Current Date

Search
Close this search box.
Search
Close this search box.

സന്താനപരിപാലനം: ഇസ്‌ലാമിക ചരിത്രത്തിലൂടെ ഒരു പ്രയാണം

ഇസ്ലാമിക വിദ്യാഭ്യാസ ചരിത്രത്തിലെ നാഗരിക വികാസങ്ങളും അവയുടെ പശ്ചാത്തലങ്ങളും സംഗമിക്കുന്ന ചരിത്ര യാത്രയാണ് മുഹമ്മദ് ശഅ്ബാൻ അയ്യൂബിൻ്റെ ‘കൈഫ റബ്ബൽ മുസ്ലിമൂന അബ്നാഅഹും’ ( മുസ്ലീങ്ങൾ അവരുടെ സന്താനങ്ങളെ എങ്ങനെ വളർത്തി) എന്ന ഗ്രന്ഥം. അഭിനന്ദനാർഹമായ രൂപത്തിൽ ഇസ്ലാമിക നാഗരികത രൂപപ്പെടുത്തിയ വിദ്യാഭ്യാസ സംവിധാനങ്ങൾ, സ്ഥാപനങ്ങൾ ,അവയുടെ ഇൻകുബേറ്ററുകളെയും ഇസ്ലാമിക വ്യവസ്ഥയുടെ വെളിച്ചത്തിൽ ഗ്രന്ഥകാരൻ അടയാളപ്പെടുത്തുന്നുണ്ട്.

ഇസ്ലാമിക ചരിത്രം, പൈതൃകം, നാഗരികത തുടങ്ങിയ ജ്ഞാന മേഖലകളിൽ ഗവേഷകനും ഗ്രന്ഥകാരനും ഇസ്ലാമിക് ഹിസ്റ്ററിയിൽ മാസ്റ്റേഴ്സ് ഗവേഷകനുമായ മുഹമ്മദ് ഷഅ്ബാൻ അയ്യൂബ് നിലവിൽ സിവിലൈസേഷൻ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ ജോലി ചെയ്യുകയും നിരവധി വെബ്സൈറ്റുകളിലും മാസികകളിലെയും എഴുത്തുകാരനുമാണ്. “മുസ്ലീങ്ങൾ അവരുടെ സന്തതികളെ എങ്ങനെ വളർത്തി” എന്ന പ്രസിദ്ധ ഗ്രന്ഥത്തിന് പുറമേ ദി മംലൂക് സ്റ്റേറ്റ് ,ജേർണി ഓഫ് അംബാസിദ് ഖിലാഫെറ്റ് തുടങ്ങി അനവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് .മുസ്ലിങ്ങൾ അവരുടെ സന്തതികളെ എങ്ങനെ വളർത്തി എന്ന ഗ്രന്ഥത്തിൽ പ്രസ്തുത കാലത്തെ വിജ്ഞാനത്തിൻറെ ഉറവിടങ്ങളെ ചികഞ്ഞു പരിശോധിച്ചുകൊണ്ടുള്ള സഞ്ചാരങ്ങളിലൂടെ അദ്ദേഹം അനുവാചകരെ പല കാലങ്ങളിലേക്ക് വഴിനടത്തുന്നുണ്ട്.

പ്രവാചക കാലത്തുനിന്നാരംഭിച്ച് അന്ദലൂസിയക്കാരുടെയും മൊറോക്കോകാരുടെയും യുഗങ്ങളോടെ പര്യവസാനിക്കുന്ന ജ്ഞാനസപര്യയാണ് പുസ്തകം ഇതിവൃത്തമാക്കുന്നത്. ഇസ്ലാമിക നാഗരികതയുടെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ വായനക്കാരെ വഴിനടത്തുകയും അവർക്ക് വിജ്ഞാനത്തിൻറെ വ്യതിരിക്ത രൂപഭാവങ്ങളെക്കുറിച്ചും അവയുടെ വികാസത്തെക്കുറിച്ചുമുള്ള ധാരണ സൃഷ്ടിക്കുകയും ചെയ്യുന്നു. യുഗപ്രഭാവങ്ങളായ കഴിഞ്ഞകാല സ്ത്രീ-പുരുഷരായ ജ്ഞാനികളുടെ ജീവിത ചരിത്ര പശ്ചാത്തലങ്ങളെക്കൂടി ഉൾകൊള്ളിക്കുന്നതിലൂടെ ഇസ്ലാമിൻ്റെ സ്ത്രീ സമീപനവും അവരുടെ പുരോഗതിക്കായി മതം വിഭാവനം ചെയ്യുന്ന ദർശനങ്ങളെയും പ്രവർത്തനങ്ങളെയും ശഅ്ബാൻ വിശദീകരിക്കുന്നുണ്ട്.

ഗ്രന്ഥരചനയിൽ ജർമ്മൻ ശാസ്ത്രജ്ഞൻ ആദം മെറ്റ്സിന്റെ സ്വാധീനം പുസ്തകത്തിൻറെ ആമുഖത്തിൽ ഗ്രന്ഥകാരൻ പറയുന്നുണ്ട്. ഓരോ രചനയ്ക്കും ഓരോ നിദാനങ്ങളുണ്ടാകും. ജർമൻ പണ്ഡിതൻ ആദം മെറ്റ്സിൻ്റെ ‘ഇസ്ലാമിക നാഗരികത ഹിജ്റ നാലാം നൂറ്റാണ്ടിൽ’ എന്ന ഗ്രന്ഥമാണ് പ്രസ്തുത രചനയുടെ പ്രേരണ. ധനം, പാർപ്പിടം, കച്ചവടം , വിജ്ഞാനം, കല ,രാഷ്ട്രീയം, സമൂഹം തുടങ്ങി നാഗരികതയുടെ സർവ്വ തലങ്ങളും ജർമൻ പണ്ഡിതൻ ആദം മെറ്റ്സ് തൻ്റെ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്.ഇത്തരം ശാഖകളുടെ നിഗൂഢമായ വശങ്ങളെക്കുറിച്ച് അദ്ദേഹം തൻറെ ഗവേഷണത്തിൽ വെളിപ്പെടുത്തുന്നുമുണ്ട്.

ശഅ്ബാൻ പറയുന്നു: സൂചിത രചനയുടെ ആകർഷണീയ ശൈലിയും നവീനതയും മൗലികതയും അതിശയകരമായ മനോഹാരിതയും മേളിക്കുന്ന രചനാ രീതിയും എന്നെ ഹഠാദാകർഷിച്ചു. അതിനാൽ ആ പുസ്തകത്തിൽ ഞാൻ ശ്രദ്ധിച്ച ചില വിടവുകൾ നികത്തുന്നതിൽ ഗ്രന്ഥകാരൻ സ്വീകരിച്ച രചനാരീതിയെ തന്നെ അവലംബം ആക്കാൻ ഞാൻ സ്വയം തീരുമാനമെടുത്തു. ഇസ്ലാമിക പൈതൃക, ചരിത്ര ഗവേഷകർക്കും ഇസ്ലാമിക ചരിത്രത്തിൻ്റെയും പൈതൃകത്തിൻ്റെയും ഉറവിടങ്ങൾ വല്ലപ്പോഴും മാത്രം പഠിക്കുന്ന സാധാരണ വായനക്കാരിലേക്കും അഭിവാജ്യ ഘടകമായ ഇസ്ലാമിക നാഗരികതയുടെ വിദ്യാഭ്യാസ വശത്തോടുള്ള അവഗണനയാണ് അദ്ദേഹത്തിൻ്റെ ഗ്രന്ഥത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ വിടവ്.

ജ്ഞാന ഘടനയെക്കുറിച്ചുള്ള ഗവേഷണങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും പുസ്തകത്തിന് അനുയോജ്യമായ രചനാശൈലിയും രൂപവും അനുധാവനം ചെയ്തുള്ള ശ്രമകരവും ആസ്വാധ്യകരവുമായ യാത്രയാണ് ഈ പുസ്തകം.

സമഗ്രമായ അന്വേഷണത്തിലോ വിരസമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിലോ കേന്ദ്രീകരിക്കപ്പെടുന്നില്ലെന്ന് മുഹമ്മദ് ശഅ്ബാൻ തന്നെ തൻ്റെ പുസ്തകത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കർശനമായ നിയമങ്ങളും തത്വങ്ങളും അന്വേഷിക്കുന്ന വസ്തുനിഷ്ഠമായ അക്കാദമിക് സാഹിത്യവുമായി ഇതിനു സാമ്യവുമില്ല. അതായത്, നമ്മുടെ പണ്ഡിതർക്കും നിയമജ്ഞർക്കും ചരിത്രകാരന്മാർക്കും എഴുത്തുകാർക്കും അവർ അനുഭവിച്ച വിദ്യാഭ്യാസ രീതികളെക്കുറിച്ചും അവരുടെ അനുമാനങ്ങളെക്കുറിച്ചും വാചാലരാകാനുള്ള ഇടം അനുവദിക്കുക എന്നതായിരുന്നു രചനാരീതി യുടെ അതിപ്രധാന ലക്ഷ്യം.

നാഗരിക ഗ്രന്ഥങ്ങളുടെ വ്യതിരിക്തത
‘മുസ്ലീങ്ങൾ അവരുടെ സന്തതികളെ എങ്ങനെ വളർത്തി’ എന്ന ഗ്രന്ഥം നിയമങ്ങളോടോ വ്യവസ്ഥകളോടോ ബന്ധിക്കാത്ത പരിഷ്കൃത രചനയാണെന്ന് രചയിതാവ് മുഹമ്മദ് ശഅ്ബാൻ പറഞ്ഞുവെക്കുന്നു. അക്ഷരാവലികൾക്ക് അവയാഗ്രഹിക്കുന്ന എന്തും ഏതും പറഞ്ഞു കേൾപ്പിക്കാനുതകുന്ന പ്രത്യേക കൃതി. കൂടാതെ ചരിത്രപരമായ ചില ഉദ്ധരണികളും വാക്യങ്ങളും സ്വയം ദീർഘിപ്പിച്ചതായും എഴുത്തുകാരൻ തുറന്നു സമ്മതിക്കുന്നുണ്ട്.

വിജ്ഞാനം എന്ന തൻറെ ലക്ഷ്യത്തെ കൃത്യവും വ്യക്തവുമായ രീതിയിൽ അനുവാചകരിലേക്ക് കൈമാറാനായിരുന്നു ഇത്തരം പ്രവണതകൾ. മുസ്ലിം വ്യക്തി ജീവിതത്തിൻറെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന നാഗരികതയുടെ അതിവിശാലമായ വിദ്യാഭ്യാസ സങ്കൽപത്തിൽ അത്ഭുതപ്പെടരുതെന്ന് വായനക്കാരനോട് അദ്ദേഹമാവശ്യപ്പെടുന്നു.

പ്രവാചകൻ്റെയും ഖുലഫാഉ റാഷിദുകളുടെയും കാലത്തെ വിജ്ഞാന വഴികളെ ഉദ്ധരിച്ചുകൊണ്ടാണ് ഇസ്ലാമിക വിജ്ഞാന നാഗരികതയെ കുറിച്ചുള്ള ഈ ജൈത്രയാത്ര ശഅ്ബാൻ ആരംഭിക്കുന്നത്. ആരംഭത്തിൽ പ്രവാചക വചനങ്ങളും തിരുകർമ്മങ്ങളും കുട്ടികളുമായുള്ള തിരുനബിയുടെ സഹവർത്തിത്വവും ബന്ധവുമെല്ലാം ഉൾപ്പെടുത്തിയതായി കാണാം. ഇതിലൂടെ ഖുലഫാഉ റാഷിദീ കാലഘട്ടത്തിലെയും മറ്റും സാമൂഹികവും ഔദ്യോഗികവുമായി അന്ന് നിലനിന്നിരുന്ന വിദ്യാഭ്യാസ സങ്കൽപ്പങ്ങളെക്കുറിച്ച് വായനക്കാരന് കൂടുതൽ വ്യക്തമാകും

വിദ്യാഭ്യാസം
പ്രവാചകകാലം മുതൽ അന്ദലൂസി കാലഘട്ടം വരെ

പ്രസ്തുത അധ്യായത്തിൽ ഈ യുഗം വിദ്യാഭ്യാസപരവും രീതിശാസ്ത്രപരവും പ്രായോഗികവുമായ നാഗരിക മുന്നേറ്റത്തിൻ്റെ കാലമാണെന്നാണ് എഴുത്തുകാരൻ സൂചിപ്പിക്കുന്നത്. ഓരോ കാലത്തും ഇസ്ലാമിക പണ്ഡിതർക്കും സൈദ്ധാന്തികർക്കും കീഴിൽ ഇസ്ലാം മുന്നോട്ടു വെക്കുന്ന വിദ്യാഭ്യാസ ആശയങ്ങളെ അത്രമേൽ ഉദ്ഘോഷിക്കുന്ന ഉദാത്തമായ ശ്രമങ്ങൾ പിറവിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ട്.

തുടർന്നുള്ള അധ്യായം ഉമയ്യ കാലഘട്ടത്തിലെ വിദ്യാഭ്യാസത്തെ കുറിച്ചാണ്. ഗോത്ര ഭരണ വിഭാഗങ്ങളും സർവതല സ്പർശിയായ അവരുടെ അധിനിവേശങ്ങളും അക്കാലത്തെ വേറിട്ട സവിശേഷതയാണ്. ഉമയ്യ കാലത്തെ പ്രധാന സവിശേഷതയായ പുതിയ പദങ്ങളുടെയും അർഥതലങ്ങളുടെയും ആവിർ ഭാവത്തെ എഴുത്തുകാരൻ ശ്രദ്ധിച്ചു കാണുന്നു.

‘വിദ്യാഭ്യാസത്തിൻറെ ഉന്നതി അബ്ബാസി കാലഘട്ടത്തിൽ’ എന്ന തലക്കെട്ടിലാണ് മൂന്നാം അധ്യായം. ഇസ്ലാമിക വിദ്യാഭ്യാസ ലോകത്ത് ഔദ്യോഗികമായി സർവകലാശാലകളും സ്കൂളുകളും ഓഫീസുകളും സ്ഥാപിതമാകുന്നത് ഈ കാലഘട്ടത്തിലാണെന്നിരിക്കെ വിദ്യാഭ്യാസം ചിന്താപരമായും പ്രായോഗികപരമായും ഉന്നതി പ്രാപിക്കുന്നത് ഈ കാലത്താണ്.

നാലാം അധ്യായം മംലൂക്കുകളുടെ കാലഘട്ടത്തെ കുറിച്ചാണ്. മനുഷ്യൻറെ ഇടപെടലുകളെത്തുന്ന മുഴുവൻ മേഖലകളിലേക്കും വിദ്യാഭ്യാസം വ്യാപിച്ച അക്കാലഘട്ടത്തിൽ സൈനിക വിദ്യാഭ്യാസം എന്ന പുതിയ മേഖല കൂടി രൂപപ്പെടുന്നുണ്ട്. ആധുനികകാലത്ത് വിദ്യാഭ്യാസത്തിനായി ഓരോ വായനക്കാർക്കും പിന്തുടരാവുന്നതെന്ന് ഗ്രന്ഥകാരൻ പരിചയപ്പെടുത്തുന്ന ഇന്ന് ‘ദ മാജിക് ഓഫ് എഡ്യൂക്കേഷൽ ഇൻ മൊറോക്കോ ആൻഡ് അന്ദലൂസിയ ‘എന്നതാണ് അവസാന അധ്യായം.

വിദ്യാഭ്യാസ വികാസവും തെളിവുകളും
വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ വികാസത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി തെളിവുകളിലേക്ക് ഗ്രന്ഥകാരൻ്റെ കണ്ണെത്തുന്നുണ്ട്. വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സംസ്ഥാപിതമായ പൊതു സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ തുടങ്ങിയവ ഇവയുടെ പ്രകടോദാഹരണമാണ്.
മനുഷ്യ ജീവിതവും അവൻ്റെ സർവ്വ പ്രവർത്തനങ്ങളും പ്രത്യക്ഷത്തിൽ പക്വതയിലേക്കും പൂർത്തീകരണത്തിലേക്കും വന്നുചേരുന്നത് അബ്ബാസിയ ഭരണ കാലത്താണ് .തൽഫലമായി,ബഗ്ദാദ് നൂറ്റാണ്ടുകളോളം നാഗരിക തലസ്ഥാനമായി ശോഭിച്ചുനിന്നു. കൈറോ,കോർഡോവ,മറാകിഷ്, ടുണിഷ്യ തുടങ്ങിയ ഇസ്ലാമികകേന്ദ്രങ്ങളിലേക്ക് ഇതിൻ്റെ അലയൊലികൾ എത്തിയിട്ടുണ്ട്.

ഇസ്‌ലാമിക നാഗരികതയിലെ ഭൂരിഭാഗം സ്കൂളുകളും സർവകലാശാലകളും സ്വകാര്യ ചാരിറ്റബിൾ സ്കൂളുകൾ ആയിരുന്നു. അവ പ്രമുഖരും സമ്പന്നരും ഉൾക്കൊള്ളുന്ന കുലീന വിഭാഗവും ഇടത്തരം സാമൂഹിക പദവി അലങ്കരിക്കുന്നവരുമായ ആളുകൾ നന്മ കാംക്ഷിച്ച് സ്ഥാപിച്ചവയാണ്. അങ്ങനെ, സർവ്വ തലങ്ങളിൽ നിന്നുമുള്ള വിജ്ഞാന പ്രസരണങ്ങൾക്ക് ഇവ വഴിയൊരുക്കി. സ്ഥിരമോ ജങ്കമമോ ആയ അടിസ്ഥാന വസ്തുക്കളെ നിലനിർത്തി അവയുടെ ലാഭം പ്രയോജനപ്പെടുത്തിയുള്ള വരുമാന രീതി അക്കാലത്തെ പ്രധാന സവിശേഷതയാണ്. തിരുചര്യയിൽ നിന്നുത്ഭവിച്ച വിവേകപൂർണമായ സാമൂഹിക-സാമ്പത്തിക പരിഹാരങ്ങളിൽ ഒന്നായിരുന്നു ഈ രീതി. പ്രസ്തുത രീതി സമ്പന്നരെ തങ്ങളുടെ ഭൂസ്വത്തുക്കൾ ഇത്തരത്തിൽ ഉപയോഗപ്പെടുത്തുന്നതിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിലേക്കും പ്രേരിപ്പിക്കുകയുണ്ടായി. അങ്ങനെ അറിവിൻറെ എണ്ണമറ്റ അങ്ങാടികൾ അന്നുത്ഭവിക്കുകയും ചെയ്തു.

അക്കാലത്തെ വിജ്ഞാന കേന്ദ്രങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുക ശ്രമകരമായിരുന്നു. മുഹമ്മദ് ബ്നു ഹിബ്ബാനെ പോലെയുള്ള സ്വന്തം പാർപ്പിടങ്ങൾ വരെ വിജ്ഞാനത്തിനു തീറെഴുതി നൽകിയ വിജ്ഞാന ദാഹികൾ അന്നുണ്ടായിരുന്നു. അദ്ദേഹത്തിൻറെ വീട് തൻറെ കൂട്ടാളികൾക്കു വിദ്യാലയവും അപരിചിതർക്ക് വാസസ്ഥലവുമായി വർത്തിച്ചതായി അബു അബ്ദുല്ല അൽഹം നൈസാബൂരിഎന്നവർ പറയുന്നു. ഹദീസ് ജ്ഞാനികൾക്കും കർമശാസ്ത്ര പണ്ഡിതർക്കുമായി തൻറെ സമ്പത്ത് മുഴുവൻ ചിലവഴിച്ചു തീർത്ത അഹ്മദ് ബ്നു സാബിത്ത് എന്നവരെയും ഗ്രന്ഥകാരൻ ഉദാഹരിക്കുന്നു.

മൊഴിമാറ്റം:മുജ്തബ മുഹമ്മദ്‌

Related Articles