Current Date

Search
Close this search box.
Search
Close this search box.

മോദിക്കെതിരെ വെളിപ്പെടുത്തലുകളുമായി റാണ അയ്യൂബിന്റെ പുസ്തകം

gujarat.jpg

പ്രമുഖ അന്വേഷണാത്മ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന്റെ പുതിയ പുസ്തകമായ ‘ഗുജറാത്ത് ഫയല്‍സ്: അനാട്ടമി ഓഫ് എ കവര്‍ അപ്പ്’ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഡല്‍ഹിയിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ ഔദ്യോഗികമായി പ്രകാശനം ചെയ്തത്. ഉള്ളടക്കത്തില്‍ രാഷ്ട്രീയ പ്രമുഖര്‍ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകള്‍ ഉള്ളത് കൊണ്ട് ഒരുപാട് പ്രസാധകര്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചതിനാല്‍ പുസ്തകം സ്വന്തം ചെലവില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു റാണ അയ്യൂബ്. തെഹല്‍ക മാഗസിനില്‍ ജോലി ചെയ്തിരുന്ന കാലത്ത്, എട്ട് മാസക്കാലം ഗുജറാത്തില്‍ താമസിച്ച് രഹസ്യമായി നടത്തിയ അന്വേഷണത്തിലൂടെയും, അഭിമുഖങ്ങളിലൂടെയും ശേഖരിച്ച വിവരങ്ങളും വസ്തുതകളുമാണ് പുസ്തകത്തിന്റെ ആകെതുക.

2001-2010 കാലഘട്ടത്തിനിടയില്‍ ഗുജറാത്തിലെ ഉന്നതപദവികളില്‍ ഇരുന്നിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ഉന്നതപോലിസ് ഉദ്യോഗസ്ഥരെയും ചെന്ന് കണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ അമേരിക്കയില്‍ നിന്നുള്ള ഫിലിംമേക്കര്‍ മൈഥിലി ത്യാഗിയായി 26-കാരിയായ റാണാ അയ്യൂബിന് വേഷംകെട്ടേണ്ടി വന്നു. മനുഷ്യരാശിക്കെതിരെ നടത്തിക ക്രൂരകൃത്യങ്ങളില്‍ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കുമുള്ള പങ്കിനെ വെളിച്ചത്ത് കൊണ്ടുവരുന്ന വിവരങ്ങള്‍ പുസ്തകത്തിലുണ്ട്.

2002 ഗുജറാത്ത് മുസ്‌ലിം വംശഹത്യയിലും, അതുപോലെ തന്നെ സൊഹറാബുദ്ദീന്‍, കൗസര്‍ഭായ്, ഇശ്‌റത്ത് ജഹാന്‍ തുടങ്ങിയവരുടെ കൊലപാതകത്തിലേക്ക് നയിച്ച് വ്യാജഏറ്റുമുട്ടലുകളിലും, ആഭ്യന്തര മന്ത്രി ഹരെണ്‍ പാണ്ഡ്യയുടെ കൊലപാതകത്തിലും ഭരണകൂടത്തിനും, ഉദ്യോഗസ്ഥര്‍ക്കുമുള്ള വ്യക്തമായ പങ്കിനെ സംബന്ധിച്ച വിവരങ്ങളും പുസ്തകം പങ്കുവെക്കുന്നുണ്ട്.

നരേന്ദ്ര മോദിയുടെയും, അമിത് ഷായുടെയും അധികാരാരോഹണത്തിന്റെയും, ഗുജറാത്തില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള അവരുടെ യാത്രയുടെയും ഒപ്പം തന്നെ നടന്നിരുന്ന കേസുകളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വിടുന്ന ‘ഗുജറാത്ത് ഫയല്‍സ്’ എന്ന പുസ്തകം, ഭരണകൂടം മൂടികെട്ടി വെച്ച സത്യങ്ങളെ കുറിച്ചാണ് നിങ്ങളോട് ഉറക്കെ സംസാരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച ഡല്‍ഹിയിലെ ഇന്ത്യന്‍ ഹാബിറ്റാറ്റ് സെന്ററിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ വെച്ചാണ് പുസ്തകം ഔദ്യോഗികമായി പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ ഹാര്‍ഡ് കോപ്പി ഇന്ത്യയിലെ ചില തെരഞ്ഞെടുക്കപ്പെട്ട ബുക്ക് സ്റ്റോറുകളില്‍ നിന്നും ലഭ്യമാണ്. ഓണ്‍ലൈന്‍ റീട്ടെയ്ല്‍ സൈറ്റായ ആമസോണില്‍ പുസ്തകത്തിന്റെ ഇലക്ട്രോണിക്ക് പതിപ്പ് വില്‍പ്പനക്കുണ്ട്.

Related Articles