Current Date

Search
Close this search box.
Search
Close this search box.

സിമി നിരോധനത്തിലെ നേരും നുണയും

simi-book.jpg

ഭോപ്പാലിലെ വ്യാജ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ സിമി വീണ്ടും മാധ്യമങ്ങളില്‍ ഇടം നേടിയിരിക്കുകയാണെല്ലോ. സംഭവം വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് ഇനിയും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും നിരവധി സാഹചര്യത്തെളിവുകള്‍ ഇത് വ്യാജ ഏറ്റമുട്ടലാണെന്ന് സാധൂകരിക്കുന്നു. അല്ലെങ്കിലും അവിടെ നടന്ന തിരക്കഥ ഒരാളുടെ സാമാന്യ ബോധത്തെയും യക്തിയെയും തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതായിരുന്നുവെന്ന് ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റും. 30 അടി ഉയത്തിലുള്ള മതിലിനുമുകളില്‍ മറുവശത്ത് ആരും ഇല്ലാതെ പുതപ്പുവലിച്ചുകെട്ടി, സ്പൂണും പ്ലെയിറ്റും ഉപയോഗിച്ച് എല്ലാ സജ്ജീകരണങ്ങളുമുള്ള സുരക്ഷാഉദ്യോഗസ്ഥരെ നേരിട്ടു, ജയില്‍ ചാടിയവരുടെ വേഷവിദാനങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുന്ന ആര്‍ക്കും തന്നെ ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ്.

കൊല്ലപ്പെട്ട എട്ടുപേരും നിരോധിത സംഘടനയായ സിമിയുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ വിചാരണതടവുകാരായി കഴിയുന്ന വരായിരുന്നു. യഥാര്‍ഥത്തില്‍ വിചാരണ തടവുകാര്‍ കോടതി കുറ്റക്കാരായി വിധിക്കുന്നതുവരെയും അവര്‍ കുറ്റക്കാരല്ല, തടവുകാര്‍ മാത്രമാണ്. എന്നാല്‍ നമ്മുടെ പൊതുബോധം ഇത്തരം ആളുകളെ പ്രത്യേകിച്ചും ഭീകരവാദക്കേസുകളിലെയും മാവോയിസ്റ്റ് കേസുകളിലെയും വിചാരണതടവുകാരെ ഭീകരരായിട്ടാണ് മുദ്രകുത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഈ സംഭവം പുറത്ത് വന്നതിന് ശേഷം ഇവര്‍ ഭീകരരാണെന്നും കൊല്ലപ്പെടേണ്ടവരാണെന്നുമുള്ള ശക്തമായ പൊതുബോധം രൂപപ്പെട്ടത്. അഥവാ സിമിയുമായി ബന്ധപ്പെട്ട കേസുകളില്‍ വിചാരണ തടവുകാരായി കഴിയുന്നവര്‍ അവര്‍ കുറ്റവാളികളാണെങ്കിലും അല്ലെങ്കിലും രാജ്യത്തിന് ഭീഷണിയാണെന്നും കൊല്ലപ്പെടേണ്ടവരാണെന്നുമുള്ള പൊതുബോധം നേരത്തെ തന്നെ ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇത് കേവലം സിമിയുമായി മാത്രം ബന്ധപ്പെട്ട് നിലനില്‍ക്കുന്നതല്ല. മറിച്ച് ഭീകരവാദ- തീവ്രവാദ കേസുകളുമായി മൊത്തത്തില്‍ ബന്ധപ്പെട്ട് നിലനില്‍ക്കുന്നതാണ്. ഇതിന് പ്രധാനകാരണം ഇതുമായി ബന്ധപ്പെട്ട മുഖ്യധാര മാധ്യമങ്ങളുടെ സമീപനവും അതുപോലെത്തെന്നെ അന്വേഷണ ഏജന്‍സികളുടെയും ഭരണകൂടത്തിന്റെയും വാദഗതികളെ അന്ധമായി അംഗീകരിക്കുകയും ചെയ്യുന്നു എന്നതാണ്. ഇത്തരം സംഭവങ്ങളില്‍ അപൂര്‍വം ചില മാധ്യമങ്ങള്‍ ഒഴികെ മറ്റെല്ലാവരും ഔദ്യോഗിക ഏജന്‍സികളുടെ ഗ്രാമഫോണായി വര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഇനി ഏതെങ്കിലും മാധ്യമം ഇത്തരം സംഭവങ്ങളുടെ നിജസ്ഥിതി പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുകയാണെങ്കില്‍ അവര്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായത്തീരുകയും ചെയ്യും. ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണാണ് എന്‍.ഡി.ടി.വിക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി.

പൊതുബോധം ഏറെ ഭയപ്പെടുന്ന സിമി എന്ന് ‘ഭീകര’സംഘടനയെ തുറന്നു കാണിക്കുന്ന പുസതകമാണ് തെഹല്‍കയുടെ എഡിറ്റര്‍ അജിത് സാഹി മൂന്ന് മാസം ഇന്ത്യയിലുടനീളം സഞ്ചരിച്ച് തയ്യാറാക്കിയ ‘സിമി നിരോധനം നേരും നുണയും’എന്ന അന്വേഷണാത്മക റിപ്പോര്‍ട്ട്. മൈനോറിറ്റി റൈറ്റസ്‌വാച്ച് കേരള ഘടകമാണ് ഇത് മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. സിമി നിരോധനത്തിന്റെയും അതുമായി ബന്ധപ്പെട്ട് നടന്ന അറസ്റ്റുകളുടെയും പിന്നാമ്പുറ കഥകളെ പുസ്തകം അനാവരണം ചെയ്യുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ തരുണ്‍ തേജ്പാലാണ് പുസതകത്തിന് അവതാരിക എഴുതിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് അറസ്റ്റിലായ ബിനായക് സെന്നിന്റെ കഥ നമുക്കെല്ലാവര്‍ക്കും അറിയാം. ആദിവാസികള്‍ക്കിടയില്‍ വളരെ കുറഞ്ഞ ചെലവില്‍ ചികിത്സ നടത്തിയിരുന്ന ഡോക്ടറായിരുന്നു ബിനായക് സെന്‍. എന്നാല്‍ അദ്ദേഹത്തെ മാവോയിസ്റ്റ് ഭീകരനായി ചിത്രീകരിച്ച് തുറങ്കിലടക്കുകയായിരുന്നു ഭരണകൂടം. എന്നാല്‍ സാമൂഹിക പ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ അദ്ദേഹത്തെ ജയില്‍ നിന്നും പുറത്ത് കൊണ്ടുവന്നു. യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ കേസിനു സമാനമോ അതിലേറെ ഞെട്ടിക്കുന്നതോ ആണ് സിമി ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായവര്‍ക്കു നേരെയുള്ള കേസുകളെന്ന് പുസതകം സാക്ഷ്യപ്പെടുത്തുന്നു.

സിമി ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ പലരും ഉന്നത വിദ്യാഭ്യാസമുള്ള വരും അതുപോലെ സമൂഹത്തില്‍ പലവിധത്തിലും സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുമായിരുന്നു. 2001 വേള്‍ഡ് ട്രേഡ് ആക്രണത്തിന് ശേഷം ആഗോളതലത്തില്‍ തന്നെ ശക്തിയാര്‍ജ്ജിച്ച ഇസ്‌ലാമോഫോബിയയുടെ സാഹചര്യം മുതലെടുത്ത് അന്നത്തെ ആഭ്യന്തരമന്ത്രി എല്‍.കെ അദ്വാനിയായിരുന്നു ആദ്യമായി സിമിക്ക് ഇന്ത്യയില്‍ നിരോധനം കൊണ്ട് വന്നത്. സിമിക്കെതിരെയുള്ള സര്‍ക്കാരിന്റെ വാദങ്ങളും തെളിവുകളും ബാലിശമാണെന്ന് കോടതി തന്നെ നിരീക്ഷിക്കുകയുണ്ടായി. എന്നാല്‍ പിന്നീട് സര്‍ക്കാറുകളും സിമിക്കെതിരായ നിരോധനം നീട്ടുകയായിരുന്നു. യഥാര്‍ഥത്തില്‍ സിമിക്കെതിരെ ഒരു കേസില്‍പ്പോലും രാജ്യദ്രോഹമോ ഭീകരബന്ധമോതെളിയിക്കാന്‍ രാജ്യവ്യാപകമായ അന്വേഷണം നടത്തിയ പോലീസ് സാധിച്ചിട്ടില്ല എന്ന് പുസ്തകം സ്ഥാപിക്കുന്നു. ഇത് വ്യക്തമാക്കുന്ന മറ്റൊരു സംഭവം ഇവിടെ ഭരിക്കുന്നത് ബി.ജെ.പി ആയാലും കോണ്‍ഗ്രസ് ആയാലും ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സംഘ്പരിവാര്‍ മനോഭാവമുള്ള ഉദ്യോഗസ്ഥര്‍ തന്നെയണെന്നതാണ്. അതുകൊണ്ടാണ് ആരു ഭരിച്ചാലും ന്യൂനപക്ഷങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുന്നത്. അതുകൊണ്ടാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ബി.ജെ.പി ഭരിക്കുമ്പോഴും മഅ്ദനിക്ക് നീതി കിട്ടാതെ പോകുന്നത്.

2008ലാണ് പുസ്തകത്തിന്റെ ഒന്നാം പതിപ്പ് പുറത്തിറങ്ങിയത്. എന്നാല്‍ ഇന്ന് പുതിയ സാഹചര്യത്തില്‍ പുസ്തകത്തിന് വളരെയധികം പ്രസക്തിയുണ്ട്. പ്രത്യേകിച്ചും സിമിക്കെതിരായ പൊതുബോധം പൊളിച്ചടക്കുന്നതില്‍ പുസ്തകം നിര്‍ണായക പങ്കുവഹിക്കുന്നു. കേരളത്തിലെ വാഗമണില്‍ ‘സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലിംകളുടെ പങ്ക്’എന്ന വിഷയത്തില്‍ പരസ്യമായി നോട്ടീസ് അടിച്ച് നടത്തിയ സെമിനാറില്‍ സംസാരിച്ചതിന്റെ പേരില്‍ അറസ്റ്റിലായ കോട്ടയം സ്വദേശി അബ്ദുറാസിഖിന്റെ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധഭാങ്ങളില്‍ നിന്നും അറസ്റ്റിലായ പത്തിലധികം പേരുടെ കേസുകള്‍ ഓരോന്നായി പുസതകം വിശകലനം ചെയ്യുന്നു. പലരുടെയും മേല്‍ ചുമത്തിയിട്ടുള്ളത് കുറ്റകരമായ ഗൂഡാലോചന, രാജ്യദ്രോഹം, നിയമപരമായ സംഘടനയില്‍ അംഗവാമുക തുടങ്ങിയ കേസുകളാണ്. ഈ കേസുകള്‍ കെട്ടിചമച്ചതാണെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. അതുപോലെ നീതിപൂര്‍വ്വമായ വിചാരണ നടക്കുകയാണെങ്കില്‍ ഇത്തരം കേസുകള്‍ പൊളിയുമെന്നും പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള പലരും നിരോധിക്കുന്നതിന് മുമ്പ് സിമിയില്‍ പ്രവര്‍ത്തിവരാണ്. ഒരു സംഘടനയില്‍ അത് നിരോധിക്കുന്നതിന് മുമ്പ് പ്രവര്‍ത്തിച്ചു എന്നത് എങ്ങനെയാണ് കുറ്റകൃത്യമായിത്തീരുക? ഇത്തരം കേസുകളെല്ലാം തന്നെ മാധ്യമങ്ങളും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ചേര്‍ന്ന് ചമച്ച അപസര്‍പ്പക കഥകളായിരുന്നുവെന്ന് കേസുകളിലെ അന്വേഷണത്തിലൂടെ ആധികരമായി പുസ്തകം സ്ഥാപിക്കുന്നു. പലരെയും അറസ്റ്റ് ചെയ്ത രാജ്യത്തെ വിവിധ ഭാഗങ്ങളിലെ കേസുകള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.

20ലധികം വര്‍ഷങ്ങള്‍ ജയിലറക്കുള്ളലായിരുന്ന ചിലരെ ഈയിടെ അവര്‍ കുറ്റക്കാരെല്ലെന്ന് കണ്ട് വെറുതെ വിടുകയുണ്ടായി. ചിലരെ ഒരുകേസില്‍ വെറുതെ വിടുമ്പോള്‍ മറ്റുകേസുകളുമായി ബന്ധപ്പെടുത്തി വീണ്ടും തടവിലാക്കുന്നു. ഇതിന് ഏറ്റവും വലിയ ഉദാഹരണാണ് മഅ്ദനി. ഭോപ്പാല്‍ സംഭവത്തില്‍ തന്നെ അവരുടെ വിചാരണ അവസാനിക്കാനും വിധി വരാനിക്കെയുമാണ് ഏറ്റമുട്ടല്‍ കൊലപാതകത്തിലൂടെ അവരെ കൊലപ്പെടുത്തുന്നത്. ഇവരുടെ കാര്യത്തില്‍ വിധി പ്രതികള്‍ക്ക് അനുകൂലമാകാനും പ്രേസിക്യൂഷന്‍ വാദങ്ങള്‍ പൊളിയാനും സാധ്യതയുണ്ടായിരുന്നുവെന്ന് നിയമ വിദഗ്ധര്‍ തന്നെ നിരീക്ഷിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇത്തരം കേസുകളെല്ലാം തന്നെ സത്യസന്ധമായ വിചാരണക്ക് വിധേയമാക്കുകയാണെങ്കില്‍ അന്വേഷണ ഉദ്യേഗസ്ഥരുടെ വാദങ്ങള്‍ വളരെ എളുപ്പത്തില്‍ പൊളിഞ്ഞുപോകുമെന്ന് പുസതകം സാക്ഷ്യപ്പെടുത്തുന്നു. കാരണം അത്രമേല്‍ ദുര്‍ബലമായ വാദങ്ങളും തെളുവുകളുമാണ് ഇത്തരം കേസുകളില്‍ വളരെ ‘ആധികാരിക’മായി അന്വേഷണ ഉദ്യേഗസ്ഥര്‍ ഹാജരാക്കുന്നത്. കേസുകള്‍ എത്ര ദുര്‍ബലമാണെങ്കിലും യു.എ.പി.എ ചുമത്തപ്പെടുന്നതുകൊണ്ട് തന്നെ വിചാരണതടവുകാരയി ദീര്‍ഘകാലം ജയിലറക്കുള്ളില്‍ കഴിയേണ്ടിവരുന്നു.

ആരെങ്കിലും ഇത്തരം കേസുകളുടെ പിന്നാലെ അതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടവരാന്‍ വേണ്ടി പോവുകയാണെങ്കില്‍ അവരെയും കേസില്‍ പ്രതി ചേര്‍ത്ത് വേട്ടയാടപ്പെടും എന്നതിന്റെ തെളിവായിരുന്നു മഅ്ദനിയുമായി ബന്ധപ്പെട്ട കേസിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിച്ചതിന്റെ പേരില്‍ കെ.കെ ഷാഹിന എന്ന പത്രപ്രവര്‍ത്തകക്കുനേരെ യു.എ.പി.എ ചുമത്തപ്പെട്ടത്. ഈ അര്‍ഥത്തില്‍ സിമിയും അതുമായി ബന്ധപ്പെട്ട കേസുസളുടെയും നിജസ്ഥിത അന്വേഷിക്കുക എന്നത് വളരെ സാഹസികമായ ഉദ്യമം തന്നെയാണ്. ഭരണകൂടത്തിന് ഓശാന പാടുകയും അങ്ങനെ തങ്ങളുടെ ഭാവി സുരക്ഷതമാക്കുകയും ചെയ്യുന്ന അര്‍ണബ് ഗോസാമിമാരുടെ നാട്ടില്‍ യഥാര്‍ഥത്ത തെഹല്‍കയും അതിന്റെ എഡിറ്റര്‍ അജിത് സാഹിയും ഇത്തരം അന്വേഷണങ്ങള്‍ക്ക് മുതിരുന്നു എന്നത് വളരെ ആശാവഹമാണ്. കാരണം പൊതുബോധത്തെ ഇത്രമേല്‍ അപകടകരമായ അവസ്ഥയിലും മുന്‍വിധികളിലും എത്തിച്ചതില്‍ മുഖ്യധാരാ മാധ്യമങ്ങളുടെ പങ്ക് അത്ര അധികമാണ്. തീര്‍ച്ചയായും വര്‍ത്തമാന സാഹചര്യത്തില്‍ ഏറെ ചര്‍ച്ചെയ്യപ്പെടേണ്ട പുസതകമാണിത്.

Related Articles