Current Date

Search
Close this search box.
Search
Close this search box.

മറവി ഒരു അസ്തിത്വ പ്രതിസന്ധിയാണ്

നമ്മെ അസ്വസ്ഥരാക്കുന്ന പ്രതിഭാസങ്ങള്‍ പാശ്ചാത്യ ലോകത്ത് ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഹ്യമന്‍ പപ്‌സ് അതിന്റെ ഭാഗമാണ്. ചലനത്തിലും ഭക്ഷണത്തിലും ശബ്ദത്തിലുമെല്ലാം നായ്ക്കളെപ്പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളാണവര്‍. അവരെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയവര്‍ സ്വന്തമായി പരസ്യം നല്‍കുകയും ചെയ്യുന്നു. ഈ പ്രതിഭാസത്തെ ചുറ്റിപ്പറ്റിയുള്ള ധാര്‍മ്മിക വ്യതിയാനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുണ്ടെങ്കിലും ജന്തുജീവിതം നയിക്കാനുള്ള ചിലരുടെ ആഗ്രഹങ്ങള്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ വിചിത്ര ഭാവത്തെക്കുറിച്ച് അവരൊട്ടും ബോധവാന്മാരല്ല. സമകാലിക മനുഷ്യന്‍ നേരിട്ടുകൊണ്ടിരിക്കുന്ന അസ്തിത്വ പ്രതിസന്ധിയെയാണ് ഈ പ്രതിഭാസം വ്യക്തമാക്കിത്തരുന്നത്. അവരുടെ സ്രഷ്ടാവില്‍ നിന്നുള്ള അകലം അവരിലുള്ള ആന്തരിക പ്രകാശത്തെ നഷ്ടപ്പെടുത്തിക്കളഞ്ഞിരിക്കുന്നു. സ്വന്തം സ്രഷ്ടാവിനെ മറക്കുന്നതോടെ അവന്‍ അനുഗ്രഹമായി നല്‍കി ആദരിച്ച മനുഷ്യാത്മാവിനെയും അവര്‍ മറന്നുകളയും.

‘റൂഹുദ്ദീന്‍’ എന്ന ഗ്രന്ഥത്തില്‍ പ്രശസ്ത മൊറോക്കന്‍ തത്വചിന്തകനായ ഡോ. ത്വാഹാ അബ്ദുറഹ്മാന്‍ മറവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ഓര്‍മ്മയുടെ പ്രശ്‌നം മാത്രമായല്ല, മറിച്ച് ഒരു അസ്തിത്വ പ്രതിസന്ധിയെ മറന്നുകളയുന്നതിനെ പരിഗണനവിധേയമാക്കുന്ന ദാര്‍ശനിക കാഴ്ചയിലൂടെയാണ അദ്ദേഹം മറവിയെ സമീപിക്കുന്നത്. അല്ലാഹുവുമായി നടത്തിയ ഉടമ്പടി മനുഷ്യന്‍ മറക്കുന്നു. പിന്നീട് അല്ലാഹുവിനെയും അവനവനെത്തന്നെയും മറക്കുന്നു. വാസ്തവത്തില്‍, വിസ്മൃതി മനുഷ്യനില്‍ അന്തര്‍ലീനമാണെന്ന് അബ്ദുറഹ്മാനും പറയുന്നു: സമകാലിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യവാസ്ഥയെക്കുറിച്ച് ഞാന്‍ നന്നായി ചിന്തിച്ചു. മനുഷ്യനേക്കാള്‍ മറവിയുള്ള മറ്റൊരു സൃഷ്ടിയുമില്ല. താന്‍ മറക്കുമെന്നതുപോലും മറന്നുപോകുന്ന ഉണ്മയെന്നല്ലാതെ മറ്റൊരു നിര്‍വചനവും മനുഷ്യന് നല്‍കാനാവില്ല. മനുഷ്യന്റെ പേര് നല്‍കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കപ്പെടുമായിരുന്നെങ്കില്‍ ഇണക്കമെന്ന് അര്‍ത്ഥമുള്ള ഉന്‍സെന്ന അടിസ്ഥാന പദത്തില്‍ നിന്നും നാമം സ്വീകരിക്കുന്നതിന് പകരം മറവിയെന്നര്‍ത്ഥമുള്ള നിസ്‌യാനില്‍ നിന്നേ നാമം സ്വീകരിക്കൂ. തുടര്‍ന്ന് അദ്ദേഹം പറയുന്നു: ഒരിക്കലും മറന്നുകളായാന്‍ പാടില്ലാത്തവ പോലും മനുഷ്യന്‍ മറന്നുകളയുന്നു. അവന്റെ ഉടമസ്ഥയില്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കാര്യവും അവര്‍ മറക്കുന്നു. അന്ധകാരത്തിന്റെ താഴേ തട്ടിലാണ് അവനെന്ന് മറന്നുകളയുന്നു. അവന്റെ ശരീരത്തെക്കുറിച്ചോ ആത്മാവിനെക്കുറിച്ചോ അവന് ഓര്‍മ്മയില്ല.

പാരമ്പര്യമായി മനുഷ്യന്‍ നേരിടുന്ന പ്രതിസന്ധിയാണിത്. പാശ്ചാത്യ നാഗരികതയുടെ അതിപ്രസരത്തില്‍ സമകാലിക മനുഷ്യര്‍ അതിന്റെ പാരമ്യതയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. റോഡ് ടു മക്കയില്‍ മുസ്ലിം തത്വചിന്തകനായ മുഹമ്മദ് അസദ് പറയുന്നു: ‘എന്റെ മനസ്സില്‍ ക്രിസ്റ്റലൈസ് ചെയ്യാന്‍ തുടങ്ങിയ ഒരു കാര്യമുണ്ട്. യൂറോപ്പുകാരിലെ ആന്തരിക മനശ്ശാസ്ത്രപരമായ സംയോജനത്തിന്റെ അഭാവവും അവരുടെ മേല്‍ ആധിപത്യം പുലര്‍ത്തുന്ന അധാര്‍മിക അരാജകത്വവും പാശ്ചാത്യ നാഗരികതയുടെ രൂപാന്തര സമയത്ത് നഷ്ടപ്പെട്ടുപോയ മതവിശ്വാസത്തിന്റെ അഭാവത്തിന്റെ ഫലമായിട്ടായിരിക്കാം. പാശ്ചാത്യ സമൂഹം അവരുടെ ബൗദ്ധിക വ്യവസ്ഥകളില്‍ യാതൊരു സ്ഥാനവും നല്‍കാതെയാണ് ദൈവത്തെ നിഷേധിച്ചുകളഞ്ഞത്’. അല്ലാഹുവിനെ കല്‍പനകളെ അവഗണിക്കുകയും അവനെ വഴിപ്പെടാതിരിക്കുകയും അവന്റെ ബോധനങ്ങളോട് മുഖം തിരിച്ചുമാണ് അവര്‍ അല്ലാഹുവിനെ മറന്നത്. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആനില്‍ മറവിയെക്കുറിച്ച് അതിന്റെ കൃത്യമായ അര്‍ത്ഥത്തില്‍ തന്നെ അല്ലാഹു ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത്. ആ മറവിയുടെ അനന്തരഫലമായി ലഭിക്കാന്‍ പോകുന്ന ശിക്ഷയെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിച്ചു. അല്ലാഹുവിനെ മറന്നുകളയുന്ന മറവിക്കാരെ അല്ലാഹുവും മറന്നുകളയുമെന്നതാണ് അവരെ കാത്തിരിക്കുന്ന ഭയാനകമായ ശിക്ഷ.

മറക്കുക എന്നര്‍ത്ഥത്തിലുള്ള നസിയ എന്ന പദവും അതിനോട് അനുബന്ധിച്ചുള്ള പദങ്ങളും 21 അധ്യായങ്ങളില്‍ നിന്ന് 37 സൂക്തങ്ങിലൂടെ 44 ഇടങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുണ്ട്. അതിലേറ്റവും പരമപ്രധാനവും ആശ്ചര്യകരവുമായ കാര്യം പ്രതിപാദിക്കപ്പെട്ടയില്‍ ഏറ്റവും കൂടുതലുള്ളത് അല്ലാഹുവിനെ മറന്നുകളയുന്ന മനുഷ്യരെക്കുറിച്ചാണ്. ‘അവര്‍ അല്ലാഹുവിനെ വിസ്മരിച്ചു. അപ്പോഴവന്‍ അവരെ അവഗണിച്ചു.'(തൗബ: 67), ‘അല്ലാഹുവിനെ വിസ്മരിച്ചു കളഞ്ഞ ഒരു ജനപഥത്തെ പോലെ നിങ്ങളാവരുത്-തന്മൂലമവന്‍ അവരെ സ്വന്തത്തെ പറ്റി തന്നെ ഓര്‍മയില്ലാത്തവരാക്കി മാറ്റി- അധര്‍മകാരികളത്രെ അവര്‍.'(ഹശ്ര്‍: 19). അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു; നബി(സ്വ) പറഞ്ഞു: ‘അന്ത്യനാളില്‍ അടിമ തന്റെ രക്ഷിതാവിനെ കണ്ടുമുട്ടും. അന്നേരം അല്ലാഹു അവനോട് ചോദിക്കും: പറയൂ, ഞാനല്ലയോ നിന്നെ പടച്ചത്? നിന്നെ കേള്‍വിശക്തിയുള്ളവനും കാഴ്ചശക്തിയുള്ളവനുമാക്കി മാറ്റിയത് ഞാനല്ലയോ? നിനക്ക് ഞാന്‍ ഇണയെ നല്‍കിയില്ലയോ? നിന്നെ ഞാന്‍ ബഹുമാനിച്ചില്ലയോ? യാത്രക്കായി ഒട്ടകത്തെയും കുതിരയെയും നിനക്ക് കീഴ്‌പെടുത്തി തന്നില്ലയോ? അധികാരം നല്‍കി നിന്നെ ഞാന്‍ നേതാവാക്കിയില്ലയോ? എല്ലാം കേട്ടതിന് ശേഷം അടിമ പറയും: അതേ. വീണ്ടും അല്ലാഹു ചോദിക്കും: എന്നെ കണ്ടുമുട്ടുമെന്ന് നീ സങ്കല്‍പിച്ചിരുന്നോ? അടിമ പറയും: ഒരിക്കലുമില്ല. അപ്പോള്‍ അല്ലാഹു പറയും: നീയെന്നെ മറന്നതുപോലെ ഇന്ന് ഞാന്‍ നിന്നെയും മറന്നുകളയുന്നു.'(മുസ്ലിം, ഇബ്‌നു ഹിബ്ബാന്‍).

സൃഷ്ടിപ്പിന്റെ പ്രാരംഭം തൊട്ടേ മറവി മനുഷ്യനില്‍ വേരൂന്നിനില്‍ക്കുന്നുണ്ട്. ആദം നബിയും മറന്നിട്ടുണ്ട്: ‘മുമ്പ്, ആദം നബിയോട് (നിഷിദ്ധ ഫലം ഭുജിക്കരുതെന്ന്) നാം കരാര്‍ ചെയ്തിരുന്നു. എന്നാല്‍, അദ്ദേഹമത് വിസ്മരിച്ചുപോയി. തനിക്കും നിശ്ചയ ദാര്‍ഢ്യമുള്ളതായി നാം കണ്ടില്ല'(ത്വാഹാ: 115). സ്വന്തം ആഗ്രഹങ്ങളോടും താല്‍പര്യങ്ങളോടുള്ള മനുഷ്യന്റെ മല്ലയുദ്ധം പ്രപഞ്ചത്തില്‍ അവന്റെ പിന്തുടര്‍ച്ചയെ സ്ഥിരീകരിക്കാനുള്ള പരിശ്രമമല്ലാതെ മറ്റൊന്നുമല്ലെന്നതാണ് സത്യം. ഒരു വ്യക്തി അവന്റെ മോഹങ്ങളിലും ആഗ്രഹങ്ങളിലും മുഴുകിക്കഴിഞ്ഞാല്‍ പിന്നെ അവന്‍ ഈ ലോകത്തിലേക്ക് സൃഷ്ടിച്ചയക്കപ്പെട്ടതിനെക്കുറിച്ച് അവന് ഓര്‍മ്മയുണ്ടാവില്ല. ആഗ്രഹങ്ങള്‍ മറവിയുടെ വാതില്‍പടിയാണ്. ഫീ ളിലാലില്‍ ഖുര്‍ആന്‍ എന്ന തഫ്‌സീറില്‍ സയ്യിദ് ഖുതുബ് പറയുന്നു: ഒരു മരത്തില്‍ നിന്നൊഴികെ മറ്റെല്ലാ മരത്തില്‍ നിന്നും വേണ്ടുവോളം ഭക്ഷിക്കാമെന്ന് അല്ലാഹു ആദം നബിക്ക് വാക്കുകൊടുത്തു. മനുഷ്യന്റെ ഇച്ഛാശക്തി ഉയര്‍ത്തുന്നതിനും വ്യക്തിത്വം സ്ഥാപിക്കുന്നതിനും ആത്മാവിന്റെ ആഗ്രഹങ്ങളില്‍ നിന്നും മോഹങ്ങില്‍ നിന്നും മനുഷ്യനെ ഒരുപരിധിവരെ മോചിപ്പിച്ച് നിര്‍ത്തുന്നതിനും അനിവാര്യമായ വിലക്കിനോടാണ് അതിനേറ്റവും സാദൃശ്യം. മനുഷ്യ സങ്കീര്‍ണതയുടെ നിലതെറ്റാത്ത മാനദണ്ഡമാണിത്. ആത്മാവിന് അതിന്റെ മോഹങ്ങളെ നിയന്ത്രിക്കാനും അതിനുമേല്‍ ആധിപത്യം ചെലുത്താനും കഴിയുന്തോറും അത് മനുഷ്യപുരോഗതിയുടെ ഏണിപ്പടികള്‍ കയറിക്കൊണ്ടേയിരിക്കും.

വിസ്മൃതി: കപടമായ വിജയം

മറവിയെക്കുറിച്ച് പാശ്ചാത്യ തത്വചിന്തകര്‍ ഒരുപാട് സംവാദങ്ങള്‍ നടത്തിയിട്ടുണ്ട്. ഓര്‍മ്മയാണ് മനുഷ്യനെ ഇതര സൃഷ്ടികളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നതെന്ന് മാത്രമല്ല, ഓര്‍മ്മയാണ് ഒരു വ്യക്തിയുടെ ഐഡന്റിറ്റി നിര്‍വചിക്കാനുള്ള അടിസ്ഥാനവുമെന്നതാണ് അവരുടെ അഭിപ്രായം. ജര്‍മ്മന്‍ തത്വചിന്തകനായ നീഷെ മറവിയെക്കുറിച്ചുള്ള ഖുര്‍ആനിക കാഴ്ചപ്പാടിനെ അതിന്റെ നേര്‍വിപരീത ദിശയിലാണ് മനസ്സിലാക്കിയിട്ടുള്ളത്. സാമൂഹികവും വൈയക്തികവുമായ വിജയത്തിനുള്ള ഉപാദിയായിട്ടാണ് അദ്ദേഹം മറവിയെക്കണ്ടത്. യാതൊരു ചരിത്രമോ ഓര്‍മ്മയോ ഇല്ലാത്തതിനാല്‍ തന്നെ മറ്റു ജീവജാലങ്ങളെല്ലാം ഓരോ നിമിഷവും സന്തോഷത്തോടെയാണ് ജീവിക്കുന്നത്. മനുഷ്യനെ സംബന്ധിച്ചെടുത്തോളം അവന് അവന്റെ ഭൂതകാലത്തെ മറക്കാന്‍ സാദ്യമല്ലാത്തതിനാല്‍ ജീവിതത്തില്‍ അവന്‍ പരാജയപ്പെട്ടുപോകുന്നുവെന്നതാണ് നിഷേ അതിനു കണ്ട ന്യായം.

വാസ്തവത്തില്‍, തന്റെ ജീവിതയാത്രയില്‍ മനുഷ്യന്‍ അനുഭവിച്ച വേദനയുടെയും യാതനയുടെയും ഓര്‍മ്മ മറന്നുകളയുകയെന്ന നീഷേയുടെ ആശയത്തിന് മറ്റൊരു തലമുണ്ട്. അല്ലാഹുവുമായി മനുഷ്യന്‍ നടത്തിയ ഉടമ്പടിയെയും പ്രപഞ്ചത്തിലെ അവന്റെ ദൗത്യത്തെയും മറന്നുകളയുകയെന്നതാണത്. ദൈവം മരിച്ചിരിക്കുന്നുവെന്ന നിരീശ്വരവാദ കാഴ്ചപ്പാടിനോടാണ് നിഷേയുടെ ഈ മറവി സൈദ്ധാന്തത്തിന് കൂടുതല്‍ ചേര്‍ച്ച. സ്രഷ്ടാവിനെ മറക്കുകയെന്നുള്ളത് സ്വയം മറന്നുപോകാനുള്ള കാരണമായി മാറും. മറവി, ഒരു താല്‍ക്കാലിക ആശ്വാസം മാത്രമാണ്. കാരണം, യുക്തിസഹമായ ഒരു മനുഷ്യനില്‍ നിന്ന് ഭക്ഷിക്കാനും പുനരുല്‍പാദനത്തിനും മാത്രം സാദ്യമാകുന്ന സൃഷ്ടികളുടെ തലത്തിലേക്ക് മനുഷ്യനെയത് താഴ്ത്തിക്കളയും. അതുകൊണ്ടാണ് മറവിയെ ജീവിതത്തോടും സന്തോഷത്തോടും മാത്രമായി നിഷേ ചേര്‍ത്തുവെച്ചത്. അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം, മറവി, പുതിയൊരു സ്വതന്ത്ര നിമിഷത്തെ സ്ഥാപിക്കുന്നു. ഓരോ പ്രാവശ്യം മറക്കുമ്പോഴും മനുഷ്യന്‍ പുതിയൊരു ജീവിത്തിലേക്ക് വീണ്ടും പിറന്നുവീഴുന്നു. അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം മറവിയൊരു ധീരതയും ഓര്‍മ്മിച്ചെടുക്കുകയെന്നത് അടിമയുടെ സ്വഭാവവുമാണ്.

വളരെ ആക്ഷേപകരമായൊരു ദര്‍ശനമാണിത്. കാരണമത് മനുഷ്യ ഓര്‍മ്മകളെ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നു. ‘forsaken god? remembering the goodness of god our culture has forgotten’ എന്ന പുസ്തകത്തില്‍ ജെനെറ്റ് തോംസണ്‍ പ്രധാനപ്പെട്ടൊരു വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്, ‘ഓര്‍മ്മ വിശ്വാസം വളര്‍ത്തുന്നു’. ധാര്‍മ്മികമായി അധപതിച്ച പാശ്ചാത്യ സംസ്‌കാരം ദൈവിത്തെ മറന്നുപോയിട്ടുണ്ടെന്ന് എഴുത്തുകാരി ആണയിട്ട് പറയുന്നു. ഒരുപക്ഷെ, ഈ മറവി വരും തലമുറയിലേക്കും അവര്‍ കൈമാറ്റം ചെയ്‌തേക്കാം. അതിനാല്‍ തന്നെ സമകാലിക മനുഷ്യനെ തന്റെ സ്രഷ്ടാവിനെ ഓര്‍മ്മിപ്പിക്കുന്നതിനും അവന്റെ ശക്തിയില്‍ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനുമുള്ള ഒരു ദൈവികാനുഗ്രഹമായാണ് തോംസണ്‍ ഓര്‍മ്മയെ മനസ്സിലാക്കിയെടുക്കുന്നത്. ദൈവിക വിസ്മൃതി മനുഷ്യ ജീവിതത്തെത്തന്നെ അപകടത്തിലാക്കുന്നു.

ഫ്രാന്‍സിസ് ഓ ഗോര്‍മാന്റെ ‘forgetfulness: making the modern culture of amnesia’ എന്ന പുസ്തകത്തെ സംബന്ധിച്ചെടുത്തോളം, മറവിയെന്നത് ആധുനിക സംസ്‌കാരത്തെ അഗാധമായി ഗ്രസിച്ചിട്ടുള്ള ഭൂതകാലത്തിന്റെ നിരാസമാണെന്നും ഓര്‍മ്മയെന്നത് ഭാവിജീവിതത്തെ നിര്‍ണ്ണയിക്കുന്നതില്‍ അതി പ്രധാനമായ ഒന്നാണെന്നും ഗ്രന്ഥം ഊന്നിപ്പറയുന്നു. ആധുനിക സാങ്കേതിക വിദ്യയും ജീവിതത്തിന്റെ ദ്രുതഗതിയിലുള്ള ചലനവും ഭൂതകാലത്തില്‍ നിന്നും മനുഷ്യരെ കൂടുതല്‍ വേര്‍പെടത്തിക്കൊണ്ടിരിക്കുന്നു. കൂട്ടായ ഓര്‍മ്മ നഷ്ടത്തെ ഒരുപരിധി വരെ ചെറുത്തു നിര്‍ത്തുന്നത് സംസ്‌കാരങ്ങളാണ്. ചരിത്രങ്ങള്‍ ലക്ഷ്യബോധം സൃഷ്ടിക്കുന്നു. കാലവും ദേശവും അടിസ്ഥാനപ്പെടുത്തിയുള്ള വളര്‍ച്ചക്കത് സഹായകമാകുന്നു. ക്ഷണികമായ ആധുനികതയുടെ പ്രതീകമാണ് മറവി. അര്‍ത്ഥശൂന്യവും ഉത്കണ്ഠാപൂര്‍വവുമായ ജീവിതമായിരിക്കും അതിന്റെ പരിണിതഫലം. ആത്മീയമായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് പകരം ഭൗതികമായ കാര്യങ്ങള്‍ക്ക് മാത്രമായിരിക്കും അത് ഉപകരിക്കുക.

വാണിജ്യപരമായ യുക്തിക്ക് വിധേയമാക്കപ്പെട്ടതിന് ശേഷം അര്‍ത്ഥശൂന്യമായൊരു ചരക്കായി ചരിത്രം മാറിയതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യന്റെ ഭൂതകാലവുമായുള്ള ബന്ധം നഷ്ടപ്പെടാന്‍ കാരണമെന്ന് ഗോര്‍മാന്‍ നിരീക്ഷിക്കുന്നു. സമകാലിക മനുഷ്യന്‍ അനുഭവിക്കുന്ന സാംസ്‌കാരിക അല്‍ഷിമേഴ്‌സ് രോഗമാണ് മറവി. ഇപ്രകാരമാണ്, സമകാലിക മനുഷ്യന്‍ മറവിയുടെ ലോകത്തേക്ക് പ്രവേശിക്കുന്നത്. ചരിത്രബോധം നഷ്ടപ്പെടുന്നത്. ആ ചരിത്രബോധമാണ് ഒരു സ്ഥലത്ത് നിന്നും കാലത്തുനിന്നും അവനെ മറ്റൊരു കാലത്തേക്കും ദേശത്തേക്കും എത്തിക്കുന്നത്. അതിനാല്‍തന്നെ, മനുഷ്യനെ അവന്റെ ഓര്‍മ്മകളിലേക്ക് തിരികെകൊണ്ടുപോകാത്ത രീതിയിലാണ് ഇന്ന് ലോകവിപണികളെല്ലാം തയ്യാറായിക്കൊണ്ടിരിക്കുന്നത്. ലോക രാജ്യങ്ങളില്‍ കൂറ്റന്‍ മാളുകള്‍ ഉയര്‍ന്നുവരുന്നു. ഓരോ നഗരത്തിന്റെയും സ്വന്തമായ വ്യക്തിത്വവും ചരിത്രവും വിളിച്ചോതുന്ന കമ്പോളങ്ങള്‍ ഇന്നില്ല. ആധുനിക മനുഷ്യന്‍ തന്റെ ഓര്‍മ്മയെ പതിയ പതിയെ മായച്ചുകളയുകയും നിഷ്‌കരുണം അവയെയെല്ലാം മറന്നുകളയുന്നു. ഒട്ടും സ്ഥിരതയില്ലാത്ത ഒരു മനുഷ്യനായിത്തീരുന്നത് വരെ അവനത് തുടര്‍ന്നുകൊണ്ടയിരിക്കും.

വിവ- മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

Related Articles