Current Date

Search
Close this search box.
Search
Close this search box.

മാപ്പിള മുസ്‌ലിംകളെ കുറിച്ച മില്ലറുടെ നിരീക്ഷണങ്ങള്‍

mappila-muslim.jpg

ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത് ജീവിക്കുന്ന മുസ്‌ലിംകളാണ് മാപ്പിളമാര്‍ എന്നു പറയുന്നത് ഒരു ഉത്തരമേയല്ല എന്ന് ആമുഖത്തോടെ ആരംഭിക്കുന്ന റോളണ്ട് ഇ മില്ലറുടെ ‘മാപ്പിള മുസ്‌ലിംകള്‍’ എന്ന പുസ്തകം മാപ്പിളമാരുടെ ഉത്ഭവവും ചരിത്രവും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മത പശ്ചാത്തലങ്ങളും വളരെ വിശദമായി തന്നെ വിവരിക്കുന്ന ഒരു ചരിത്ര കൃതിയാണ്. വളരെ ആഴത്തിലുള്ള ഒരു ഗവേഷണത്തിന്റെ ഫലമാണ് ഇതെന്ന് വായന തുടങ്ങുമ്പോള്‍ തന്നെ ബോധ്യമാകും. സമര്‍പ്പിക്കുന്ന വിഷയങ്ങള്‍ക്കെല്ലാം ഉദ്ധരണികളും അവയുടെ അടിസ്ഥാന സ്രോതസ്സുകളും നില്‍കിയിരിക്കുന്നത് പുസ്തകത്തിന്റെ ആധികാരികതക്ക് മാറ്റ് കൂട്ടുന്നു.

ദക്ഷിണേന്ത്യയുടെ ചരിത്രം, പ്രത്യേകിച്ചും കേരളത്തിന്റെ ചരിത്രം വിദേശികളായ ചരിത്രകാരന്‍മാരെ വേണ്ടത്ര ആകര്‍ഷിച്ചിരുന്നില്ലാത്ത കാലത്താണ് കനേഡിയന്‍ പൗരനായ മില്ലര്‍ ഈ ഉദ്യമത്തിന് മുതിര്‍ന്നതെന്ന് ശ്രദ്ധേയമാണ്. ഒരു വിദേശിയാണെങ്കിലും മുപ്പത് വര്‍ഷത്തോളം കേരളത്തില്‍ ജീവിച്ച് മാപ്പിളമാരുമായി ഇടപെട്ട് അവരെ കുറിച്ച് എഴുതാനുള്ള അര്‍ഹത നേടിയെടുത്തതിന് ശേഷമാണ് മില്ലര്‍ ഈ ഗ്രന്ഥം രചിച്ചത്. ലൂഥര്‍ മിഷന്റെ പ്രവര്‍ത്തകനായി മലപ്പുറത്ത് എത്തിയ മില്ലറുടെ ചരിത്രത്തോടുള്ള താല്‍പര്യവും ജനങ്ങളോട് ഇടപഴകാനുമുള്ള കഴിവും വിഷയത്തിന്റെ ആഴത്തിലേക്കിറങ്ങിച്ചെല്ലാന്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. മില്ലര്‍ ഇംഗ്ലീഷില്‍ രചന നിര്‍വഹിച്ച ഈ ഗ്രന്ഥം 1976 ലാണ് Mappila Muslims of Kerala : A study in Islamic Trends എന്ന പേരില്‍ ഓറിയന്റ് ലോങ്മാന്‍ പ്രസിദ്ധീകരിച്ചത്. മലയാളികളെ കുറിച്ചുള്ള ചരിത്ര പഠനം മലയാളത്തിലേക്കെത്തുവാന്‍ പിന്നെയും കാല്‍ നൂറ്റാണ്ടിലധികം വേണ്ടി വന്നു. തോമസ് കാര്‍ത്തികപുരമാണ് മലയാളത്തിലേക്ക് ഇതിന്റെ മൊഴിമാറ്റം നിര്‍വഹിച്ചിരിക്കുന്നത്.

മാപ്പിള പരിസരത്തെ വിശദീകരിച്ച് ആരംഭിക്കുന്ന പഠനത്തില്‍ മാപ്പിള എന്ന പേരിന്റെ അര്‍ഥവ്യാപ്തിയെ കുറിച്ച് മില്ലര്‍ ഗഹനമായി തന്നെ വിശദീകരിക്കുന്നുണ്ട്. ഭൂതകാല ചരിത്രമെന്നും വര്‍ത്തമാനകാല ചരിത്രമെന്നും രണ്ട് ഭാഗങ്ങളാക്കിയാണ് അദ്ദേഹം പഠനം മുന്നോട്ട് കൊണ്ടു പോവുന്നത്. കേരളത്തിലെ ഇസ്‌ലാമിന്റെ ആഗമനവും അതിന് തദ്ദേശിയര്‍ നല്‍കിയ സ്വീകരണവും ഭൂതകാല പൈതൃകമെന്ന ഭാഗത്ത് വിവരിക്കുന്നു. ചേരമാന്‍ പെരുമാളുടെ ഇസ്‌ലാമാശ്ലേഷണവും യാത്രയും, പോര്‍ച്ചുഗീസുകാരുടെ കടന്നു വരവും അവരുമായുണ്ടായ മത്സരങ്ങളും ഏറ്റമുട്ടലുകളും, ബ്രിട്ടീഷുകാരുടെ കടന്നു കയറ്റം തുടങ്ങിയ കാര്യങ്ങളാണ് പ്രസ്തുത ശീര്‍ഷകത്തിന് കീഴില്‍ വരുന്നത്. മാപ്പിളമാര്‍ സമൂഹത്തില്‍ നേരിട്ടിരുന്ന നവ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക ചുറ്റുപാടുകളെയും പ്രതിസന്ധികളെയും കുറിച്ചാണ് ‘വര്‍ത്തമാനകാലത്തെ അഭിമുഖീകരിക്കുമ്പോള്‍’ എന്ന പേരിലുള്ള രണ്ടാം ഭാഗം വിവരിക്കുന്നത്.

കേരളത്തില്‍ വന്ന അറബികളധികവും തെക്കേ അറേബ്യയില്‍ നിന്നു വന്നവരായിരുന്നു എന്നതാണ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ ചിന്താധാരക്ക് മാപ്പിളമാര്‍്ക്കിടയില്‍ കൂടുതല്‍ പ്രചാരം ലഭിക്കാതെ പോയതിന് കാരണമെന്ന് മില്ലര്‍ വിലയിരുത്തുന്നുണ്ട്. കേരളത്തിലെ സുന്നീ പാരമ്പര്യത്തെ വിശദീകരിക്കുന്ന ലേഖകന്‍ ഇ.കെ അബൂബകര്‍ മുസ്‌ലിയാരുടെ സംഭാവനകളെ എടുത്തുപറയുന്നുണ്ട്. പുസ്തകം മുസ് ലിംകള്‍ക്കിടയില്‍ മതത്തിന്റെ മിതവാദ സമീപനത്തിന് മാതൃകയായി കാണിക്കുന്നത് ശൈഖ് മുഹമ്മദ് കാരകുന്നിനെയാണ്. കേരളത്തിലെ മുസ്‌ലിം സംഘടനകളെ കുറിച്ചെല്ലാം അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. ഗ്രന്ഥകാരന്റെ കണ്ടെത്തലുകളുമായി പലര്‍ക്കും വിയോജിപ്പുകളുണ്ടാവാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും മാപ്പിളമാരുടെയും കേരളീയ മുസ്‌ലിംകളുടെയും ചരിത്രമന്വേഷിക്കുന്നവര്‍ക്ക് ഇതൊരു മുതല്‍ കൂട്ടാവുമെന്നതില്‍ സംശയമില്ല. വളരെ മുമ്പ് രചിക്കപ്പെട്ടതാണെങ്കിലും ഇന്നും അതിന്റെ ഉള്ളടക്കത്തിന് ഏറെ പ്രസക്തിയുണ്ട്.

തോമസ് കാര്‍ത്തികപുരം മൊഴിമാറ്റം ചെയ്ത പുസ്തകം അദര്‍ ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാനൂറില്‍പരം പേജുകളുള്ള പുസ്തകത്തിന്റെ മുഖവില നാനൂറ് രൂപയണ്.

Related Articles