ചരിത്രത്തിന്റെ അന്ത്യത്തെ പറ്റി ഫ്രാൻസിസ് ഫുകുയാമയും നാഗരികതകളുടെ സംഘട്ടനങ്ങളെ പ്രതി സാമുവൽ ഹണ്ടിങ്ടനും ഏറെ പ്രതീക്ഷയോടെ സംസാരിച്ചത് നിഷ്കളങ്കമായോ കേവലം വ്യക്തിപരമായ നിരീക്ഷണങ്ങളായോ അല്ല. ഏകലോകക്രമ വ്യവസ്ഥ സ്വരൂപിച്ച് അതിലെ സർവാധികാരവും യൂറോ കേന്ദ്രീകൃത മുതലാളിത്തത്തിന് സ്വന്തമാക്കാനുള്ള ആർത്തിക്കായി ബോധപൂർവ്വം വികസിപ്പിച്ച ഇടപെടലുകളായാണത് ഇന്ന് നാമതിനെ മനസ്സിലാക്കുന്നത്. ഇങ്ങനെയൊരു ഏകധ്രുവലോകം തീർക്കാൻ അവർക്ക് എന്നും തോൽപ്പിക്കപ്പെടേണ്ട ഒരു ശത്രു വേണം. സോവിയറ്റ് യൂനിയൻ്റെ തകർച്ചയോടെ യൂറോപ്യൻ മുതലാളിത്തത്തിന് മുഖ്യശത്രുവിനെ നഷ്ടമായി. പിന്നീടവർ ശത്രുവായി പ്രഖ്യാപിച്ചത് ലോക മുസ്‌ലിം സമാജത്തെയാണ്. അതോടെയാണവർ ഇസ്‌ലാമിനെ ഇന്ന് കാണുംവിധം പിശാചുവത്കരിച്ചതും ഇസ്‌ലാമുമായുള്ള ശത്രുത രണോത്സുകമായി സ്ഥിരപ്പെടുത്തിയതും. ഇതിനായവർ ഉപയോഗിച്ച നാനാതരം സാമഗ്രികളിൽ ഒന്ന് കലയും സാഹിത്യവും സർഗ പ്രവർത്തനങ്ങളും തന്നെയാണ്. ഭാവനയുടെ നനുപ്പുകളും സൗന്ദര്യാനുഭൂതിയും ലാവണ്യബോധ്യങ്ങളും മനസ്സിലാവാത്തവരും അനുഷ്ഠാന വ്യഗ്രതകളുടെയും കാർക്കശ്യത്തിൻ്റെയും രമണക്കൂത്താടികൾ ധിമിക്കുന്നവരുമായ ഉന്മാദവർഗ്ഗമാണ് മുസ്‌ലിംകൾ എന്നൊരു ആഖ്യാനം ഇതിനായവർ ഉത്പാദിപ്പിച്ച് വിനിമയം ചെയ്തു.
പഴയകാല കുരിശുയുദ്ധ വെറിയുടെ നനുത്ത പോടുകളിൽ കയറിയിരുന്ന് യൂറോപ്യൻ മുതലാളിത്തം ഇസ്‌ലാമിന്റെ സർവ്വ യുക്തികളെയും പരിഹാസപൂർവ്വം അപനിർമിച്ചുകൊണ്ടിരുന്നു. അതോടെ സ്വന്തം ദേശരാജ്യങ്ങളിൽ അവരവരുടെ നിർവാഹകത്വത്തിൽ സുരക്ഷിതരും സമൃദ്ധരുമായി ജീവിച്ചിരുന്ന നിരവധി അറേബ്യൻ രാഷ്ട്രങ്ങളിലേക്കവർ പ്രകോപനങ്ങളൊന്നുമില്ലാതെ ചെന്നുകയറി അതാസകലം തരിപ്പണമാക്കി. ലിബിയയും സിറിയയും ഇറാഖും അഫ്ഗാനും ഫലസ്തീനും ഉദാഹരണങ്ങൾ തന്നെയാണ്. ഏത് അധിനിവേശയുക്തിക്കും തിടം വെക്കാൻ യൂറോപ്പ് കൂട്ടുപിടിച്ച ഒരു മണ്ഡലം ലാവണ്യാനുഭൂതികൾ വിടരുന്ന സർഗ മേഖലകൾ തന്നെ ആയത് സ്വാഭാവികം. അതിൽ പരമാവധി പാഷാണം കലർത്തി ആസ്വാദനത്തിൻ്റെ വിപണിയിൽ വിറ്റഴിക്കുക. നിഷ്കളങ്കരായ മനുഷ്യർ ആ പാഷാണം മോന്തി വകതിരിവില്ലാത്തവിധം മുസ്‌ലിം വിരുദ്ധരായി തീരും.
ഇന്ന് നമ്മുടെ ദേശത്തും നടക്കുന്നത് മറ്റൊന്നല്ല. ചരിത്രമെഴുത്തിൽ, പാഠ പുസ്തകങ്ങളിൽ, ചലച്ചിത്രകലാവിഷ്കാരങ്ങളിൽ ഇതിലൊക്കെയും സംഭവിക്കുന്ന അധിനിവേശങ്ങൾ രണോത്സുകതയായി സ്വന്തം നാട്ടിലെ മനുഷ്യരെയും അവരുടെ ഹൃദ്യ ജീവിതത്തേയും എങ്ങനെ അപരമാക്കുന്നുവെന്നത് നാം അനുഭവിക്കുന്നതാണല്ലോ. മലയാളത്തിലെ നവമാധ്യമങ്ങൾ പോലും സന്നിഹിതമാക്കുന്നത് മുസ്‌ലിം വിരുദ്ധതയുടെ പ്രേതത്തോപ്പുകളെയാണ്. ഇത്തരം അപരവിരുദ്ധത സാമൂഹ്യ കമ്പോളങ്ങളിൽ എളുപ്പം വിറ്റു പോകുന്ന ചരക്കാണ്. പുതുകാല യൂറോപ്പ് പൊതുവേ പെരുമാറുന്നത് ഇസ്‌ലാം വിരുദ്ധമായിട്ട് തന്നെയാണ്. കലയിൽ കലക്കി നൽകുന്ന ഏത് മനുഷ്യവിരോധവും എളുപ്പത്തിൽ സമൂഹത്തിൻ്റെ സിരകളിൽ നുരഞ്ഞു പടരും. അപ്പോൾ രാഷ്ട്രീയ വൈരം പ്രയോഗത്തിൽ വിജയിപ്പിക്കാൻ അധികാരത്തിന് സാധ്യമാവും.
ഈയൊരു സന്ദർഭത്തിലാണ് എഴുത്തുകാരനും പ്രഭാഷകനുമായ മുഹമ്മദ് ശമീം എഴുതിയ അന്ദലൂസിയൻ പ്രതിധ്വനികൾ എന്ന ഗവേഷണ ഗ്രന്ഥം ഏറെ പ്രസക്തമാകുന്നത്. പടിഞ്ഞാറൻ സാഹിത്യത്തിലെ ഇസ്‌ലാമിക മുദ്രകൾ വളരെ ഗഹനതയിൽ തന്നെ അന്വേഷിക്കുന്ന സാമാന്യം ആകമായൊരു രചനാ സംരംഭമാണിത്. പടിഞ്ഞാറൻ സർഗ സാഹിത്യത്തിൽ ഇസ്‌ലാമിക പരിചരണമോ എന്ന് വിസ്മയിക്കുന്നവരാവും സാമാന്യ വായനക്കാരിൽ ഏറെയും. അറിവിനേയും ഭാവനാ സാന്ദ്രിമകളെയും തങ്ങളിൽ മാത്രം നിക്ഷിപ്തമാക്കുകയും മറ്റുള്ളവരുടെ അറിവനുഭവങ്ങളെല്ലാം അനുഭൂതി വിസ്താരത്തിന് അനുചിതമാണെന്ന് ശഠിക്കുകയും ചെയ്യുന്നതാണ് യൂറോപ്പ്യൻ കേന്ദ്രീകൃത ജ്ഞാനലോകം. ആ ലോകത്തേക്ക് കടന്നു കയറിയാണ് അവരുടെ തന്നെ പ്രഖ്യാതരായ എഴുത്തുകാരും ഭാവനാമുഖ്യരും അവരവരുടെ എഴുത്തനുഭവങ്ങളിലേക്ക് എത്രമാത്രം സരളവും ഭാവാത്മകവുമായാണ് ഇസ്‌ലാമിനേയും ഇസ്‌ലാമിലെ പ്രതീക കൽപനകളേയും പരിചരിച്ചതെന്ന് മുഹമ്മദ് ശമീം നിരീക്ഷിക്കുന്നത്.
ഇതറിയുമ്പോൾ കുരിശ് യുദ്ധവെറിയുടെ പ്രയോക്താക്കൾ പ്രകോപിതരും വിഷാദഭരിതരുമാവും. ഇങ്ങനെയുമുണ്ടോ നമുക്കൊരു ഗതകാലം എന്നവർ വിസ്മയിക്കും. നാം മലയാളി വായനക്കാരും തീർച്ചയായും അതിശയിക്കും. പടിഞ്ഞാറൻ സർഗാത്മകരാശിയിൽ ഇങ്ങനെയൊരു ദാനാദാനമോ എന്ന് കൗതുകപ്പെടും. അത്രമാത്രം ഗഹനതയോലുന്നൊരു ഗവേഷണ പ്രബന്ധമാണിത്.
ഈയന്വേഷണത്തിൽ മുഹമ്മദ് ശമീം ഒന്നാമതായി പഠനത്തിന് വെക്കുന്നത് അലക്സാന്ദർ പുഷ്കിനെയും അദ്ദേഹത്തിൻ്റെ രചനകളെയുമാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലായി സാറിസ്റ്റ് റഷ്യയിൽ ജനിച്ച പുഷ്കിൻ യൗവനം പിന്നിടുന്നതിന് മുമ്പേ മരിച്ചുപോയ കവിയും നാടകകൃത്തുമാണ്. റഷ്യൻ സാഹിത്യത്തിൻറെ സൗന്ദര്യം ദർശിക്കണമെങ്കിൽ നിങ്ങൾ പുഷ്കിനെ വായിക്കണമെന്ന് പിൽക്കാലത്ത് വി.ഐ ലെനിൻ റഷ്യക്കാരോട് ആവശ്യപ്പെടുന്നുണ്ട്. Imitations of Quran, The Prophet തുടങ്ങിയ പുഷ്കിൻ കവിതകളിൽ വിശുദ്ധ ഖുർആന്റെ നേർ സ്വാധീനം സൂക്ഷ്മ നിലയിൽ തന്നെ മുഹമ്മദ് ശമീം വിലയിരുത്തുന്നുണ്ട്. നമ്മുടെ അറിവിലെ പുഷ്കിൻ അപവാദ കലുഷവും ദുരിതപൂർണ്ണമായ ജീവിതവും അപമൃത്യുവെന്ന ദുരന്തവും ഏറ്റുമേടിച്ച് കടന്നു പോയൊരു അരാചക കവിയാണ്. എന്നാൽ വിശുദ്ധ ഖുർആൻ്റെ റഷ്യൻ വിവർത്തനങ്ങൾ ശ്രദ്ധാപൂർവം വായിച്ചു പഠിച്ച പുഷ്കിൻ അതിലെ പല വചനങ്ങളും പ്രതീകങ്ങളും തൻ്റെ കൃതികളിൽ ഉദ്ധരിക്കുകയും അതിലെ മൂല്യങ്ങൾ രചനകളിലൂടെ വിപുലതയിൽ തന്നെ പ്രകാശിപ്പിക്കുകയും ചെയ്തതായി മുഹമ്മദ് ശമീം നിരീക്ഷിക്കുന്നു.
മറ്റൊരു വിശ്രുത റഷ്യൻ കവിയായ ഇവാൻ ബുനിൻ പ്രവാചകൻ്റെ ഹിജ്റയുമായി ബന്ധപ്പെട്ട മിസ്റ്റിക്ക് കവിതകളാൽ സ്വാധീനിക്കപ്പെടുകയും ഖുർആൻ വചനങ്ങൾ നേരിട്ട് തന്നെ തന്റെ കവിതകളിൽ എടുത്ത് ഉപയോഗിക്കുകയും ചെയ്തതായി ശമീം വിശദീകരിക്കുന്നു. ഇതിനൊക്കെയും അതത് കവികളുടെ പാഠങ്ങൾ വിപുലതയിൽ തന്നെ തൻ്റെ പുസ്തകത്തിൽ എഴുത്തുകാരൻ എടുത്ത് ചേർക്കുകയും ചെയ്യുന്നുണ്ട്. ‘വിധിതീർപ്പിൻ്റെ രാത്രി’, ‘കഅ്ബയിലെ കറുത്ത ശില’ ഇതൊക്കെയും ഇവാൻ ബുനിൻ ഇസ്‌ലാമിക സിദ്ധാന്തങ്ങളാൽ സ്വാധീനിക്കപ്പെട്ടപ്പോൾ ഉറന്നു വന്ന രചനാ സമൃദ്ധികളാണ്.
1855 നും 1876 നും ഇടയിൽ ഫ്രഞ്ച് സാഹിത്യകാരനായ വിക്തോർ യുഗോ എഴുതിയ കവിതകൾ വിശദമായ പഠനത്തിന് വെക്കുന്നുണ്ട് ഗ്രന്ഥകാരൻ. വിക്തോർ യുഗോവിന്റെ ‘ലാ ഇസ്‌ലാം'( La lslam) എന്ന കവിതയാണ് ശമീം പ്രധാനമായും അന്വയിക്കുന്നത്. 1858ൽ ഹിജാസിലെ ജിദ്ദയിൽ നടന്ന ഒരു കലാപമാണ് കവിതക്കൊരു ആസന്ന നിമിത്തമായതെന്നും എഴുത്തുകാരൻ വിശദീകരിക്കുന്നു. ജിദ്ദാ കലാപാനന്തരം ലോകത്ത് സംഘടിതമായി വികസിച്ചു വന്ന ഇസ്‌ലാം വിരുദ്ധ പ്രചാരണ സമയത്താണത്രേ ഇസ്‌ലാമിനെ പ്രതിരോധിക്കാൻ വേണ്ടി വിക്തോർ യുഗോ മനോഹരങ്ങളായ ഈ ഗീതകങ്ങൾ എഴുതിയത്. സംസ്കാരങ്ങളെ വിഭജിക്കുവാനും അവക്കിടയിൽ നിരന്തര സംഘർഷങ്ങൾ വിതക്കാനുമല്ല, മറിച്ച് പരസ്പരം പുരസ്ക്കരിക്കാനും പുണരാനുമാണ് വിക്തോർ യുഗോ രചനകൾ നടത്തിയത്. ഇക്കാര്യം നിരവധി ഉപാദാനങ്ങൾ നിരത്തിയാണ് മുഹമ്മദ് ശമീം വിശദീകരിക്കുന്നത്. വിക്തോർ യുഗോവിൻ്റെ ജിന്നുകൾ (Les Jinns )എന്ന കവിതയും ഇസ്‌ലാമിക ബിംബ കൽപനകളാലും അതിലെ മൂല്യ ബന്ധങ്ങളാലും പരിചരിക്കപ്പെട്ടതാണെന്ന് ശമീം തൻ്റെ പഠനത്തിൽ വാദിക്കുന്നു.
മറ്റൊരു വിശ്വപ്രസിദ്ധ എഴുത്തുകാരനായ ഗ്വെയ്ഥേയുടെ കവിതയാണ് മുഹമ്മദിന്റെ ഗീതകം (Song of Muhammed). ഈ കവിതയിൽ ഗ്വെയ്ഥേ പ്രവാചകനെ ഉപമിക്കുന്നത് ഒരു അരുവിയോടാണ്. സാർവ ലൗകികമായ മൂല്യങ്ങളും വിമലതകളും സംഗമിക്കുന്ന വിശുദ്ധസ്ഥലിയാണ് പ്രവാചകൻ എന്നാണ് ഗ്വെയ്ഥേ പറയുന്നത്. ഗ്വെയ്ഥേ എന്ന കവിയെ മലയാളികൾക്കറിയാം. അവരുടെ വായനയിൽ എത്രയോ കാലങ്ങളായി ഗ്വെയ്ഥേ ഉണ്ട്. പക്ഷേ ഈ മഹാപ്രതിഭയ്ക്ക് ഇങ്ങനെ ഒരു ഇസ്‌ലാം കാഴ്ച്ച ഉണ്ടായിരുന്നുവെന്നത് മലയാളി പൊതുവായനക്കാർക്ക് നിശ്ചയമില്ല. അതാണ് മുഹമ്മദ് ശമീം വിശദത്തിൽ അന്വേഷിക്കുവാൻ ശ്രമിക്കുന്നത്.
അർജൻ്റൈൻഎഴുത്തുകാരനായ ബോർഹസിന്റെ ഇബ്നു ഹകം അൽബുഖാരി ഡെഡ് ഇൻ ഹിസ് ലാബിരിന്ത് എന്ന കഥ തുടങ്ങുന്നത് തന്നെ വിശുദ്ധ ഖുർആനിലെ എട്ടുകാലി എന്ന സൂക്തവുമായി ചേർത്തുനിർത്തിയാണ്. തൻ്റെ മറ്റു നിരവധി കഥകളിലും ബോർഹസ് ഖുർആനിലെ സൂക്തങ്ങൾ ഉദ്ധരിച്ചതും എഴുത്തുകളിൽ ചേർത്ത് നിർത്തിയതും ഉദാഹരണ സഹിതം മുഹമ്മദ് ശമീം വിശദീകരിക്കുന്നുണ്ട്. കാലവും സമയവും ബോർഹസിന്റെ കഥകളിലെ പ്രധാനമായൊരു അന്വയ മണ്ഡലമാണ്. കാലത്തേയും നേരസമയങ്ങളേയും വിശുദ്ധ ഖുർആൻ കൈകാര്യം ചെയ്യുന്നതും സവിശേഷമായ രീതി മട്ടത്തിലാണല്ലോ.
മനുഷ്യൻ അനുഭവിക്കുന്ന ഒരു സംഘർഷമാണ് ദാർശനികമായ വ്യഥകൾ. ഞാൻ ആര്, എന്താണ് ജീവിതവും മരണവും, മരണപര്യന്തം എങ്ങനെയാവും, എന്താവാം സ്വർഗവും നരകവും ആത്യന്തികമായി ദൈവവും ഇതൊക്കെയാണ് മനുഷ്യനെ കുഴക്കുന്ന ദാർശനിക വ്യഥകൾ. ഇത് ഭൂമിയിൽ മനുഷ്യർ മാത്രം നേരിടുന്ന സമസ്യകളാണ്. മറ്റു ജീവവംശങ്ങളൊന്നും ഇത്തരം പ്രതിസന്ധികൾ അനുഭവിക്കുന്നില്ല. ഇതുതന്നെയാണ് സത്യത്തിൽ നാം അകപ്പെടുന്ന ഏടാകൂടവും. ഇതിനെയാണ് ലാബിരിന്ത് എന്ന് വ്യവഹരിക്കുന്നത്. ഈയൊരു ഭാഗം എഴുത്തുകാരൻ വിശദീകരിക്കുന്നത് നിരവധി താളുകൾ നിറച്ചുകൊണ്ടാണ്. ഫ്രഞ്ച് ചിന്തകനായ വോൾത്തേർ ഇസ്‌ലാമിന്റെ സിവിൽ നിയമങ്ങളെ വാഴ്ത്തി പ്രബന്ധം എഴുതിയതായി മുഹമ്മദ് ശമീം കണ്ടെത്തുന്നു.
ഹാജി മുറാദ് എന്ന വിഖ്യാത നോവലിനെ മുൻനിർത്തിയാണ് ടോൾസ്റ്റോയി രചനകളിലെ ഇസ്‌ലാമിക ബിംബസമൃദ്ധികളെ ഗ്രന്ഥകാരൻ സമീപിക്കുന്നതും മൗലികമായി പരിശോധിക്കുന്നതും. ടോൾസ്റ്റോയ് തൻ്റെ ഹാജി മുറാദ് കഥ എഴുതുന്നത് 1903 ലാണ്. റഷ്യൻ സർഗാത്മക സാഹിത്യത്തിൽ അവിടത്തെ മുസ്‌ലിം ജീവിതം എങ്ങനെയാണ് പ്രവർത്തിച്ചിരുന്നത് എന്നത് സാമാന്യ മലയാള വായനക്കാർക്ക് ഇന്നും അജ്ഞാതമാണ്. കമ്മ്യൂണിസ്റ്റ് റഷ്യയിൽ നിന്നും പ്രസിദ്ധീകരിച്ചു വന്നിരുന്ന ചില പുസ്തകങ്ങളിൽ അപൂർവമായി മുസ്‌ലിം പേരുകൾ കണ്ടിരുന്നുവെങ്കിലും അവിടങ്ങളിലെ മുസ്‌ലിം ജീവിതം നമ്മുടെ മുമ്പിൽ അന്നു പോലും അദൃശ്യമായിരുന്നു. എന്നാൽ ലോകസാഹിത്യകാരനായ ടോൾസ്റ്റോയ് തൻ്റെ ഹാജി മുറാദിലൂടെ റഷ്യൻ ജീവിതത്തിൽ ഇടപെടുന്ന മുസ്‌ലിം നിർവാഹകത്വത്തെ ഭംഗിയിൽ അടയാളപ്പെടുത്തുന്നുണ്ട്. ഈ കഥയെ മുൻനിർത്തി റഷ്യൻ സർഗാത്മക എഴുത്തുകളിലെ മുസ്ലിം പ്രതിനിധാനങ്ങളെയാണ് മുഹമ്മദ് ശമീം വിപുലമായി തന്നെ വിശദീകരിക്കുന്നത്. ഈയൊരു സർഗം വായനക്കാരൻ്റെ മുന്നിലേക്ക് തുറന്നുവെക്കുന്നത് അവർക്കനിവാര്യമായും മനസ്സിലറിയേണ്ട അനുഭൂതിയുടെ മറ്റൊരു ചന്ദ്രമണ്ഡലത്തെയാണ്.
അട്ടിമറിക്കപ്പെടുന്ന ഒരു ജ്ഞാനലോകമാണ് ഇന്നുള്ളത്. പടിഞ്ഞാറൻ വിപണി മുതലാളിത്തം അപരങ്ങളെയപ്പാടെ നായാടിപ്പിടിക്കുകയാണ്. കള്ളങ്ങൾ പറഞ്ഞും പ്രചരിപ്പിച്ചും പിശാചവത്കരിച്ചും സർവത്തിനും മുകളിൽ തങ്ങളുടെ അധികാരവും മേധാവിത്തവും സ്ഥാപിച്ചു നടത്തുകയാണവരുടെ ലക്ഷ്യം. ഈ ദുഷ്ടലക്ഷ്യം ആയുധമാക്കുന്നവർ മറ്റുള്ളവരുടെ സർഗാത്മക ജീവിതത്തെ കരുണയില്ലാതെ അട്ടിമറിക്കുക സ്വാഭാവികമാണ്. അപരങ്ങളിലെ നന്മകളെയപ്പാടെ നിർദ്ദയം റദ്ദാക്കി സ്വയംമേൻമ പ്രഖ്യാപിക്കുന്ന അധമ കുടിലതയാണ് അത്തരക്കാർ പ്രകടിപ്പിക്കുക. അങ്ങനെ മാത്രമേ അവർക്കവരുടെ അധിനിവേശ മുഷ്ക്ക് സാധ്യമാവുകയുള്ളൂ. ഗ്രാനഡയുടെ തകർച്ചയോടെയും കൊളംബസിന്റെ നാവികയാത്രയോടെയും സത്യത്തിൽ നാം കാണുന്നത് മറ്റൊരു സാമൂഹ്യ അയിത്തമാണ്. ഇന്ന് മാത്രമല്ല എന്നോ തുടങ്ങായതാണീ യൂറോ കേന്ദ്രീകൃതമായ ആധിപത്യ വാഞ്ഛ. അവർ സത്യത്തിൻ്റേയും യുക്തിയുടെയും ശക്തിയുടെയും വേഗത്തിന്റെയും സർഗാത്മകതകളുടെയും ആചാര്യന്മാർ, കിഴക്ക് മന്ദബുദ്ധികളുടെയും അയുക്തി ബോധങ്ങളുടെയും മതാന്ധതകളുടെയും ഭാവനാശൂന്യതയുടെയും സംഗമ സ്ഥലി. കിഴക്കെന്ന് അവർ പരികൽപിക്കുന്നത് മുസ്‌ലിംകളെയും ഇസ്‌ലാമിനേയും തന്നെയാണ്.
ഈയൊരു ദ്വന്ദം യൂറോപ്പ് എന്നോ സൃഷ്ടിച്ചതാണ്. അതുകൊണ്ടാണ് ഇസ്‌ലാം അപരമാക്കപ്പെടുന്നത്. ഇതവരുടെ മേൽക്കോയ്മാ വാദത്തിൻ്റെ അടിത്തറയാണ്. ഈ അടിത്തറയിലാണവർ സർഗാത്മക സാഹിത്യത്തയും സമീപിക്കുന്നത്. അതിനനുസൃതമായ ഒരു ആഖ്യാനമാണ് സർവമനുഷ്യ വ്യവഹാരങ്ങളിലും അവർ പ്രയോഗിക്കുക. ഇതവരുടെ സാഹിത്യത്തിലും ദൃശ്യമാണ്.
അവിടെയാണ് മുഹമ്മദ് ശമീമിൻ്റെ ഈ ഗവേഷണ പുസ്തകം പ്രസക്തമാവുന്നത്. പടിഞ്ഞാറിന് മാത്രം സവിശേഷ പ്രാമുഖ്യമില്ലെന്നതാണ് സത്യം. പടിഞ്ഞാറിൻ്റെ ക്രൈസ്തവതയോടെപ്പം നിൽക്കാനും കുതറാനും കിഴക്കിലെ ഇസ്‌ലാമിനും പ്രാപ്തിയുണ്ടെന്നതും വസ്തുതയാണ്. അവർക്കും സാഹിത്യമുണ്ടെന്നതും അതിലും മാനവികതയുടെ വർണ്ണരാജികൾ വിടരുന്ന മഹത്തായൊരു സമാന്തര ലോകമുണ്ടെന്നതും സത്യമാണ്. ഇതിൽ ഗതകാലങ്ങളിലെ മഹാപ്രതിഭകൾ വ്യവഹരിച്ചിരുന്നെന്നും ആദാന പ്രദാനങ്ങളാൽ അവർ സാന്ദ്രസുന്ദരമാക്കിയ ഒരു മണ്ഡലമാണതെന്നും പുതുകാലം തിരിച്ചറിയണ്ടേതാണ്. അങ്ങനെ പാരസ്പര്യങ്ങൾ കൊണ്ട് സത്യസന്ധരാകുമ്പോൾ മാത്രമാണ് നമ്മുടെ നീതിബോധവും ജീവിതലക്ഷ്യവും സാർത്ഥകമാവുക എന്ന വലിയൊരു ആലോചനയാണ് പുസ്തകം സാധ്യമാക്കുന്നത്. യൂറോപ്പിന്റെ ഗതകാല പ്രാഗ് രചനകളിൽ അത് റഷ്യയിൽ പോലും മുസ്ലിം സാംസ്കാരിക തനതുകളെ അവരുടെ ചേതോഹരമായ സർഗാത്മക രചനകളിലേക്ക് അക്കാലത്തെ എഴുത്തുകാർ ആദരപൂർവ്വം ഉപചരിച്ചിരുത്തിയിരുന്നു എന്ന വലിയൊരു പാഠം നമുക്ക് ഈ പുസ്തകം നൽകുന്നു. പുസ്തകത്തിന് പ്രൗഢമായൊരു അവതാരിക എഴുതിയത് മലയാളത്തിലെ ഗവേഷകനും ഭാഷാകാരനും നിരൂപകനുമായ പി.കെ രാജശേഖരനാണ്. അദ്ദേഹത്തിന്റെ പ്രബന്ധം പുസ്തക പാരായണത്തിനൊരു ഉത്തേജനം തന്നെയാണ്. ചെമ്മാട് ബുക്പ്ലസ് പ്രസാധനം ചെയ്ത പുസ്തകത്തിന് നാനൂറ് രൂപയാണ് വില.
അന്ദലൂസിയൻ പ്രതിധ്വനികൾ
രചന: മുഹമ്മദ് ശമീം
പ്രസാധനം: ബുക്പ്ലസ്
വില: 400.00 ₹
296 പേജ്