Current Date

Search
Close this search box.
Search
Close this search box.

ശാശ്വത വിജയത്തിന്റെ രസതന്ത്രം

keemiya-saada.jpg

ഇമാം അബൂഹാമിദില്‍ ഗസാലി, ഇഹ്‌യാ ഉലൂമിദ്ദീന്‍ എന്ന തന്റെ വിശ്വവിഖ്യാത ഗ്രന്ഥത്തിന് രചിച്ച സംഗ്രമാണ് കീമിയായേ സആദഃ. ബാഗ്ദാദിലെ നിസാമിയാ കോളജില്‍ പ്രഫസറായിരുന്ന കാലഘട്ടത്തില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ച കൃതിയാണിത്. വിശ്വാസങ്ങള്‍, കര്‍മങ്ങള്‍, ഇടപാടുകള്‍, അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങള്‍, രക്ഷാമാര്‍ഗങ്ങള്‍ മുതലായ വിഷയങ്ങള്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും തസ്വവ്വുഫിന്റെയും തത്വശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ യുക്തിസഹമായി പ്രതിപാദിച്ചിട്ടുള്ള അത്യപൂര്‍വ ഗ്രന്ഥമാണ് കീമിയായേ സആദ.

അനാത്മ വാദത്തിന്റെ ഊഷരഭൂമിയില്‍ യഥാര്‍ഥ ജീവിത ലക്ഷ്യവും മാര്‍ഗവുമറിയാതെ നട്ടംതിരിയുന്ന ഭൗതിക വാദികള്‍ക്കും യുക്തിവാദികള്‍ക്കും, മതവിശ്വാസാനുഷ്ഠാനങ്ങളില്‍ പുലര്‍ത്താത്തവര്‍ക്കുമെല്ലാം മാര്‍ഗദര്‍ശനം നല്‍കുന്ന ഒരു കൃതിയായ കീമിയായേ സആദ സാധാരണക്കാരെയും അഭ്യസ്ത വിദ്യരെയുമെല്ലാം ഒരു പോലെ ആകര്‍ഷിച്ചിരുന്നു.

ഈ കൃതിയുടെ ആമുഖം ഹഖീഖതുല്‍ ഇന്‍സാന്‍ (മനുഷ്യന്റെ യാഥാര്‍ഥ്യം) എന്ന പേരില്‍ 1961ലും, ഇതിന്റെ ആദ്യഭാഗം ഇബാദത്ത് (ഇസ്‌ലാമിലെ ആരാധനാ ക്രമങ്ങള്‍) എന്ന പേരില്‍ 1962ലും, രണ്ടാം ഭാഗം മുആമലാത്ത് (ഇസ്‌ലാമിലെ നടപടിക്രമങ്ങള്‍) എന്നപേരില്‍ 1964ലും ബയാനിയ്യ ബുക് സ്റ്റാള്‍ (പരപ്പനങ്ങാടി, മലപ്പുറം, ഫോണ്‍: 0494 2 410 234, 9249850493)  പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ ആമുഖവും ആദ്യഭാഗവും വിവര്‍ത്തനം ചെയ്തത് കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം (കൊണ്ടോട്ടി) ആണ്. രണ്ടാം ഭാഗത്തിന്റെ പരിഭാഷ നിര്‍വഹിച്ചത് വി.എസ്.എ തങ്ങള്‍ ആയഞ്ചേരിയും. ഇപ്പോള്‍ ഒറ്റവാള്യത്തില്‍ ബയാനിയ്യാ ബുക്‌സ് സ്റ്റാള്‍ തന്നെ അത് മലയാളികളുടെ മുന്നിലേക്കെത്തിച്ചിരിക്കുകയാണ്.

ഉര്‍ദു, ഇംഗ്ലീഷ്, അറബിത്തമിഴ്, തമിഴ് എന്നീ ഭാഷകളിലേക്ക് വളരെ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മൗലാനാ മൗലവി മുഹമ്മദ് ഇബ്‌റാഹീം നഖ്ശബന്തി അവര്‍കളുടെ അറബിത്തമിഴ് വിവര്‍ത്തനവും ഉര്‍ദു പരിഭാഷയും അവലംബിച്ചാണ് ഈ കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
വിവര്‍ത്തകനായ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം എഴുതുന്നു: ‘നിരീശ്വര നിര്‍മത പ്രസ്ഥാനങ്ങള്‍ വെഞ്ചതലിനെപ്പോലെ നാനാവിധേനയും മുസ്‌ലിം യുവജനങ്ങളുടെ ഹൃദയതലങ്ങളെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ആധുനിക ദശയില്‍ ആത്മീയ ജ്ഞാനം പ്രദാനം ചെയ്യുന്ന ഗ്രന്ഥങ്ങള്‍ പ്രചരിപ്പിക്കേണ്ടത് അനിവാര്യാവശ്യമാണ്. ഇസ്‌ലാമിലെ ഇബാദത്തുമായി ബന്ധപ്പെടുന്നത് ഫാഷനല്ലെന്ന ധാരണ വെച്ചുപുലര്‍ത്തുന്നവര്‍ ഈ കൃതിയെയും പഴഞ്ചനായി പരിഗണിക്കുമായിരിക്കാം! എന്നാല്‍ പരമമായ സത്യത്തെ ആരായുന്ന ഓരോ ബുദ്ധിജീവിക്കും ഈ ഗ്രന്ഥം സല്‍പഥത്തെ നിര്‍ദേശിക്കുന്നുണ്ടെന്ന വസ്തുത നിഷേധിക്കുവാന്‍ കഴിയുകയില്ല. ദീനിന്റെ ആന്തരാര്‍ഥം ഗ്രഹിച്ചു തങ്ങളുടെ അമലുകള്‍ നിഷ്‌കളങ്കമായി ചെയ്യുവാന്‍ ആഗ്രഹിക്കുന്ന ഓരോ മുസ്‌ലിമും മതപരമായ ഈ ആധികാരിക ഗ്രന്ഥം തികഞ്ഞ സന്തോഷത്തോടും ആഹ്ലാദത്തോടും കൂടി സ്വാഗതം ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’.

ആകര്‍ഷണീയമായ രീതിയില്‍ തയ്യാറാക്കപ്പെട്ടതും കെട്ടിലും മട്ടിലുമെല്ലാം മികവു പുലര്‍ത്തുന്നതുമായ ഈ കൃതിയില്‍ ഹദീസുകള്‍ ഉള്‍പ്പടെയുള്ള പല വാചകങ്ങളും പദങ്ങളും അറബി മൂലത്തോടുകൂടി നല്‍കിയിരിക്കുന്നു. 91 അധ്യായങ്ങളിലായാണ് ഇതിലെ വിഷയങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 350 രൂപയാണ് മുഖവില.

Related Articles