Current Date

Search
Close this search box.
Search
Close this search box.

‘അൽവഫാ ബി അസ്മാഉ നിസാ’

പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ശൈഖ് മുഹമ്മദ് അക്രം നദ് വി രചിച്ച, പതിനായിരം വനിതാ ഹദീസ് പണ്ഡിതകളുടെ ജീവിതത്തെ കുറിച്ചുള്ള വിവരണങ്ങൾ ഉള്ളടങ്ങിയ 43 വാള്യങ്ങളുള്ള മഹത്തായ ഒരു ജീവചരിത്ര നിഘണ്ടു, ജിദ്ദയിലെ ദാറുൽ മിൻഹാജ് ആണ് ഈ അമൂല്യരചനയുടെ പ്രസാധനം നിർവഹിച്ചിരിക്കുന്നത്. ഹദീസ് നിവേദകർ, അധ്യാപികമാർ, നിയമജ്ഞർ, ഭാര്യമാർ, മാതാക്കൾ, പെൺമക്കൾ എന്നീ നിലകളിൽ മുസ്ലിം സമുദായത്തിന്റെ സാമൂഹികവും ധാർമികവും ബൗദ്ധികവുമായ വളർച്ചാവികാസത്തിന് ഈ വനിതകൾ നൽകിയ സംഭാവനകൾ വാക്കുകൾ കൊണ്ട് നിർവചനാതീതമാണ്.

ജീവചരിത്ര നിഘണ്ടുകൾ, ക്ലാസിക്കൽ ഗ്രന്ഥങ്ങൾ, മദ്രസാ പാഠപുസ്തകങ്ങൾ, കത്തിടപാടുകൾ എന്നിവയിലൂടെ ശൈഖ് മുഹമ്മദ് അക്രം നദ് വി രണ്ട് നടത്തിയ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട വിശ്രമമില്ലാത്ത യാത്രയുടെ ഫലമാണ് “അൽവഫാഉ ബി അസ്മാഇ നിസാ” എന്ന് നാമകരണം ചെയ്ത 43 വാള്യങ്ങളുള്ള ഈ നിഘണ്ടു.

“ഇരുപത് അല്ലെങ്കിൽ മുപ്പത് സ്ത്രീകളെ കണ്ടെത്താൻ കഴിയുമെന്നാണ് ഞാൻ കരുതിയത്.” അദ്ദേഹം പറഞ്ഞു. എന്നാൽ, പതിനായിരം സ്ത്രീരത്നങ്ങളാണ് തന്റെ ധാരണകളെ തകിടം മറിച്ചുകൊണ്ട് അദ്ദേഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടത്, അവരെ പരിചയപ്പെടുത്താൻ മാത്രം 43 വാള്യങ്ങൾ അദ്ദേഹത്തിന് വേണ്ടി വന്നു.

ഇസ്ലാമിക ചരിത്രത്തിൽ, സ്ത്രീകൾ മതവിജ്ഞാനസമ്പാദനത്തിനായി ധാരാളം യാത്രകൾ ചെയ്യുകയും, ഇസ്ലാമിക ലോകത്തെമ്പാടുമുള്ള കേളികേട്ട മസ്ജിദുകളിലും പാഠശാലകളിലും സ്ഥിരമായി പങ്കെടുക്കുകയും, പ്രവാചക വചനങ്ങളുടെ പ്രചരണത്തിനും പഠനത്തിനും വേണ്ടി സുപ്രധാന സംഭാവനകൾ അർപ്പിക്കുകയും അവ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്തതായി കാണുവാൻ കഴിയും.

ക്ലാസ് രജിസ്റ്ററുകൾ, പുരുഷ വിദ്യാർഥികൾക്ക് അധ്യാപനം നടത്താൻ അവരുടെ അധ്യാപികമാർ നൽകിയ ഇജാസകൾ (അനുമതിപത്രങ്ങൾ) തുടങ്ങിയ രേഖകളുടെ സൂക്ഷ്മമായ വിശകലനത്തിലൂടെയും, തങ്ങളുടെ അധ്യാപികമാരെ കുറിച്ച് ഏറ്റവും ആദരണീയരായ ‘ഉലമാക്കളിൽ’ നിന്നുള്ള നേർസാക്ഷ്യങ്ങളിലൂടെയുമാണ് മുമ്പെങ്ങും പര്യവേഷണവിധേയമാകാത്ത ഈ ചരിത്രം കണ്ടെടുക്കപ്പെടുന്നത്.

ഏഴാം നൂറ്റാണ്ടിലെ ദമസ്കസിൽ ജീവിച്ച, ദമസ്കസ് ഖലീഫ അടക്കം ശിഷ്യഗണങ്ങളായി ഉണ്ടായിരുന്ന, പ്രശസ്ത നിയമജ്ഞ ഉമ്മുൽദർദാഇനെ പോലെയുള്ള അനവധി നിരവധി സ്ത്രീരത്നങ്ങളെ ഈ അമൂല്യചരിത്രഗ്രന്ഥത്തിൽ നമുക്ക് പരിചയപ്പെടാം.

ലോകപ്രശസ്ത പണ്ഡിതന്മാരിൽ ഒരാളാണ് ഇന്ത്യൻ വംശജനായ ശൈഖ് മുഹമ്മദ് അക്രം നദ്വി. ലക്നോവിലെ നദ്വത്തുൽ ഉലമയിൽ നിന്ന് പരമ്പരാഗത ഇസ്ലാമിക വിജ്ഞാനശാഖകളിൽ ആഴത്തിൽ അവഗാഹം നേടിയ അദ്ദേഹം ലഖ്നൗ സർവകലാശാലയിൽ നിന്ന് അറബി സാഹിത്യത്തിൽ പി.എച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. ഓക്സ്ഫോർഡ് സെന്റർ ഫോർ ഇസ്ലാമിക് സ്റ്റ്ഡീസിൽ ഫെലോ ആയി വർഷങ്ങളോളം ചെലവഴിച്ച അദ്ദേഹം അവിടെ ഹദീസ് ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഗവേഷണം നടത്തി. ഇസ്ലാമിക വിജ്ഞാനശാഖകളുമായി ബന്ധപ്പെട്ട് 30 ഓളം പുസ്തകങ്ങളുടെ രചയിതാവും കൂടിയാണ് അദ്ദേഹം.

43 വാള്യങ്ങളുള്ള ഈ ഗ്രന്ഥം അറബിയിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിലും, ‘അൽമുഹദ്ദിസാത്ത്’ എന്ന പേരിലുള്ള ആമുഖം ഇംഗ്ലീഷ്, ഉർദു, തുർക്കിഷ്, ബോസ്നിയാക് ഭാഷകളിൽ ലഭ്യമാണ്. ഗ്രന്ഥം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാനുള്ള നടപടികൾ നടന്നുവരുന്നുണ്ട്.

അമേരിക്കൻ മാധ്യമപ്രവർത്തക കാർലാ പവറും ശൈഖ് മുഹമ്മദ് അക്രം നദ്വിവും ചേർന്ന് രചിച്ച, അവരുടെ ഖുർആനുമൊത്തുള്ള ഒരു വർഷക്കാലത്തെ യാത്രയുടെ ഓർമകുറിപ്പാണ്, ഇന്ന് നമ്മുടെ ലോകത്ത് നിലനിൽക്കുന്ന ഏറ്റവും വലിയ വിഭജനങ്ങളിലൊന്നിനെ കൂട്ടിച്ചേർക്കാൻ സഹായകരമായ If the Oceans were Ink എന്ന കൃതി.

അവരുടെ അന്വേഷണം അവരെ ലണ്ടനിൽ നിന്ന് മക്കയിലേക്കും, അവിടെ നിന്ന് ഇന്ത്യയിലേക്കും അവരെ കൊണ്ടുചെന്നെത്തിച്ചു, പുതിയ കാഴ്ചപ്പാടുകൾ നൽകുകയും, മിഥ്യാധാരണകൾ തകർക്കുകയും, വിഭജിക്കപ്പെട്ടിരിക്കുന്ന ലോകങ്ങളെ തമ്മിൽ ഇണക്കാനുള്ള അമ്പരപ്പിക്കുന്ന പാരസ്പര്യങ്ങളെ വെളിപ്പെടുത്തുകയും ചെയ്ത ഒന്നായിരുന്നു ആ യാത്ര.

അവലംബം: The Cognate
മൊഴിമാറ്റം: അബൂ ഈസ

Related Articles