Current Date

Search
Close this search box.
Search
Close this search box.

സുഭിക്ഷം ഈ കാവ്യസദ്യ

shafi-book.jpg

ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച പ്രമുഖ പണ്ഡിതനും കര്‍മശാസ്ത്ര വിശാരദനുമായ ഇമാം ശാഫിഈ പ്രഗല്‍ഭനായ ഒരു കവികൂടിയാണെന്ന കാര്യം പലര്‍ക്കും അജ്ഞാതമാണ്. അനേകം ഗ്രന്ഥങ്ങളിലായി ചിതറിക്കിടന്നിരുന്ന അദ്ദേഹത്തിന്റെ കവിതകള്‍ ആദ്യമായി സമാഹരിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശയിലാണ്. ഡോ. ഇമീല്‍ ബദീഅ് യഅ്ഖൂബ് പരിശോധന നടത്തി തയ്യാറാക്കപ്പെട്ട ദീവാനിന്റെ (പ്രസാധനം ദാറുസ്സഖാഫ) ആമുഖത്തില്‍ അദ്ദേഹം പറയുന്നു: ‘ഒരു റിപ്പോര്‍ട്ടറും ഇമാം ശാഫിഇക്ക് ഒരു കവിതാ സമാഹാരമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടില്ല. ഇമാം ശാഫിഈയുടെ കവിതകള്‍ ആദ്യമായി സമാഹരിച്ച് പ്രസിദ്ധീകരിച്ചത് 1903ല്‍ കൈറോയില്‍ വെച്ചായിരിക്കാനാണ് സാധ്യത. മുഹമ്മദ് മുസ്ത്വഫ എന്നയാള്‍ തയ്യാറാക്കിയ ഈ സമാഹാരത്തിന് 47 പേജുകളാണ് ഉണ്ടായിരുന്നത്. പിന്നീട് മഹ്മൂദ് ഇബ്‌റാഹീം ഹൈബ 1911ല്‍ മറ്റൊരു ദീവാന്‍ പുറത്തിറക്കി. ഇതേ ഗ്രന്ഥം വിശദപഠനങ്ങളോടെ 1961ല്‍ മുഹമ്മദ് സുഹ്ദീ യകന്‍ പുനഃപ്രസിദ്ധീകരിച്ചു. ഗവേഷകര്‍ കൂടുതല്‍ ആശ്രയിക്കുന്നത് ഈ ഗ്രന്ഥമാണ്. ദാറുല്‍ കുതുബ് അല്‍ ഇല്‍മിയ്യ (ബൈറൂത്ത്, ലബനാന്‍) പ്രസിദ്ധീകരിച്ച നഈം സര്‍സൂറിന്റെ ദീവാന്‍ കൂടുതല്‍ സൂക്ഷ്മമായ പഠനങ്ങള്‍ ഉള്‍ക്കൊള്ളുന്നു’. (ദീവാനുല്‍ ഇമാം അശ്ശാഫിഈ/പ്രസാധനം 1991).

എന്നാല്‍, മുഹമ്മദ് അബ്ദുര്‍റഹീമിന്റെ ദീവാനുല്‍ ഇമാമിശ്ശാഫിഈയില്‍ (പ്രസാധനം ദാറുല്‍ ഫിക്ര്‍ ബൈറൂത്ത്/2007) മറ്റു സമാഹാരങ്ങളിലില്ലാത്ത നൂറിലധികം ഈരടികള്‍ കൂടി ഉള്‍ക്കൊള്ളുന്നതായി ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നു. 230 ശീര്‍ഷകങ്ങളിലായാണ് ഇമാമിന്റെ കവിതകള്‍ ഈ സമാഹാരത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. അവ മുഴുവന്‍ ഇമാം ശാഫിഈയുടേതാണ് ഉറപ്പിച്ചു പറയാനാവില്ല. ചില വരികള്‍ മറ്റുപണ്ഡിതന്മാരിലേക്കും ചേര്‍ത്ത് ഉദ്ധരിക്കപ്പെടാറുണ്ട്. ദീര്‍ഘകാവ്യങ്ങളൊന്നും പ്രസ്തുത സമാഹാരത്തില്‍ ഇല്ല. 23 വരികളുള്ള കാവ്യമാണ് ഏറ്റവും വലുത്. ഒന്നോ രണ്ടോ ഈരടികള്‍ മാത്രമുള്ള ശീര്‍ഷകങ്ങള്‍ ഒട്ടേറെയുണ്ട്. ഇമാം ശാഫിഈ കവിതാ രചനയില്‍ കൂടുതല്‍ താല്പര്യം കാണിക്കുകയോ അതിനായി തന്റെ വിലപ്പെട്ട സമയം നീക്കിവെക്കുകയോ ചെയ്തിട്ടില്ല എന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം.

ശാഫിഈ കവിതകള്‍ ആത്മാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആത്മ സംതൃപ്തിയുടെയും ഉത്തമോദാഹരണങ്ങളാണ്. ഏതു പ്രതിസന്ധി ഘട്ടത്തിലും അന്തസ്സും അഭിമാനവും പണയം വെക്കരുതെന്ന് നിരന്തരം ഓര്‍മിപ്പിക്കുന്ന വരികള്‍. വിജ്ഞാനത്തിന്റെ പ്രാധാന്യവും പണ്ഡിതന്മാരുടെ പവിത്രതയും ഉദ്‌ഘോഷിക്കുന്ന കവിതകളും അനവധി. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും ആ വിശ്വാസത്തില്‍ അധിഷ്ഠിതമായ നെഞ്ചുറപ്പും അദ്ദേഹത്തിന്റെ കവിതകള്‍ അനാവരണം ചെയ്യുന്നു.

ഇമാം ശാഫിഈയെ കുറിച്ച് മുഹമ്മദ് കാടേരി എഴുതുന്നു: ഭാഷാസൗന്ദര്യവും ഭാവനാ വിലാസവും ആവിഷ്‌കാര ഭംഗിയും ആശയ ഗാംഭീര്യവും ഒത്തിണങ്ങിയ ഒട്ടേറെ കവിതകള്‍ അദ്ദേഹത്തിന്റേതായി ഉദ്ധൃതമായിട്ടുണ്ട്. പ്രമുഖ ഭാഷാ പണ്ഡിതനായ മുബര്‍രിദ് (ഹി. 210 285) ഇമാം ശാഫഈയെ മികവുറ്റ കവികളില്‍ ഒരാള്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ജ്ഞാന നായകന്‍ (ഇമാം) എന്ന നിലക്കുള്ള തന്റെ ഉദാത്ത വ്യക്തിത്വത്തിനും ശ്രേഷ്ഠ പദവിക്കും അനുഗുണമായ, ദാര്‍ശനികവും സദുപദേശപരവുമായ  കവിത (ശിഅ്‌റുല്‍ ഹിക്മ)കളാണ് അദ്ദേഹത്തിന്റേത്. ഇത്തരം കവിതകളെ നബി(സ) പ്രശംസിച്ചിട്ടുണ്ട്. അവിടുന്നരുളി: ഇന്ന മിനശ്ശിഅ്‌രി ല ഹിക്മ (കവിതകളില്‍ ചിലത് തത്വദര്‍ശനമുള്‍ക്കൊള്ളുന്നതാകുന്നു /അഹ്മദ്, അബൂദാവൂദ്). ഇമാമിന്റെ കവിതകള്‍ അദ്ദേഹത്തിന്റെ ജീവചരിത്ര ഗ്രന്ഥങ്ങളിലും മറ്റുമായി പരന്നു കിടക്കുകയാണ്. ആധുനിക കാലത്ത് പല പണ്ഡിതന്മാരും അവയെ പ്രത്യേകം സമാഹരിച്ച് ഗ്രന്ഥ രചന നടത്തിയിട്ടുണ്ട്. ദീവാനുശ്ശാഫിഈ എന്നോ ദീവാനുല്‍ ഇമാമിശ്ശാഫിഈ എന്നോ പേരിലാണ് ഈ സമാഹാരങ്ങള്‍ പുറത്തിറങ്ങിയിട്ടുള്ളത്. അല്‍ജൗഹറുന്നഫീസ് ഫീ ശിഅ്‌രില്‍ ഇമാം മുഹമ്മദിബ്‌നി ഇദ്‌രീസ് എന്ന പേരിലും ഒരു സമാഹാരമുണ്ട് (ഇമാം ശാഫിഈ, പ്രസാധനം: ഐ.പി.എച്ച് കോഴിക്കോട്).

അറബിയില്‍ വ്യത്യസ്ത സമാഹരങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും മലയാള വായനക്കാര്‍ക്ക് അവ വേണ്ടത്ര ലഭ്യമായിരുന്നില്ല. മുഹമ്മദ് ശമീം ഉമരി രചിച്ച് അല്‍ഹുദാ ബുക്സ്റ്റാള്‍ പുറത്തിറക്കിയ ‘ജീവിത ചിന്തകള്‍ ഇമാം ശാഫിഈ’ എന്ന പുസ്തകമാണ് ഈ വിഷയകമായി നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കൃതി. അറബി മൂലമോ റഫറന്‍സോ ഇല്ലാത്ത ആ കൃതിയിലെ  പോരായ്മകള്‍ കൂടി നികത്തുന്ന ഒന്നാണ് മമ്മുട്ടി കട്ടയാട് (വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ കട്ടയാട് സ്വദേശി. മുഴുവന്‍ പേര്: മുഹമ്മദ് കുട്ടി തോണിക്കടവന്‍. 1970 മെയ് ഒന്നിന് ജനനം. ഇപ്പോള്‍ ദുബൈ തശ്കീല്‍ ഫൈന്‍ആര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ട്രാന്‍സ്‌ലേറ്റര്‍) രചിച്ച ഇമാം ശാഫിഈ കവിതകള്‍. 220 ഓളം കവിതകളുടെ മനോഹരമായ പരിഭാഷ. അറബി മൂലത്തോടും വാക്കര്‍ഥങ്ങളോടും കൂടി മലയാളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു കൃതി തയ്യാറാക്കപ്പെടുന്നത്.

ആത്മ വിശ്വാസം, ആത്മാഭിമാനം, സാരോപദേശം, വിജ്ഞാനം, വിശ്വാസം, അഹ്‌ലുബൈത്ത്, പ്രവാസം, സൗഹൃദം, സ്ത്രീത്വം, പല വക എന്നീ പ്രധാന ശീര്‍ഷങ്ങളിലായി വിഭജിച്ച് ഏതൊരാള്‍ക്കും സരളമായി മനസിലാക്കാന്‍ കഴിയുന്ന രൂപത്തിലാണ് ഇത് രചിച്ചിരിക്കുന്നത്. മുഹമ്മദ് അബ്ദുര്‍റഹീം സമാഹരിച്ച ദീവാനുല്‍ ഇമാമിശ്ശാഫിഈ, ഡോ. ഇമീല്‍ ബദീഅ് യഅ്ഖൂബിന്റെ ദീവാനുല്‍ ഇമാമിശ്ശാഫിഈ എന്നിവയാണ് മലയാള പരിഭാഷക്ക് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു. അദ്ദേഹം പറയുന്നു: നഈം സര്‍സൂര്‍, മഹ്മൂദ് ബീജൂ എന്നിവരുടെ സമാഹരങ്ങള്‍ ആദ്യത്തെ ഗ്രന്ഥത്തിന്റെയും സുഹ്ദീ യകന്‍, അബ്ദുല്‍ മുന്‍ഇം ഖഫാജി എന്നിവരുടെ സമാഹാരങ്ങള്‍ രണ്ടാമത്തെ ഗ്രന്ഥത്തിന്റെയും പ്രധാന റഫറന്‍സുകളാണെന്ന് അവരിരുവരും രേഖപ്പെടുത്തുന്നുണ്ട്. ഇമീല്‍ യഅ്ഖൂബിന്റെ സമാഹാരം രണ്ട് ഭാഗങ്ങളാണ്. ആദ്യത്തെ ഭാഗത്തില്‍ അഭിപ്രായ വ്യത്യാസമില്ലാത്ത കവിതകളും രണ്ടാം ഭാഗത്തില്‍  അഭിപ്രായൈക്യം ഇല്ലാത്ത കവിതകളും വെവ്വേറെ തരം തിരിച്ചുകൊടുത്തിട്ടുണ്ട്. ഏതാനും ചില കവിതകള്‍ ഡോ. രിഹാബ് അക്കാവിയുടെ സമാഹാരത്തില്‍ നിന്നും എടുത്തതാണ്. ഡോ. മുജാഹിദ് മുസ്തഫ ബഹ്ജതിന്റെ സമാഹത്തിലെ ചില കവിതകളും അവസാന ഭാഗത്തുണ്ട്.

പ്രസാധനം: കാപിറ്റല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷേഴ്‌സ്
മര്‍കസ് കോംപ്ലക്‌സ്, മാവൂര്‍ റോഡ്
കോഴിക്കോട്
ഫസ്റ്റ് എഡിഷന്‍: മെയ് 2014
പേജ്: 460, വില: 350.00

Related Articles