Current Date

Search
Close this search box.
Search
Close this search box.

സത്യസന്ധന്റെ പുത്രി സത്യസന്ധ

ഈയുള്ളവനെ വളരെയധികം സ്വാധീനിച്ചിട്ടുള്ള സ്ത്രീ രത്നമാണ് ആഇശ ബിൻത് അബീബക്ർ (റ)എന്ന സ്വിദ്ദീഖ: ബിന്തുസ്സ്വിദ്ദീഖ് . ഈ വിഷയത്തിൽ വന്നിട്ടുള്ള പല ക്ലാസിക് ഗ്രന്ഥങ്ങളും പലപ്പോഴായി കുറിപ്പുകാരൻ വായിച്ചിട്ടുണ്ടെങ്കിലും ഈയിടെ മാത്രം വായിച്ച الصديقة بنت الصديق (സത്യസന്ധന്റെ പുത്രി സത്യസന്ധ) ആഇശ (റ) യെ കൂടുതൽ അറിയാൻ സഹായിച്ച ഒന്നാണ്. അബ്ബാസ് മഹ്മൂദുൽ അഖ്‌ഖാദ് ( 1889 – 1964)
എന്ന ഈജിപ്ഷ്യൻ പത്രപ്രവർത്തകനും കവിയും സാഹിത്യ നിരൂപകനും ബഹുസ്വരതയുടെ വക്താവുമായ അദ്ദേഹത്തിന്റെ അബ്ഖരിയാത് സീരീസിനോട് ചേർത്ത് വെക്കാവുന്ന ഒരു കൃതിയായാണ് നിരൂപകർ പ്രസ്തുത ഗ്രന്ഥത്തെ നിരീക്ഷിച്ചിരിക്കുന്നത്.

ആഇശ (റ) യുടെ കവിത, വിമർശനബുദ്ധി, പ്രമാണ വായന, ചരിത്രം, തത്ത്വചിന്ത, രാഷ്ട്രീയം, ജീവചരിത്രം, ശാസ്ത്രം, എന്നിവയുൾപ്പെടെയുള്ള എല്ലാം 80 + പേജുകളിൽ ചുരുക്കിയെഴുതി എന്നതാണ് ഈ ഗ്രന്ഥത്തിന്റെ വ്യതിരിക്തത. അറബ് സ്ത്രീ,മുസ്ലീം സ്ത്രീ,അനശ്വര സ്ത്രീ എന്നീ നിലകളിൽ ആഇശയെ വിശകലനം ചെയ്ത് പ്രവാചക പത്നി എന്ന നിലക്കും അപവാദ സംഭവത്തിൽ അവർ പ്രകടിപ്പിച്ച പക്വമായ സമീപനങ്ങളെ അനാവരണം ചെയ്തും പ്രവാചകന് ശേഷം രാഷ്ട്രീയത്തിലും സ്ത്രീകളുടെ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിലും അവർ പുലർത്തിയ നിഷ്കർഷതയും ഉള്ളടക്കമായി വന്ന ഈ ഗ്രന്ഥം അഞ്ചുകൊല്ലം മുമ്പ് ഡൗൺ ലോഡ് ചെയ്ത് ഓടിച്ച് വായിച്ച് വെച്ചിട്ട് , കഴിഞ്ഞ മാസം നടന്ന സംവാദത്തെ തുടർന്നാണ് രണ്ടാമതെടുത്ത് വായിക്കുന്നത്.

ആദ്യത്തെ അധ്യായത്തിൽ അക്കാലത്തെ അറബ് സ്ത്രീകൾ അനുഭവിച്ചിരുന്ന പ്രിവിലേജുകളും നിയന്ത്രണങ്ങളും ചരിത്ര രേഖകളിലൂടെ അവലോകനം ചെയ്ത ശേഷം മുസ്ലീം സ്ത്രീ മറ്റു സ്ത്രീകളിൽ നിന്നും വ്യതിരിക്തയാവുന്ന ഇടങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്ത് ചരിത്രത്തിൽ ബുദ്ധികൊണ്ടും സൂക്ഷ്മത കൊണ്ടും തന്റെ മുഖമദ്ര പതിപ്പിച്ച മഹിളാ രത്നങ്ങളെ മൊത്തത്തിൽ പരാമർശിച്ച് ആഇശ (റ) യുടെ പ്രതിഭയേയും പ്രത്യുൽപന്നമതിത്വത്തേയും വിശദമായി ചർച്ച ചെയ്തു മുന്നേറുന്ന കാഴ്ചയാണ് പുസ്തകത്തിൽ ആദ്യന്തം വായിക്കാൻ കഴിയുന്നത്. ആഇശ (റ) യുടെ ചെറുപ്പത്തിലെ ശീലങ്ങളും ശിക്ഷണങ്ങളും ഗൃഹാന്തരീക്ഷവുമെല്ലാം ഒരു നോവലിലേത് പോലെ ചിത്രീകരിക്കുന്നത് അതി മനോഹരമായ വായനാനുഭവമാണ് നല്കുന്നത്. ഇന്നും സംവാദവേദികൾ നിറഞ്ഞു നില്ക്കുന്ന ആഇശാ വിവാഹവും അവരാസ്വദിച്ചിരുന്ന പ്രവാചക പത്നിത്വവുമെല്ലാം വളരെ സംവേദനീയതയോടെയും അത്യാശയോടെയുമാണ് വായനക്കാരൻ ആസ്വദിക്കുന്നത്. ആരും മാനസികമായി പതറിപ്പോവുന്ന അപവാദപ്പെരുമഴക്കാലത്തെ ചിത്രീകരിക്കുന്നത് അനുപമമാണ്. പ്രവാചകന് ശേഷം അവരുടെ ജീവിതം മുഴുവൻ വൈജ്ഞാനിക മേഖലകളിലും രാഷ്ട്രീയ നിരീക്ഷണങ്ങളിലും ഹദീസ് ബലാബല സംവാദങ്ങളിലുമായിരുന്നു. അപ്പോഴെല്ലാം അവർ പുലർത്തിയിരുന്ന കണിശതയും സംശോധനവും ഗുണദോഷ ചിന്തനവുമെല്ലാം ചുരുങ്ങിയ വാക്കുകളിൽ അനാവരണം ചെയ്യുന്നത് ഹദീസ് നിദാന ശാസ്ത്ര കുതുകികൾക്ക് ഇന്ദ്രിയാവബോധവും ഉപലബ്ധിയും നല്കുന്നതാണ്. ബാലവിവാഹം, വിവാഹ പ്രായം തുടങ്ങിയ പരമ്പരാഗത ശൈലിയിൽ പൊടിപ്പും തൊങ്ങലും ചേർത്ത് പറയാതെ ഒരു മാതൃകാ കുടുംബത്തിന്റെ നാൾവഴികൾ അതിഭാവുകത്വം നല്കാതെ സാഹിതീയ ശൈലിയിൽ പറഞ്ഞു പോവുകയാണ് അഖ്‌ഖാദ് . അനുവാചകന് സസ്പെൻസുള്ള ഒരു നാടകം കാണുന്ന പ്രതീതിയാണുണ്ടാവുന്നത്.

ആഇശ (റ ) യല്ലാതെ ഇത്രമാത്രം പ്രശംസയും അഭിനന്ദനവും ബഹുമാനവും സ്നേഹവും നേടിയ ഒരു മഹിളാ സാന്നിധ്യം ചരിത്രത്തിലോ വർത്തമാനത്തിലോ കുറിപ്പുകാരനറിയില്ല . നബി (സ) യുടെ ഹൃദയത്തിലും മനസ്സിലും അവരുടെ പദവിയും സ്നേഹവും വളരെ വലുതായിരുന്നു എന്ന് വ്യക്തമാക്കുന്ന ചരിത്ര സംഭവങ്ങൾ പ്രമാണങ്ങളുദ്ധരിച്ച് നിർലോഭം പറഞ്ഞു പോവുന്നുണ്ടദ്ദേഹം. പ്രവാചക പത്നിമാർ നിരവധിയുണ്ടെങ്കിലും ഓരോ മുസ്ലിമും മതപരവും നിയമപരമായ വീക്ഷണകോണിൽ നിന്ന് ഈ സ്നേഹവും ബഹുമാനവും ആദരവും അംഗീകാരവും സൂക്ഷിക്കുന്നത് കൊണ്ടാവണം പ്രവാചക ശത്രുക്കളുടെ ആരോപണങ്ങളുടെ എക്കാലത്തെയും ശരവ്യമായ നായികയായി ലിബറൽ, ഓറിയന്റലിസ്റ്റ്, ജബ്റ ഗ്രന്ഥങ്ങളിൽ ആഇശ (റ) അവതരിപ്പിക്കപ്പെടുന്നത്.

ചില തീവ്ര ശിയാ വിഭാഗത്തിൽപെട്ടയാളുകൾ ആഇശയോടുള്ള അവരുടെ വിദ്വേഷവും പകയും കലിപ്പും മതപരതയുടെ ഭാഗമായി സൂക്ഷിക്കുന്നു എന്നത് തന്നെ അവർ പ്രവാചക ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തിയ സൗമ്യഭവമായിരുന്നു എന്ന് മനസ്സിലാക്കിത്തരുന്നു.മഹാനായ എഴുത്തുകാരൻ അബ്ബാസ് മഹ്മൂദുൽ അഖ്‌ഖാദിന് മുമ്പ് الصديقة بنت الصديق എന്ന് അങ്ങനെയാരെങ്കിലും ബീവി ആഇശയെ വിശേഷിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല.സത്യസന്ധത,പ്രതിഭ, ബുദ്ധി, മിടുക്ക് എന്നിവയുടെ പ്രകടനങ്ങൾ പ്രതിഭാധനരായ മറ്റേതൊരു സ്ത്രീയേക്കാളും ആഇശയിലാണ് സമ്മേളിക്കുന്നത് എന്നാണ് അഖ്‌ഖാദിന്റെ സുചിന്തിതമായ നിരീക്ഷണം. പരീക്ഷണങ്ങളിൽ പതറാത്ത പാദവും ചിതറാത്ത ചിത്തവുമാണ് പ്രിയഭർത്താവിന്റെയും പിതാവിന്റെയുമൊപ്പം ആഇശയെ എന്നെന്നും അടയാളപ്പെടുത്തുന്നത്. 88 പേജുമാത്രമുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇംഗ്ലണ്ടിലെ യോർക്ക് ഹൗസിലെ ഹിന്ദാവി പബ്ലിഷേർസാണ്. ഗ്രന്ഥത്തിന്റെ പി ഡി എഫും ലഭ്യമാണ്.

Related Articles