Current Date

Search
Close this search box.
Search
Close this search box.

ചിന്തോദ്ദീപകമായ പ്രബന്ധങ്ങൾ

വിഭവങ്ങളുടെ വൈവിധ്യം കൊണ്ടും, വിവരണത്തിന്റെ ആധികാരികത കൊണ്ടും, പ്രമേയങ്ങളുടെ നിത്യ പ്രസക്തി കൊണ്ടും വളരെ പ്രയോജനപ്രദമായ, ഹൈദറലി ശാന്തപുരത്തിന്റെ സൻമാർ​ഗ രേഖകൾ എന്ന കൃതി വായിച്ചുതീർത്ത തികഞ്ഞ സായൂജ്യത്തോടെയാണ് ഈ ആസ്വാദനക്കുറിപ്പ് എഴുതുന്നത്. മൗലികതയുള്ള പണ്ഡിതനും അനുഭവസമ്പന്നനും കൃതഹസ്തനുമായ ഗ്രന്ഥകാരന്റെ പണ്ഡിതോചിത വിവരണങ്ങൾ വളരെ ഹൃദ്യമാണ്.

200 ലേറെ പേജുകളിൽ 5 ഭാഗങ്ങളിലായി 18 അധ്യായങ്ങൾ ഉണ്ട്. എല്ലാം പഠനാർഹം തന്നെ. മൂന്ന് ദശകക്കാലം കൊണ്ട് നവോത്ഥാന നായകനായ സയ്യിദ് അബുൽ അഅ്ലാ മൗദൂദി രചിച്ച തഫ്ഹീമുൽ ഖുർആനെന്ന കിടയറ്റ തഫ്സീറിന്റെ ചരിത്രം, അതിന്റെ പ്രാസ്ഥാനിക സ്വഭാവം, അതിന്റെ മറ്റ് സവിശേഷതകൾ എന്നിവ മൂന്ന് അധ്യായങ്ങളിൽ വിവരിച്ചത് പ്രസ്തുത തഫ്സീറിനെയും മുഫസ്സിറിനെയും വിശദമായി മനസ്സിലാക്കാൻ വളരെയേറെ സഹായകമാണ്. സയ്യിദ് മൗദൂദിയും ജമാഅത്തെ ഇസ്ലാമിയും തഫ്ഹീമുൽ ഖുർആനും ഒരു മഹാസംഭവത്തിന്റെ വേർപ്പെടുത്താനാവാത്ത, പരസ്പര ബന്ധിതവും പരസ്പരപൂരകവുമായ ഘടകങ്ങളാണെന്ന തിരിച്ചറിവ് ഈ മൂന്ന് അധ്യായങ്ങളുടെ വായന ബോധ്യപ്പെടുത്തുന്നുണ്ട്. ഇസ്ലാമിന്റെ സത്യതയും സാധുതയും നന്നായി ഗ്രഹിക്കാൻ ഉതകുന്ന വ്യാഖ്യാനം തഫ്ഹീം എന്ന നാമത്തെ അന്വർത്തമാകുന്നുണ്ട്. തഫ്ഹീമുൽ ഖുർആൻ വീണ്ടും വീണ്ടും ചിന്താപൂർവ്വം വായിക്കേണ്ടതുണ്ടെന്ന ഉൾപ്രേരണ ഉണ്ടാക്കുന്നതാണ് ഇവ്വിഷയകമായുള്ള മൂന്ന് അധ്യായങ്ങളും. സുസംഘടിത ഇസ്ലാമിക പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ തഫ്ഹീം പഠനം അനിവാര്യമാണ്.

തഫ്ഹീമിനെ പറ്റി ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമില്ലാത്ത പ്രമുഖരും, അറബ് നാടുകളിലെ പ്രമുഖ പണ്ഡിതരും നടത്തിയ വിലയിരുത്തലുകൾ ഹൈദരലി സാഹിബ് ഉചിത രൂപത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. മുസ്ലിം ഐക്യത്തിന് മൗദൂദി നൽകിയ ഊന്നൽ തെഹ്റാനിലെ ടീച്ചർ സെന്റർ മേധാവി സയ്യിദ് മുഹമ്മദ് അയാസി പ്രത്യേകം അടയാളപ്പെടുത്തിയത് വളരെ പ്രസക്തവും ചിന്തനീയവുമാണ്.

പ്രശ്ന സങ്കീർണതുകളിലും പ്രതിസന്ധിഘട്ടങ്ങളിലും വിശുദ്ധ ഖുർആനിന്റെ തണലിൽ അഭയം കണ്ടെത്താനുള്ള ഉൾപ്രേരണ പ്രധാനം ചെയ്യുന്നതാണ് ശഹീദ് സയ്യിദ് ഖുതുബിന്റെ ഫീളിലാലിൽ ഖുർആനെ പറ്റിയുള്ള ഉപന്യാസം. അല്ലാഹുവിന്റെ ഉജ്ജ്വല ഭാഷണം (കലാം) വായിക്കലല്ല, മറിച്ച് കേൾക്കലാണ് ഖുർആൻ പഠനത്തിലൂടെ ഫലത്തിൽ ഉണ്ടാവേണ്ടത്. അല്ലാഹുവിനോട് അങ്ങേയറ്റത്തെ അനുരാഗം (അശദ്ദു ഹുബ്ബൻ) അകതാരിൽ അലയടിക്കുന്ന മാനസികാവസ്ഥയിൽ പ്രേമഭജനത്തിന്റെ ഭാഷണം ആനന്ദപൂർവ്വം ആസ്വദിക്കാനുള്ള ഭാഗ്യം ലഭിക്കാതെ പോകുന്നത് എന്തുമാത്രം സങ്കടകരമാണെന്ന അസ്വസ്ഥതയാണ് ഈ അധ്യായത്തിന്റെ ഹൃദയപൂർവമുള്ള വായന ഉണ്ടാക്കിയത്. ഖുർആൻ പാരായണത്തിന്റെ മാസ്മരിക സ്വാധീനം തിരിച്ചറിയാൻ ഉതകുന്നതാണ് തൊട്ടടുത്ത അദ്ധ്യായം.

മഴ ഖുർആനിൽ എന്ന പ്രഥമ പ്രബന്ധം വായിച്ചപ്പോൾ ഖുർആനും മഴയും തമ്മിലുള്ള സാദൃശ്യം ഖൽബിൽ അങ്കുരിച്ചു. മഴ മൃതഭൂമിയെ ഉഞ്ജീവിപ്പിക്കുന്നു. ഖുർആൻ വരണ്ട/മൃതപ്രായമായ ഖൽബുകളെ സജീവമാക്കുന്നു (57: 16-17) മരണാനന്തര ജീവിതം മനസ്സിലാക്കി തരാനും ഖുർആൻ മഴയെ ഉപജീവിച്ചിട്ടുണ്ട്. (50:11)

അന്ത്യനാളിന്റെ ചെറിയ അടയാളങ്ങൾ എന്നതാണ് മറ്റൊരു അധ്യായം. പതിനാല് ശതകത്തിലേക്കാലം മുമ്പ് വഹിയിന്റെ ഉൾക്കാഴ്ചയോടെ അന്ത്യപ്രവാചകൻ നടത്തിയ ദീർഘദർശനങ്ങൾ വായിക്കുമ്പോൾ ലഭിക്കുന്ന ഉൾക്കാഴ്ചയും തിരിച്ചറിവും വല്ലാത്ത അനുഭവമാണ്. നബി വചനത്തിന്റെ സുബദ്ധതയോ പ്രാമാണികതയോ പരിശോധിക്കേണ്ടതില്ലാത്ത വിധം പലതും നേരിട്ടനുഭവിക്കുകയാണ് നാം. ഇരുപത്തൊമ്പത് ചെറിയ അടയാളങ്ങൾ അത്രയും ഉപശീർഷകങ്ങളിലായി ചിന്തോദ്ദീപകമായ ശൈലിയിൽ വിവരിച്ചിട്ടുണ്ട്. നാൽപത്തിയൊന്ന് നബിവചനങ്ങൾ വായനക്കാരന്റെ ചിന്തക്കും മനനത്തിനുമായി ഉദ്ധരിച്ചിട്ടുണ്ട്.

ലോകാന്ത്യവും പരലോക ചിന്തയും ഒരു നാണയത്തിന്റെ ഇരുപുറങ്ങൾ കണക്കെ പരസ്പരബന്ധിതമാണ്.ഈ നശ്വര ലോകത്തിന് നാശമുണ്ട്. ആയതിനാൽ അടയാളങ്ങളെ ‘പുരോഗതി’ ‘വികസനം’ തുടങ്ങിയ സുന്ദര പദാവലികളിൽ പൊതിഞ്ഞ് ആഘോഷിക്കുകയാണ് ലോകം. മാരകമായ രോഗലക്ഷണങ്ങളെ തന്റെ സൗകര്യവും, സ്വാതന്ത്ര്യവും സൗന്ദര്യവും മറ്റുമായി ഗണിച്ച് പ്രയാണം തുടരുന്ന ബോധശൂന്യത എന്തുമാത്രം അനർത്ഥകരമാണ് എന്ന ബേജാറാണ് ഈ അധ്യായം ഉണ്ടാകുന്നത്.

ഖുർആനിലെ കുടുംബസങ്കല്പം എന്ന അദ്ധ്യായം പെട്ടെന്ന് വായിച്ചു തള്ളേണ്ട ഒന്നല്ല. അമ്പതോളം ഖുർആൻ സൂക്തങ്ങളാണ് ഇവ്വിഷയകമായി ഉദ്ധരിച്ചിട്ടുള്ളത്.കുടുംബം എന്നത് മനുഷ്യനോളം പഴക്കമുള്ള സംവിധാനമാണ് ; മനുഷ്യത്വത്തിന്റെ ഭാഗമാണ്. കുടുംബത്തിന്റെ തകർച്ച മനുഷ്യത്വത്തിന്റെ തകർച്ചയാണ്.വളരെ സുപ്രധാനമായ നമസ്കാരത്തിന്റെ റക്അത്തോ, സാകത്തിന്റെ ശതമാനമോ പറയാത്ത ഖുർആൻ കുടുംബവുമായി ബന്ധപ്പെട്ട സൂക്ഷ്മ വശങ്ങൾ വരെ സന്ദേഹത്തിനിടയില്ലാത്ത വിധം കൃത്യമായും വ്യക്തമായും പറഞ്ഞുവെക്കുന്നുണ്ട്.ഈ അധ്യായം ഒന്നുകൂടി വിസ്തരിച്ചു പറഞ്ഞിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി. നാളത്തെ തലമുറയെ ചുട്ടെടുക്കുന്ന ബേക്കറി ആണ് കുടുംബം. ഇവിടെ താപം കുറഞ്ഞാൽ പാതിവെന്ത തിന്നാൻ പറ്റാത്തതാണ് കിട്ടുക.താപം കൂടിയാലോ കരിഞ്ഞു പോകും. തിരിച്ചറിവിന് തിരുത്തിനും പ്രേരണയേകുന്നതാണ് ഈ അധ്യായം.

ഹജ്ജ് സംബന്ധമായ മൂന്ന് അധ്യായങ്ങളും, വ്രതം – ഖുർആനിൽ എന്ന അധ്യായവും ഏതൊരു സത്യവിശ്വാസിക്കും തന്റെ അനുഷ്ഠാനത്തിന്റെ തികവും മികവും വർദ്ധിപ്പിക്കാൻ വളരെ സഹായകമാണ്.
കരയുന്ന പ്രവാചകൻ എന്ന അധ്യായം നബിയിൽ അമാനുഷികത ആരോപിക്കുന്നവർക്കുള്ള മറുപടിയാണ്.
سُبْحَانَ رَبِّى هَلْ كُنتُ إِلَّا بَشَرًۭا رَّسُولًۭا (93: 17)
എന്ന നബിയോട് നിർദ്ദേശിച്ച ഖുർആനിക പ്രസ്താവന ഓർമിക്കുവാൻ ഇടയക്കുന്നതാണ് ;നബി എന്ന പച്ചമനുഷ്യന്റെ വിചാര-വികാരങ്ങളെയും പ്രതികരണങ്ങളെയും നാം തിരിച്ചറിയുന്നു. മനുഷ്യർക്കാണല്ലോ നബി മാതൃകയാവുന്നത്.

ശൂറ ( കൂടിയാലോചന )യെ പറ്റിയുള്ള രണ്ടു വീക്ഷണങ്ങളെ വിശകലനം ചെയ്യുന്ന ഉപന്യാസം ഇസ്ലാമിക കൂട്ടായ്മയിലും സംഘടനയിലും പ്രവർത്തിക്കുന്ന/ പ്രവർത്തിക്കേണ്ട എല്ലാവർക്കും വളരെയേറെ ഉപകരിക്കുന്നതാണ്. കുടുംബം മുതൽ ദേശീയ രംഗം വരെ സ്വേച്ഛാധിപത്യ പ്രവണതകൾ പ്രത്യക്ഷമായും പരോക്ഷമായും അരങ്ങുവാഴുമ്പോൾ ഈ വിഷയം(ശൂറ) സവിസ്തര പഠനം അർഹിക്കുന്നത് തന്നെയാണ്; പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ വിശകലന പാടവത്തോടെ ഗ്രന്ഥകാരൻ ഈ വിഷയത്തെ വായനക്കാരന് പകർന്ന് നൽകിയിട്ടുണ്ട്. തുടർപഠനത്തിനും അധിക വായനക്കും വകയുള്ള വിഷയമാണിത്.

ചുരുക്കത്തിൽ, സാധാരണക്കാർക്കും പണ്ഡിതന്മാർക്കുമെല്ലാം ഉപകരിക്കുന്ന നല്ലൊരു പുസ്തകമാണിത്. ഐ പി എച്ചാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇനിയും ഈ ദൃശരചനകൾ നടത്താൻ ഗ്രന്ഥകാരന് ജഗന്നിയന്താവ് ഉതവിയേകുമാറാകട്ടെ, ആമീൻ

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles