Book Review

ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ പുസ്തകം

പരസ്പര ബന്ധങ്ങളും, ഹൃദയവിശാലതയുമെല്ലാം അന്യം നിന്ന് പോകുന്ന ഒരു കാലത്തെയാണ് നാമിന്ന് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്. ആധുനിക സംവിധാനങ്ങളും, സുഖ സൗകര്യങ്ങളുമെല്ലാം അവനവനിലേക്ക് തന്നെ ചുരുക്കുന്ന ഒരവസ്ഥാവിശേഷത്തിലേക്കെത്തിച്ചിരിക്കുന്നു. അതോടൊപ്പം, ദിനംപ്രതിയെന്നോണം മനുഷ്യത്വം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന കാഴ്ചകളാണ് നമ്മുടെ ചുറ്റുവട്ടങ്ങളിൽ നിന്നും പത്ര-മാധ്യമങ്ങളിലൂടെയുമെല്ലാം നമുക്ക് കാണിച്ച് തരുന്നത്. മനുഷ്യന് പരസ്പരം തിരിച്ചറിയാനാവാതെ മൃഗീയതയിലേക്ക് പരിണമിച്ച് കൊണ്ടേയിരിക്കുകയാണ്‌. ഇതിന്റെയെല്ലാം മൂലകാരണമെന്നത് ഹൃദയബന്ധത്തിന്റെയും, വിശാലതയുടെയും അഭാവം തന്നെയാണ്. ഹൃദയവും ഹൃദയവും പുണരാതെ, വിശാലമനസ്കതയില്ലാതെ ഒരു സൗഹൃദവും സാഹോദര്യവും സ്നേഹവുമൊന്നും പൂക്കുകയില്ല. കൂടെയുള്ള മനുഷ്യരെയെല്ലാം ചേർത്ത് പിടിക്കാനും, അവരുടെ ശരിതെറ്റുകളെ ഉൾകൊള്ളാനും അതിലേക്ക് നയിക്കുന്ന കഥകളും ചിന്തകളും കാഴ്ചകളും ചേർത്തുവെച്ച സാരോപദേശങ്ങളുടെ സമാഹാരമാണ് എഴുത്തുകൊണ്ടും പ്രഭാഷണം കൊണ്ടും ജനമനസ്സുകൾ കീഴടക്കിയ പി.എം.എ ഗഫൂറിന്റെ ‘ഹൃദയം ഹൃദയത്തെ പുണരുമ്പോൾ ‘ എന്ന പുസ്തകം. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ ഒറ്റയിരിപ്പിൽ വായിച്ച് തീർക്കാവുന്ന പുസ്തകം. ചെറുതാണ് ചേതോഹരമെന്ന കവിവാക്യം പോലെ ലളിതവും സുന്ദരവുമായ ആഖ്യാനശൈലി. ജീവനുള്ള എഴുത്തുകളെന്ന് വായനക്കിടയിൽ നമ്മെ ബോധ്യപ്പെടുത്തി തരുന്നുണ്ട്.

മനസ്സ് ഭാരമെല്ലാമൊഴിഞ്ഞ് സ്വസ്ഥത കൈവരിക്കാനാണ് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത്. മനസ്സിൽ ഉറഞ്ഞ് കൂടുന്ന കനത്ത ദു:ഖങ്ങളൊക്കെയും നമ്മുടെ സന്തോഷങ്ങൾ കൊണ്ട് മായ്ക്കപ്പെടണം. അപ്പോഴേ ജീവിതം ആനന്ദകരമാവൂ. ഇന്ന് മാനസികാസ്വസ്ഥ്യങ്ങളാണ് എല്ലാവരെയും അലട്ടുന്നത്. അതുകൊണ്ടാണല്ലോ മോട്ടിവേഷൻ ട്രെയിനർമാർ ദിനംപ്രതിയെന്നോണം കൂൺപോലെ മുളച്ചുപൊന്തുന്നത്. നമ്മുടെ സന്തോഷങ്ങൾ കണ്ടെത്തേണ്ടത് നാം തന്നെയാണ്. അതിനുള്ള വഴികളൊക്കെ നമ്മൾ തന്നെയാണ് ഒരുക്കേണ്ടത്. കൂടെയുള്ള മനുഷ്യരോട് നമ്മുടെ സങ്കടങ്ങൾ പങ്ക് വെക്കുമ്പോൾ അതെല്ലാം അലിഞ്ഞില്ലാതായി തീരും. കൂടെയുള്ളവർക്കും സമൂഹത്തിനും നന്മകൾ കൊണ്ട് സമൃദ്ധമാക്കി സമ്പന്നമാകണം നമ്മുടെ ജീവിതം.കരുണ, സ്നേഹം, ദയ, ഹൃദയ ബന്ധം, വിശാലത ,സൗഹൃദം, സാഹോദര്യം ഇവയെല്ലാം ഇഴുകിച്ചേരുമ്പോഴാണ് ഒരു ഹൃദയത്തിന് മറ്റൊരു ഹൃദയത്തെ പുണരാനാവുന്നത്. പ്രകൃതിയിലെ മറ്റു ജീവജാലങ്ങളും നമ്മുടെ സ്നേഹപൂർവമുള്ള സഹവർത്തനം ആഗ്രഹിക്കുന്നുണ്ട്. ഹൃദയം ഹൃദയത്തെ പുണരുമ്പോൾ നമ്മിൽ അടിഞ്ഞ് കൂടിയ എല്ലാവിധ ദുശാഠ്യങ്ങളും, ദൂഷ്യത്തരങ്ങളും അലിഞ്ഞില്ലാതാവുന്നു.പരസ്പര സ്നേഹത്തിലും സൗഹാർദത്തിലും വാണിരുന്ന പൂർവകാലത്തേക്ക് ഒരു തിരിച്ചു നടത്തം അനിവാര്യമാണ്. കാലം ആവശ്യപ്പെടുന്നതും അതാണ്. ചുറ്റുമുള്ള കാഴ്ചകളും, വർത്തമാനങ്ങളുമെല്ലാം അതിന്റെ അനിവാര്യതകൾ വിളിച്ചോതുന്നുണ്ട്.അഹംമാത്രവാദത്തിൽ നിന്ന് മാറി പാരസ്പപര്യമെല്ലാവരെയും ഉൾകൊള്ളാൻ കഴിഞ്ഞാൽ ജീവിതായുസ്സ് സമ്പന്നമായി. സൃഷ്ടാവ് നമ്മിലനിവാര്യമായും ഉണ്ടാവേണ്ട സ്വഭാവ ഗുണങ്ങൾ വളർത്തിയെടുക്കാൻ ഉപകരിക്കുന്ന ഈ പുസ്തകം ഹൃദയരോഗങ്ങൾക്കുള്ള ഒറ്റമൂലി കൂടിയാണ്.

112 പേജുള്ള ഈ പുസ്തകം ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Facebook Comments
Related Articles
Show More
Close
Close