Current Date

Search
Close this search box.
Search
Close this search box.

അബ്രഹാമിക് മതങ്ങളിലെ സ്ത്രീ

സെമിറ്റിക് മതങ്ങളിലെ സ്ത്രീ സാന്നിധ്യമെല്ലാം വ്യതിരിക്തമായിരുന്നു. ഇബ്രാഹീം നബിയുടെ ചരിത്രത്തില്‍ ഭാര്യമാരായ സാറയും ഹാജറയും, മൂസാ നബിയുടെ ചരിത്രത്തില്‍ മാതാവും സഹോദരിയും ഫറോവയുടെ ഭാര്യ ആസിയ ബീവിയും, ഈസാ നബിയുടെ ചരിത്രത്തില്‍ മറിയം ബീവി, തിരുനബി(സ്വ)യുടെ ചരിത്രത്തില്‍ ഖദീജ, ആയിശ, ഫാത്വിമ എന്നീ മഹതിമാരും വിശ്വാസികളുടെ മാതാക്കളായ മറ്റു നബി പത്‌നിമാരും. അടിത്തറയില്‍ തുടങ്ങി മതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യമുണ്ട്. അവരുടെ സാന്നിധ്യം ഒരിക്കലും ക്ഷണികമോ നാമമാത്രമോ ആയിരുന്നില്ല. ഇങ്ങനെയൊക്കെയായിട്ടും പലരും അവരെ മതത്തില്‍ നിന്ന് അകലത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. മതത്തിന്റേത് പുരുഷസ്വഭാവമാണെന്നാണ് അവരുടെ തെറ്റിദ്ധാരണ. മതത്തിന്റെ സത്ത, നിയമനിര്‍മ്മാണം, ചരിത്രം എന്നിവയില്‍ സ്ത്രീകളെക്കുറിച്ച് മതത്തിന്റെ പേരില്‍ വളരെ വികലമായ നിലപാടുകള്‍ പറയുന്നവരുണ്ട്.

പുരുഷന്മാരായാലും സത്രീകളായാലും മനുഷ്യര്‍ക്ക് വേണ്ടിയാണ് മതമെന്നതാണ് സത്യം. അതിന്റെ സര്‍വ കവാടങ്ങളും ഇരുവര്‍ക്കും മുമ്പില്‍ മലര്‍ക്കെ തുറന്നിടപ്പെട്ടിരിക്കുന്നു. നന്മയിലും സൂക്ഷ്മതയിലും പര്‌സപരം മത്സരിക്കാന്‍ മതം ഇരുകൂട്ടരെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. മതജീവിതത്തിന്റെ ചരിത്ര പാതയില്‍ മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളില്‍ മിക്കതും സ്ത്രീകളെ വ്രണപ്പെടുത്തുന്നവയാണ്. അവരുടെ സൃഷ്ടിപ്പിനെക്കുറിച്ച് വികലമായ ധാരണകള്‍ സൃഷ്ടിച്ചു. മാനുഷികമായ അന്തസ്സിന്റെയും അവകാശത്തിന്റെയും കാര്യത്തില്‍ അവരെപ്പോഴും എതിര്‍പക്ഷത്തായി. പല ഘട്ടങ്ങളിലും വ്യക്തമായ അനീതിക്ക് അവര്‍ വിധേയരായിട്ടുണ്ട്. സ്ത്രീകളില്‍ നിന്നും അകന്ന് നില്‍ക്കണമെന്ന സാംസ്‌കാരിക കാഴ്ചപ്പാടിന്റെ സൃഷ്ടിയായിരുന്നു ഈ ദുര്‍വ്യാഖ്യാനങ്ങളെല്ലാം വ്യാപകമാകാന്‍ കാരണമായത്. മതത്തിന്റെ മറവില്‍ തന്നെ നിന്ന് ഈ തെറ്റിദ്ധാരണകളെക്കുറിച്ചെല്ലാം ജനങ്ങളെ ബോധവല്‍കരിക്കാന്‍ അവര്‍ വല്ലാതെ പ്രയാസപ്പെട്ടു.

ഇസ്‌ലാമിനെ സംബന്ധിച്ചെടുത്തോളം സ്ത്രീകളെക്കുറിച്ചുള്ള വിപ്ലവകരമായ കാഴ്ചപ്പാടോടെയാണ് അത് വരുന്നത്. അവരെ പുരുഷന്മാര്‍ക്ക് തുല്യരാക്കി. അവര്‍ക്കവരുടെ അവകാശങ്ങള്‍ നല്‍കി. നന്മകൊണ്ടവരോട് കല്‍പിച്ചു. സ്ത്രീകളുടെ പ്രയാസങ്ങളില്‍ ഇസ്‌ലാം അവരോടൊപ്പം നിന്നു. സ്ത്രീകളുടെ മേല്‍ അതിക്രമിച്ചു കടക്കാന്‍ ആരും ധൈര്യപ്പെടാതിരിക്കാന്‍ നിയമങ്ങള്‍ സൃഷ്ടിടിച്ച് അവരുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പുവരുത്തി. സമകാലിക സാഹചര്യത്തിലും ഇസ്‌ലാം അത് തുടര്‍ന്നുപോരുന്നു. ജീവിതത്തിന്റെ നിഖില പ്രവര്‍ത്തികളിലും വ്യാപൃതരാകാന്‍ ഇസ്‌ലാം അവര്‍ക്ക് എല്ലാ കവാടങ്ങളും തുറന്നിട്ടുകൊടുത്തു. ആ കവാടങ്ങള്‍ അവര്‍ക്ക് മാത്രമായാണ് ഇസ്‌ലാം തുറന്നിട്ടുകൊടുത്തത്. അവരില്‍ നേട്ടം കൈവരിക്കാന്‍ ആവതുള്ളവര്‍ക്ക് അതിലേതിലും പ്രവേശിക്കാമെന്നും അല്ലാത്തവര്‍ ചിലതില്‍ നിന്ന് അകലം പാലിക്കണമെന്നും ഇസ്‌ലാം നിര്‍ദേശിച്ചു.

യോണ്‍ യസ്ബക് ഹദ്ദാദും ജോണ്‍ എസ്‌പോസിറ്റോയും ചേര്‍ന്ന് എഡിറ്റ് ചെയ്ത ‘അബ്രഹാമിന്റെ പുത്രിമാര്‍: യഹൂദ, ക്രൈസ്തവ, ഇസ്‌ലാം മതങ്ങളിലെ സ്ത്രീ ചിന്ത’ എന്ന ഗ്രന്ഥം സെമിറ്റിക് മതങ്ങളിലെ സ്ത്രീകളെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്തുന്നുണ്ട്(1). മതത്തില്‍ സ്ത്രീയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സൈദ്ധാന്തികവും പ്രായോഗികവുമായ വശങ്ങളും പ്രാമാണിക ഗ്രന്ഥങ്ങളിലെ സ്ത്രീകളുടെ സ്ഥാനവും വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ അവര്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

യഹൂദ, ക്രൈസ്തവ മതങ്ങളിലെ സ്ത്രീ

സ്ത്രീകളെക്കുറിച്ചുള്ള യഹൂദ കാഴ്ചപ്പാടുകളുടെ വേരുകള്‍ ചെന്നെത്തുന്നത് ഗ്രീക്ക്, റോമന്‍ ഫിലോസഫിയിലേക്കാണ്. സ്ത്രീകളെ പുച്ഛത്തോടെയും അവജ്ഞയോടെയുമായിരുന്നു അവര്‍ പെരുമാറിയിരുന്നത്. മാനവിക മണ്ഡലത്തില്‍ നിന്നുമകറ്റി മൃഗീയപരിവേഷമാണ് അവര്‍ക്ക് നല്‍കിയത്. എന്നിരുന്നാലും, യഹൂദമതം സൃഷ്ടിപ്പിന്റെ ആദ്യത്തിലെ അവളുടെ അഭിപ്രായം കാരണം അടിസ്ഥാനമാക്കി ലോകാവസാനം വരെയുള്ള സര്‍വപാപങ്ങളുടെയും ഭാരം അവളുടെ ചുമലില്‍ വെച്ചുകെട്ടി. അവരുടെ ചില സങ്കീര്‍ത്തനങ്ങളില്‍ സ്ത്രീകളെ പുകഴ്ത്തുന്നത് ഇങ്ങനെയാണ്: തിന്മയിലാണ് അവളുടെ പ്രസവം, പാപത്തിലാണ് എന്റെ മാതാവെന്നെ ഗര്‍ഭം ധരിച്ചത്. ഗര്‍ഭധാരണവും പ്രസവവും മുലകുടിപ്പിക്കലും ആര്‍ത്തവ രക്തവും പ്രസവ രക്തവും അവളുടെ ആദി പാപത്തിന്റെ ശിക്ഷയാണെന്നായിരുന്നു അവരുടെ വിശ്വാസം. ഹവ്വാ ആദമിനെ നിഷിദ്ധമാക്കപ്പെട്ട മരത്തില്‍ നിന്നും ഫലം ഭക്ഷിക്കാന്‍ പ്രേരിപ്പിച്ചുവെന്നതാണ് അവര്‍ കാണുന്ന ആദി പാപം. പുരോഹിതന്മാരെല്ലാം സ്ത്രീകളെ സാത്താന്റെ കൂട്ടാളികളെന്ന് വിശേഷിപ്പിച്ചു. ദൈവികോദ്ദേശ്യത്തെ വെല്ലുവിളിക്കുന്നവരുമായും അനുസരണക്കേട് കാണിക്കുന്നവരുമായി അവരെ ബന്ധിപ്പിക്കുകയും ദൈവിക ശിക്ഷാ സധാ അവരിലുണ്ടാകട്ടെയെന്ന് ശപിക്കുകയും ചെയ്തു. ആ ശിക്ഷകള്‍ സ്ത്രീയെ മാനവികതയില്‍ നിന്നും തരംതാഴ്ത്തുമെന്നവര്‍ വിശ്വസിച്ചു. അവര്‍ പരിഹാസ്യരും പാപത്തിന്റെ ഉറവിടങ്ങളുമാണെന്ന് വരുത്തിത്തീര്‍ത്തു.

ഈ അബദ്ധ ധാരണകളെല്ലാം യഹൂദ കര്‍മ്മശാസ്ത്രങ്ങളെയും നിയമനിര്‍മ്മാണങ്ങളെയും സ്വാധീച്ചിട്ടുണ്ട്. സ്ത്രീയുടെ ആര്‍ത്തവ, പ്രസവ രക്തങ്ങളുടെ സമയങ്ങളില്‍ അവളെ നജസായിട്ടാണ് അവര്‍ കണ്ടത്. ഒരു പെണ്‍കുട്ടിയെയാണ് പ്രസവിക്കുന്നതെങ്കില്‍ ആ നജസ് ഇരട്ടിയാവുകയും ചെയ്യും. സഹോദരനുള്ളപ്പോള്‍ സ്ത്രീക്ക് ഒരിക്കലും അനന്തരസ്വത്ത് നല്‍കപ്പെടുകയില്ല. യഹൂദമതത്തില്‍ വളരെ താഴ്ന്ന സ്ഥാനമാണ് സ്ത്രീക്കുള്ളത്. മതപഠനത്തില്‍ നിന്ന് സ്ത്രീകളെ വിലക്കുക മാത്രമല്ല, അത് പന്നിയുടെ വായില്‍ പവിഴം ഇട്ടുകൊടുക്കുന്നത് പോലെയാണെന്ന് വരെ അവര്‍ ആക്ഷേപിച്ചു.

ക്രിസ്തുമതത്തെ സംബന്ധിച്ചെടുത്തോളം, അവര്‍ക്ക് രണ്ട് ഐഡന്റിറ്റികളാണുണ്ടായിരുന്നത്. അതിലൊന്ന് ഈസാ നബിയുടേതും മറ്റൊന്ന് പോളിന്റേതുമായിരുന്നു(2). പാപം ചെയ്‌തൊരു സ്ത്രീയെ കണ്ടപ്പോള്‍ ഈസാ നബി തന്റെ അനുയായികളോട് ‘നിങ്ങളില്‍ പാപം ചെയ്യാത്തവരുണ്ടെങ്കില്‍ അവരാദ്യം അവളെ കല്ലെറിയട്ടെ’ എന്നാണ് പറഞ്ഞത്. സഹാനുഭൂതിയുടെ സമീപനമാണത്. ഈസാ നബിയുടെ അപ്പോസ്തലന്മാരില്‍ സ്ത്രീകളുമുണ്ടായിരുന്നു. എന്നാല്‍ പോളിനെ സംബന്ധിച്ചെടുത്തോളം, സ്ത്രീ ആദി പാപത്തിന് ഉത്തരവാദിയാണ്, പുരുഷന്മാര്‍ക്ക് മുമ്പില്‍ സ്ത്രീകള്‍ വിനയാന്വിതരാകണം, ഉപദേശ പ്രസംഗങ്ങളില്‍ അവര്‍ പങ്കെടുക്കരുത് തുടങ്ങിയവയൊക്കെയായിരുന്നു സ്ത്രീയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. സ്ത്രീകളെക്കുറിച്ചുള്ള യഹൂദ സങ്കല്‍പങ്ങള്‍ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവന്നത് പോളാണെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. യുഗങ്ങളോളം അത് തുടര്‍ന്നുപോരുകയും ചെയ്തു. എ.ഡി 407ല്‍ മരണമടഞ്ഞ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം സ്ത്രീയെക്കുറിച്ച് പറയുന്നു: അനിവാര്യമായ തിന്മയും അഭികാമ്യമായ ദുരന്തവുമാണ് സ്ത്രീ. വീടിനും നാടിനുമവള്‍ വിനാശകാരിയാണ്. ഹവ്വായെപ്പോലെ സ്ത്രീകളെയാണ് പുരുഷന്മാരെ നരഗത്തിലേക്കെത്തിക്കുന്നതിന് പിശാച് ഉപയോഗിക്കുന്നത്.

ക്രിസ്തുമതത്തിന്റെ സ്ത്രീനിന്ദ ഗ്രീസ് പാരമ്പര്യത്തില്‍ നിന്നും വന്നുചേര്‍ന്നതാണ്. മധ്യകാലഘട്ടത്തില്‍ ക്രിസ്തുമതത്തിന്റെ മഹാ ആചാര്യനും തത്വചിന്തകരിലൊരാളുമായിരുന്ന തോമസ് അക്വിനാസ്(മ. എ.ഡി 1274) പറയുന്നു: ‘മൂല്യമോ ആത്മാവോ ഇല്ലാത്ത വെറും ശരീരമാണ് സ്ത്രീ'(3). ചില സഭാ നേതാക്കന്മാരുടെ അഭിപ്രായപ്രകാരം ന്യൂനതയുള്ള പുരുഷനാണ് സ്ത്രീ. അരിസ്റ്റോട്ടിലിന്റെയും ചിന്ത അതുതന്നെയായിരുന്നു. സിഗ്രിഡ് ഹുങ്കെ ‘Allah’s sun over the Occident’ എന്ന തന്റെ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നു: ഇസ്‌ലാമിക ലോകവുമായുള്ള ബന്ധത്തിലൂടെ പൊതുശത്രുത മനോഭാവം മറികടക്കുന്നതുവരെ പടിഞ്ഞാറില്‍ ക്രിസ്ത്യന്‍ സഭ സ്ത്രീകള്‍ക്ക് എതിരായിരുന്നു. ഇസ്‌ലാമിന്റെ സമീപനത്തെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാനുപോലുമായില്ല, അത്രമാത്രം അത്ഭുതകരമായിരുന്നു അവര്‍ക്കത്.

ഇസ്‌ലാമിലെ സ്ത്രീ

ഇസ്‌ലാമിലും സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ ഉണ്ടായിരുന്നുവെന്നതാണ് സത്യം. എന്നാലവ ജൂത, ക്രൈസ്തവ മതങ്ങളിലെപ്പോലെ പ്രാമാണിക ഗ്രന്ഥങ്ങളിലുണ്ടായിരുന്നില്ല. വിശുദ്ധ ഖുര്‍ആനോ തിരുസുന്നത്തോ സ്ത്രീ വിരുദ്ധത ഒരു നിയമമായി കൊണ്ടുവന്നില്ല. മറിച്ച്, അവ രണ്ടിന്റെയും വായനയില്‍ വന്ന പിഴവായിരുന്നു അത്തരം ധാരണകള്‍ ഉടലെടുക്കാന്‍ കാരണം. ചില വ്യാഖ്യാതാക്കളും കര്‍മ്മശാസ്ത്ര പണ്ഡിതന്മാരും സ്ത്രീകളെ താഴ്തികെട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. ശീഈ പാരമ്പര്യത്തില്‍ സദ്‌റുദ്ധീന്‍ ശീറാസി പറയുന്നത് സ്ത്രീയുടേത് മൃഗരൂപമാണെന്നാണ്. അല്‍ കാമില്‍ ഫില്ലുഗത്തി വല്‍അദബ് എന്ന ഗ്രന്ഥത്തില്‍ പ്രശസ്ത ഭാഷാ പണ്ഡിതനായ ഇമാം മുബര്‍റദ് പറയുന്നു: കുട്ടികളെ അടിക്കാന്‍ ഉമ്മമാരെ അനുവദിക്കരുത്. കുട്ടിയാണെങ്കിലും അവര്‍ ഉമ്മമാരേക്കാള്‍ ബുദ്ധിയുള്ളവരാണ്.

ഇസ്‌ലാമിക കര്‍മ്മശാസ്ത്രം ചില വീക്ഷണങ്ങളില്‍ സ്ത്രീ വിരുദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. അത് ചില വിധികളെയും സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വീട്ടില്‍ നിന്നു പുറത്തുപോകുന്നതും പഠിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍. അത്തരം കാഴ്ചപ്പാടുകളും വിധികളുമൊന്നും വെളിപാടിന്റെ ഉറവിടത്തില്‍ നിന്നല്ല, മറിച്ച് വളര്‍ന്നുവന്ന സാമൂഹിക സംസ്‌കാരത്തെ സ്വാധീനിച്ചുണ്ടായ കര്‍മ്മശാസ്ത്ര ഗവേഷണങ്ങളാണ്.

ഇസ്‌ലാമില്‍ സ്ത്രീകളുടെ മനുഷ്യാവകാശ സംരക്ഷണം വളരെ സൂക്ഷമമായിരുന്നുവെന്നും അവരുടെ അവകാശങ്ങളില്‍ ഒരിക്കലും അനിതീ ഉണ്ടായിരുന്നില്ലെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രൊഫസര്‍ അല്‍മറിക് റമ്‌സെയുടെ 1880ല്‍ പുറത്തിറങ്ങിയ ‘അനന്തരാവകാശം: മുഹമ്മദീയ വിധിന്യായങ്ങള്‍'(4) എന്ന പഠനത്തില്‍ അദ്ദേഹം പറയുന്നു: ഇസ്‌ലാമിലെ അനന്തരാവകാശ നിയമം പരിഷ്‌കൃത ലോകത്ത് ഇന്ന് അറിയപ്പെടുന്ന മറ്റെല്ലാം സംവിധാനങ്ങളെക്കാളും വികസിതവും ഘടനയുള്ളതും സുദാര്യവുമാണ്. പ്രമുഖ പണ്ഡിതന്മാര്‍ ഉദ്ധരിച്ച ഡസന്‍ കണക്കിന് ഹദീസുകള്‍ അതിന് തെൡവായി അദ്ദേഹം പഠനത്തില്‍ കൊണ്ടുവരുന്നുമുണ്ട്. മുഹമ്മദ് അക്‌റം നദ്‌വിയുടെ ‘ഇസ്‌ലാമിലെ ആധുനിക സ്ത്രീകള്‍’ എന്ന പഠനത്തില്‍ അന്തരാവകാശത്തിലെ സ്ത്രീ പ്രാധാന്യത്തെ കുറിക്കുന്ന എണ്ണായിരത്തോളം ഹദീസുകളുണ്ടെന്ന് അദ്ദേഹം കണ്ടെത്തുന്നു. ആ ഹദീസുകളെല്ലാം വ്യാജമാണെന്നോ കെട്ടിച്ചമച്ചതാണെന്നോ അത് ഉദ്ധരിച്ച സ്വഹാബികള്‍ നീതിമാന്മാരും സത്യസന്ധന്മാരുമല്ലെന്നോ ഒരു ഹദീസ് പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടില്ല.

വിശുദ്ധ ഖുര്‍ആന്‍ സ്ത്രീകളോട് ശത്രുതാ മനോഭാവം പുലര്‍ത്തുകയോ അവരെ ആക്ഷേപിക്കുകയോ ചെയ്തിട്ടില്ല. അവളെ അപമാനിക്കുകയോ നിന്ദിക്കുകയോ ചെയ്തിട്ടില്ല. ആദം നബിയെ പ്രലോഭിപ്പിച്ചതിന് സ്ത്രീയെ പഴി ചാരിയിട്ടില്ല. അവള്‍ അശുദ്ധയാണെന്ന് പറഞ്ഞിട്ടില്ല(5). വിശുദ്ധ ഖുര്‍ആനിന്റെ അഭിസംബോധനയില്‍ പുരുഷന്മാരും സ്ത്രീകളും തുല്യരാണ്. സാമൂഹിക വിഷയങ്ങളില്‍ പിതാവിനെക്കാള്‍ മുമ്പ് മാതാവിനോട് നന്മയും ഗുണവും ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞു. സ്വര്‍ഗം മാതാക്കളുടെ കാല്‍ചുവട്ടിലാക്കി. സ്ത്രീകളെ പരിപാലിക്കുന്നതും അവര്‍ക്ക് പരിരക്ഷ നല്‍കുന്നതും സ്വര്‍ഗ പ്രവേശനത്തിനുള്ള കാരണമാക്കി. സ്ത്രീകളോട് നന്മ ചെയ്യണമെന്നാണ് പ്രവാചകനും നമ്മോട് വസിയ്യത്ത് ചെയ്തത്.

മേല്‍പറഞ്ഞ പുസ്തകം ബഹുഭാര്യത്വ വിഷയവും നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. ഈ വിഷയം വിമര്‍ശിക്കുന്നതിനും നിയമനിര്‍മ്മാണത്തിന് അനുസൃതമല്ലാത്ത രീതിയില്‍ വ്യാഖ്യാനിക്കുന്നതിനും മുസ്‌ലിം ഫെമിനിസ്റ്റുകള്‍ കച്ചകെട്ടിയിറങ്ങുന്നതാണ് ഇസ്‌ലാം നേരിടുന്ന പ്രശ്‌നങ്ങളിലൊന്ന്. ബഹുഭാര്യത്വത്തെ അവര്‍ നിഷിധമായി വിമര്‍ശിക്കുന്നു. ‘നാഗരികതയുടെ ചിരിത്രം’ എന്ന ഗ്രന്ഥത്തില്‍ പ്രമുഖ അമേരിക്കന്‍ ചരിത്രകാരന്‍ വില്‍ ഡ്യൂറന്റ് യൂറോപ്പിലുണ്ടായ മുപ്പത് വര്‍ഷം നീണ്ട യുദ്ധത്തെക്കുറിച്ച്(6) പരാമര്‍ശിക്കുന്നുണ്ട്. ആ യുദ്ധത്തോടെ ജര്‍മനിയിലെ പുരുഷന്മാരുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങി. അതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി 1650 ഫെബ്രുവരി മാസം ന്യൂറംബര്‍ഗില്‍ വെച്ച് ഫ്രാങ്കോണിയ സമ്മേളനം വിളിച്ചുചേര്‍ത്തു. അതില്‍, പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ജനസംഖ്യാപരമായ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് ബഹുഭാര്യത്വം നിയമപരമായി അംഗീകരിച്ചു. 1884ല്‍ വിരചിതമായ ‘അറബ് നാഗരികത’ എന്ന ഗ്രന്ഥത്തില്‍ ഇസ്‌ലാമിലെ ബഹുഭാര്യത്വത്തെക്കുറിച്ച് പറയുന്നിടത്ത് ഗ്രന്ഥകാരന്‍ ഗുസ്താവ് ലെ ബോണ്‍ വിശദീകരിക്കുന്നു: യുറോപ്യന്മാര്‍ തെറ്റിദ്ധരിച്ച ഒരു സംവിധാനത്തെക്കുറിച്ച് പരാമര്‍ശിക്കാത്തത് പോലെത്തന്നെ ബഹുഭാര്യത്വത്തെ കുറ്റപ്പെടുത്തുന്ന അവരുടെ വ്യവസ്ഥിതിയെക്കുറിച്ചും ഇവിടെ പരാമര്‍ശിക്കുന്നില്ല. ഇസ്‌ലാമിനെ സംബന്ധിച്ചെടുത്തോളം ബഹുഭാര്യത്വമെന്നത് ഇസ്‌ലാമിന് മാത്രം പ്രത്യേകമായൊന്നല്ല. മുഹമ്മദ് നബിയുടെ ആഗമനത്തിന് മുമ്പേ അറബ്, ജൂത, പേര്‍ഷ്യന്‍ സമൂഹങ്ങളടങ്ങുന്ന കിഴക്കന്‍ ദേശങ്ങളിലുള്ളവര്‍ക്ക് ഇത് പരിചിതമായിരുന്നു. അതിനാല്‍ തന്നെ ഇസ്‌ലാം സ്വീകരിച്ച സമൂഹങ്ങള്‍ അതൊരു പുതിയ ചൂഷണ വ്യവസ്ഥയായും കണ്ടില്ല. കിഴക്കന്‍ ജനതയ്ക്കിടയിലെ ബഹുഭാര്യത്വത്തിന്റെ നിയമപരമായ സംവിധാനം യൂറോപ്യന്മാര്‍ക്കിടയിലുള്ള രഹസ്യമായ ബഹുഭാര്യത്വ സംവിധാനത്തെക്കാള്‍ നീചമാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍, യൂറോപ്യന്മാരുടേതിനേക്കാള്‍ മികച്ചതായി ഞാന്‍ കാണുന്നത് കിഴക്കന്‍ ദേശക്കാരുടെ സംവിധാനമാണ്.

അവലംബം:
1- അള്‍ജീരിയയിലെ ഇബ്‌നു നാദിം പബ്ലിഷിംഗ് ആന്‍ഡ് ഡിസ്ട്രിബൂഷനും ബെയ്‌റൂത്തിലെ അല്‍-റവാഫിദുസ്സഖാഫിയ്യ പബ്ലിഷിംഗും ചേര്‍ന്ന് പ്രസിദ്ധീകരിച്ചത്, പേ. 262, ആദ്യ പതിപ്പ്, 2018.
2- ക്രിസ്ത്യന്‍ അപ്പോസ്തലനായ പോള്‍ ആദ്യകാല ക്രിസ്ത്യന്‍ തലമുറയിലെ നേതാക്കളില്‍ ഒരാളായിരുന്നു. ക്രിസ്തുമതത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ വ്യക്തിയായി അദ്ദേഹത്തെ പരിഗണിക്കുന്നു.
3- കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായ അദ്ദേഹം വിശുദ്ധനും ദൈവശാസ്ത്രജ്ഞനുമായിരുന്നു. ക്രിസോസ്റ്റം എന്നത് ഗ്രീക്ക് പദമാണ്.
4- Moohummu-dan Law Of Inheritance And Rights And Relations Affecting It.
5- ഇസ് ലാമിക വീക്ഷണത്തില്‍ ആര്‍ത്തവം ആദിപാപത്തിനുള്ള ശിക്ഷയല്ല, മറിച്ച് പുനരുല്‍പാദനത്തിന് ആവശ്യമായ കാര്യമാണ്. തന്റെ പത്‌നിമാര്‍ക്ക് ആര്‍ത്തവമുള്ള സമയം പ്രവാചകന്‍ അവരോട് എങ്ങനെയാണ് പെരുമാറിയതെന്ന് വായിച്ചാല്‍ അത് വ്യക്തമാകും. ആയിശാ ബീവിക്ക് ആര്‍ത്തവമുള്ള സമയം അവളുടെ മടിയില്‍ കിടന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുകയും തന്റെ മുടി ചീകാന്‍ മഹതിയെ അനുവദിക്കുകയും ചെയ്തിരുന്നു. നബി(സ്വ) അതൊന്നും തടഞ്ഞില്ല. നിന്റെ ആര്‍ത്തവം നിന്റെ കൈകളിലല്ലെന്ന് പ്രവാചകന്‍ പറയുകയും ചെയ്യുമായിരുന്നു. ആര്‍ത്തവമുള്ള സ്ത്രീകളെ പെരുന്നാളിലെ ആഘോഷ പ്രകടനങ്ങള്‍ കാണാന്‍ അവിടുന്ന് പ്രേരിപ്പിക്കുമായിരുന്നു.
6- യൂറോപ്പിനെ കീറിമുറിച്ച രക്തരൂക്ഷിതമായ സംഘട്ടനങ്ങളുടെ പരമ്പരയായിരുന്നു 1618നും 1648നുമിടയില്‍ നടന്ന മുപ്പത് വര്‍ഷത്തെ യുദ്ധം.

വിവ: മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

 

Related Articles