Current Date

Search
Close this search box.
Search
Close this search box.

നാം കണ്ടെത്താൻ വൈകിയ കപ്പിത്താൻ

പത്മശ്രീ മുറാദ് ഗണ്ടവറു അലി മണിക്ഫാൻ എന്ന കണ്ടുപിടിത്തങ്ങളുടെ കപ്പിത്താനെ കുറിച്ച് സുഹൃത്ത് സദ്റുദ്ദീൻ വാഴക്കാട് രചിച്ച ഗ്രന്ഥമാണ് ഒരാഴ്ചയായി കൈയ്യിൽ. വേഗതയിലുള്ള വായനയേക്കാൾ അവധാനതയോടെയുള്ള പഠനം വേണ്ട ഒന്നായത് കൊണ്ടാണ് 250 + പേജുകൾ വായിക്കാൻ ഒരാഴ്ചയിലധികം വേണ്ടി വന്നത്.

അറിവിന്റെ കൊടുമുടിയും കണ്ടുപിടിത്തങ്ങളുടെ കപ്പിത്താനുമായ മണിക്ഫാൻ എന്ന കൃശഗാത്രന്നെ കണ്ടെത്താൻ – വാസ്തവത്തിൽ – നാമാണ് വൈകിയത്. മോശയിലെ കുതിര മീനുകൾ എന്ന സിനിമയിൽ വരെ പരാമർശിക്കപ്പെട്ട ആ മഹാ ഗുരുവിനെ കുറിച്ച് ആത്മ സുഹൃത്ത് ആറ്റക്കോയ തങ്ങൾ രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു ഗ്രന്ഥരചന തുടങ്ങിയിരുന്നു. പക്ഷേ അഭിമുഖങ്ങൾക്ക് മേലങ്കിയും മേക്കപ്പുമിട്ടിരുന്നു പരിചയമില്ലാത്ത ഉസ്താദ് മണിക്ഫാൻ തങ്ങളുടെ വൈജ്ഞാനിക ആഗ്രഹത്തിന് പൂർണമായി ശമനം നല്കിയില്ല. നമ്മുടെ നാട്ടിലെ ശുഭ്ര വസ്ത്രധാരികളിലധികവും ഏതെങ്കിലും മത/രാഷ്ട്രീയ സംഘടനകളുടെ ബ്രാൻഡ് അംബാസഡർമാരാണെന്നുള്ള ധാരണക്കും അപവാദമാണ് ചുരുക്കിപ്പറഞ്ഞാൽ അലി എന്നും പരത്തിപ്പറഞ്ഞാൽ മുറാദ് ഗണ്ടവറു അലി മണിക് ഫാൻ എന്നുമറിയപ്പെടുന്ന എന്റെ ഗുരുനാഥൻ . അത്ര പെട്ടന്നൊന്നും വലയിൽ കുടുങ്ങാത്ത അബൂ ദഫ്ദഫ് മണിക്ഫാനി എന്നവേറിട്ടൊരു മീന്റെ പേരിന് കാരണക്കാരനായ ആളാണദ്ദേഹം. നടപ്പ് ജീവിതശീലങ്ങളുടെ വലയിൽ കുടുങ്ങാതെ വിജ്ഞാന സാഗരത്തിൽ നീന്തിത്തുടിക്കുന്ന വേറിട്ടൊരു മത്സ്യം- ‘എം. അലി മണിക് ഫാൻ’. ഒന്നര പുരുഷായുസ് യാതൊരു ബൂർഷ്വാ അസുഖങ്ങളും ബാധിക്കാതെ വേറിട്ട ജീവതശീലങ്ങൾ കാണിച്ചു തന്ന അക്ഷരാർത്ഥത്തിൽ ഒരു പരിവ്രാജകൻ. ശാസ്ത്രജ്ഞരുടെ പതിവ് വാർപ്പുമാതൃകകളിൽ പെടാത്ത, മതപാണ്ഡിത്യത്തിന്റെ ശരീരഭാഷ വശമില്ലാത്ത, കടലാഴങ്ങളും അറിവാഴങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന, കടലിനെയും കരയേയും ആകാശത്തേയും ഒരുപോലെ തൊട്ടറിഞ്ഞ മഹാമനീഷി.

ആ ജീവിതത്തെ അടുത്തറിയാൻ കുറിപ്പുകാരൻ ഒന്നരപ്പതിറ്റാണ്ടായി അടുത്തു കൂടിയിട്ട്. സത്യം പറയാമല്ലോ, ആ മഹാസാഗരത്തിലെ ഒരു തുള്ളി പോലും നുകരാനായിട്ടില്ല എന്ന ഉറച്ച ബോധ്യം ഈ വരികളെഴുതുമ്പോഴും എന്നെ വല്ലാതെ വേട്ടയാടുന്നുണ്ട്.

അദ്ദേഹത്തെ സംബന്ധിച്ച് ഈയുള്ളവൻ അഞ്ച് വർഷം മുമ്പ് ഫേസ്ബുക്കിൽ കുറിച്ചത് ഇവിടെ ചേർക്കുന്നു.

യഈശു ഫിൽ ഖലഫ് ഈശത്ത സ്സലഫ് (പിൽക്കാലക്കാരിലെ പൂർവ്വസൂരി )
ബഹു : മൗലാനാ മർഹൂം അലി മിയാനെ കുറിച്ച് ശൈഖ് ഖറദാവി ഒരു പ്രഭാഷണത്തിൽ പറഞ്ഞതാണിത്. പക്ഷേ അങ്ങനെയൊരാൾ ജീവിച്ചിരിക്കുന്നുവെന്ന് ബോധ്യപ്പെട്ടത് ഇന്നാണ്. മണിക്ഫാൻ എന്ന മഹാപണ്ഡിതനെ പലപ്പോഴും സ്വീകരിക്കാനും ആതിഥ്യമരുളാനും തളിക്കുളം ഇസ്‌ലാമിയാ കോളേജിൽ വെച്ച് കഴിഞ്ഞിട്ടുണ്ട്. അന്നെല്ലാം സ്ഥിരമായി കിടക്കുന്ന ബെഡിൽ ആതിഥേയൻ തന്നെ സുഖമായുറങ്ങുകയും കോളേജിലെ ഏതെങ്കിലും കാലിക്കട്ടിലിൽ അതിഥിയെ കിടത്തി ഉറക്കുകയുമായിരുന്നു പതിവ്. എന്നാൽ ഇന്നലെ ( 12-5-18 CE / 26 – 8 – 1439 AH)
ഉച്ചമുതൽ അദ്ദേഹം ശാന്തപുരത്ത് കൂടെയുണ്ട്. അദ്ദേഹത്തിന്റെ മിത ഭാഷണം, ലളിത ഭക്ഷണം, പൂച്ചയുറക്കം എന്നിവ വാസ്തവത്തിൽ ഇന്നലെയാണ് ശ്രദ്ധിച്ച് തുടങ്ങിയത്. തഹജ്ജുദ് നമസ്കാരത്തിലെ ഏങ്ങിയുള്ള ഖുർആൻ പാരായണം …. ഇതെല്ലാം കുറിച്ചു വെക്കണമെന്ന് തോന്നി.

ജമാലുദ്ദീൻ അഫ്ഗാനിയെ കുറിച്ച് ചരിത്ര ഗ്രന്ഥങ്ങൾ പറയും പോലെ ആ രണ്ട് പെട്ടികൾ സദാ കൂടെയുണ്ട്. ഒന്ന് ധരിച്ചിരിക്കുന്നു; മറ്റേത് നെഞ്ചിൽ വഹിച്ചിരിക്കുന്നു. ഉമ്മത്തിനെക്കുറിച്ച ചിന്തയല്ലാതെ; അഇമ്മത്തിന്റെ ചില വിഷയങ്ങളിലെ ലാഘവത്തെ കുറിച്ചല്ലാതെ മറ്റൊന്നും അദ്ദേഹത്തെ അലട്ടുന്നില്ല. ആസ്ട്രോണമി ,ബോട്ടണി, മത്സ്യശാസ്ത്രം അങ്ങനെ കാക്കത്തൊള്ളായിരം ശാസ്ത്രങ്ങളുടേയും പത്തിൽ കൂടുതൽ ഭാഷകളുടേയും എൻസൈക്ലോപീഡിയ. എന്നിട്ടും എങ്ങനെ ഭൂമിയേക്കാൾ വിനയാന്വിതനാവാൻ കഴിയുന്നു എന്നതാണ് മഹാത്ഭുതം. നാലക്ഷരം കൂട്ടിവായിക്കാനാവുമ്പോഴേക്കും പഠിപ്പിച്ച ഗുരുക്കളെയും പാഠശാലകളെയും വളർത്തിയെടുത്ത മാതാപിതാക്കളെപ്പോലും തള്ളിപ്പറയുന്ന അഹങ്കാരത്തിന്റെ പനങ്കൂട്ടത്തിനിടയിൽ ഈ കെട്ടകാലത്ത് അസുലഭ കാഴ്ചയാണിത്.

ഇതേ കാര്യം എന്റെ പ്രിയ സുഹൃത്ത് ഡോ. മുഹിയുദ്ദീൻ ഗാസിയും ഇന്നലത്തെ അദ്ദേഹത്തിന്റെ വീട്ടിലെ കുശലങ്ങൾക്കിടയിൽ സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ മക്കൾ അത്ഭുതം കൊണ്ട് മൂക്കത്ത് വിരൽ വെക്കുന്നത് അക്ഷരാർഥത്തിൽ ഞാൻ ദർശിച്ചു. ആരുടേയും ബർത്ത്ഡേയും ദിനവും നിമിഷ നേരം കൊണ്ട് ഹിജ്റ – ഗ്രിഗോറി കൺവെർട്ടറിനേക്കാൾ വേഗത്തിൽ കണ്ടെത്തുന്ന ദാദയെ അവർക്കും പെരുത്തിഷ്ടമായി ”

2021 ൽ പത്മശ്രീ പുരസ്‌കാരം നൽകി രാഷ്ട്രം ആദരിച്ചവരുടെ പട്ടികയിൽ വളരെ വൈകിയാണെങ്കിലും അദ്ദേഹത്തിന്റെ പേരുമുണ്ടായിരുന്നു. പത്മശ്രീക്ക് വിലയുണ്ടായത് ഇപ്പോൾ മാത്രമാണെന്നാണ് അന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടത് . തലേകെട്ടും വലിയ ജുബ്ബയും ധരിച്ച ഈ വലിയ ചെറിയ മനുഷ്യൻ അക്ഷരാർഥത്തിൽ ആവേശമുണർത്തുന്ന വൻ കണ്ടുപിടുത്തങ്ങളുടെ കപ്പിത്താനാണ്. നൂറ്റാണ്ടിൽ വളരെ വിരളമായി മാത്രം പിറവിയെടുക്കുന്ന പ്രത്യേക ജിനുസ്സ് (ജിന്ന് + ഇൻസ് )

മണിക്ഫാന്റെ ജന്മദേശമായ മിനികോയിയെയും അവിടുത്തെ സാമൂഹിക-സാംസ്കാരിക ഘടനയെ പറ്റിയും പെൺപെരുമയെ കുറിച്ചും ഹുസൈൻ ദീദിയുടെ പരിഷ്കരണ പ്രവർത്തനങ്ങളും വിവരിച്ച് ദ്വീപിലും കേരളത്തിലും തമിഴ്നാട്ടിലെ വള്ളിയൂരിലുമായി അദ്ദേഹം സൃഷ്ടിച്ച നിശബ്ദ വിപ്ലവത്തിന്റെ നാൾവഴികൾ ആദ്യത്തെ 150 + പേജുകളിലായി വരച്ചുവെക്കാൻ അദ്ദേഹത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ എന്റെ സുഹൃത്ത് സദ്റുദ്ദീൻ വാഴക്കാടിനായി .

തുടർന്നുള്ള രണ്ടാം ഭാഗം പുനർവായനക്കും പ്രൂഫ് റീഡിങിലും ഈയുള്ളവൻ നേരത്തെ സഹകരിച്ചിരുന്നതു കൊണ്ട് അത് മനപ്പാഠമായത് പോലെയുണ്ട്. എന്റെ തന്നെ ഫേവറിറ്റ് വിഷയമായ ചന്ദ്രമാസ കലണ്ടറും കാലഗണനയും പ്രമാണങ്ങളുടെ വെളിച്ചത്തിൽ വിശദീകരിച്ച് മാസപ്പിറവി വിഷയത്തിലെ കണക്ക് – കാഴ്ച കർമശാസ്ത്രാ ചിന്താധാരകൾ പരിചയപ്പെടുത്തി ശാസ്ത്രീയമായ രീതിയിലുള്ള ലൂണാർ കലണ്ടർ പരിചയപ്പെടുത്താൻ ശൈഖ് നടത്തിയ ദേശീയ – അന്തർ ദേശീയ യാത്രകൾ ചുരുക്കിപ്പറഞ്ഞ് സമുദായവും സമൂഹവും ഇന്നനുഭവിക്കുന്ന അനൈക്യത്തിനും അറിവില്ലായ്മക്കുമുള്ള ഐക്യ ഫോർമുല ചുരുങ്ങിയ വാക്കുകളിൽ അനാവരണം ചെയ്യുന്ന 100 പേജ് അകാദമികവും സംവാദാത്മകവുമാണ്. പൊതുവെ സംവാദങ്ങളിൽ താല്പര്യമില്ലാത്ത മണിക്ഫാനെ പഠിക്കാൻ ശ്രമിച്ചിട്ടുള്ള ചിലരെങ്കിലും ഇത്തരം ചർച്ചകൾക്ക് വേദിയൊരുക്കാൻ സന്നദ്ധമായേക്കും.

ആമുഖമായി ആ ബഹുമുഖപ്രതിഭയുടെ ജീവിതവഴികൾ കൃത്യമായി വരച്ചുവെച്ച സഹോദരൻ കെ.കെ . സുഹൈൽ സാഹിബും വർത്തമാന കാല ദ്വീപ് വിവാദങ്ങളുടെ ചരിത്രവഴികൾ അനുബന്ധമായി എഴുതിയ ബ്ര. വാഴക്കാടും പ്രസ്തുത ഗ്രന്ഥം സൗജന്യമായി വിതരണം ചെയ്യാൻ തയ്യാറാക്കിയ പാനൂർ BSM ട്രസ്റ്റും ട്രസ്റ്റിന്റെ എല്ലാമെല്ലാമായ ബാലിയിൽ മുഹമ്മദ് ഹാജിയും സുന്ദരമായ കവർ ആർട്ട് ചെയ്ത സി എം ശരീഫ് സ്വാഹിബും വായന സുഗമമാക്കിത്തന്ന ഫസൽ എടവനക്കാടും രണ്ടാം ഭാഗം പൂർത്തീകരിക്കുന്നതിൽ ഗ്രന്ഥകാരനെ സഹായിച്ച ചങ്ക് ശിഷ്യൻ ഹാഫിള് സൽമാനുൽ ഫാരിസിയും അവസാന ഘട്ടത്തിലെങ്കിലും കൂടെക്കൂടിയ കുറിപ്പുകാരനും ഗ്രന്ഥത്തിന്റെ രചനയിലും സംവിധാനത്തിലും അണിയിച്ചൊരുക്കലിലും ഏതെങ്കിലും തരത്തിലുള്ള സഹകരണങ്ങൾ നല്കിയ എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നല്കട്ടെ എന്ന പ്രാർഥനയോടെ എല്ലാ മലയാളി സുഹൃത്തുക്കൾക്കും വായനക്ക് നിർദ്ദേശിക്കുന്നു ‘കണ്ടുപിടുത്തങ്ങളുടെ കപ്പിത്താൻ’ എന്ന ഈ മഹത് ഗ്രന്ഥത്തെ .

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles