Current Date

Search
Close this search box.
Search
Close this search box.

സുന്നത്തിലെ സ്ത്രീ സാന്നിധ്യങ്ങൾ

സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങരുതെന്നും അവരുടെ പ്രവർത്തന മണ്ഡലം വീടിനകത്താണെന്നതുമാണ് ഇസ്‌ലാമിന്റെ പേരിൽ നാം വികസിപ്പിച്ചെടുത്ത കാഴ്ചപ്പാട്. കുടുംബമെന്ന മഹത്തായ പ്രക്രിയയിലേക്കാവശ്യമായ ബാഹ്യഘടകങ്ങൾ സംവിധാനിക്കേണ്ടത് പുരുഷന്റേയും ആഭ്യന്തരകാര്യങ്ങൾ നോക്കിനടത്തേണ്ടത് സ്ത്രീയുടെയും ഉത്തരവാദിത്തമാണ് എന്നത് പൂർണാർഥത്തിൽ ശരിയാണ്. അഥവാ മാതൃത്വമാണ് പെൺമയുടെ പ്രഥമവും പ്രധാനവുമായ ധർമം .

എന്നാൽ “സ്ത്രീകളെ അധികാരം ഏൽപ്പിച്ച ഒരു സമൂഹവും വിജയിക്കുകയില്ല” എന്ന ഹദീസ് പറഞ്ഞ് അവൾക്ക് പള്ളിയും പള്ളിക്കൂടവും കൊട്ടിയടച്ച് അവളുടെ സാമൂഹ്യപരതയെ തന്നെ നാം നിഷേധിച്ചു. ആഇശ (റ) യുടെ ഇടമാണ് സന്ദർഭം പരിഗണിക്കാതെയുള്ള പ്രമാണങ്ങളുടെ അക്ഷര വായനകൊണ്ട് നാം നടത്തുന്നത്. മഹതി ആഇശയില്ലെങ്കിൽ ജമൽ യുദ്ധം തന്നെയില്ല. സഹോദരി ഇരട്ടപ്പട്ടക്കാരി അസ്മാ (റ) ഇല്ലെങ്കിൽ നബി(സ) യുടെ ഹിജ്റ: പോലും ഏകലിംഗ പരിമിത ദേശാടനമാവും, നേരെത്തെ അസ്മാ ബിന്ത് ഉമൈസ് (റ) ഇല്ലായിരുന്നുവെങ്കിൽ എത്യോപ്യയിലേക്കുള്ള കടൽയാത്ര വിവർണ്ണമാവുമായിരുന്നു. റുഖയ്യയും ( റ) ഉമ്മുകുൽസൂമും (റ) ഫാത്വിമ (റ)യുമൊക്കെയാണ് വാസ്തവത്തിൽ ഉസ്മാൻ (റ) ന്റേയും അലി (റ)യ്യുടേയും മറ്റും പേരുകൾ അനശ്വരമാക്കിയത്. ഉഹ്ദു യുദ്ധം പരാജയമായിരുന്നുവെങ്കിലും ഉമ്മു അമ്മാറ (റ) യുടെ ധൈര്യമില്ലായിരുന്നുവെങ്കിൽ യുദ്ധപരിണതി എന്താകുമായിരുന്നുവെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ ?ഇസ്‌ലാമിന്റെ ശോഭനകാലത്തുണ്ടായ യുദ്ധങ്ങളിൽ പുരുഷൻമാർ അമ്പും കഠാരയുമേന്തുകയും മുറിവേൽക്കുകയും ചെയ്തുവെങ്കിൽ പരുക്കേറ്റവർക്ക് വെള്ളം കൊടുക്കുക, മുറിവ് കെട്ടുക, സമാശ്വസിപ്പിക്കുക എന്നീ കൃത്യങ്ങൾ സ്ത്രീകളും ചെയ്തിട്ടുണ്ട് എന്ന് റുഫൈദ അസ്ലമിയ്യ (റ) യുടെ ജീവചരിത്രം വ്യക്തമാക്കുന്നു. മസ്ജിദുന്നബവിയുടെ ഇടക്കിടക്കുള്ള സന്ദർശനങ്ങളിലൂടെ മാത്രം ഖാഫ് എന്ന അത്യാവശ്യത്തിന് വലിയൊരു അധ്യായം മന:പ്പാഠമാക്കിയ ഹിന്ദു ബിന്തു ഉസൈദി (റ) നെ നാം വിസ്മരിക്കുന്നതെങ്ങിനെ?! ഏതു സ്ത്രീജന്യ വിഷയവും ലജ്ജ കൂടാതെ നബി (സ) യോട് നേരിട്ട് ചോദിച്ചിരുന്ന ഉമ്മു സുലൈം (റ) നെ ഓർക്കാതെ ഹദീസ് ഗ്രന്ഥങ്ങളിലെ പ്രാഥമിക അധ്യായങ്ങൾ പോലും പഠിക്കുന്നതെങ്ങിനെ ? എന്നിട്ടും ബുദ്ധി / ദീൻ കുറവ് ഹദീസുകൾ സ്ഥാനത്തും അസ്ഥാനത്തും ഇട്ട് അലക്കി ഇസ്ലാമിന്റെ പേരിൽ ലിംഗവ്യത്യാസം പ്രഘോഷിക്കുവാൻ ഹദീസ് പഠിച്ചവർക്കെങ്ങിനെ കഴിയും?! ലക്ഷക്കണക്കിന് പുരുഷ റാവികളെ ഇൽമുൽ ജറഹി വ ത്തഅ്ദീലിന്റെ പേരിൽ പല രീതിയിൽ കൈകാര്യം ചെയ്തിട്ടുള്ള പണ്ഡിത കേസരികൾ ഒരു വനിതാ റിപ്പോർട്ടറെ പോലും തള്ളുകയോ മറ്റാരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹദീസിന്റെ ഇമാമുമാരായ അസ്ഖലാനിയും ദഹബിയും അഭിപ്രായപ്പെടുന്നു.

ഈയൊരു പശ്ചാത്തലത്തിൽ വേണം 43 വാള്യങ്ങളിലായി പതിനായിരം സ്ത്രീ രത്നങ്ങളെ പരിചയപ്പെടുത്തുന്ന ഒരു മഹത് ഗ്രന്ഥ പരമ്പര സഊദി അറേബ്യയിലെ ജിദ്ദ കേന്ദ്രമായ ദാറുൽ മിൻഹാജ് പ്രസിദ്ധീകരണം ആരംഭിച്ചിട്ടുള്ളത് നാമറിയാൻ . ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീ സാന്നിധ്യം ശാസ്ത്രീയമായും രേഖപ്പെടുത്തുന്ന ആദ്യകാൽവെപ്പ്; അൽവഫാഉ ബി അസ്മാഇ ന്നിസാ (സ്ത്രീ പേരുകളോടുള്ള കൂറ്)എന്ന പേരിൽ ഇറങ്ങുന്ന ഈ വനിതാ സ്പെഷ്യൽ ഹദീസ് വിജ്ഞാനകോശം അന്താരാഷ്ട്ര പുസ്തക പ്രദർശന – വിപണന മേളകളിലേക്ക് തയ്യാറായി വരുന്നു.

ഇന്ത്യക്കാരനായ ഒക്സ്ഫോർഡ് സ്കോളർ ഡോക്ടർ മുഹമ്മദ് അക്റം നദ്‌വിയാണ് പ്രസ്തുത ഭഗീരഥ യത്നത്തിന്റെ ആസൂത്രകനും രചയിതാവും .
ഉത്തർപ്രദേശിലെ ജോൻപൂരിൽ 1964 ലാണ് ഡോക്ടർ മുഹമ്മദ് അക്റം നദ്‌വിയുടെ ജനനം. ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിൽ നിന്ന് ഹദീസിൽ ഉന്നത ബിരുദം നേടിയ ശേഷം ഏതാനും വർഷങ്ങൾ അതേ സ്ഥാപനത്തിൽ തന്നെ അധ്യാപകനായി തുടർന്നു. പിന്നീട് ഓക്സ്ഫോർഡ് സർവകലാശാലയിലെ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗത്തിൽ ചേർന്നു. പി.എച്.ഡി എടുത്ത ശേഷം അവിടത്തെ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം തലവനും നിരവധി ഗവേഷണ പഠനങ്ങളുടെ നിരീക്ഷകനുമാണ്.

Related Articles