പങ്കുവെക്കുന്നത്. നവരൺ പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

അവലംബം: countercurrents.org
മൊഴിമാറ്റം: ഇർഷാദ് കാളാചാല്‍

Related Articles