Current Date

Search
Close this search box.
Search
Close this search box.

വര്‍ഗീയതയും ഹിന്ദു ദേശീയവാദവും

communlais.jpg

ഒര്‍നിത് ഷാനിയുടെ 2007 ല്‍ പുറത്തിറങ്ങിയ പുസ്തകമാണ് Communalism, Caste and Hindu Nationalsim, The Violence in Gujarat (വര്‍ഗീയവാദം, ജാതി, ഹിന്ദുത്വ ദേശീയവാദം – ഗുജറാത്തിലെ സംഘട്ടനങ്ങളും). ഈ പുസ്തകം ഗുജറാത്തിന്റെ വ്യവസായ വളര്‍ച്ചയെയും അതിലൂടെ അഹമ്മദാബാദ് എന്ന നഗരത്തിന്റെ വളര്‍ച്ചയെയും പഠനവിധേയമാക്കുന്നു. പ്രത്യേകിച്ച്  ഗുജറാത്തില്‍ നടന്ന വര്‍ഗീയ സംഘട്ടനങ്ങള്‍ ആസൂത്രിതമായിരുന്നു എന്ന് ഈ പുസ്തകം കണക്കുകള്‍ നിരത്തുന്നുണ്ട്. ഈ പുസ്തകത്തിന്റെ പേര്‍ സൂചിപ്പിക്കുന്നത് പോലെ വര്‍ഗീയവാദം ഹിന്ദുദേശീയവാദത്തിന്റെ ലബോറട്ടറികളില്‍ മുന്‍കൂട്ടി തയ്യാറാക്കിയ മരുന്നുകളാണെന്ന് എഴുത്തുകാരി അടിവരയിടുന്നു. ഈ പുസ്തകത്തെ നാല് ഭാഗമായി തിരിച്ചിരിക്കുന്നു. ആദ്യഭാഗത്തില്‍ അഹമ്മദാബാദ് നഗരത്തിലെ ടെക്സ്റ്റയില്‍സ് വ്യവസായം, പോപ്പുലേഷന്‍ എന്നിവയെ പരിചയപെടുത്തുന്നു. ജാതികള്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷമാണ് രണ്ടാം ഭാഗത്തില്‍. മൂന്നാം ഭാഗത്തില്‍ വ്യവസായവല്‍ക്കരണം സൃഷ്ടിച്ച പ്രശ്‌നങ്ങളെ പരിചയപെടുത്തുന്നു. വര്‍ഗീയ കലാപങ്ങളുടെ യാഥാര്‍ത്ഥ കാരണങ്ങളെ പറഞ്ഞ് തരികയാണ് അവസാന ഭാഗത്തില്‍.
    
മണ്ഡല്‍ കമ്മീഷന്‍ ചര്‍ച്ചകള്‍ക്ക് സ്വാധീനം ലഭിച്ച സംസ്ഥാനമായിരുന്നു ഗുജറാത്ത്. എന്നാല്‍ ഹിന്ദു ദേശീയവാദത്തിന്റെ ശ്രദ്ധ നേരത്തെ ഉണ്ടായിരുന്ന സ്ഥലവും. 1980 കളില്‍ ദലിത്/പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി ഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സവര്‍ണര്‍ക്കിടയില്‍ അസ്വസ്ഥത പടര്‍ത്തുകയും ഈ അസ്വസ്ഥത വര്‍ഗീയ കലാപങ്ങളിലേക്ക് അഹമദാബാദ് നഗരത്തെ കൊണ്ടെത്തിക്കുകയായിരുന്നുവെന്ന് ഒര്‍നിത് ഷാനി നിരീക്ഷിക്കുന്നു.

1970 കളില്‍ പിന്നോക്ക/ദലിതുകളില്‍ രാഷ്ട്രീയവല്‍ക്കരണം നടക്കുകയും അതുമായി സാമൂഹിക സന്തുലിതാവസ്ഥക്ക് വേണ്ടി ഇവയില്‍ നിന്ന് ചില വിഭാഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ വന്‍ സ്വാധീനം ചെലുത്തുകയും ചെയ്തു. പിന്നോക്ക /ദലിത് വിഭാഗങ്ങള്‍ക്ക്  കിട്ടുന്ന ഈ പരിഗണന സവര്‍ണര്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ഭരണകൂടത്തിന്റെ നയങ്ങളില്‍ പിന്നോക്ക/ദലിത് ഘടകങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനം രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനം ചെയ്തു. സ്വാതന്ത്ര്യത്തിന് ശേഷം ഗുജറാത്തില്‍ പിന്നോക്ക/ദലിത് വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം ലഭിച്ച് തുടങ്ങിയിരുന്നു. 1970 കളില്‍ ഈ മുന്നേറ്റം  പ്രത്യക്ഷമായ രീതിയിലായിരുന്നു, കോണ്‍ഗ്രസ്സ് പാര്‍ട്ടി എസ്.സി/ എസ്.ടി, പിന്നോക്ക ജാതി ഗ്രൂപ്പുകള്‍ക്ക് വേണ്ടി പരസ്യമായി രംഗത്ത് വന്നു.

1980 കളില്‍ ദലിതുകളും സവര്‍ണരും സംവരണ വിഷയത്തില്‍ പരസ്യമായി ഏറ്റുമുട്ടി, ഇത് ഹിന്ദുത്വത്തിന്റെ തകര്‍ച്ചക്ക് കാരണമായി. ഇതിനെ മറികടക്കാന്‍ സവര്‍ണജാതികള്‍ സ്വീകരിച്ച അടവുനയമാണ് വര്‍ഗീയ സംഘട്ടനങ്ങള്‍ (ഹിന്ദു – മുസ്‌ലിം). ദലിത് ബഹുജനുകളും സവര്‍ണരും തമ്മില്‍ നടക്കേണ്ട രാഷ്ട്രീയ സംഘട്ടനത്തെ വര്‍ഗീയ കലാപങ്ങള്‍ എന്ന അജണ്ടയിലൂടെ സവര്‍ണര്‍ മറികടക്കുകയും അങ്ങനെ ഹിന്ദു ദേശീയ വാദത്തിന് ശക്തി പകരുന്ന ഒന്നായി വര്‍ഗീയ സംഘട്ടനങ്ങളെ മാറ്റി പണിയാന്‍ സംഘ്പരിവാരത്തിലൂടെ സവര്‍ണര്‍ക്ക് കഴിഞ്ഞു. സംവരണം എന്ന വലിയ രാഷ്ട്രീയ പ്രാധാന്യമുളള വിഷയത്തെ ഹിന്ദുത്വ ശക്തികള്‍ മറികടക്കുകയും പുതിയ അജണ്ടകളുമായി അവര്‍ മുന്നോട്ട് വന്നതായി ഒര്‍നിത് ശാനി പറയുന്നു.
    
ബി.ജെ.പി 1990 കളില്‍ ദലിതുകള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നുണ്ട്. ദലിതുകള്‍ക്കിടയില്‍ നിയമ സഹായം, ആരോഗ്യ സംരക്ഷണം തുടങ്ങിയ തലത്തില്‍ നിന്ന് കൊണ്ട് അവരിലേക്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കുന്നു, ഇതേ സമയത്ത് തന്നെയാണ് ബാബരി മസ്ജിദ് പൊളിക്കാനുളള പദ്ധതികള്‍ വി.എച്ച്.പിയും ബി.ജെ.പിയും ആസൂത്രണം ചെയുന്നത്. മുസ്‌ലിമിനെ ശത്രുവാക്കി നിര്‍ത്തുന്നതില്‍ സവര്‍ണര്‍ വിജയിച്ചതായി നാം കണ്ടു. 1985 കളില്‍ 11 സീറ്റ് ഉണ്ടായിരുന്ന ബി.ജെ.പിക്ക് 1990 കളില്‍ 67 സീറ്റായി  വര്‍ധിപ്പിക്കുന്നതില്‍ ഹിന്ദുത്വ ദേശീയവാദത്തിന്റെ പ്രയോക്താകള്‍ക്ക് സാധിച്ചു. ജനതാദളിന്റെ ചിമ്മന്‍ബായിയുമായി ഐക്യം ഉണ്ടാക്കിയ ഹിന്ദുത്വം, സേവനത്തിലൂടെ ദലിതുകളുടെ രാഷ്ട്രീയ കര്‍ത്രത്വത്തിലേക്ക് കയറി കൂടി. 1990 ഓഗസ്റ്റില്‍, സംവരണ വിരുദ്ധ കലാപങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്, മണ്ഡല്‍ കമ്മീഷന്റെ നിര്‍ദേശം പ്രകാരം വി.പി സിങ്ങ് ഗവണ്‍മെന്റെ സംവരണം നടപ്പിലാക്കുവാന്‍ തുടങ്ങുന്നത് കണ്ട് സമനില തെറ്റിയ ഹിന്ദുത്വം പുതിയ കലാപങ്ങള്‍ക്ക് ഇന്ത്യയില്‍ തിരികൊളുത്തുന്നുണ്ട്. എന്നാല്‍ ഈ കലാപങ്ങളില്‍ സംവരണവിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായി ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ഒ.ബി.സി വിഭാഗത്തില്‍ നിന്നായിരുന്നു. സംവരണ ക്യാമ്പയ്‌നുകള്‍ പോലും അത് അര്‍ഹിക്കുന്ന വിഭാഗത്തെ തന്നെ തെരുവില്‍ ഇറക്കാന്‍ ഹിന്ദുത്വത്തിന്‍ കഴിഞ്ഞു. പിന്നെ നമ്മുക്കറിയാവുന്നത് പോലെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി ഒന്നിക്കേണ്ടവരെ തമ്മില്‍ അടിപ്പിക്കുന്ന വര്‍ഗീയകലാപങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി സംഘ്പരിവാര്‍ ശക്തികള്‍ മാറി

ഭഗല്‍പൂരിലും ജബല്‍പൂരിലെയും അഹമ്മാദാബാദിലെയും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരെ ഉറക്കെ പ്രസംഗിക്കുന്ന മഅ്ദനിയുടെയും  വര്‍ഗീയ കലാപങ്ങള്‍ക്കെതിരെയും മുസ്‌ലിനെ വംശഹത്യക്ക്  ഇരയാക്കി കൊണ്ട് ബി.ജെ.പിയും സംഘ്പരിവാരങ്ങളും അധികാരം നേടിയെടുതത്തിന്റെ ചരിത്രവും നമ്മുക്ക് വായിച്ചെടുക്കാവുന്നതാണ്. 1970 മുതല്‍ തുടങ്ങിയ വര്‍ഗീയ സംഘര്‍ത്തിന്റെ കാരണക്കാരെയും ആ വര്‍ഗീയ സംഘര്‍ഷങ്ങള്‍ കൊണ്ട് അധികാരം കൈപിടിയിലൊതുക്കിയ മോഡിമാരുടെയും യാഥാര്‍ത്ഥ ചിത്രം ഈ പുസ്തകത്തിലൂടെ എഴുത്തുകാരി നമ്മോട് പറയുന്നു.

Related Articles