Current Date

Search
Close this search box.
Search
Close this search box.

അതാണ് ഈ പുസ്തകത്തിൽ ലോറൻ ബൂത്ത് വരച്ചിടുന്നത്

ലോറൻ ബൂത്ത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ടോണി ബ്ലയറിന്റെ ഭാര്യാ സഹോദരി എന്ന നിലയിൽ പ്രശസ്ത ആയിരുന്നു. ബ്രിട്ടീഷ് പത്ര പ്രവർത്തകയായി ഫലസ്തീനിൽ ചിലവഴിച്ച വർഷങ്ങൾ അവരുടെ ജീവിതം മാറ്റിമറിച്ചു. 38 വയസ്സുവരെ ലിബറൽ പാശ്ചാത്യ ലോകത്തിന്റെ സ്വാതന്ത്ര്യത്തോടെ വൻകരകൾ താണ്ടി പല പല ജീവിതങ്ങൾ കണ്ട അവർ കിരാതമായ അടിച്ചമർത്തലകൾക്കു നടുവിലും പ്രതീക്ഷയോടെ ജീവിതത്തെ നോക്കുന്ന ജീവിതത്തെ മരണത്തിനപ്പുറത്തേക്കും വികസിപ്പിക്കാൻ സാധിക്കുന്ന ഒരു ജനതയെ അനുഭവിച്ചപ്പോൾ അവരുടെ വിശുദ്ധ ഗ്രന്ഥം പഠനവിധേയമാക്കാൻ ശ്രമിച്ചതിന്റെ സുവിശേഷമാണ് ഈ പുസ്തകം.

ഭീകരന്മാരായ ഒരു ജനത എന്ന മുൻവിധിയോയോടെ ആദ്യമായി ഫലസ്റ്റീനിൽ എത്തിയ അവർക്ക് ഇസ്ലാമോഫോബിയ ചാലിച്ച റിപ്പോർട്ടുകൾ എഴുതി അയക്കേണ്ടതുണ്ടായിരുന്നു. തണുത്ത പ്രഭാതത്തിൽ തെരുവിൽ സ്വെറ്റർ ഇല്ലാതെ ഇറങ്ങി നടക്കുകയിരുന്ന ലോറൻ ബൂത്തിനെ ഒരു ഫലസ്തീനി വനിത കൈപിടിച്ച് വീട്ടിലേക്ക് കൂട്ടി കൊണ്ട് പോവുന്നു. ജീവനെടുക്കാനാണോ എന്ന് ഭയന്നിരുന്ന ലോറന് ചൂട് കാപ്പിയും, ഭക്ഷണവും ഒരുക്കിയ ആതിഥേയ അവരുടെ മകളുടെ സ്വെറ്റർ കൊണ്ട് വന്നു ലോറനെ പുതപ്പിച്ചു. പരസ്പരം സംവദിക്കാൻ ഭാഷ തടസ്സമായെങ്കിലും സുരക്ഷിതമായി ലോറനെ പഴയ സ്ഥലത്ത് എത്തിക്കുമ്പോഴേക്കും ആ സ്ത്രീ സമാധാനത്തിന്റെ വിത്തിടുക തന്നെ ചെയ്തു. അത് പിന്നെ പല നാൾവഴികളിൽ പൊട്ടി മുളച്ചതിന്റെ വിശേഷമാണ് ഈ പുസ്തകത്തിൽ ലോറൻ ബൂത്ത് വരച്ചിടുന്നത്.

കരയാനും, ചിരിക്കാനും ചിന്തിക്കാനും ഉള്ള കുറെ വരികൾ. ഇസ്ലാമോഫോബിയ പ്രചണ്ഡമായി നിലനിൽക്കുന്ന ഇസ്ലാമിക ചിഹ്നങ്ങളെയും സംസ്കൃതിയെയും അടിച്ചമർത്തികൊണ്ടും, ഭയങ്ങൾ ഉത്പാദിപ്പിച്ചു കൊണ്ടും മുന്നേറുന്ന ആധുനിക ലോകത്ത് ഇത്തരം നേരനുഭവങ്ങളും വിശ്വാസ പ്രഖ്യാപനവും നിർഭയമായ ഒരു ജീവിതത്തെക്കുറിച്ചുള്ള സാക്ഷ്യവും, പ്രതീക്ഷയുമാവുന്നു.

ഒടുവിൽ ഇസ്ലാം സ്വീകരിക്കാനുറച്ച ലോറൻ സ്വന്തം മക്കളോട് വിവരം പങ്കുവച്ചപ്പോഴുണ്ടായ അനുഭവങ്ങളൊക്കെ വളരെ രസകരമായി പുസ്തകത്തിൽ വരച്ചിടുന്നുണ്ട്. റൂമിൽ പോയി മാറിയിരുന്നു പരസ്പരം ചർച്ച ചെയ്ത് മൂന്ന് ചോദ്യങ്ങൾ എഴുതി തയ്യാറാക്കിയാണ് കുട്ടികൾ അവരെ നേരിട്ടത്.

മുസ്ലിം ആയി കഴിഞ്ഞാലും ലോറൻ അവരുടെ മമ്മി ആയിരിക്കില്ലേ?
ആൽക്കഹോൾ ഉപയോഗം നിർത്തുമോ?
പഴയപോലെ മാറിടം തുറന്നു കാണിക്കുന്ന വസ്ത്രധാരണം തുടരുമോ?

ഇത്തരം കൊച്ചു കൊച്ചു ചോദ്യങ്ങൾ മുതൽ മറ്റു പലരുടെ വമ്പൻ ചോദ്യങ്ങളും അവർ നേരിടേണ്ടി വന്നു. സ്വന്തം ജീവിതം എങ്ങിനെ മുന്നോട്ടു കൊണ്ടുപോവാമെന്ന് ചിലർ ബോധപൂർവം തീരുമാനിക്കുമ്പോൾ ഇസ്ലാമോഫോബുകളുടെ വെറുപ്പിക്കലും അനുഭവിക്കേണ്ടി വരും. പക്ഷെ സമാധാനത്തിന്റെ സുഗന്ധത്തിലേക്ക് ചേക്കേറുന്നവർ അവരുടെ ലോകം തേടി പറക്കുക തന്നെ ചെയ്യും.

Related Articles