Current Date

Search
Close this search box.
Search
Close this search box.

കുട്ടികളെ അറിയാൻ അറിയേണ്ടതെല്ലാം..

രക്ഷാകർതൃത്വം അഥവാ മാതാപിതൃത്വം ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവുമധികം ഉത്തരവാദിത്വവും സന്തോഷവും നിറഞ്ഞ പദവിയാണ്. സങ്കീർണ്ണമായതാണെങ്കിലും നാമോരുരുത്തരും ആസ്വദിച്ച് ചെയ്യേണ്ടതും നിരന്തരമായി മൂല്യനിർണയം നിർവഹിക്കേണ്ടതുമായ ഒരു കല കൂടിയാണത്. അഥവാ തുടർച്ചയായി പഠിക്കുകയും പടിപടിയായി പരിഷ്കരിക്കുകയും ചെയ്യേണ്ട ഒന്ന്. പാരൻ്റിങ് ഒരു പദവിയല്ല, പ്രത്യുത ഒരു ധർമവും ബാധ്യതയുമാണത് എന്നറിഞ്ഞാൽ ഏറെക്കുറെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ കഴിയും.

നമ്മുടെ മക്കളുടെ ഭാവി ഉജ്ജ്വലമാക്കുവാനുള്ള നുറുങ്ങുകളും നർമ്മങ്ങളും പരിഹാരങ്ങളും ഉപയോഗപ്പെടുത്തുകയും, അവരെ സ്നേഹത്തോടും പരിചരണത്തോടും കൂടെ വളർത്തുകയും ചെയ്യുമ്പോൾ മാത്രമാണ് അത് പൂർണമാവൂ. ചില മാതാപിതാക്കളുടെ അമിത ലാളനയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ വിശദീകരിച്ച് പരീക്ഷാ സമയത്ത് അവർ മക്കൾക്ക് നല്കുന്ന അധിക സമ്മർദ്ദത്തെ വിഷയവത്കരിച്ച് നിത്യ ജീവിതത്തിൽ ഓരോ മാതാപിതാക്കളും നേരിടുന്ന കൊച്ചു കൊച്ചു കുറുമ്പുകളെ ചില കഥാപാത്രങ്ങളിലൂടെ (ആദിൽ, ഫാഹിമ , റിൻഷ ,ഹനീന ) വാങ്മയ ചിത്രങ്ങളായി വരച്ചു കാട്ടുന്ന അതി മനോഹരമായ ഒരു ഗ്രന്ഥമാണ് എൻ്റെ മുമ്പിലുള്ളത്. അധ്യാപകനും പരിശീലകനും ഫാമിലി കൗൺസിലറും സർവോപരി ഈയുള്ളവൻ്റെ ചങ്കുമായ ഡോ. മൻസൂർ ഒതായിയുടെ “കുട്ടികളെ അറിയാ”മെന്ന പാരൻ്റിങ് സംബന്ധിയായ ഒരു ലഘു പുസ്തകമാണിത്.

അമിതമായ ചാരക്കണ്ണുകൾക്കപ്പുറം സ്‌നേഹം,ശിക്ഷണം, പരിപാലനം എന്നീ പ്രാഥമികതകൾ നിർവ്വഹിക്കാനുള്ള ശേഷി രക്ഷാകർത്താക്കൾ ബോധപൂർവ്വം ഉണ്ടാക്കിയെടുത്തില്ലെങ്കിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഭീതിദവും ഭയാനകവും ദാരുണവുമായിരിക്കുമെന്ന് ഹെലികോപ്റ്റർ പാരൻ്റിങ് എന്ന ചർച്ചയിൽ കൃത്യമായി മനസ്സിലാക്കിത്തരാൻ മൻസൂർ ഒതായിക്കായിട്ടുണ്ട്. ന്യൂ ജെൻ ട്രെൻഡായി മാറുന്ന ഡ്രഗ് ,മൊബൈൽ അഡിക്ഷനുകൾ, പുതിയ തലമുറയിലെ മക്കളുടെ നാം ഗൗരവത്തിലെടുക്കേണ്ട പരിഭവങ്ങൾ, കൗമാര പ്രണയങ്ങളുടെ ഉള്ളു പൊള്ളയായ സന്ത്രാസങ്ങൾ, അടിച്ചു പൊളിക്കുന്ന വെക്കേഷൻ എന്നു തുടങ്ങിയ ശരാശരി മലയാളി മാതാപിതാക്കളുടെ എല്ലാ പ്രശ്നങ്ങളും ചർച്ച നടത്തി ലളിതമായ പരിഹാരങ്ങൾ കണ്ടെത്താനും അവയെ എങ്ങനെ പ്രാവർത്തികമാക്കാമെന്ന ചിന്തകളുമാണ് ഈ ലഘുകൃതിയുടെ ഉള്ളടക്കം.

പേരുപറയാതെ തന്നെ ചില മാതാപിതാക്കളുടെ അനുഭവങ്ങൾ പങ്കുവെച്ച് പ്രായോഗിക തലത്തിൽ അവർ കണ്ടെത്തിയ പരിഹാരങ്ങൾ നിർദേശിക്കുകയും മക്കളുടെ കാര്യത്തിൽ നാമനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾക്കുള്ള പോംവഴികൾ സമർപ്പിക്കുകയും ചെയ്യുന്ന ഒരു ഹാൻ്റ്ബുക്കാണിത്, സംശയമില്ല. കടുകട്ടി ദാർശനിക ചർച്ചകളോ സംവാദങ്ങളോ ഇല്ലാത്ത ഈ ലളിത ഗ്രന്ഥത്തിന് അവതാരിക എഴുതിയത് എൻ്റെ ഗുരു സമാനനായ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് സാറാണ്. “ഇടിനാദങ്ങല്ല, മഴത്തുള്ളികളാണ് പൂക്കൾ വിരിയാൻ ഇടയാക്കുന്നത് ” എന്ന റൂമിയുടെ ലളിത സുന്ദര തത്വത്തിൽ നിന്നും വികസിപ്പിച്ച ആ ആമുഖം നൂറിൽ താഴെ മാത്രം പേജുകളുള്ള ഈ ഗ്രന്ഥത്തിന് വെളിച്ചത്തിന് മേൽ വെളിച്ചം നൽകുന്നു.

വിക്ടറി ബുക്സ് പ്രസിദ്ധീകരിച്ച ഈ പാരൻ്റിങ് ഗൈഡ് 130 രൂപക്ക് ലഭ്യമാണ്. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ പ്രൊഫ. മുഹമ്മദ് ഐരൂർ നേതൃത്വം നൽകുന്ന വിക്ടറി ട്രസ്റ്റാണ് ഈ പബ്ലിഷിങ് വിംഗിൻ്റെ പിന്തുണ നല്കുന്ന സംവിധാനം. വിദ്യാഭ്യാസ / പാരൻ്റിങ് വിഷയങ്ങളിൽ കൂടുതൽ ഗ്രന്ഥങ്ങൾ അവരുടേതായി ഉണ്ടാവട്ടെയെന്നും ഈ ഗ്രന്ഥത്തിൻ്റെ അണിയറയിലും പുറത്തും പ്രവർത്തിച്ച ഏവർക്കും അർഹമായ പ്രതിഫലവും പരിഗണനയും സ്നേഹവും റബ്ബ് നല്കട്ടെ എന്നും പ്രാർഥിക്കുന്നു.

Related Articles