Book Review

കുനന്‍ പോഷ്‌പോറയെ നിങ്ങള്‍ക്കോര്‍മ്മയുണ്ടോ?

1991 ഫെബ്രുവരി 23 നും 24നും ഇടക്കുള്ള രാത്രിയില്‍ ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയിലെ കുനന്‍ പോഷ്‌പോറ ഗ്രാമങ്ങളില്‍ ഇന്ത്യന്‍ ആര്‍മി നൂറോളം കശ്മീരി സ്ത്രീകളെ മൃഗീയമായി കൂട്ടബലാല്‍സംഘം ചെയ്യുകയുണ്ടായി. ഇന്ത്യന്‍ ആര്‍മിയുടെ ആ ക്രൂരകൃത്യത്തെ വെളിച്ചത്ത് കൊണ്ടുവന്ന് അഞ്ച് കശ്മീരി സ്ത്രീകള്‍ (ഇഫ്‌റ ഭട്ട്, മുനാസ റാഷിദ്, നതാഷ റാത്തെര്‍, സംറീന്‍ മുഷ്താഖ്, എസ്സാര്‍ ബത്തൂല്‍)  ചേര്‍ന്നെഴുതിയ പുസ്തകമാണ് do you remember kunan poshpora (നിങ്ങള്‍ കുനന്‍പോഷ്‌പോറയെ ഓര്‍ക്കുന്നുണ്ടോ) എന്നത്. ഏഴ് അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകം ഇന്ത്യന്‍ സൈന്യം നടത്തിയ കുപ്രസിദ്ധമായ കൂട്ട ബലാത്സംഗത്തിലെ വേരുകളും പശ്ചാത്തലവും ആഴത്തില്‍ അന്വേഷിക്കുന്നതാണ്. ഫീല്‍ഡ് വര്‍ക്ക്, പ്രദേശവാസികളുമായുള്ള അഭിമുഖങ്ങള്‍, വിവിധ അന്വേഷണ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍, അക്കാലത്തെ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ എന്നിവയിലൂടെ കുനന്‍ പോഷ്‌പോറ സംഭവം ആധികാരികമായി വിവരിക്കുന്ന ആദ്യത്തെ പുസ്തകമാണിത്. 1991 ലെ ആ ദുരൂഹമായ രാത്രിയില്‍ നടന്ന എല്ലാ സംഭവങ്ങളും അതിന്റെ ഭയാനകത ഒട്ടും ചോര്‍ന്ന് പോകാതെ രേഖപ്പെടുത്തുന്നതോടൊപ്പം കുനന്‍ പോഷ്‌പോറ ഗ്രാമങ്ങളിലെ ജനങ്ങളുടെ മനശാസ്ത്രപരവും സാമൂഹികവുമായ അവസ്ഥാന്തരങ്ങളെക്കുറിച്ചും പണ്ഡിതോചിതമായി രചയിതാക്കള്‍ വിവരിക്കുന്നു. ഒപ്പം, ഇരകള്‍ക്ക് നീതി തേടിയുള്ള സമരപരിപാടികളുടെ നാള്‍വഴികളും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുകളുമൊക്കെ പുസ്തകം സൂചിപ്പിക്കുന്നു.

ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തില്‍ കശ്മീര്‍ സ്ത്രീകള്‍ വഹിച്ച പങ്കാണ് ആദ്യ അധ്യായത്തില്‍ വിവരിക്കുന്നത്. സംഘര്‍ഷഭരിതമായ കശ്മീരില്‍ വളര്‍ന്നുവന്ന അഞ്ച് എഴുത്തുകാരുടെ കഥകളും കശ്മീരിലെ മറ്റേതൊരു ജനവിഭാഗത്തെപ്പോലെയും അധിനിവേശത്തിന്റെ നീരാളിപ്പിടിത്തം നൃത്തം ചവിട്ടിയതായിരുന്നു. സമാനതകളില്ലാത്ത ക്രൂരതകളായിരുന്നു അവര്‍ നേരിട്ടിരുന്നതെന്ന് ഓരോരുത്തരും പങ്ക് വെക്കുന്നു. രണ്ടാം അധ്യായത്തില്‍ രചയിതാക്കള്‍ കശ്മീരിലെ രാഷ്ട്രീയമായി അനിശ്ചിതത്വമുള്ള അന്തരീക്ഷത്തെക്കുറിച്ച് വായനക്കാരനെ ബോധ്യപ്പെടുത്തുന്നു. ”ബലാത്സഘം” നിസ്സങ്കോചം ചെയ്യാന്‍ പറ്റുന്ന ഒരു വ്യവസ്ഥാപിത സൈനിക സമ്പ്രദായമായി മാറി എന്നതിനെക്കുറിച്ചും ഭരണകൂടത്തിന്റെ ശിക്ഷാനടപടികളിലെ ക്രൂരതകളെക്കുറിച്ചും രചയിതാക്കള്‍ ഉള്ള് പൊള്ളുന്ന ഭാഷയില്‍ അവതരിപ്പിക്കുന്നു.

കുനന്‍ പോഷ്‌പോറയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ട സ്ത്രീകളില്‍ 13 മുതല്‍ 60 വയസ്സ് വരെ ഉള്ളവരുണ്ട്. ഗര്‍ഭിണികളോ വികലാംഗരോ അതില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ലെന്ന് പുസ്തകം പറഞ്ഞുവെക്കുന്നു. കൂടാതെ കുപ്‌വാര ജില്ല സൈനികസ്ഥാപനങ്ങളാല്‍ വലയം ചെയ്യപ്പെട്ട പ്രദേശമാണെന്നും ഭയം കൊണ്ട് ആരും അങ്ങോട്ടേക്ക് വരാറില്ലെന്നും പോഷ്‌പോറയില്‍ പ്രവേശിക്കുന്നത് സ്വയം യുദ്ധക്കളത്തില്‍ ചെന്ന് അപകടം വിളിച്ചുവരുത്തുന്നതിന് സമാനമാണെന്ന തോതിലുള്ള സംസാരങ്ങള്‍ അയല്‍ പ്രദേശങ്ങളില്‍ സജീവമായിരുന്നു.

Also read: വൃത്തിയും മഹാമാരികളില്‍ നിന്നുള്ള സുരക്ഷയും

ഈ രണ്ട് ഗ്രാമങ്ങളിലെ എല്ലാ സ്ത്രീകളുടേയും അഭിമാനവും അന്തസ്സും പിച്ചിച്ചീന്തിയ ദൗര്‍ഭാഗ്യകരമായ ആ രാത്രിയുടെ ഭീകരതയിലേക്ക് മൂന്നാമത്തെ അധ്യായം വായനക്കാരനെ നേരിട്ട് കൊണ്ടുപോകുന്നു. കേസുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍, പോലീസ് സമര്‍പ്പിച്ച കേസ് ഡയറി, ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പ്രസ്താവനകള്‍, ഏറ്റവും പ്രധാനമായി ആ രാത്രിയിലെ ഇരകളുമായുള്ള എഴുത്തുകാരുടെ വ്യക്തിപരമായ ഇടപെടലുകള്‍ എന്നിവ അധ്യായം വിശദമായി വിശകലനം ചെയ്യുന്നു.

നാലാം അധ്യായം രണ്ട് ഗ്രാമങ്ങളിലേയും അതിജീവിച്ചവരുടെ ജീവിതത്തെക്കുറിച്ചും തുടര്‍ന്ന് പ്രദേശത്തുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രസ്തുത സംഭവം സ്ത്രീ-ജീവിതത്തെ ഏത് രീതിയില്‍ ബാധിച്ചുവെന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. ഇരകളുടേയും അവരുടെ കുടുംബങ്ങളുടേയും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഈ സംഭവം കാരണമായുണ്ടായ പ്രത്യാഘാതങ്ങള്‍ ഏറെ ഭീതിദമാണ്. ഈ സംഭവം ഒരിക്കലും ഇനി ആവര്‍ത്തിക്കരുതെന്ന ഗ്രാമവാസികളുടെ ആഗ്രഹത്തെയും. നീതിക്കായി പോരാടാന്‍ തീരുമാനിച്ചപ്പോള്‍ അവിടുത്തെ സ്ത്രീകള്‍ കാണിച്ച ചെറുത്തുനില്‍പ്പിന്റെയും പ്രതിരോധത്തിന്റെയും മനോഭാവത്തെ ഈ അധ്യായം പ്രതിഫലിപ്പിക്കുന്നു.

അഞ്ചാം അധ്യായം നിയമപരമായ സാങ്കേതികതകളെ ചുറ്റിപ്പറ്റിയാണ്. ആ ദുരന്തകരമായ രാത്രിയില്‍ നടന്ന കൂട്ട ബലാത്സംഗത്തിന്റെ സംഭവങ്ങളെ അസാധുവാക്കാന്‍ ശ്രമിച്ച് കള്ളറിപ്പോര്‍ട്ട് ഉണ്ടാക്കിയ ബി.ജി വര്‍ഗ്ഗീസിനെ അധ്യായത്തിലെ ഒരു വിമര്‍ശനാത്മകമായി തുറന്നു കാട്ടുന്നു. ”ആര്‍മി പെയ്ഡ് മാന്‍” എന്നാണ് അദ്ദേഹത്തെ പട്ടാളക്കാര്‍ വിശേഷിപ്പിക്കുന്നത്. അന്നത്തെ ഡിവിഷനല്‍ ഉ്‌ദ്യോഗസ്ഥനായ വജാഹത്ത് ഹബീബുല്ലയെപ്പോലും രചയിതാക്കള്‍ വെറുതെ വിടുന്നില്ല. സത്യം പുറത്തുകൊണ്ടുവരലായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവാദിത്തമെന്നും എന്നാല്‍ തന്റെ സ്ഥാനവും കസേരയും സംരക്ഷിക്കാന്‍ അദ്ദേഹം 22 വര്‍ഷത്തോളം നിശബ്ദത പാലിക്കുകയായിരുന്നുവെന്നും രചയിതാക്കള്‍ വിമര്‍ശിക്കുന്നു.

Also read: ‘ബാബരി മസ്ജിദ് തകര്‍ക്കാന്‍ പോയ ഞാൻ ആര്‍.എസ്.എസ് വിട്ടതെന്തിന്?’

ആറാം അധ്യായം, വേട്ടയാടപ്പെട്ട രാത്രിയിലും അതിന് ശേഷം നടന്ന സംഭവങ്ങളിലും പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരുമായി രചയിതാക്കള്‍ അഭിമുഖം നടത്തി അവ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതാണ്. ഏഴാം അധ്യായം 2013ല്‍ പൊതു താത്പര്യ വ്യവഹാരത്തിന് ഫയല്‍ ചെയ്തതിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ചും കേസ് വീണ്ടും തുറന്ന് കുനാനിലെ ഇരകള്‍ക്ക് നീതി ഉറപ്പ് വരുത്തുന്നതിനെക്കുറിച്ചുമുള്ള വീക്ഷണങ്ങള്‍ പങ്ക് വെക്കുന്നതാണ്.

കുനന്‍ പോഷ്‌പോറയെക്കുറിച്ച് ധാരാളം എഴുത്തുകളും ഡോക്യുമെന്റേഷനുകളും ഇതിനകം തന്നെ നടന്നിട്ടുണ്ടെങ്കിലും ഈ പുസ്തകവും മുല്യമുള്ളതും വ്യത്യസ്തമായതുമായതുമാകുന്നത് പല ഘടകങ്ങള്‍ കൊണ്ടുമാണ്. പ്രത്യേകിച്ച് ഇരകളുടെ അഭിമുഖം നടത്തി കിട്ടിയ കഥകള്‍ അപ്പടി വിവരിക്കുന്നതിന് പകരം ലഭ്യമായ പോലീസ് റിപ്പോര്‍ട്ടുകള്‍, നിയമപരമായ രേഖകള്‍, സാക്ഷി അക്കൗണ്ടുകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം ലഭിച്ച ആധികാരിക രേഖകള്‍ മികച്ച ആഖ്യാനത്തോടെ അവതരിപ്പിച്ചത് ഈ പുസ്തകത്തെ മികച്ച ഒരു കൃതിയാക്കി മാറ്റുന്നു.

കുനാനിലെയും പോഷ്‌പോറയിലെയും ജനങ്ങള്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഉപേക്ഷിച്ചിട്ടില്ല. ശിക്ഷാനടപടിയുടേയും ക്രൂരതയുടേയും പശ്ചാത്തലത്തില്‍ അവര്‍ ഒട്ടും പിന്നോട്ട് പോയിട്ടില്ല. നമുക്ക് മറക്കാതിരിക്കാം.

 

വിവ. അബ്ദുല്ലത്തീഫ് പാലത്തുങ്കര

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker