Current Date

Search
Close this search box.
Search
Close this search box.

വേറിട്ടൊരു ഹജ്ജനുഭവം

ലഖ്നോ എന്നെ ഭ്രമിപ്പിച്ച നഗരിയാണ്. അവധ് സംസ്കാരത്തോടും ഉറുദു സംസാരത്തോടുമുള്ള പ്രത്യേക പരിഗണന ഇന്നും ഞരമ്പുകളിൽ നനവുള്ള ഓർമ്മകളായി സജീവം. ആ ഓർമ്മകളുടെ കുത്തൊഴുക്കിന്റെ ചിറ ഇന്ന് തുറന്നുവിട്ടത് സഹോദരൻ ശബാബ് കോക്കൂരാണ്. ശുദ്ധ ലഖ്നോക്കാരനായിരുന്ന അമീർ അഹ്മദ് അലവിയുടെ ഹിന്ദുസ്ഥാനി ഗ്രന്ഥം സഫറെ സാദാത് എന്ന ഹജ്ജ് യാത്രാക്കുറിപ്പ് മലയാളത്തിൽ വായിച്ചപ്പോഴാണത് സംഭവിച്ചത് . DC ബുക്സ് 2011 ൽ ഹജ്ജ് യാത്രയുടെ പുണ്യ പാതയിൽ എന്ന പേരിലാണ് പ്രസ്തുത കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരിഭാഷകൻ പൊന്നാനിക്കാരനായ പി.വി. യാസിറാണ്. ചരിത്രത്തിന്റെ ചാക്രികക്കുടമടക്കം നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ കർത്താവായ അദ്ദേഹത്തെ എനിക്ക് നേരിട്ടറിയില്ലെങ്കിലും എനിക്കറിയാവുന്ന ചങ്ക് ബ്രോ ശബാബിന്റെ ചങ്ങാതി എന്നത് തന്നെ എന്നെ അതിരുത്തി വായിപ്പിച്ച പ്രഥമ ഘടകം. മലയാളിക്കായി സയ്യിദ്‍ മഖ്ദൂം മുതൽ മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയ, ടി പി കുട്ട്യാമു, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ പി കുഞ്ഞിമൂസ തുടങ്ങിയവരും ഹജ്ജ് യാത്രാവിവരണങ്ങള്‍ എഴുതിയിട്ടുണ്ട്. പി ടി ബീരാന്‍ കുട്ടി തന്റെ ഹജ്ജനുഭവം എഴുതിയത് പദ്യരൂപത്തിലാണ്. ആഗോളതലത്തിൽ മുഹമ്മദ് അസദിന്റെ റോഡ് ടു മെക്ക, അലി ശരീഅത്തിയുടെ ഹജ്ജ്, മൈക്കല്‍ വുള്‍ഫിന്റെ ഹാജി, മാൽകം എക്സിന്റെ ഹജ്ജ് കുറിപ്പുകൾ എന്നിവയെല്ലാം വ്യത്യസ്ത യാത്രാനുഭവങ്ങളാണ്. ബ്രിട്ടീഷ് മദ്രാസിലെ ക്യാപ്റ്റൻ സഫാ മുസ്തഫയുടെ ഭാര്യ സൈനബ് കഖാഹിൽ എഴുതിയ ഹജ്ജ് യാത്രാ വിവരണം ഈ വിഷയത്തിലെ സ്ത്രീ സാന്നിധ്യമാണ്.ആത്മീയവും ഭൗതികവുമായ തലത്തില്‍ ഓരോ വിശ്വാസിയുടെയും ഹജ്ജ് വ്യത്യസ്തമാണ്. ഓരോ ഹജ്ജെഴുത്തിലും അത് ശക്തമായി പ്രതിഫലിക്കുന്നുമുണ്ട്.

പരിഭാഷകന്റെ ആമുഖം /പീഠിക ഹജ്ജിന്റെ ഹർഷയാത്രകളുടെ വിശ്വാസവും ചരിത്രവും പതിമൂന്നു താളുകളിലായി വരച്ചു വെക്കുന്നുണ്ട്. തുടർന്ന് ഗ്രന്ഥ കർത്താവ് തന്റെ കൃത്യമായ ഹജ്ജോർമകൾ വളരെ ആധികാരികമായി പറയാനാരംഭിക്കുന്നു. അതിൽ ഈയുള്ളവനെ ആകർഷിച്ച സംഗതി അതിൽ രേഖപ്പെടുത്തിയ ഹിജ്റാ തീയതികളുടെ കൃത്യതയാണ് .

19 ശഅബാൻ 1347 AH/31 ജനുവരി 1929 CE ക്ക് കക്കോറിയിലെ തറവാട്ടിൽ നിന്നുമിറങ്ങുന്നതു മുതൽ മുംബൈ വഴി കറാച്ചി കറങ്ങി കരകാണാക്കടലിലൂടെ ദിവസങ്ങൾ യാത്ര ചെയ്ത് ജിദ്ദയിലെത്തുന്നതും ദിവസങ്ങൾ നീണ്ട ലഗേജ് ചെക്കിങും റമദാനിലെ ഉംറയും ഹറമിലെ നോമ്പുതുറയും കതിനാവെടികളോടെയുള്ള മക്കയിലെ ഗ്രാമീണ പെരുനാളാരവങ്ങളുമെല്ലാം വളരെ വശ്യമായ ശൈലിയിലാണ് അലവി വിവരിക്കുന്നത്. ഉംറയും ഇഅ്തികാഫുമെല്ലാം കഴിഞ്ഞ് സമൃദ്ധിയുടെ കലവറയായ മദീനയിലേക്കുള്ള യാത്ര തുടങ്ങുന്നതും റാബിഗിൽ നിന്ന് മദീനയിലേക്കുള്ള ഒട്ടകപ്പുറത്തുള്ള യാത്രാ വിവരണവുമെല്ലാം നമ്മെയും കൂടെ കൊണ്ടുപോവുന്ന തരത്തിലുള്ളതാണ്. അലവിയോടൊപ്പം മസ്ജിദുന്നബവിയിൽ ജുമുഅ നമസ്കരിക്കുവാനും ഖുബയിലേക്ക് അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുവാനുമെല്ലാം അവസരം ലഭിക്കുന്നത് അദ്ദേഹത്തിന്റെ കാവ്യ ഭാഷയുടെ പ്രത്യേകതകൊണ്ടാണ് . പോരാത്തതിന് മതകീയ പ്രമാണങ്ങളിൽ നിന്നുമുള്ള ഉദ്ധരണികളും ക്ലാസിക്കൽ ഉറുദു / ഫാരിസീ പദ്യ ശകലങ്ങളും സുന്ദരമായ വായനാനുഭവം പകർന്നു നൽകുന്നു. വിദ്യാർഥി കാലത്തേ ഈയുള്ളവനെ പ്രചോദിപ്പിച്ച
തഫ്സീറെ മാജിദിയുടെ കർത്താവ് മൗലാനാ അബ്ദുൽ മാജിദ് ദരിയാബാദിയും അദ്ദേഹത്തിന്റെ ഭാര്യയും അവരെ യാത്രയിൽ ശുശ്രൂഷിച്ച ഹകീം അഹ്മദ് ഫൈസാബാദിയുമെല്ലാം 35 ദിവസം നീളുന്ന മദീന സന്ദർശനത്തിൽ കടന്നുവരുന്നുണ്ട്. വീണ്ടും മക്കത്തെത്തുമ്പോൾ കാണുന്ന ചില പ്രത്യേക ചിത്രങ്ങൾ വളരെ കൃത്യമായി വിമർശനാത്മകമായി രേഖപ്പെടുത്തുവാൻ ശ്രമിക്കുന്നുണ്ട് ഗ്രന്ഥകാരൻ . ഹജ്ജിന് അബ്ദുൽ അസീസ് രാജാവ് വരുന്നതിന്റെ ഭാഗമായി സ്വീകരണത്തിന് മാത്രമായി ” ആയിരങ്ങൾ ” ( 20 കളിൽ ) ധൂർത്തടിക്കുന്നതിനെ അദ്ദേഹം ചിത്രീകരിക്കുന്നത് ‘രാജാവ് നഗ്നൻ ‘ എന്ന് പറയാൻ ഒരാൺകുട്ടിയില്ലാതെ പോയല്ലോ എന്ന കൃത്യമായ പരിഹാസ രൂപേണയാണ്. സഹയാത്രികൻ മുൻഷി മുഹമ്മദ് യൂസുഫ് സാഹിബിന്റെ വിവാഹത്തെ യൂസുഫ് – സുലേഖ അതൃപ്പക്കല്യാണത്തിന്റെ ഭാഷയിൽ വിവരിക്കാൻ ആവശ്യമായ ചമൽകാരങ്ങൾ അമീർ അലവി നിർലോഭം ഉപയോഗിക്കുന്നുണ്ട്. യാത്രക്കിടയിൽ തനിക്കും സഹപ്രവർത്തകർക്കുമുണ്ടാവുന്ന ചെറിയ ചെറിയ അസുഖങ്ങളും കടൽ ചൊരുക്കും സഹയാത്രികരിലൊരാളായ ദൽഹി സൂഫിയുടെ മരണവും മരണാനന്തര നടപടികളുമൊക്കെ നെഞ്ചിൽ സ്പർശിക്കുന്ന രീതിയിൽ ആവിഷ്‌കരിക്കാൻ അദ്ദേഹത്തിനായി .

തിരിച്ചു മുംബൈയിലെത്തി അവിടെ നിന്നും വീണ്ടും ലഖ്നോവിലെ കക്കോരി സ്റ്റേഷനിലെത്തുന്നതു വരെയുള്ള കാലയളവിലെ ആറുമാസത്തെ ജീവിതം പറഞ്ഞുപോവുമ്പോൾ നേരത്തെ സൂചിപ്പിച്ചപോലെ അക്കൊലത്തെ കൃത്യമായ ശവ്വാലൊന്ന് ഏതെന്നും അറഫ ദിനമേത് ദിവസമെന്നും ബലിപെരുന്നാൾ ദിനമെന്നായിരുന്നുവെന്നും വായനക്കാരന് ക്രോസ് മാച്ചിങിന് കഴിയുന്നുവെന്നതാണ് ഈയുള്ളവനെ മൂന്നു മണിക്കൂർ പിടിച്ചിരുത്തിയ സുപ്രധാന ഘടകം. ( അവകണ്ടെത്തുന്ന ടാസ്ക് സസ്പെൻസായി വായനക്കാർക്ക് വിട്ടു തരുന്നു …. )

അതോടൊപ്പം സഊദി , അഫ്ഗാൻ എന്നീ രാഷ്ട്രങ്ങളുടെ രാഷ്ട്രീയഅവസ്ഥാന്തരങ്ങളും മൗലാനാ ആസാദിന്റെ ജീവ ചരിത്രവുമെല്ലാം വെറും 141 പേജുനുളളിൽ ചുരുങ്ങിയ ഭാഷയിൽ അനാവരണം ചെയ്യുന്നത് നമുക്കീ ഗ്രന്ഥത്തിൽ കാണാം. പരിഭാഷകൻ ഉപയോഗിച്ച പരാവർത്തന രീതി ലേശം ക്രിയാത്മകമാക്കിയിരുന്നെങ്കിൽ കുറച്ചു കൂടി വായനാ സുഖം ലഭിക്കുമായിരുന്നുവെന്ന് തോന്നിപ്പോയി. അതുകൂടി ശ്രദ്ധിച്ച് പുന:പ്രസിദ്ധീകരിക്കുകയാണെങ്കിൽ മലയാളി വായനക്കാർ , വിശിഷ്യാ ഹജ്ജ് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന വായനക്കാർ ഇത് വായിക്കും …. വില 90 എന്നത് പുതിയ മാർക്കറ്റ് നിരക്കനുസരിച്ച് 150 ആക്കിയാലും മലയാളി വായനക്കാരൻ അതു വാങ്ങും , വായിക്കും ;സംശയമില്ല.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles