ഒറ്റ ഇരുപ്പിന് വായിച്ചു തീർത്ത നല്ലൊരു കൊച്ചു പുസ്തകമാണ് എൻ്റെ മുമ്പിലുള്ളത്. എഴുപതോളം പേജുകളിൽ എട്ട് അദ്ധ്യായങ്ങളിലായി ഗ്രന്ഥകാരൻ സമർഥിക്കുന്ന കാര്യങ്ങൾ ചിന്താശീലരിൽ അനുരണനങ്ങള്ളുണ്ടാക്കുക തന്നെ ചെയ്യും. കോഴിക്കോട് “കേളു എട്ടൻ പഠന ഗവേഷണ കേന്ദ്രം” ഡയറക്ടർ കൂടിയായ കെ.ടി കുഞ്ഞിക്കണ്ണൻ കേരള നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ എഴുതിയ കൃതി പുറത്തിറക്കിയത് ചിന്താ പബ്ലിഷേഴ്സ് ആണ്. കുഞ്ഞിക്കണ്ണൻ്റെ പഠന ഗവേഷണത്തിൻ്റെ നിലവാരമില്ലായ്മ എളുപ്പം ഗ്രഹിക്കാൻ പക്ഷപാത രഹിതമായി ചിന്തിക്കുന്ന ഏതൊരാൾക്കും ഉപകരിക്കുന്നതാണ് ശൈഖ് സാഹിബിൻ്റെ വിവരണങ്ങളും ന്യായവാദങ്ങളും.
ലക്ഷ്യം മാർഗ്ഗത്തെ ന്യായീകരിക്കുന്നുവെന്ന അത്യന്തം അപകടകരമായ ശൈലിയാണ് കമ്മ്യൂണിസ്റ്റുകൾ ദേശീയതലത്തിലും രാഷ്ട്രാന്തരീയ തലത്തിലും പുലർത്തി പോന്നിട്ടുള്ളത്. കേരള ഭരണം എളുപ്പം നേടിയെടുക്കാനുള്ള മാർക്സിസ്റ്റ് മേലാളന്മാരുടെ തന്ത്രം സുസാധ്യമാക്കാൻ തട്ടിക്കൂട്ടിയ കൃതി എന്തുമാത്രം അസത്യജടിലവും ദുരുപദിഷടിതവുമാണെന്ന് തിരിച്ചറിയാൻ സഹായകമാണ് ഇസ്ലാമിക തീവ്രവാദം എന്ന കുഞ്ഞിക്കണ്ണൻറ (വി)കൃതി വിശകലനം ചെയ്തുകൊണ്ടുള്ള ശൈഖ് സാഹിബിന്റെ ചിന്തോദ്ദീപകമായ മറുപടി.
വിമർശനങ്ങളും നിരൂപണങ്ങളും ആരോഗ്യകരമായ ശൈലിയിലാണെങ്കിൽ ആശയങ്ങളുടെയും നിലപാടുകളുടെയും സമീപനങ്ങളുടെയും സ്‌ഫുടീകരണത്തിന് അത് ഉപകരിക്കും. ഈയർത്ഥത്തിലുള്ള വിമർശനങ്ങൾ സ്വാഗതാർഹവുമാണ്. എന്നാൽ കുഞ്ഞിക്കണ്ണൻ നടത്തിയ വിമർശനങ്ങൾ നീതിനിഷ്ഠ പുലർത്താത്തതും ബുദ്ധിപരമായ സത്യസന്ധത തീരെ ഇല്ലാത്തതുമാണ്.
ചിന്താപരമായി ശ്രീ: കുഞ്ഞിക്കണ്ണൻ അനുഭവിക്കുന്ന ആശയക്കുഴപ്പങ്ങളും അതിൻഫലമായുള്ള വൈരുദ്ധ്യങ്ങളും മനസ്സിലാക്കാനുതകുന്നതാണ് ” സിപിഎമ്മുകാർ സ്വയം റദ്ദ് ചെയ്യുന്നു ” എന്ന അദ്ധ്യായം. “സംഘപരിവാർ പ്രീണനം: സത്യമോ മിഥ്യയോ? ” എന്ന അദ്ധ്യായം ഇരുപതോളം വസ്തുതകൾ നിരത്തി കൊണ്ടാണ് വായനക്കാരെ പ്രബുദ്ധരാക്കുന്നത്.
ഭൂരിപക്ഷത്തിൽ നിന്നാണ് ഭൂരിപക്ഷം രൂപപ്പെടുക. ആകയാൽ ഭൂരിപക്ഷ പ്രീണനാർത്ഥം ഇസ്‌ലാമിനോടും മുസ്‌ലിംകളോടും വെറുപ്പും വിദ്വേഷവും വളർത്തലാണ് എളുപ്പം രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ഏറെ സഹായകം എന്ന ചിന്താഗതി മാർക്സിസ്റ്റ് പാർട്ടിയെ പിടികൂടിയിട്ട് കാലംകുറെയായി. അത് കൂടുതൽ സംക്രമിച്ച് മാരകവും ഭീകരവുമായി പരിണമിച്ചു കൊണ്ടിരിക്കുകയാണെന്ന് കുഞ്ഞി കണ്ണന്റെ കൃതി വ്യക്തമാക്കുന്നുണ്ട്.
വിശ്വമതമായ ഇസ്ലാമിനെ നേർക്കുനേർ വിമർശിക്കുന്നതിനു പകരം ജമാഅത്തെ ഇസ്ലാമിയെ നാട്ടകുറ്റിയാക്കി ഇസ്ലാമിനെതിരെ യാതൊരുവിധ തത്വദീക്ഷയും പുലർത്താതെ നടത്തുന്ന വാചാടോപം വിമർശനം എന്ന പ്രയോഗത്തിന് പോലും അർഹമല്ലാത്ത വിധം ഹീനവും അസത്യജടിലവുമാണ്.
മൗലാനാ മൗദൂദിയെയും ജമാഅത്തെ ഇസ്ലാമിയെയും വസ്തുനിഷ്ഠമായി നിരൂപണം ചെയ്യാവുന്നതാണ്; അങ്ങനെ ചെയ്യേണ്ടതുമാണ്. ആർഎസ്എസിനെ സ്വതന്ത്രമായും നിശിതമായും വിമർശിക്കാനുള്ള അധൈര്യം കൊണ്ടാണ് സത്യസന്ധമല്ലാത്ത സമീകരണം നടത്തുന്നതെന്ന് നിഷ്പക്ഷ നിരീക്ഷകർക്ക് ബോധ്യമാവുന്നുണ്ട് . ആർഎസ്എസിന്റെ സായുധ പരിശീലന പരിപാടികൾ വളരെ പരസ്യമാണ്. സർക്കാറുകളുടെ കൺവെട്ടത്ത് ദശകങ്ങളായി നടന്നുവരുന്ന പരിപാടിയെ നിയന്ത്രിക്കാനോ നിരോധിക്കാനോ മാർക്സിസ്റ്റ് ഭരണത്തിനോ കോൺഗ്രസ് ഭരണത്തിനോ ധൈര്യമില്ല. പകരം ആർ.എസ്.എസിന്റെ ഇത്തരം സൈനിക പരിശീലന പരിപാടികൾ ഉൾപ്പെടെ പല സംഗതികളും തീർത്തും വർജ്യമായി കരുതുന്ന ജമാഅത്തെ ഇസ്ലാമിയോട് സമീകരിക്കുമ്പോൾ ഫലത്തിൽ ആർഎസ്എസിനെ വിശുദ്ധ വൽക്കരിക്കാനാണ് കുഞ്ഞിക്കണ്ണൻ ഉൾപ്പെടെയുള്ള ഇടതുപക്ഷ “ബുദ്ധിജീവി”കൾ ശ്രമിക്കുന്നത്. അധികമായി ചായ കുടിക്കുന്നത് ചിലർക്കെങ്കിലും ദുശ്ശീലമാണ്. ഈ ദുശ്ശീലത്തെ ചായകുടി മദ്യപാനം പോലെയാണെന്ന് സമീകരിച്ച് പറഞ്ഞാൽ മദ്യപാനത്തിന്റെ ദൂഷ്യത്തെയും ദോഷത്തെയും അതീവ ലളിതമാക്കുകയാണ് ഫലത്തിൽ ചെയ്യുന്നത്. ഇതിനേക്കാൾ അബദ്ധവും അർത്ഥശൂന്യവുമാണ് ആർ.എസ്.എസ് – ജമാഅത്തെ ഇസ്ലാമി സമീകരണം. നേർക്കുനേരെ ജമാഅത്തെ ഇസ്ലാമിയെ വസ്തുനിഷ്ഠമായി സവിശദം പഠനവിധേയമാക്കുവാനുള്ള ബുദ്ധിപരമായ സത്യസന്ധതയും ആർജവവും കാണിക്കാതെ വക്രബുദ്ധി യോടെ നടത്തുന്ന വിക്രിയകൾ അപഹാസ്യമാണ്.
രണ്ടുവിഭാഗങ്ങൾ തമ്മിൽ ഉണ്ടെന്നു തോന്നുന്ന ചില സാദൃശ്യങ്ങൾ വെച്ച് രണ്ടും ഒന്നാണ് (one and the same) എന്ന് വിലയിരുത്തുന്ന ന്യായം അംഗീകരിക്കുന്ന പക്ഷം, ആർ.എസ്.എസും കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള ഒട്ടേറെ സാദൃശ്യങ്ങൾ വെച്ച് മാർക്സിസ്റ്റ് പാർട്ടിയാണ് ആർ.എസ്.എസിനോട് ഏറെ സമാനതകളുള്ള സംവിധാനമെന്ന ശൈഖ് സാഹിബിന്റെ പ്രസ്താവന കുഞ്ഞികണ്ണന്റെ വാദത്തെക്കാൾ ഏറെ ശരിയാണ്.
മൗദൂദിയെ ഹിറ്റ്ലറോടും മുസോളനി യോടും ഉപമിച്ചതിന്റെ ഉദ്ദേശം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭീകരതയും ക്രൂരതയും കുറെയെങ്കിലും മനസ്സിലാക്കിയ ആരിലും അമ്പരപ്പുണ്ടാക്കുന്നതാണ്. ഹിന്ദുത്വ ദുഷ്ടശക്തികളെ സന്തോഷിപ്പിക്കാനും അതുവഴി ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ സമാർജ്ജിക്കാനും നടത്തുന്ന ഈ കസറത്ത് എന്തുമാത്രം ഹീനവും അന്യായവുമാണെന്ന് ” ഒമ്പതര കോടി മുർത്തദുകളെ കൊന്നൊടുക്കിയവർ ” എന്ന അദ്ധ്യായം മനസ്സിലാക്കിത്തരുന്നുണ്ട്.
കമ്മ്യൂണിസ്റ്റുകൾ കമ്മ്യൂണലിസ്റ്റുകളായും ചെങ്കൊടി കാവിയായും പരിണമിക്കുന്ന ഇടതുപക്ഷത്തെ ബാധിച്ച ഭാവപ്പകർച്ച തിരിച്ചറിയാൻ സത്യസന്ധതയുള്ള ഇടതുപക്ഷക്കാർക്ക് വെളിച്ചം നൽകുന്ന ഈ കൊച്ചു കൃതി ധാരാളമായി വായിക്കപ്പെടേണ്ട ഒരുത്തമ രചനയാണ്. വിസ്താരഭയം കാരണമായിരിക്കാം വളരെയേറെ കാര്യങ്ങൾ വേണ്ടുംവിധം വിശദീകരിക്കാൻ കൃതഹസ്തനായ ഗ്രന്ഥകാരൻ തുനിഞ്ഞിട്ടില്ല. സൂചനകൾ കൊണ്ട് മതിയാക്കിയ ബിന്ദുക്കൾ കുറച്ചുകൂടി വിശദമാക്കിയെങ്കിൽ എന്ന് വായന വേളയിൽ ആശിച്ചു പോയിട്ടുണ്ട്.
കമ്മ്യൂണിസ്റ്റുകളുടെ അരിവാൾ ഫാസിസ്റ്റുകളുടെ പക്കലും ചുറ്റിക സിയോണിസ്റ്റുകളുടെ പക്കലും പണയം വെച്ചാണ് താൽക്കാലിക ലാഭത്തിനുവേണ്ടിയുള്ള ഈ കൈവിട്ട കളികളെന്നും വിവേകമതികളായ ഇടതുപക്ഷ ചിന്താഗതിക്കാർ തിരിച്ചറിയേണ്ടതുണ്ട്. ഇ എം ശങ്കരൻ വളർത്തിയെടുത്ത പാർട്ടിയിൽ ശിവശങ്കരന്മാർ വാഴുന്ന ഗതികേട് മറച്ചുവെക്കാൻ ഇസ്ലാമിനെയും മുസ്ലിങ്ങളെയും ശത്രുപക്ഷത്ത് നിർത്തി നിഴൽയുദ്ധം നടത്തുകയാണ് കുഞ്ഞിക്കണ്ണനെ പോലുള്ളവർ. ജമാഅത്തെ ഇസ്ലാമിയുടെ ഉള്ളടക്കം ഇസ്ലാമാണ്. അതിനെ നേർക്കുനേരെ വിമർശിക്കാൻ മാർക്സിസ്റ്റുകൾക്ക് സാധിക്കാത്തതിനാൽ ജമാഅത്തെ ഇസ്ലാമിയെ ഭീകര വൽക്കരിച്ച് നാട്ടക്കുറ്റിയാക്കി കുറെ വാചാടോപങ്ങൾ നടത്തി പലരെയും കബളിപ്പിക്കുകയാണ് മാർക്സിസ്റ്റുകൾ ചെയ്യുന്നത്.
ചുരുക്കത്തിൽ ശൈഖ് സാഹിബ് സന്ദർഭോചിതം രചിച്ച ഈ കൃതി ധാരാളമായി പ്രചരിക്കുകയും ചർച്ചചെയ്യപ്പെടുകയും വേണം. വക്രബുദ്ധിയുടെ വിക്രിയകൾ വെളിവാക്കപ്പെടുക തന്നെ വേണം.