Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദിൻ വഴികളിലെ ആത്മീയ യാത്രകൾ

ബിസ്മിയുടെ കൂടെ ചേരുമ്പോൾ മുഹമ്മദിൻ മീമിനെ കാണാൻ നല്ല ചേലാണ്. കാരണം അവർ രണ്ടും അഗാധമായ പ്രണയത്തിലാണ്. മലയാളത്തിലേക്ക് എ പി കുഞ്ഞാമു വിവർത്തനം ചെയ്ത ആൻ മേരി ഷിമ്മലിന്റെ മുഹമ്മദ് അവന്റെ തിരുദൂതൻ എന്ന പുസ്തകം വായിച്ചിരിക്കേണ്ട ഒന്നാണ്. പുസ്തകത്തിൽ ആൻ മേരി ഷിമ്മൽ പ്രവാചകരുടെ വ്യത്യസ്ത തലങ്ങളിലൂടെ കടന്നുചെല്ലുന്നതായി കാണാം. മറ്റിതര പാശ്ചാത്യ എഴുത്തുകാരിൽ നിന്ന് വ്യത്യസ്തമായി അവർ മുഹമ്മദ് നബിയിലേക്ക് ആഴ്ന്നിറങ്ങുന്നു. പാശ്ചാത്യ ഓറിയന്റലിസ്റ്റ് ആദർശങ്ങളിൽ നിന്നും ഇസ്ലാമിലെ തർജ്ജമ ചെയ്തപ്പോൾ സംഭവിച്ച മൂല്യ ശോഷണമായിരുന്നു പ്രധാനമായും പടിഞ്ഞാറിൽ മുസ്ലിം വിഭാഗീയതക്ക് വിത്തു പാകിയത്. ആദ്യമേ നിലവിലുണ്ടായിരുന്നു ആന്റി മുസ്ലിം നരേറ്റീവുകൾകൊപ്പം തീർത്തും വിദ്വേഷം ജനിപ്പിക്കുന്ന ചില ആഖ്യാനങ്ങൾകൂടിയായപ്പോൾ മുസ്ലിം വിദ്വേഷത്തിന്റെ തോത് കൂടി. വില്യം മൂറിനെപ്പോലുള്ള ഓറിയന്റലിസ്റ്റുകളായിരുന്നു പ്രവാചകർക്കു നേരെയായി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ കൊണ്ട് മൂടിയത്. പ്രവാചക ജീവിതത്തിലെ ചില ഏടുകളെ മാത്രം അടർത്തി മാറ്റിക്കൊണ്ട് അവർ ഇസ്ലാമിനെ കടന്നാക്രമിച്ചു കൊണ്ടിരുന്നു. അക്കാലത്ത് ഇതിനെതിരായി പല ഗ്രന്ഥങ്ങളും മുസ്ലിം ലോകത്ത് രചിക്കപ്പെട്ടിരുന്നുവെങ്കിലും അവയൊന്നും തന്നെ പാശ്ചാത്യ വായനക്കാരനെ തൃപ്തിപ്പെടുത്താനോ അവരുടെ വായനകളിലേക്ക് കടന്നു ചെല്ലാനോ സാധിക്കുന്നതായിരുന്നില്ല. എന്നിരുന്നാൽ കൂടി മാർട്ടിൻ ലിങ്സിന്റെ മുഹമ്മദ് വളരെ മനോഹരമായി തന്നെ പാശ്ചാത്യർക്ക് മുഹമ്മദ് നബിയെ പരിചയപ്പെടുത്തിക്കൊടുത്തു. മാർട്ടിൻ ലിങ്സിന്റെ മുഹമ്മദിൽ നിന്നും മറ്റിതര കൃതികളിൽ നിന്നുമെല്ലാം കടമെടുത്തിട്ടാണ് പിന്നീട് കേരൻ ആംസ്ട്രോംഗ് തന്റെ മുഹമ്മദ് എ ബയോഗ്രഫി ഓഫ് പ്രൊഫറ്റ് മുഹമ്മദ് എന്ന രചനനിർവ്വഹിക്കുന്നത്.

1991 ലെ വേൾഡ് ട്രേഡ് സെന്റെർ ആക്രമണത്തിന്റെ പശ്ചാതലത്തിൽ മുസ്ലിം സമൂഹങ്ങൾക്ക് നേരെ അരങ്ങേറിയ അമേരിക്കൻ വിദ്വേഷത്തിൽ നിന്നും പിറവിയെടുത്തതായിരുന്നു ബയോഗ്രഫി ഓഫ് മുഹമ്മദ്. മുഹമ്മദിന്(സ) പാശ്ചാത്യരുടെ ജനകീയ വായനകളിൽ ഇടം നൽകാൻ കേരൻ ആംസ്ട്രേംഗിന്റെ പുതിയ എഴുത്തിലൂടെ സാധിച്ചു. പക്ഷേ അവ മുസ്ലിംകളോടുള്ള ഒരു സഹതാപ മനോഭാവത്തിൽ നിന്ന് ഉടലെടുത്തതായത് കൊണ്ട് തന്നെ അവയിൽ പല രീതിയിലുള്ള പ്രശ്നങ്ങളും കാണാം. തികച്ചും സാഹചര്യത്തിന്റെ സൃഷ്ടിയായിരുന്നു അത്. പിന്നീടാണ് അവർ മുഹമ്മദ്: എ പ്രഫറ്റ് ഫോർ അവർ ടൈം എന്ന പുസ്തകം രചിക്കുന്നത്. ഒന്നുകൂടെ പ്രവാചക ചരിത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതായിരുന്നു ഇത്. പ്രവാചക ജീവിതത്തിലെ സുപ്രധാന ഏടുകളെ അനാവരണം ചെയ്യുന്ന ഈ പുസ്തകം പ്രവാചകരെ മനസ്സിലാക്കാൻ അപര്യാപ്തമായിരുന്നു. അതിന് പല കാരണങ്ങൾ കാണാം. ഒരു കൃസ്ത്യൻ മത പരിസരത്ത് നിന്ന് ഇസ്ലാമിനെ നോക്കിക്കാണുന്ന അവരുടെ എഴുത്തുകൾ പ്രവാചകരെ ക്കുറിച്ചുള്ള ഒരു ക്രൊണോളജിക്കൽ ഹിസ്റ്ററി മനസ്സിലാക്കിത്തരാൻ പ്രാപ്തമായിരുന്നു. അതിനപ്പുറത്തുള്ള പ്രവാചക ജീവിതത്തെ കാണാൻ കേരന്റെ എഴുത്തുകൾക്ക് പരിമിതികളുണ്ട്. തന്റെ ചരിത്രാന്യേഷണത്തിൽ പുതിയ കാല ചിന്തകരെ നന്നായി അവലംബിച്ചതിലെ പ്രശ്നങ്ങളും കാണാം. എന്നാൽ പ്രവാചകരുടെ ജനകീയ ജീവിതത്തെയും ആത്മീയ ജീവിതത്തെയും ഒരു പോലെ സ്പർശിക്കുന്നതാണ് ആൻ മേരി ഷിമ്മലിന്റെ ആന്റ് മുഹമ്മദ് ഈസ് ഹിസ് മെസ്സൻജർ എന്ന പുസ്തകം.

കേരൻ ആംസ്ട്രോംഗിൽ നിന്നുമാറി ആൻ മേരി ഷിമ്മലിന്റെ പ്രവാചകാഖ്യാനത്തിന് വേറിട്ട പല മുഖങ്ങളുണ്ട്. അവ ഒരേ സമയം തന്നെ ഇസ്ലാമിന്റെ മൗലികാധ്യാപനങ്ങളോട് ചേർന്നു നിൽക്കുകയും അതേ സമയം തന്നെ വ്യത്യസ്തമായ വീക്ഷണങ്ങളോട് ഇഴകിച്ചേരുകയും ചെയ്തതായി കാണാം. ജർമ്മനിയിലെ എർഫുർട്ടിൽ ജനിച്ച ആൻ പിന്നീട് അറബിയിലും, തുർക്കിയിലും, പേർഷ്യയിലുമൊക്കെയായി അവഗാഹം നേടിയതായി കാണാം. അതു പോലെ ഇന്ത്യയിലെ മുസ്ലിം പൈതൃകത്തെക്കിറിച്ചുള്ള അവരുടെ വിശാലമായ കാഴ്ചപ്പാടുകളും പുസ്തകത്തിൽ കാണാം. ഈയൊരു രസകരമായ രചനയിൽ പലപ്പോഴും അവഗണിക്കപ്പെട്ട മുഹമ്മദ് നബിയുടെ പ്രാധാന്യത്തെ തേടുകയാണ് അവർചെയ്യുന്നത്. ഒരു ചരിത്ര സൃഷ്ടി എന്നത് മാറ്റി നിർത്തി പ്രവാചക ചരിത്രത്തിലെ ജനകീയ ഭക്തിയുടെയും, ഇസ്ലാമിന്റെ മതപരമായ സ്വാധീനത്തിന്റെയും പ്രതീകാത്മകമായ ശ്രദ്ധ ക്ഷണിക്കുക കൂടിചെയ്യുകയാണ് അവർ. മുഹമ്മദ് നബി ജനങ്ങൾക്കിടയിൽ എപ്രകാരമാണ് വിവർത്തനം ചെയ്യപ്പെട്ടത്, എല്ലാ മുസ്ലിംകൾക്കും ദൈവവും താനും തമ്മിലുള്ള മധ്യസ്ഥൻ എന്ന രൂപത്തിൽ പ്രവാചകർ എങ്ങനെയാണ് വർത്തിച്ചത് എന്നതിന്റെ ചരിത്രത്തെയും അനാവരണം ചെയ്യാൻ ശ്രമിക്കുന്നതായി കൂടി കാണാം. അതിന്റെ ഭാഗമായിട്ടാണ് പേർഷ്യയിലും, മറ്റിതര മുസ്ലിം സംസ്‌കാരങ്ങളിലുമുള്ള പ്രവാചകരുടെ വായനകളെ അവർ കവിതകളിലൂടെയും, മറ്റിതര ഫോൾക്കുകളിലൂടെയും പരിചയപ്പെടുത്തുന്നത്.

ഒരർത്ഥത്തിൽ പ്രവാചകരിലൂടെ ഇസ്ലാമിക മിസ്റ്റിസിസത്തിന്റെ ഓരോ അടരുകളിലേക്കും പടരുന്ന ആൻ മേരി ഷിമ്മലിന്റെ വായന കൂടുതൽ താൽപര്യമുള്ള ആർക്കും വായനായോഗ്യമാണ്. മുസ്ലിം ചിന്തയുടെ സങ്കീർണ്ണമായ ഒരു പരിശോധന കൂടിയാണ് ഈ രചന. പേർഷ്യൻ ഉറുദു ക്ലാസിക്കുകളിലുള്ള ആൻ മേരി ഷിമ്മലിന്റെ പാണ്ഡിത്യവും ഈ രചനയെ മറ്റുള്ള പാശ്ചാത്യ രചനകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. മുഹമ്മദ് നബിയെക്കുറിച്ചുള്ള ജീവചരിത്രവും ഹൃദ്യമായ ഹാഗിയോഗ്രഫിക്കൽ കുറിപ്പുകളും പുസ്തകത്തിന്റെ പ്രത്യേകതയാണ്. നബിയുടെ ശമാഇലുകളും, ദലാഇലുകളും ഒപ്പം, നബിയുടെ ബാഹ്യമായ സൗന്ദര്യത്തെയും അതോടൊപ്പം ആത്മീയ സൗന്ദര്യത്തെയും കവിതകളിലൂടെയും, ജനകീയ സാഹിത്യങ്ങളിലൂടെയും വിശദീകരിക്കുന്നതായി കാണാം.

അതോടൊപ്പം തന്നെ, മുഹമ്മദ് നബിയുടെ മുഅ്ജിസത്തുകളിലൂടെയും, അവയുടെ സാർവ്വലൗകികതയെക്കുറിച്ചും, അവ മുസ്ലിം സമൂഹത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും അവർ വിശദമായി പ്രതിബാധിക്കുന്നു. ശേഷം, നബിയുടെ തിരു നൂറിനെ പരിചയപ്പെടുത്തുന്നു. നൂറെ മുഹമ്മദിനെ ക്കുറിച്ചും, അവയുടെ സ്വാധീനത്തെക്കുറിച്ചും, അവ വ്യത്യസ്ത കവികൾക്ക് അനുഭവഭേദ്യമായതിന്റെ ആനന്ദത്തെക്കുറിച്ചും അവർ മനോഹരമായി കൊത്തിവെക്കുന്നുണ്ട്. ചിറാഗെ റോഷൻ എന്നപേരിൽ ഉറുദുവിലും, പേർഷ്യനിലുമായി മുഹമ്മദ് നബിയുടെ ദിവ്യ പ്രകാശത്തിന്റെ പ്രതിനിധാനങ്ങൾ അവർ പരിചയപ്പെടുത്തുന്നു.

മുഹമ്മദ് നബിയുടെ നബിദിനാഘോഷമാണ് മറ്റൊരു പ്രധാന വിശയം. മുഹമ്മദ് നബിയുടെ ജന്മദിനം കവികൾക്കും, ഒരു പോലെ സാഹിത്യകാരന്മാർക്കും വിരുന്നായിരുന്നു. അതിനിടയിൽ നബിയുടെ ജന്മദിനാഘോഷത്തിനെതിരെ എഴുതപ്പെട്ട എഴുത്തുകളെയും ആൻ മേരി ഷിമ്മൽ പഠനവിദേയമാക്കുന്നു. മൗലാനാ റൂമിയിലോ ഇഖ്ബാലിലോ മാത്രം ഒതുങ്ങിപ്പോകുന്ന പ്രവാചക വായനയുടെ അതിവിശാലമായ വിഹായസ്സിനെയാണ് അവർ പരിചയപ്പെടുത്തുന്നത്. ജർമൻ കവിയും സാഹിത്യകാരനുമായ ഗെയ്ഥ യുടെ പ്രവാചക എഴുത്തുകളെയും അവരുടെ പ്രവാചകനെക്കുറിച്ചുള്ള അന്യേഷണത്തിലേക്കും അഗാഥമായി പോകുന്നതായി കാണാം.

ഇതിനെല്ലാം പുറമെ, നബിയെ ക്കുറിച്ചുള്ള വിശാലമായ സാഹിത്യാന്യേഷണം കൂടിയാണ് ഈ പുസ്തകം. ഒരു ജനകീയ പുസ്തകം എന്നതിനേക്കാൾ ഉപരിയായി ഒരു അക്കാദമിക പുസ്തകം കൂടിയാണ് ഇത്. നബിയെക്കുറിച്ചുള്ള ഒരു ആത്മീയാന്യേഷണമാണ് ഈ സഞ്ചാരം. അതിൽ ഒരുപാട് കവികൾ കുടിയിരിക്കാനെത്തുന്നു. ഒരു പാട് കവിതകൾ ഒപ്പം സഞ്ചരിക്കുന്നു. പ്രൗഢമായ ഇസ്ലാമിന്റെ മിസ്റ്റിക്കൽ ചരിത്രത്തിന്റെ ആഢ്യത്തം തുളുമ്പുന്ന രാജപാതയിലൂടെയുള്ള പ്രവാചകനെത്തേടിയുള്ള തീർത്ഥയാത്രയാണിത്. ഇഖ്ബാൽ ആൻ മേരി ഷിമ്മലിന്റെ പ്രധാന കഥാപാത്രമാണ് ഇഖ്ബാലിന്റെ കവിതകൾക്കായി മാത്രം ഒരു പുസ്തകം എഴുതിയതായി കാണാം. ഹൈദറാബാദ് സ്റ്റേറ്റിലെ ഹിന്ദു പ്രധാനമന്ത്രിയായിരുന്ന സർ കിഷാൻ പ്രസാദ് ഷാദിന്റെ കവിതയിലൂടെയാണ് അവർ തന്റെ പുസ്തകം തുടങ്ങുന്നതെങ്കിലും അവ അവസാനം ചേർത്ത് ഈ എഴുത്ത് അവസാനിപ്പിക്കാം. കാഫിർ ഹൂൻ കെ മുഅ്മിൻ ഹൂൻ ഹുദാ ജാനേ മേ ക്യാഹൂ മേ ബൻദഹ് ഹൂ ഉൻ കാ ജോ ഹെ സുൽതാനെ മദീന. ഞാൻ ഒരു മുസ്ലിമോ അതോ അമുസ്ലിമോ എന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. പക്ഷേ, എനിക്ക് ഒന്നറിയാം, മദീനയിലെ രാജകുമാരന്റെ അടിമയാണ് ഞാനെന്ന്.

Related Articles