Current Date

Search
Close this search box.
Search
Close this search box.

ഹമാസ് : ചരിത്രവും വര്‍ത്തമാനവും

hamas-harub.jpg

(കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ അറബ് മീഡിയ പ്രൊജക്ട് കോഡിനേറ്ററാണ് ഖാലിദ് ഹറൂബ്. ബത്‌ലഹേമിലെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ച ഖാലിദ് ഹുറൂബ് ഹമാസിനെകുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. ഖത്തറിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ മധ്യപൗരസ്ത്യ വിഭാഗത്തില്‍ പ്രൊഫസറായും ജോലി ചെയ്യുന്ന ഖാലിദ് ഹറൂബ്, അല്‍ ജസീറ ചാനലിന് വേണ്ടി ഒരു ബുക്‌റിവ്യൂ പരിപാടിയും നടത്തുന്നുണ്ട്. ഇംഗ്ലീഷിലും അറബിയിലുമായി 11 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ‘Hamas: Political Thought and Practice’  ആണ് അദ്ദേഹത്തിന്റെ ആദ്യ കൃതി. Hamas: a Beginner’s Guide, Political Islam : Context versus Ideology  (Editor), Religious Broadcasting in the Middle East എന്നീ പുസ്തകങ്ങള്‍ ഇംഗ്ലീഷിലും Fragility of Ideology and Might of Politics, In Praise of Revolution, Tattoo of Cities (Literature) എന്നീ പുസ്തകങ്ങള്‍ അറബിയിലും പുറത്തിറക്കിയിട്ടുണ്ട്. ഖാലിദ് ഹറൂബിന്റേതായി ഒരു കവിതാ സമാഹാരവുണ്ട്. Hamas : a Beginner’s Guide എന്ന പുസ്തകത്തിന് ഗ്രന്ഥകാരന്‍ എഴുതിയ കുറിപ്പാണ് താഴെ.)

ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ക്രൂരമായ അധിനിവേശത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് നടത്തുന്ന ചാവേര്‍ ആക്രമണങ്ങളിലൂടെയാണ് ഹമാസ് ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. ഫലസ്തീന്‍ നിയമ നിര്‍മാണസഭ (പി.എല്‍.സി)യിലേക്ക് 2006 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് നേടിയ വമ്പിച്ച വിജയം ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു കളഞ്ഞു. പരിമിതമായ തോതിലാണെങ്കിലും ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും സമ്പൂര്‍ണമായ രാഷ്ട്രീയാധികാരമാണ് പി.എല്‍.സിക്കുള്ളത്. 1987 ല്‍ രൂപീകൃതമായ ഹമാസ് പാര്‍ലമെന്റ് വിജയത്തോടു കൂടി ഒരു ഗവണ്‍മെന്റ് രൂപീകരിക്കുകയും ഫലസ്തീന്‍ വിമോചന പോരാട്ടത്തിന്റെ നേതൃശക്തിയായി തീരുകയും ചെയ്തു.

തെരഞ്ഞെടുപ്പ് ഫലം ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. പാശ്ചാത്യ മാധ്യമങ്ങള്‍ ‘ഭീകരവാദികള്‍’ എന്ന് മുദ്രചാര്‍ത്തിയ ഒരു പ്രസ്ഥാനം എങ്ങനെയാണ് ഒരു രാജ്യത്തെ നിര്‍ണായക ശക്തിയായിത്തീരുന്നത്? അരനൂറ്റാണ്ടോളം ഫലസ്തീന്‍ ഭരിച്ച ഫതഹ് പാര്‍ട്ടിയായിരുന്നു ഹമാസിന്റെ മുഖ്യ എതിരാളി. ഹമാസിനെ അപേക്ഷിച്ച് ഫതഹിന് മതേതര മുഖമായിരുന്നു ലോകരാഷ്ട്രങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. ഇസ്രയേലും അമേരിക്കയും യു.എന്നും അറബ് ഭരണാധികാരികളും ആഗ്രഹിച്ചത് ഫതഹ് പാര്‍ട്ടി വിജയിക്കണമെന്നായിരുന്നു. എന്നാല്‍, എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഹമാസ് അധികാരത്തിലേറി. ലോകം പരിതപിച്ചു. എവിടെയാണ് പിഴച്ചത്?

യഥാര്‍ഥത്തില്‍ ഹമാസിനെകുറിച്ച ലോകരാഷ്ട്രങ്ങളുടെ ധാരണകള്‍ക്കായിരുന്നു തെറ്റുപറ്റിയത്. ഇസ്രയേല്യരെ ഒന്നടങ്കം നശിപ്പിക്കാന്‍ വേണ്ടി രംഗ പ്രവേശനം ചെയ്ത ‘ഭീകരര്‍’ എന്ന പരിവേശമായിരുന്നു അവര്‍ ഹമാസിന് ചാര്‍ത്തിക്കൊടുത്തിരുന്നത്. എന്നാല്‍ ഫലസ്തീനികളുടെ കണ്ണില്‍ ഹമാസ് ഒരേസമയം വിമോച സംഘവും രാജ്യത്തെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മേഖലകളെ ചലിപ്പിക്കാന്‍ കരുത്തുള്ള പ്രസ്ഥാനവുമായിരുന്നു.

പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ നിരന്തരമായി പ്രചരിപ്പിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ഹമാസ് എന്താണ് എന്നന്വേഷിക്കുന്ന പുസ്തകമാണിത്. എന്നാല്‍ പടിഞ്ഞാറിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടി രചിക്കപ്പെട്ട ഒരു മാപ്പുസാക്ഷിത്വ പുസ്തകമല്ലിത്. മറിച്ച്, ഹമാസിനെ കുറിച്ച പ്രധാനപ്പെട്ട വിവരങ്ങളും വിശകലനങ്ങളും നല്‍കുക എന്നതാണ് ഈ പുസ്തകത്തിലൂടെ ഞാന്‍ ലക്ഷ്യം വെക്കുന്നത്.

ഒരു ചോദ്യോത്തര ശൈലിയാണ് ഈ പുസ്തകത്തില്‍ സ്വീകരിച്ചിരിക്കുന്നത്. അതൊരുപക്ഷെ, അധിക പേര്‍ക്കും പരിചിതമായിക്കൊള്ളണമെന്നില്ല. എന്നാല്‍, സങ്കീര്‍ണ്ണമെന്ന് വായനക്കാര്‍ക്ക് തോന്നുന്ന വിഷയങ്ങളെ പരമാവധി ലളിതമാക്കാന്‍ വേണ്ടിയാണ് ഈയൊരു രീതി അവലംബിച്ചിരിക്കുന്നത്. ഹമാസിന്റെ രൂപീകരണ ചരിത്രം വിശദീകരിച്ചുകൊണ്ട് തുടങ്ങുകയും തെരഞ്ഞെടുപ്പിന് ശേഷമുള്ള ഹമാസിനെ കുറിച്ച വിശകലനങ്ങളോടെ അവസാനിക്കുകയും ചെയ്യുന്ന ആഖ്യാന രീതിയാണ് പുസ്തകത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ 16 വര്‍ഷങ്ങളായി ഹമാസിനുണ്ടായ വികാസങ്ങളെ ഞാന്‍ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഹമാസിന്റെ സാമൂഹികവും രാഷ്ട്രീയവും മതപരവുമായ മാനങ്ങളെ കുറിച്ച് ഞാന്‍ ധാരാളം എഴുതിയിട്ടുണ്ട്. അതിന്റെ നേതാക്കളെ ഇന്റര്‍വ്യൂ ചെയ്യുകയും നയവിദഗ്ധന്മാരുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ഭീകരമായ അധിനിവേശത്തെ ചെറുക്കാന്‍ വേണ്ടി രൂപംകൊണ്ട ഒരു സ്വാഭാവിക പ്രതിഭാസമായാണ് ഞാന്‍ ഹമാസിനെ കാണുന്നത്. ഫലസ്തീനിലെ ഇസ്രയേലിന്റെ കൊളോണിയല്‍ പ്രൊജക്ടിനോടുള്ള ധീരമായ ചെറുത്ത് നില്‍പ്പാണ് ഹമാസിന് സൗന്ദര്യം പകരുന്നത്. ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഹമാസ് എന്നത് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന ഒരു വിമോചക ശബ്ദമാണ്.

ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് വേണ്ടി പരിശ്രമിച്ച എന്റെ കുടുംബത്തോടും സുഹൃത്തുകളോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. പ്രിയ സുഹൃത്തുക്കളായ റോജര്‍ വാന്‍ സ്‌വാന്‍ബര്‍ഗ്, ഹെലെന്‍, അലെക് ഗ്‌റിഗോറി, സൂസണ്‍ കരണം എന്നിവരാണ് ഈ പുസ്തകമെഴുതാനുള്ള എല്ലാ സഹായങ്ങളും ചെയ്തു തന്നത്. അവരോടെനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. എല്ലാറ്റിനുമുപരിയായി ഈ പുസ്തകത്തിന്റെ പണിപ്പുരയില്‍ അവസാനം വരെ കൂടെ നിന്ന എന്റെ ഭാര്യക്കും മക്കളായ ലയ്ത്, മയ്‌സി എന്നിവര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

വിവ : സഅദ് സല്‍മി

 

വിമോചന പ്രസ്ഥാനം ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടടിക്കുന്നു

Related Articles