Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് ഉജ്ജ്വലമായ ഒരു രാഷ്ട്രീയ പ്രയോഗമാണ്

hijabi.jpg

ആധുനികതയുടെ അധീശപരമായ പ്രവണതകള്‍ പുലര്‍ത്തുന്നു എന്നതാണ് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച ഫെമിനിസ്റ്റ് വിമര്‍ശനങ്ങളുടെ പൊതുവായ ഒരു പ്രത്യേകത. യാഥാസ്ഥികമായ ഈ വിശകലന രീതിയെ പൊളിച്ചടുക്കിക്കൊണ്ടാണ് സബാ മഹ്മൂദ്  Politics of pitey: The Islamic Revival and the Feminist Subject എന്ന പുസ്തകമെഴുതിയത്. ഈജിപ്തിലെ മുസ്‌ലിം സ്ത്രീകളെയാണ് സബാ മഹ്മൂദ് പഠനവിധേയമാക്കിയത്. ഇസ്‌ലാമിനെക്കുറിച്ച ലിബറല്‍ ഫെമിനിസ്റ്റ് ആഖ്യാനങ്ങള്‍ വേണ്ടുവോളമുള്ള നാടാണ് ഈജിപ്ത്. ആ പാരമ്പര്യത്തിലായിരുന്നു സബാ മഹ്മൂദ് മുതല്‍  ലൈലാ അഹ്മദ് വരെ ഉണ്ടായിരുന്നത്. മതപൗരോഹിത്യം അടിച്ചേല്‍പ്പിച്ച ഒന്നാണ് ഹിജാബെന്ന് ലൈലാ അഹ്മദ് പറഞ്ഞിട്ടുണ്ട്.

എന്നാല്‍,  ലൈലാ അഹ്മദിന്റെ ചിന്തയിലുണ്ടായ വമ്പിച്ച മാറ്റത്തെയാണ് A Quiet Revolution: The Veil’s Resurgence from Middle east to america എന്ന അവരുടെ പുസ്തകം കാണിക്കുന്നത്. ആത്മീയമായ പരിവര്‍ത്തനത്തെയാണ് ഹിജാബ് പ്രകാശിപ്പിക്കുന്നതെന്നാണ് അവര്‍ പറയുന്നത്. പുസ്തകത്തിന്റെ ആദ്യഭാഗം വിശകലനം ചെയ്യുന്നത് ഹിജാബിന്റെ വ്യാപനത്തെക്കുറിച്ചാണ്. ഈജിപ്തിന്റെ ചരിത്രത്തിലൂടെ യാത്ര ചെയ്താണ് അവരീ വിശകലനം നടത്തുന്നത്.അമേരിക്കയിലെ മുസ്‌ലിംസ്ത്രീകളുടെ ആക്ടിവിസത്തെ കേന്ദ്രീകരിച്ചാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗം വികസിക്കുന്നത്. അമേരിക്കയിലെ കുടിയേറ്റക്കാരിലും ആഫ്രോ-അമേരിക്കന്‍ മുസ്‌ലികളിലുമുണ്ടായ ഹിജാബിന്റെ വമ്പിച്ച സ്വാധീനത്തെക്കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്യുന്നു.

മുസ്‌ലിം നാടുകളിലെ അമേരിക്കന്‍ അധിനിവേശത്തെ ന്യായീകരിക്കാന്‍ കൊളോണിയല്‍ ശക്തികള്‍ രൂപപ്പെടുത്തുകയും പിന്നീട് നമ്മുടെ നാട്ടിലടക്കമുള്ള ഇടത്-ലിബറല്‍ യാഥാസ്ഥികര്‍ ഏറ്റെടുക്കുകയും ചെയ്ത അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിംസ്ത്രീ എന്ന നിര്‍മ്മിതിയെ ലൈലാ അഹ്മദ് പൊളിച്ചടുക്കുന്നുണ്ട്. ഒപ്പം തന്നെ ഇത്തരം വിശകലനങ്ങള്‍ മുമ്പ് പങ്ക് വെച്ച ലൈല അബൂ ലുഗോദ്, സബാമഹ്മൂദ് എന്നിവരുടെ പഠനങ്ങള്‍ അവര്‍ പരിചയപ്പെടുത്തുന്നു. (ഈ വിഷയത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ലൈല അബൂ ലുഗോദിന്റെ പുതിയ പുസ്തകമാണ് Do Muslim Women Need Saving?)

ഹിജാബ് ധരിച്ച് കൊണ്ട് ആക്ടിവിസം നടത്തുന്ന മുസ്‌ലിംസ്ത്രീകള്‍ അപനിര്‍മ്മിക്കുന്നത് സെക്കുലര്‍-ലിബറല്‍-പുരോഗമന വ്യവഹാരങ്ങളെയാണ് എന്നാണ് ലൈല അഹ്മദ് പറയുന്നത്. ഹിജാബിനെ പ്രധാനമായും രണ്ട് രീതിയിലാണ് ഈ വ്യവഹാരങ്ങള്‍ സമീപിക്കുന്നത്. മുസ്‌ലിം ആണിന്റെ നിര്‍ബന്ധബുദ്ധിയാണ് അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഒന്നാമത്തേത്. എന്നാല്‍ അങ്ങനെയല്ല, മുസ്‌ലിം പെണ്ണിന്റെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രത്തെയാണ് ഹിജാബ് പ്രതിഫലിപ്പിക്കുന്നതെന്നാണ് മറ്റൊരു വാദം. ലൈല അഹ്മദ് പറയുന്നത് ഈ രണ്ട് വാദങ്ങളും പിന്തുടരുന്നത് അധീശമായ സെക്കുലര്‍-ലിബറല്‍ വ്യവഹാരങ്ങളെയാണ് എന്നാണ്. ആത്മീയപ്രവര്‍ത്തനമായി ഹിജാബിനെ മനസ്സിലാക്കുന്ന മുസ്‌ലിംസ്ത്രീയുടെ കര്‍തൃത്തെ (agency) ഇവ നിരാകരിക്കുന്നു എന്നാണവര്‍ പറയുന്നത്. ലിബറല്‍ മൂല്യങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്ന ഇസ്‌ലാമിക സമൂഹങ്ങളെക്കുറിച്ച് പഠിക്കാന്‍ സവിശേഷമായ ഒരു വിശകലന രീതി വികസിപ്പിക്കണമെന്നാണ് ലൈലാ അഹ്മദ് ആവശ്യപ്പെടുന്നത്. ഹിജാബിനെക്കുറിച്ചും മുസ്‌ലിംസ്ത്രീയെക്കുറിച്ചും വംശീയമായ തീര്‍പ്പുവെക്കലില്‍ ആനന്ദം കൊള്ളുന്നവര്‍ ഈ പുസ്തകം ഒന്നിരുത്തി വായിക്കുന്നത് നല്ലതാണ്.

Related Articles