Current Date

Search
Close this search box.
Search
Close this search box.

സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്ന ‘വഞ്ചനയുടെ ദല്ലാള്‍’

sam.jpg

ഫലസ്തീന്‍ അമേരിക്കന്‍ എഴുത്തുകാരന്‍ റാഷിദ് ഖാലിദിയുടെ പുതിയ പുസ്തകമായ ‘വഞ്ചനയുടെ ദല്ലാള്‍’ മധ്യപൗരസ്ത്യ ദേശത്തെ അസമാധാനത്തിന്റെ പാതയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ അമേരിക്കക്കുള്ള പങ്ക് എത്രമാത്രമാണെന്ന് വ്യക്തമാക്കി തരുന്നതാണ്. ഏഴു പതിറ്റാണ്ടായി ഫലസ്തീന്‍-ഇസ്രയേല്‍ സമാധാന ചര്‍ച്ചകള്‍ വിജയം കാണാതെ നീണ്ടു പോകുന്നതിന്റെയും ഫലസ്തീനികള്‍ക്കോ ഇസ്രയേല്‍ ജനതക്കോ സമാധാനമെന്തെന്ന് ഇനിയും ആസ്വദിക്കാന്‍ കഴിയാത്തതിന്റെയും മൗലികമായ കാരണം അമേരിക്കയെന്ന ‘വഞ്ചനയുടെ ദല്ലാള്‍’ നടത്തുന്ന ഇടപെടലുകളാണെന്ന് തുറന്നു കാണിക്കുന്നതാണ് ഈ പുസ്തകം. കൊളമ്പിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ആധുനിക അറബി പഠന വിഭാഗത്തില്‍ പ്രൊഫസറായ റാഷിദ് ഖാലിദി ദീര്‍ഘകാലമായി ഫലസ്തീന്‍ സമാധാന ചര്‍ച്ചകളിലെ സ്ഥിരസാന്നിദ്ധ്യമാണ്. സമാധാന ചര്‍ച്ചകളിലെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അദ്ദേഹം ഈ പുസ്തകം രചിച്ചിരിക്കുന്നത്.
ഇസ്രയേല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ചകളിലെ അമേരിക്കന്‍ പങ്കാളിത്തം തന്നെയാണ് ഈ പുസ്തകത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. സമാധാന ചര്‍ച്ചകളുടെ പ്രധാനമധ്യസ്ഥനായി നില്‍ക്കുമ്പോഴും ഇസ്രയേല്‍ താല്‍പര്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടി മാത്രമാണ് അമേരിക്ക ശ്രമിക്കുന്നതെന്നും റാഷിദ് ഖാലിദി തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പുസ്തകത്തില്‍ കുറിച്ചിടുന്നു. തന്റെ വാദങ്ങളെ ബലപ്പെടുത്തുന്നതിന് സമാധാന ചര്‍ച്ചകളെ മൂന്ന് ഘട്ടങ്ങളായി അദ്ദേഹം വിഭജിക്കുന്നുണ്ട്. ഈ മൂന്ന് ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചകളെല്ലാം ഫലസ്തീനികള്‍ക്കു കോട്ടമല്ലാതെ നേട്ടമൊന്നും ഉണ്ടാക്കി തന്നിട്ടില്ലെന്നും അദ്ദേഹം വിവരിക്കുന്നു. 1982 ല്‍ റൊണാള്‍ഡ് റീഗണ്‍ന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട റീഗണ്‍ പ്ലാന്‍ ആണ് ഒന്നാമത്തെ ഘട്ടം. 1991ലെ മാഡ്രിഡ് സമാധാന ചര്‍ച്ച മുതല്‍ ഓസ്‌ലോ കരാര്‍ വരെ നടന്ന സമാധാന ചര്‍ച്ചകളെയും തുടര്‍ന്ന് ഒബാമ അധികാരത്തില്‍ വന്നതിനു ശേഷം നടന്നു കൊണ്ടിരിക്കുന്ന സമാധാന ചര്‍ച്ചകളെയും രണ്ടും മൂന്നും ഘട്ടങ്ങളായി പുസ്തകത്തില്‍ തിരിച്ചിരിക്കുന്നു. ഈ കാലയളവുകളില്‍ നടന്ന ചര്‍ച്ചകളെല്ലാം ഫലസ്തീനികള്‍ക്ക് കനത്ത ആഘാതങ്ങളുണ്ടാക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നുണ്ട്. ഓസ്‌ലോ കരാറിനു മുമ്പും ഇപ്പോള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന സമാധാന ചര്‍ച്ചകളിലും ഫലസ്തീന്‍ ചര്‍ച്ചാ സംഘത്തിന്റെ ഉപദേശകനെന്ന നിലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നയാളാണ് റാഷിദ് ഖാലിദി എന്നത് അദ്ദേഹത്തിന്റെ പുസ്തകത്തെ കൂടുതല്‍ ആധികാരികമാക്കുന്നു.
സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് പോയ കാലങ്ങളിലെല്ലാം ഇസ്രയേല്‍ നിലപാടിന്റെ വിജയത്തിന് വേണ്ടിയാണ് അമേരിക്ക നിലകൊണ്ടതെന്ന് എല്ലാ നിരീക്ഷകരും വിലയിരിത്തിയിട്ടുണ്ട്. അമേരിക്കയുടെ ഇസ്രയേല്‍ പക്ഷപാതിത്വത്തിന്റെ കൃത്യമായ രേഖകള്‍ പുസ്തകത്തില്‍ റാഷിദ് ഖാലിദി വ്യക്തമാക്കുന്നു. അമേരിക്ക തുടരുന്ന പക്ഷപാത നിലപാടിന്റെ ഏറ്റവും പ്രാഥമികമായി തെളിവാണ് റീഗണ്‍ പ്ലാന്‍ ചര്‍ച്ചക്ക് വന്ന സന്ദര്‍ഭത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാട്. റീഗണ്‍ പ്ലാന്‍ ചര്‍ച്ച ചെയ്യുന്ന വേളയില്‍ അമേരിക്കയും ഇസ്രയേലും കാര്യമായി ശ്രമിച്ചത് ഫലസ്തീന്‍ രാഷ്ട്രം ഒരിക്കലും രൂപീകരിക്കുകയില്ലെന്ന് ഫലസ്തീന്‍ അധികാരികളെ കൊണ്ട് സമ്മതിപ്പിക്കാനായിരുന്നു. ഒരേ സമയം ഫലസ്തീനികളെ പിന്തുണക്കുകയും അതേസമയം സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുകയും ചെയ്യുക എന്ന നിലപാടാണ് ഫലസ്തീന്‍ പ്രശ്‌നത്തില്‍ അമേരിക്ക തുടര്‍ന്നു കൊണ്ടിരിക്കുന്നത്. 2008 ല്‍ ഒബാമ അധികാരത്തില്‍ വന്നതിനു ശേഷം അദ്ദേഹത്തിനെതിരെ വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം ഒബാമ ഇസ്രയേല്‍ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നുവെന്നാണ്. എന്നാല്‍ അമേരിക്കന്‍ രാഷ്ട്രീയത്തെയും നയനിലപാടുകളെയും ആദ്യാന്തം ഗ്രസിച്ചിരിക്കുന്ന സയണിസ്റ്റ് ലോബിയുടെ പിടിയില്‍ നിന്നും മോചിതനാകാന്‍ ഒബാമക്കും സാധിച്ചിട്ടില്ലെന്ന് മാത്രമല്ല, തന്റെ മുന്‍ഗാമികളുടെ അതേ പാത തന്നെയാണ് ഒബാമയും പിന്തുടരുന്നതെന്നും റാഷിദ് ഖാലിദി വ്യക്തമാക്കുന്നു. പ്രായോഗിക വാദിയും കൂര്‍മ്മ ബുദ്ധിയുള്ള രാഷ്ട്രീയക്കാരനുമായ ഒബാമ ഇസ്രയേല്‍-ഫലസ്തീന്‍ വിഷയം തന്റെ രാഷ്ട്രീയ നേട്ടത്തിനുള്ള ആയുധമാക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വിവരിക്കുന്നു.
ഫലസ്തീന്‍-ഇസ്രയേല്‍ സമാധാന ചര്‍ച്ചകളുടെ മധ്യസ്ഥനാണെങ്കിലും ഇസ്രയേലിന്റെ വാദം പറയുന്ന അഭിഭാഷകന്‍ എന്ന റോളാണ് യഥാര്‍ത്ഥത്തില്‍ അമേരിക്കക്ക് ചേരുകയെന്ന് ‘വഞ്ചനയുടെ ദല്ലാളി’ല്‍ ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. അമേരിക്കയുടെ ഇടപെടലുകള്‍ കൊണ്ട് മാത്രം സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുന്നതെങ്ങനെയെന്ന് ഈ പുസ്തകം വിവരിച്ചു തരുന്നു. ഫലസ്തീനികള്‍ക്ക് സ്വന്തം നാടിന്റെ സംരക്ഷണത്തിന് വേണ്ടി ശബ്ദിക്കാന്‍ പോലും അനുവാദം നല്‍കാത്ത അമേരിക്കയുടെ സാന്നിധ്യമാണ് മധ്യപൗരസ്ത്യ ദേശത്തെ സമാധാന ശ്രമങ്ങള്‍ക്ക് വിഘാതമാകുന്നത്. അമേരിക്കയുടെ അകമഴിഞ്ഞ പിന്തുണ ഇല്ലാതെ സയണിസ്റ്റ് ലോബിയുടെ ഫലസ്തീന്‍ സ്വപ്‌നങ്ങള്‍ ഒരിക്കലും പൂവണിയുകയില്ലെന്ന് വളരെ വ്യക്തമാണ്. സമാധാന ചര്‍ച്ചകള്‍ നീട്ടികൊണ്ടു പോയി മധ്യപൗരസ്ത്യ ദേശത്തെ അസമാധാനത്തിന്റെ പാതയില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന അമേരിക്കയുടെ ശ്രമങ്ങളെ തുറന്നു കാണിക്കുന്ന ‘വഞ്ചനയുടെ ദല്ലാള്‍’ എന്ന പുസ്തകം ബീക്കണ്‍ പ്രസ്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 167 പേജുള്ള ഈ പുസ്തകം മിഡില്‍ ഈസ്റ്റിന്റെ ചരിത്രം പഠിക്കുന്നവര്‍ക്ക് മുതല്‍ കൂട്ടാവുന്നതാണ്.

വിവ : ജലീസ് കോഡൂര്‍
 

Related Articles