Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദിനെ കുറിച്ച് സ്‌പെന്‍സര്‍ പറഞ്ഞ സത്യം

truth.jpg

തീവ്രവാദികളുടെ  കുറ്റകൃത്യങ്ങള്‍, പഴയ പാശ്ചാത്യന്‍ മുന്‍ വിധികള്‍ക്കൊരു പുതു ജീവന്‍ നല്‍കിയിരിക്കുകയാണ്. മുഹമ്മദിനെ കുറിച്ച് ഏറ്റവും മോശമായി വിശ്വസിക്കാന്‍ താല്പര്യമെടുക്കുന്ന ആളുകള്‍, അദ്ദേഹത്തെ, തനതായ ചരിത്ര പരിപ്രേക്ഷ്യത്തിലൂടെ അവതരിപ്പിക്കാനും, ഇസ്‌ലാമിനെ കുറിച്ച് തങ്ങള്‍ ആരോപിക്കുന്ന ന്യൂനതകള്‍, ജൂത – െ്രെകസ്തവ പാരമ്പര്യങ്ങള്‍ ഇല്ലായ്മ ചെയ്യുന്നുവെന്നു സമ്മതിക്കാനും, പലപ്പോഴും, വൈമനസ്യം കാണിക്കുന്നവരാണ്. ജീവചരിത്രമെന്ന് തെറ്റായി നാമകരണം നടത്തുകയും, ‘ലോകത്തെ ഏറ്റവും അസഹിഷ്ണുവായ മതത്തിന്റെ സ്ഥാപകന്‍'(Founder of the World’s Most Intolerant Religion) എന്ന് രണ്ടാം തലക്കെട്ടു നല്‍കപ്പെടുകയും ചെയ്ത, റോബര്‍റ്റ്  സ്‌പെന്‍ഷറുടെ The Truth about Muhammad എന്ന കൃതി, ഊട്ടിയുറപ്പിക്കപ്പെട്ട ഈ ശാത്രവമാണ് തെര്യപ്പെടുത്തുന്നത്.

സ്‌പെന്‍സര്‍ 20 വര്‍ഷത്തോളം ഇസ്‌ലാമിനെ പഠന വിധേയമാക്കിയിട്ടുണ്ട്. അതൊരു ദുഷ്ടമതവും, പ്രകൃത്യാ തന്നെ ആക്രമണോത്സുക മതവുമാണെന്ന് തെളിയിക്കുകയായിരുന്നു, ഈ പഠനത്തിന്റെ പ്രധാന ഉദ്ദേശ്യമെന്നാണ് തോന്നുന്നത്. അമേരിക്കന്‍ അവകാശത്തിന്നു സധീരം പോരാടുന്ന ഇദ്ദേഹം, അമേരിക്കന്‍ ബെസ്റ്റ് സെല്ലറായ The Politically Incorrect Guide to Islam എന്ന ഗ്രന്ഥത്തിനെ കര്‍ത്താവാണ്. വിദ്വേഷത്തൊടെ വിരചിതമായ ഏത് കൃതികളെയും പോലെ, വിഷണ്ണമായി വായിക്കപ്പെടുന്ന ഒരു പുസ്തകമാണിത്. ഏഴാം ശതകത്തിലെ അറേബ്യയുടെ ചരിത്രപരവും രാഷ്ട്രീയവും സാമ്പത്തികവും ആത്മീയവുമായ സാഹചര്യങ്ങളെ വിവരിക്കാന്‍ സ്‌പെന്‍സര്‍ യാതൊരു ശ്രമവും നടത്തുന്നില്ല. അതിന്റെ അഭാവത്തില്‍, മുഹമ്മദിന്റെ ജീവിതത്തിലെ വികാര സംഞ്ജയങ്ങള്‍ മനസ്സിലാക്കുക അസാധ്യമാണ്. തദ്ഫലമായി, വസ്തുതകളെ, അടിസ്ഥാന പരമായ തെറ്റുകളും ചീത്തയുമാക്കുകയാണദ്ദേഹം ചെയ്തിരിക്കുന്നത്. മാത്രമല്ല, മനപൂര്‍വം, കൃത്രിമമായി തെളിവുകള്‍ കൈകാര്യം ചെയ്തു കൊണ്ട്, കൂടുതല്‍ ഇടിച്ചു താഴ്ത്തുകയാണദ്ദേഹം ചെയ്യുന്നത്.

ഏത് മതത്തിന്റെയും പാരമ്പര്യങ്ങള്‍ വൈവിധ്യം നിറഞ്ഞവയായിരിക്കും. അതിനാല്‍, മുഖ്യ വിശ്വാസം വികലമാക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് ഉദ്ദരണികള്‍ തെരഞ്ഞെടുക്കുക ക്ഷിപ്രസാധ്യമാണ്. സമീകരണത്തില്‍ സ്‌പെന്‍സര്‍ക്ക് താല്പര്യവുമില്ല. തന്റെ പ്രബന്ധത്തിന്ന് ഉപോല്‍ബലകമായ ഇസ്‌ലാമിക പാരമ്പര്യ വശങ്ങള്‍ മാത്രം പെറുക്കിയെടുക്കുകയാണദ്ദേഹം ചെയ്തിരിക്കുന്നത്. ഉദാഹരണമായി, ജൂത – െ്രെകസ്തവരോട് വിരോധം കാണിക്കുന്ന ഭാഗങ്ങള്‍ മാത്രം ഖുര്‍ആനില്‍ നിന്ന് അദ്ദേഹം ഉദ്ദരിക്കുന്നു. ‘നിങ്ങള്‍ ( അവരോട് ) പറയുക: ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു (29: 46) പോലുള്ള, വേദക്കാരുടെ തുടര്‍ച്ചയാണ് ഇസ്‌ലാം എന്ന് ഊന്നിപ്പറയുന്ന നിരവധി സൂക്തങ്ങള്‍ അവഗണിക്കുകയും ചെയ്തിരിക്കുന്നു.

ക്രിസ്തുമതത്തെക്കാളും ജൂതമതത്തെക്കാളും, ഇതര മതങ്ങളെ വിലമതിക്കുന്ന വളരെ നല്ലൊരു ചരിത്രമാണ് ഇസ്‌ലാമിന്നുള്ളത്. മധ്യകാല യൂറോപ്പില്‍, മുസ്‌ലിം സ്‌പൈനില്‍, മൂന്നു അബ്രഹാമിക് മതങ്ങള്‍ക്കിടയിലെ ബന്ധം, അപൂര്‍വമായ ഐക്യമായിരുന്നു. െ്രെകസ്തവ ബൈസാണ്ട്രിയയാകട്ടെ, ജറൂസലേമില്‍ താമസിക്കുന്നതിന്ന് ജൂതന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, എ. ഡി 638 ല്‍, ഖലീഫ ഉമര്‍ ഈ നഗരം പിടിച്ചെടുത്തപ്പോള്‍, തിരിച്ചു വരാന്‍ അവരെ ക്ഷണിക്കുകയും, മശീഹയുടെ മുന്‍ഗാമികളായി വാഴ്ത്തുകയും ചെയ്തു. പക്ഷെ, ഇതൊന്നും സ്‌പെന്‍സര്‍ സൂചിപ്പിക്കുന്നില്ല. അറബ് – ഇസ്രായേല്‍ സംഘര്‍ഷത്തൊടെയാണ് ജൂത – മുസ്‌ലിം ബന്ധം മോശമായതെന്നത് തീര്‍ച്ചയാണ്. എന്നാല്‍, നൂറ്റാണ്ടുകളായി നിലനിന്നു പോന്ന സമാധാനപരവും , പലപ്പോഴും നിഷ്‌കര്‍ഷവുമായ സഹവര്‍ത്തിത്വത്തില്‍ നിന്നും വേര്‍പ്പെട്ടതാണിത്. മക്കയുമായുള്ള മുഹമ്മദിന്റെ യുദ്ധം ചര്‍ച്ച ചെയ്യുമ്പോള്‍, എല്ലാ യുദ്ധങ്ങളെയും ഭയാനക കുറ്റമായി ആക്ഷേപിക്കുന്നതും, അക്രമത്തെ നിരോധിക്കുന്നതും, ആത്മ പ്രതിരോധത്തില്‍ മാത്രം സായുധ സമരത്തെ ന്യായീകരിക്കുന്നതുമായ എത്രയോ ഖുര്‍ആനിക സൂക്തങ്ങള്‍, സ്‌പെന്‍സര്‍ ഉദ്ദരിക്കാതെ വിടുന്നു. മാപ്പു ചെയ്യുന്നതിന്റെയും സന്ധിയുടെയും മഹത്വത്തിലൂന്നുന്ന ഖുര്‍ആന്റെ നിലപാട് അദ്ദേഹം അവഗണിക്കുന്നു. ശത്രു സമാധാനം തേടുന്നുവെങ്കില്‍, അവര്‍ വെക്കുന്ന ഏത് വ്യവസ്ഥയും – അഹിതമാണെങ്കില്‍ പോലും – സ്വീകരിച്ചു മുസ്‌ലിംകള്‍ ആയുധം താഴെവെക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം കാണാതെ പോകുന്നു. സംഘര്‍ഷമവസാനിപ്പിച്ചു കൊണ്ടുള്ള മുഹമ്മദിന്റെ അക്രമ രഹിത സൈനിക സന്നാഹത്തെ കുറിച്ചും അദ്ദേഹം മൗനിയാണ്.

യോശുവയുടെ കൂട്ടക്കുരുതിയെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുകയും, റബ്ബി ഹിലേലിന്റെ സുവര്‍ണ ഭരണത്തെ കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്ന ജൂത വിവരണവും, ഗിരിപ്രഭാഷണം പറയാതെ, വെളിപാട് പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ള െ്രെകസ്തവ വിവരണങ്ങളും, ആളുകള്‍ക്ക് ഉപദ്രവമായിരിക്കുമുണ്ടാക്കുക. എന്നാല്‍, പാശ്ചാത്യ ലോകത്ത് സര്‍വത്ര വ്യാപിച്ച, ഇസ്‌ലാമിനെ കുറിച്ച അജ്ഞത, ധാരാളമാളുകളെ സ്‌പെന്‍ഷറുടെ വാദം ലക്ഷ്യം വെക്കുകയാണ്. അവര്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് സ്‌പെന്‍സര്‍ അവരോട് പറയുന്നത്. പലസ്തീന്‍, ലെബനാന്‍, ഇറാഖ് സംഭവങ്ങളാല്‍ അകറ്റി നിറുത്തപ്പെട്ട മുസ്‌ലിംകളോട്, തങ്ങളുടെ മതത്തോടുള്ള ശത്രുത മാറ്റിവെക്കാന്‍ പാശ്ചാത്യ ലോകത്തിന്നു കഴിയുകയില്ലെന്ന് ‘തെളിയിക്കുന്നതി’ന്നായി, മൗലിക വാദികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ ഒരു സമ്മാനമാണ്  ഈ പുസ്തകം.

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles