Book Review

‘പൂമ്പാറ്റയുടെ ആത്മാവ്’ പകരുന്നത് അസാധാരണമായ ആത്മവിശ്വാസം

കഴിഞ്ഞ വർഷം ഒരു പുസ്തകാനുഭവം വിശദീകരിച്ചു പറഞ്ഞിരുന്നു. ജീവിതത്തിൽ നീതിയെയും ധർമ്മത്തെയും അന്വേഷിച്ച ഒരുവന്റെ അനുഭവക്കുറിപ്പുകളായിരുന്നു ‘സമാധാനത്തിന്റെ സുഗന്ധം’ എന്ന പേരിൽ കെ പി പ്രസന്നൻ എഴുതിയ പുസ്തകത്തിന്റെ കാമ്പ്. ഈ വർഷം മറ്റൊരു പുസ്തകം വായിച്ചപ്പോഴും എനിക്കത് പങ്കുവെക്കണമെന്നു തോന്നുന്നു. ‘പൂമ്പാറ്റയുടെ ആത്മാവ്’ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട വിഖ്യാത ബോക്‌സർ മുഹമ്മദ് അലിയുടെ ആത്മകഥയാണത്. മുഹമ്മദ് അലിയും മകൾ ഹനാ യാസ്മീൻ അലിയും ചേർന്നെഴുതിയ പുസ്തകം ബഷീർ മിസ്അബ്‌ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നു. ഒരു വിവർത്തന കൃതിയെന്ന തോന്നലില്ലാതെ അനായാസമായി വായിച്ചുപോവാൻ ബഷീർ മിസ്അബിന്റെ ഭാഷാന്തരണം നമ്മെ തുണയ്ക്കും.

അലി പുസ്തകത്തിലൂടെ എന്തുപറയുന്നുവെന്ന ചോദ്യത്തിന്  ആലോചിച്ചു നേരം കളയാതെ ഒറ്റയടിക്ക് ഞാൻ ഉത്തരം പറയും, ‘അസാധാരണമായ ആത്മവിശ്വാസം’ എന്ന്. ജീവിതത്തിൽ എന്തായിത്തീരണമെന്ന ആഗ്രഹം മാത്രമല്ല, അത് നേടിയെടുക്കുമെന്ന വിശ്വാസവും അതിനായുള്ള കഠിനാധ്വാനവുമാണ് അലിയെ ആ നിലയിലെത്തിച്ചതെന്ന് പുസ്തകം നമ്മോടു പറയുന്നു. ‘തളർന്നതിന് ശേഷം എന്തുചെയ്യാനാവും’ എന്നതായിരുന്നു അലിയുടെ പരിശീലനമുറകളിൽ പ്രധാനമായതെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. ഏറ്റവും ശൗര്യമുള്ള, തനിക്ക് ജയിച്ചടക്കാൻ സാധ്യത കുറഞ്ഞ എതിരാളിയെ നേരിടുമ്പോൾ പോലും അലി മനസ്സിൽ കുറിക്കുന്ന ചില തീരുമാനങ്ങളും ആസൂത്രണങ്ങളുമാണ് ഫലം അലിക്ക് അനുകൂലമാക്കിയതെന്നു കാണാം.

വായിച്ചുപോവുമ്പോൾ ചിലപ്പോഴൊക്കെ അമിതമെന്ന് എനിക്കു തോന്നിയ, അലിയുടെ തന്നെക്കുറിച്ചുള്ള പ്രശംസാവാചകങ്ങൾ പക്ഷേ, സ്വത്വവും അസ്തിത്വവും ചോദ്യം ചെയ്യപ്പെട്ട ഒരു സമൂഹത്തിൽ നിന്ന് തീവ്രമായ ലക്ഷ്യബോധവും കഠിനമായ അദ്ധ്വാനവും കൊണ്ടുമാത്രം ഉയിർത്തെഴുന്നേറ്റ ഒരുവന്റെ ആത്മവിശ്വാസമാണെന്ന് നമുക്ക് തിരിച്ചറിയേണ്ടി വരുന്നു.

അമേരിക്കക്ക് വേണ്ടി സ്വർണ്ണമെഡൽ വാങ്ങിയ താരമെന്ന നിലയ്ക്ക് തനിക്ക് മുമ്പിൽ തുറക്കപ്പെടും എന്നു കരുതിയ സമത്വത്തിന്റെ വാതിൽ പക്ഷേ കറുത്തവനെന്ന നിലയിൽ തനിക്കു മുമ്പിൽ അടഞ്ഞുതന്നെയിരുന്നു. തീക്ഷ്ണമായ ആ അനുഭവം അലിയെ ഏറെ ചിന്തിപ്പിക്കുന്നുണ്ട്. സമത്വവും തന്റെ സമൂഹത്തിന് അസ്തിത്വവും നേടിയെടുക്കാൻ കൂടിയാണ് പിന്നീട് അലിയുടെ ഓരോ മത്സരവിജയം പോലും. നീതിയെയും ധർമ്മത്തെയും അന്വേഷിക്കുന്ന അലി ഒടുവിൽ ഇസ്‌ലാമിൽ എത്തിച്ചേരുന്നു. മനുഷ്യരെയും ജീവജാലങ്ങളെയുമെല്ലാം നിബന്ധനകളില്ലാതെ സ്നേഹിക്കുന്ന അലി, ഇസ്ലാമാണ് തന്നെ ലോകമറിയുന്ന അലിയാക്കിയതെന്നും മുസ്ലിം അല്ലായിരുന്നെങ്കിൽ താനെടുത്ത പല നിലപാടുകളും അങ്ങനെയെടുക്കാൻ തനിക്കാവില്ലായിരുന്നുവെന്നും പറയുന്നു.

ഇസ്ലാമിക പ്രബോധനവുമായി വന്ന പ്രവാചകന്മാരോട് പ്രമാണിമാർ പരിഹാസത്തോടെ പറഞ്ഞ വചനങ്ങൾ ഖുർആൻ ഉദ്ധരിക്കുന്നുണ്ട്. ‘ഞങ്ങൾക്കിടയിലെ താഴ്ന്ന ജനങ്ങളാണല്ലോ നിന്നെ പിന്തുടർന്ന് കാണുന്നത്’ എന്ന്. സമൂഹത്തിൽ അടിച്ചമർത്തലിനും അസമത്വത്തിനും ഇരയായിട്ടുള്ള മനുഷ്യരെ ഇസ്‌ലാം അതിന്റെ തനിമയിൽ തന്നെ ആകർഷിച്ചിട്ടുണ്ട്. പ്രമാണിമാർക്ക് അതിന്റെ സാംഗത്യം മനസ്സിലായില്ല. അല്ലാഹുവിൽ താൻ കണ്ടെത്തുന്ന അഭയവും അത് നൽകുന്ന സുരക്ഷയും അലി പലപ്പോഴായി പറഞ്ഞിട്ടുണ്ട് ചാനൽ അഭിമുഖങ്ങളിലടക്കം.

ഒന്നിച്ചൊരു ലക്ഷ്യത്തിലേക്ക് കൂട്ടമായി നീങ്ങുന്ന ഉറുമ്പിൻ കൂട്ടത്തിൽ പോലും ദൈവത്തിന്റെ ദൃഷ്ടാന്തം ദർശിക്കുന്ന അലിയെ പിൽകാലത്ത് നമുക്ക് പരിചയപ്പെടാനാകും. ഭൂമിയിൽ അഹന്തയോടെ നടക്കുന്ന മനുഷ്യനെ മറ്റൊരു കാഴ്ചപ്പാടിൽ നോക്കിയാൽ ഈ ഉറുമ്പിനോളം ചെറുതായിട്ട് കാണാമെന്ന് അലി പറയുന്നു. നമുക്ക് നമ്മെത്തന്നെ തിരിച്ചറിയാനും ദൈവത്തിലേക്ക് വിനയപ്പെടാനുമുള്ള കാഴ്ചകളായാണ് ഇവയെ അലി വിലയിരുത്തുന്നത്. തന്റെ മുന്നിലേക്ക് വരുന്ന ജീവിതക്കാഴ്ചകളെ തിരിച്ചറിവിന്റെ ദൈവികദൃഷ്ടാന്തങ്ങളെന്ന നിലയിൽ ദർശിക്കുന്ന അനുഭവം ‘സമാധാനത്തിന്റെ സുഗന്ധം’ എന്ന പുസ്തകത്തിൽ കെ പി പ്രസന്നൻ പങ്കുവെക്കുന്നുണ്ട്. സമാനമായ ആ വായനാനുഭവത്തെ ഓർത്തുകൊണ്ടാണ് ഞാൻ തുടക്കത്തിൽ അത് പരാമർശിച്ചതും.

പാർക്കിൻസൻസ് രോഗം തന്നെ കീഴടക്കാൻ ശ്രമിച്ചപ്പോഴും അലി പുലർത്തിപ്പോന്ന ആത്മവിശ്വാസവും ദൈവവിശ്വാസവും അദ്ദേഹത്തിന് തുണയായെത്തുന്നു. തിരക്കിട്ട ജീവിതയാത്രകൾക്കിടയിൽ കാണാനും അറിയാനും സാധിക്കാതെപോയ ആത്മീയാനുഭവങ്ങളെ തൊട്ടറിയാൻ രോഗകാലം തുണയായെന്ന് ഗുണാത്മകമായി വിലയിരുത്തുന്നുണ്ട് അലി. ജീവിതത്തിന്റെ ഓരോഘട്ടത്തിലും നല്ലൊരു മകനും സഹോദരനും ഭർത്താവും പിതാവുമാകാൻ ശ്രമിക്കുകയും മക്കൾക്ക് നല്ലത് മാത്രം പകരാൻ കൊതിക്കുകയും ചെയ്ത അലിയെ വായിക്കുമ്പോൾ ഇടിക്കൂട്ടിൽ വീറോടെ പൊരുതുന്നതായി മാത്രം നാം കണ്ടിട്ടുള്ള അദ്ദേഹത്തിന്റെ തീർത്തും ലോലമായ ഹൃദയത്തെയും നിർമ്മലമായ വികാരങ്ങളെയും തൊട്ടറിയാനാവുന്നു.

പുസ്തകം : പൂമ്പാറ്റയുടെ ആത്മാവ്, മുഹമ്മദലിയുടെ ആത്മകഥ
പ്രസാധനം : ഐ പി എച്ച്.
വില : 199
മൊഴിമാറ്റം: ബഷീർ മിസ്അബ്

Facebook Comments
Related Articles
Close
Close