തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അപരരെന്ന് മുദ്രയടിച്ച് നിഷ്‌ക്രിയരാക്കാൻ കാലത്തിന്റെ വിവിധ സന്ദർഭങ്ങളിൽ ദംഷ്ട്രകൾ പുറത്തെടുത്ത ഹിംസാത്മകമായ ആശയമാണ് ‘വെറുപ്പ്’. ‘അവരെ’ ഉന്മൂലനം ചെയ്യാൻ ‘നമ്മളാ’യ ഭരണകൂടങ്ങളും ഫാഷിസ്റ്റ് ചിന്തകളും എപ്പോഴും കണ്ടെത്തിയ വഴി വെറുപ്പിന്റെ ഉൽപ്പാദനമായിരുന്നു. അഡോൾഫ് ഹിറ്റ്‌ലർ ജർമനിയിലും ബെനീത്തോ മുസോളിനി ഇറ്റലിയിലും ജൂതർക്കെതിരെ പ്രയോഗിച്ചതും സയണിസം ഫലസ്തീനിൽ മുസ്‌ലിങ്ങൾക്കെതിരെ പ്രയോഗിക്കുന്നതും ‘വെറുപ്പി’നെയാണ്.
മുസ്‌ലിമെന്ന പേരുപോലും വെറുപ്പിന്റെയും പതിതാവസ്ഥയുടെയും പര്യായമായി യൂറോപ്പിൽ പ്രയോഗിച്ചിരുന്നുവെന്നറിയുമ്പോൾ, അൽഭുതപ്പെട്ടുപോവും. നാസികളുടെ കോൺസൺട്രേഷൻ ക്യാമ്പിലെ ജൂതർ വിശേഷിപ്പിക്കപ്പെട്ടത് ‘മുസൽമാന്മാർ’ എന്നായിരുന്നു. മുസ്‌ലിങ്ങളായതിനാലല്ല അവർ അപ്രകാരം അഭിസംബോധനം ചെയ്യപ്പെട്ടത്. മറിച്ച്, അക്കാലത്ത് ഭീതിയുടെയും നിസ്സഹായതയുടെയും വാക്കായാണ് ‘മുസൽമാൻ’ പ്രയോഗിക്കപ്പെട്ടത്. അറബികൾക്കും മുസ്‌ലിങ്ങൾക്കുമെതിരെ വെറുപ്പിന്റെ ആശയങ്ങൾ രൂപപ്പെടുത്തുകയായിരുന്നല്ലോ ഓറിയന്റ്‌ലിസ്റ്റുകളും ഹോളിവുഡ് സിനിമകളും ചെയ്തിട്ടുണ്ടായിരുന്നുത്. കാലമേറെ ചെന്നപ്പോൾ, യൂറോപ്പിന്റെ പൊതുബോധം നിസ്സഹായതയുടെയും പേടിയുടെയും പര്യായമായി ‘മുസൽമാനെ’ കണ്ടു.
ക്ലാസിക്കൽ ഫാഷിസത്തേക്കാൾ ആഴത്തിൽ വേരുകളുള്ള ആശയമാണ് ഇന്ത്യയിലെ സംഘ്ഫാഷിസം. വെറുപ്പാണ് അതിന്റെ മൂലധനം. ആരോടൊക്കെയാണ് വെറുപ്പ് വെച്ചുപുലർത്തേണ്ടതെന്ന് സംഘ്ഫാഷിസത്തിന്റെ ആചാര്യനായ ഗുരുജി ഗോൾവാൾക്കാർ വിചാരധാരയിൽ കൃത്യമായി പറഞ്ഞുതന്നിട്ടുണ്ട്. ‘ആന്തരികഭീഷണികളാ’യ മുസ്‌ലിങ്ങളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകളെയുമാണ് സംഘ്ഫാഷിസം വെറുക്കപ്പെടേണ്ടവരായി കാണുന്നത്(വിചാരധാര 267 മുതൽ 300 വരെയുള്ള പേജുകൾ കാണുക).
സമകാലീന ഇന്ത്യയിൽ സംഘ്ഫാഷിസത്തിന്റെ ‘വെറുപ്പ്’ എങ്ങനെയൊക്കെയാണ് പ്രവർത്തിക്കുന്നതെന്ന് കാണിച്ചുതരുന്ന ശ്രദ്ധേയമായ കൃതിയാണ് കൂര ബുക്‌സ് പ്രസിദ്ധീകരിച്ച നിസാർ പുതുവനയുടെ ‘വെറുപ്പ്: വിദ്വേഷം-കലാപം-അധികാരം’ എന്ന പുസ്തകം. പത്തൊമ്പത് അധ്യായങ്ങളിലായാണ് കൃതി ക്രമീകരിച്ചിരിക്കുന്നത്. സംഘ്ഫാഷിസം പ്രക്ഷേപിക്കുന്ന വെറുപ്പിന്റെ ബഹുവിധ രൂപങ്ങൾ കൃതിയിൽ വായിക്കാവുന്നതാണ്.
ഒന്നാം അധ്യായത്തിന്റെ നാമം ‘വെറുപ്പ് ആത്മാവിന്റെ വ്രണമാണ്’ എന്നാണ്. വെറുപ്പിനെ സംബന്ധിച്ച നീരീക്ഷണങ്ങളാണിവിടെ. മുഴുവൻ ഫാഷിസ്റ്റ് സംഘങ്ങളുടെയും മൂലധനം വെറുപ്പാണ്. വ്യക്തിയോടോ, കൂട്ടത്തോടോ, സമൂഹത്തോടോ തോന്നുന്ന സ്ഥായിയായ വികാരമാണത്. അറപ്പാകട്ടെ താൽക്കാലിക വികാരവും. മനുഷ്യനെ ഒരുതരം ഉന്മാദിയാക്കുന്ന മാരക വിഷമാണ് വെറുപ്പ്. അതോടൊപ്പം, സംഘ്ഫാഷിസത്തിൽ അന്തസ്ഥിതമായ വെറുപ്പിന്റെ ചേരുവകളും ഈ ഭാഗത്ത് അനാവരണം ചെയ്യപ്പെടുന്നുണ്ട്. വെറുപ്പ് ആധാരമായി സ്വീകരിച്ച ലക്ഷണമൊത്ത ഫാഷിസ്റ്റ് സംഘടനയത്രെ ആർ.എസ്.എസ്. നിലവിൽ മുസ്‌ലിങ്ങൾക്കെതിരെയാണ് വെറുപ്പിന്റെ വിഷങ്ങൾ ആർ.എസ്.എസ് വമിക്കുന്നത്. സംഘ്ഫാഷിസം ഇന്ത്യയിൽ രൗദ്രഭാവം പൂണ്ടതായി നോം ചോംസ്‌കി നിരീക്ഷിക്കുന്നു.
ഇല്ലാത്ത ഒരു കാര്യത്തെ നുണപ്രചരണത്തിലൂടെ ഉണ്ടെന്ന് വരുത്തി, അപരരെ പൈശാചികവൽക്കരിക്കൽ വെറുപ്പിന്റെ വക്താക്കളുടെ നയതന്ത്ര രീതിയാണ്. സംഘ്ഫാഷിസവും ഈ തന്ത്രം നന്നായി പയറ്റുന്നുണ്ട്. ‘ലവ് ജിഹാദ്’, ‘കൊറോണ ജിഹാദ്’, ‘ജോബ് ജിഹാദ്’, ‘ഭക്ഷണ ജിഹാദ്’ തുടങ്ങിയ പ്രയോഗങ്ങളിലൂടെ പൊതുധാരയിൽ ഇസ്‌ലാം, മുസ്‌ലിം പേടികൾ സൃഷ്ടിക്കാൻ സംഘ്ഫാഷിസത്തിന് സാധിച്ചിട്ടുണ്ട്. ജൂതന്മാർ ‘ടൈഫസ്’പടർത്തുന്നുവെന്ന് നാസികൾ പ്രചരിപ്പിച്ചിരുന്നു. അതിന്റെ പുനരാവിഷ്‌കാരമായി സംഘ്ഫാഷിസത്തിന്റെ നുണപ്രചാരണങ്ങളെ വിലയിരുത്താം. കോടതികൾപോലും ‘ലവ് ജിഹാദി’ല്ലെന്ന് വിധിയെഴുതിയിട്ടും സംഘ്ഫാഷിസം അതിന്റെ പിന്നാലെ പോകുന്നതിന്റെ ഉള്ളിലിരുപ്പ് ഗ്രഹിക്കാനാവും. ഈ വക കാര്യങ്ങളാണ് മൂന്നാമത്തെ അധ്യായത്തിൽ വിഷയീഭവിക്കുന്നത്.
ജൂതന്മാർ ‘മുസൽമാനെ’ന്ന് വിശേഷിപ്പിക്കപ്പെട്ടപോലെ, സംഘ്ഫാഷിസത്തിന്റെ വക്താക്കൾ മുസ്‌ലിങ്ങളല്ലാത്ത തങ്ങളുടെ എതിരാളികളെ വിശേഷിപ്പിക്കാൻ വെറുപ്പിന്റെ പര്യായമായി മുസ്‌ലിം നാമങ്ങൾ പ്രയോഗിക്കുന്നത് കാണാം. തീവ്ര ഹിന്ദുത്വ വക്താവായ യോഗി ആദിത്യനാഥ് മമതാ ബാനർജിയെ എപ്പോഴും അഭിസംബോധന ചെയ്യാറുള്ളത് ‘ബീബി’യെന്നാണ്. അഖിലേഷ് യാദവ് ‘ഔറംഗസീബെ’ന്നും മുലായം സിങ് യാദവ് ‘അബ്ബാജാനെ’ന്നും അഭിസംബോധന ചെയ്യപ്പെടുന്നു.
വെറുപ്പിന്റെ വിഷപ്പുകകൾ മാത്രം പുറത്തുവിടുന്ന വലിയൊരു ഫാക്ടറിയാണ് സംഘ്ഫാഷിസമെന്ന് നിസ്സംശയം പറയാം. അധികാരത്തിലേറിയശേഷം, അതിന്റെ നേതാക്കൾ നടത്തിയ വെറുപ്പിൽ ചാലിച്ച പ്രസ്താവനകളുടെയും പ്രയോഗങ്ങളുടെയും വലിയൊരു ശേഖരം തന്നെയുണ്ട്. അവയിൽ ഏറെക്കുറെ നിസാർ പുതുവന വിശകലനം ചെയ്യുന്നുണ്ട്. വെറുപ്പിന്റെ പ്രചരണത്തിലൂടെ വംശഹത്യക്ക് മണ്ണൊരുക്കുകയാണ് സംഘ്ഫാഷിസം ചെയ്യുന്നതെന്ന് ഗ്രന്ഥകാരൻ പറഞ്ഞുവെക്കുന്നു. ‘വെറുപ്പ് ചീറ്റുന്നവരെ എങ്ങനെ നേരിടാം’ എന്ന അധ്യായത്തോടെയാണ് കൃതി അവസാനിക്കുന്നത്. പൗരത്വബോധമുള്ള വ്യക്തികളെയും കൂട്ടായ്മകളെയും ഉയർത്തികൊണ്ട് വരികയെന്നതാണ് അതിനുള്ള പരിഹാരം. വെറുപ്പ് പടർത്തുന്ന പ്രസംഗങ്ങൾക്കെതിരെ പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്ന കൂട്ടായ്മക്ക് ഉദാഹരണമാണ് സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആന്റ് പീസ്(സി.ജെ.പി).
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5