Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് മത- മതേതര വായനകളുടെ ഉള്ളും പുറവും

കലാലയങ്ങളിലെ ‘പെൻഗ്വിൻ’ വിളികൾക്കും കവിതകളിലെ ‘മതദേഹം ‘ അടയാളപ്പെടുത്തലുകൾക്കും അപ്പുറത്ത് മുസ്ലിം പെണ്ണ് തൻ്റെ ഹിജാബിനാൽ പറഞ്ഞു വെക്കുന്ന ചിലതുണ്ട്. കേവലം ഒരു മതേതര ഉത്കണ്ഠയായി , ലിബറലുകളാൽ സംരക്ഷിക്കപ്പെടേണ്ടവളായി ഒതുങ്ങി നിൽക്കാതെ , തൻ്റെ ഹിജാബ് ഇന്നൊരു രാഷ്ട്രീയ ചിഹ്നം കൂടിയാണെന്ന തിരിച്ചറിവിലാണ് മുസ്ലിം സ്ത്രീ വർത്തമാന കാലത്തിൽ ജീവിക്കുന്നത്.

ഇസ്ലാമോഫോബിയയുടെ ഒരു tool ആയി ഹിജാബ് ഉപയോഗിക്കപ്പെടുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്. ബുഷ്റ ബഷീർ എഡിറ്റ് ചെയ്ത ‘തട്ടത്തിൽ തട്ടി തടയുന്ന മതേതരത്വം ‘ എന്ന പുസ്തകം കാലിക പ്രസക്തമാകുന്നത് ഇങ്ങനെയാണ്. കർണ്ണാടകയിലെ ഹിജാബ് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ IPH പുറത്തിറക്കിയ ഈ പുസ്തകം ഇവ്വിഷയകമായി പുറത്തിറങ്ങിയിട്ടുള്ള ഒട്ടേറെ പഠനങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. ‘The Islamic Veil: Beginner’s Guide ‘എന്ന എലിസബത്ത് ബുകാറിൻ്റെ പഠനത്തെ മുൻനിർത്തിയാണ് ഉമ്മുൽ ഫായിസയുടെ “ഹിജാബ്: അടിച്ചമർത്തലിനും വിമോചനത്തിനുമപ്പുറം എന്ന ലേഖനം എഴുതപ്പെട്ടിട്ടുള്ളത്.

ഹിജാബ് , വിമോചനപരം അല്ലെങ്കിൽ അടിച്ചമർത്തൽ എന്നീ ബൈനറിക്കപ്പുറത്ത് ഹിജാബിൻ്റെ വ്യത്യസ്ത മാനങ്ങളെ ഇന്ത്യൻ സാഹചര്യങ്ങളിൽ എങ്ങനെയൊക്കെ വായിച്ചെടുക്കാം എന്നത് ഈ ലേഖനം പറഞ്ഞു വെക്കുന്നുണ്ട്. സർവ്വകലാശാലകൾ പോലുള്ള പൊതു ഇടങ്ങളിൽ ഹിജാബ് ധരിച്ചു എന്നത് കൊണ്ട് മാത്രം മതേതര സദാചാര പോലീസിംഗിനു വിധേയമാക്കപ്പെടുന്ന അനുഭവങ്ങളെ അടയാളപ്പെടുത്തുന്നുണ്ട് ഹിബ യുടേയും ലദീദ ഫർസാനയുടേയുമൊക്കെ ലേഖനങ്ങൾ.

കർണാടകയിലെ ഹിജാബ് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ പുസ്തകം എന്ന നിലക്ക് അഡ്വ.സുമയ്യ റോഷൻ്റെ ‘ കർണ്ണാടക കാമ്പസുകളിൽ ഹിജാബ് വിലക്കുമ്പോൾ എന്ന ലേഖനവും ലീന മർയം കോശിയുടെ ‘മുസ്കാൻ എന്ന പൗരയും അവളുടെ സഹ പൗരന്മാരും (ദേശക്കാരും) എന്ന ലേഖനവും പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്. എങ്ങനെയാണ് മുസ്കാൻ മുഴക്കിയ ‘അല്ലാഹു അക്ബർ’ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്ന ന്യൂന പക്ഷ സമുദായത്തിൽ നിന്ന് നിർഭയയായി ഇറങ്ങാൻ തീരുമാനിച്ച ഒരു യുവ ഇന്ത്യൻ പൗരയുടെ മനക്കരുത്തായി മാറുന്നത് എന്ന് അടിവരയിട്ടു പറഞ്ഞു വെക്കുന്നുണ്ട്. അഡ്വ. സി. അഹമ്മദ് ഫായിസിൻ്റെ ‘ തട്ടത്തിൽ തട്ടി തടയുന്ന മതേതരത്വം’ എന്ന ടൈറ്റിൽ ലേഖനം, വിശ്വാസത്തിൻ്റെ കാര്യത്തിൽ സന്ധിയായി കൊണ്ടല്ലാതെ എങ്ങനെയാണ് മുസ്ലിം സമുദായം പുതിയ കാലത്ത് നേരിടുന്ന പ്രശ്നങ്ങളെ, മതേതര, ദേശീയ സമൂഹത്തിൻ്റെ കൽപ്പനകളെ അപ്പാടെ സ്വീകരിച്ചു കൊണ്ടല്ലാതെ അഭിമുഖീകരിക്കേണ്ടത് എന്ന് പറയുന്നുണ്ട്.

ഇന്ത്യയിലേതിനു സമാനമായ അല്ലെങ്കിൽ അതിലും ഭീകരമായ സ്ഥിതി വിശേഷങ്ങൾ ഹിജാബ് വിഷയത്തിൽ ഫ്രാൻസിലും നടന്നിട്ടുണ്ട് എന്നത് കൊണ്ടു തന്നെ അക്കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ലേഖനങ്ങളും ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹിജാബിനെ ഒരു ചോയ്സ് എന്ന രീതിയിൽ അംഗീകരിക്കാൻ കഴിയാത്ത ലിബറൽ മതേതര കാപട്യത്തെ തുറന്നു കാണിക്കുന്നുണ്ട് കാതറിൻ ബുള്ളോക്കിൻ്റേയും റിം സാറ അലാനെയുടേയും ലേഖനങ്ങൾ. പെരുന്നാൾ ആഘോഷങ്ങൾക്ക് റംസാൻ ആശംസകൾ നേരുന്ന ഒരു പ്രധാനമന്ത്രിയും അതേറ്റു പാടുന്ന മുഖ്യധാരാ മാധ്യമങ്ങളും സ്വന്തമായുള്ള നമുക്ക് ഹിജാബ് മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ കൃത്യമായി അറിഞ്ഞു വെക്കുന്നതിന് ഈ പുസ്തകം വഴികാട്ടിയായേക്കും. മുസ്ലിം സ്ത്രീയുടെ ഇടപെടലുകളെ കുറിച്ചും വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ കുറിച്ചുമൊക്കെ പഠനം നടത്തുന്നവർക്കും ഉപയോഗപ്പെടുത്താവുന്ന ഒന്നു തന്നെയാണ് ഈ ചെറു പുസ്തകം

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles