Current Date

Search
Close this search box.
Search
Close this search box.

മര്‍ത്യ ജീവിതത്തിന്റെ പൊരുള്‍

target01.jpg

വളരെ സങ്കീര്‍ണമായ ഒരു പ്രശ്‌നമാണ് മനുഷ്യജീവിതം. ഒട്ടേറെ ചോദ്യങ്ങളാണ് ജീവിതത്തെകുറിച്ച് ആലോചിക്കുമ്പോള്‍ മനസിലേക്ക് കടന്നുവരിക. എന്താണ് ജീവിതം? ആരാണ് ജീവിതത്തിന് പിന്നിലെ ശക്തി? എന്തിനാണ് ജീവിതം? എങ്ങനെയാണ് ജീവിതം.. എന്നിങ്ങനെ ഏറെ പ്രസക്തിയുള്ള ചോദ്യങ്ങള്‍. മൗലിക ചോദ്യങ്ങള്‍ എന്ന് നമുക്ക് അവയെ വിശേഷിപ്പിക്കാം. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായിരുന്നു മതങ്ങളും പ്രത്യശാസ്ത്രങ്ങളും സിദ്ധാന്തങ്ങളും മറ്റും കാലങ്ങളായി ശ്രമിച്ചു പോന്നത്. അഥവാ മനുഷ്യജീവിതവുമായ ബന്ധപ്പെട്ട മൗലിക ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് അവ.

ഇസ്‌ലാമിക ദര്‍ശനത്തിലൂന്നി മനുഷ്യജീവിതമെന്ന പ്രശ്‌നത്തിനുള്ള പരിഹാരമാണ് മുര്‍തസാ മുതഹ്ഹരി രചിച്ച ‘ജീവിത ലക്ഷ്യം’ എന്ന കൃതി. ഇറാനിയന്‍ ചിന്തകനും പണ്ഡിതനുമായി മുതഹ്ഹരിയുടെ ‘ഇസ്‌ലാമിന്റെ ലോകവീക്ഷണത്തിനൊരു പീഠിക’ എന്ന പുസ്തകത്തിലെ ഒരു ശീര്‍ഷകമാണ് ‘ജീവിത ലക്ഷ്യം’. അവശേഷിക്കുന്ന ശീര്‍ഷകങ്ങള്‍ കൂടി കൊച്ചുകൃതികളായി പ്രസിദ്ധീകരിക്കുമെന്നാണ് കൊച്ചിയിലെ സഖലൈന്‍ ഫൗണ്ടേഷന്‍ അവകാശപ്പെടുന്നത്. ജീവിതത്തെ ആദ്ധ്യാത്മികമായും ബുദ്ധിപരമായും നിര്‍വചിക്കുന്ന ചെറുതെങ്കിലും ഗഹനമായി കൃതിയാണിത്.

മൊത്തം അഞ്ച് അധ്യായങ്ങളാണ് ഈ കൊച്ചുകൃതി ഉള്‍ക്കൊള്ളുന്നത്. അഞ്ച് ഭാഗങ്ങളിലായി സൃഷ്ടി, സ്രഷ്ടാവ്, സദാചാരം, പ്രപഞ്ചം, ആദര്‍ശം, പൂര്‍ണമനുഷ്യന്‍ തുടങ്ങി മനുഷ്യ ജീവിതവുമായി നാഡീബന്ധം പുലര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കുകയും അവക്ക് ഇസ്‌ലാമികദര്‍ശന ദൃഷ്ട്യാ പോംവഴികള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു. പ്രഥമാധ്യായത്തില്‍ മനുഷ്യജീവിതത്തിന്റെ ലക്ഷ്യം എന്താണെന്ന് നിര്‍വചിക്കുന്നു. ഈ നിര്‍വചനത്തിന്റെ സവിശേഷത മൗലിക ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ അതില്‍ അന്തര്‍ലീനമായിരിക്കുന്നു എന്നതാണ്. അഥവാ ലക്ഷ്യം നിര്‍ണയിക്കപ്പെട്ടാല്‍ അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹൃതമായിരിക്കുന്നുവെന്നര്‍ഥം. ജീവിതത്തിന്റെ പരമലക്ഷ്യമായി ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത് ഇബാദത്തിനെയാണ്. ഇബാദത്ത് മനുഷ്യന് സ്വയം ഒരു ലക്ഷ്യമാണ്. ഇബാദത്തിന്റെ സാമ്പ്രദായികമായ ആശയത്തെയല്ല മുര്‍തസാ മുതഹ്ഹരി ഇവിടെ വിവക്ഷമാക്കുന്നത്. പ്രത്യുത, ദൈവവുമായി മനുഷ്യമനസിനെ ബന്ധിപ്പിച്ച് ജീവിതം മുഴുവന്‍ ധ്യാനപൂര്‍ണമാക്കുമ്പോള്‍ സിദ്ധമാവുന്ന അദ്ധ്യാത്മിക അനുഭവമാണ് ഇബാദത്ത്. എനിക്ക് ഇബാദത്ത് ചെയ്യാനാണ് ജിന്നുവര്‍ഗത്തെയും മനുഷ്യവര്‍ഗത്തെയും ഞാന്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന വിശുദ്ധ വേദവാക്യം മുന്‍ചൊന്ന വീക്ഷണത്തിനാണ് അടിവരയിടുന്നത്.

നാലാമത്തെയും അഞ്ചാമത്തെയും അധ്യായങ്ങളാണ് ഏറ്റവും ആസ്വാദ്യകരമായി അനുഭവപ്പെടുക. ഈ ഭാഗത്താണ് പൂര്‍ണമനുഷ്യനെ (അല്‍-ഇന്‍സാനുല്‍ കാമില്‍) സംബന്ധിക്കുന്ന ചര്‍ച്ച കടന്ന് വരുന്നത്. മനുഷ്യന്റെ പൂര്‍ണത നിര്‍വചിക്കലാണ് മറ്റെന്തിനേക്കാളും പ്രയാസകമായ സംഗതി. ഒരു മേത്തരം കുതിരയെ നിര്‍വചിക്കുക ക്ഷിപ്രസാധ്യമായ വിഷയമാണ്. കായബലത്തിലും തടിമിടുക്കിലും ചടുലത പ്രകടിപ്പിക്കുന്ന കുതിര മേത്തരം കുതിരയാണ്. എന്നാല്‍ മനുഷ്യന്റെ പൂര്‍ണതക്കുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്? ഈ പ്രശ്‌നം മുന്‍നിര്‍ത്തി ആത്മീയവും ഭൗതികവുമായ ചിന്തകള്‍ മുന്നോട്ട് വെക്കുന്ന മനുഷ്യന്‍ പൂര്‍ണതയുടെ വ്യത്യസ്ത മാനദണ്ഡങ്ങളെ നിരൂപണം ചെയ്യുകയാണ് ഗ്രന്ഥകാരന്‍. പൂര്‍ണമനുഷ്യന്റെ മാനദണ്ഡമായി ഐഹിക നേട്ടത്തെ സ്വീകരിക്കാമോ? കൂടുതല്‍ സ്വാര്‍ഥംഭരികളായി ജീവിക്കുകയെന്നതാണല്ലോ ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ സവിശേഷത. ഐഹിക നേട്ടത്തെ പൂര്‍ണമനുഷ്യന്റെ മാനദണ്ഡമായി സ്വീകരിക്കാന്‍ കഴിയില്ല എന്ന നിഗമനത്തില്‍ ഗ്രന്ഥകാരന്‍ എത്തിച്ചേരുന്നു. കാരണം, മിക്കയാളുകളും അടിസ്ഥാനപരമായി സുഖഭോഗങ്ങളില്‍ ജീവിതം കഴിക്കുകയും ഹതാശരായി മരണത്തെ പുല്‍കുകയുമാണ് ചെയ്യുന്നത്. സൂഫിസം മുന്നോട്ടുവെക്കുന്ന പാരത്രിക ജീവിതാസ്വാദനത്തെ പൂര്‍ണമനുഷ്യന്റെ മാനദണ്ഡമായി സ്വീകരിക്കാമോ? ഇല്ലെന്നാണ് മറുപടി. കാരണം, ജീവിതം വെടിഞ്ഞ് പാരത്രികാസ്വാദനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കല്‍ ഒരു തരം കച്ചവടമാണ്. ലാഭക്കൊതിയോടെ ദൈവാരാധന നടത്തുന്നവന്‍ കച്ചവടക്കാരനെ പോലെയാണെന്നും പേടിച്ച് ആരാധന നടത്തുന്നവന്‍ അടിമകളെ പോലെയാണെന്നും അലി(റ) ‘നഹ്ജുല്‍ ബലാഗ’യില്‍ പറഞ്ഞിട്ടുണ്ട്. സ്‌നേഹം (ഗാന്ധിസം), ജ്ഞാനം (തത്വചിന്ത), സൗന്ദര്യം (ആത്മവാദം), ശക്തി (ഡാര്‍വിനിസം), ലൈംഗികത (ഫ്രോയ്ഡിസം) എന്നിങ്ങനെയുള്ള പൂര്‍ണമനുഷ്യന്റെ വ്യത്യസ്ത മാനദണ്ഡങ്ങളെ പരിശോധിക്കുകയും അവയൊന്നും സമ്പൂര്‍ണമനുഷ്യനെ അളക്കുന്ന മാനദണ്ഡമായി സ്വീകരിക്കാനാവില്ലെന്ന തീര്‍പ്പിലെത്തുകയുമാണ് ഗ്രന്ഥകാരന്‍.

തുടര്‍ന്ന്, ഇസ്‌ലാമിക ദര്‍ശനം വികസിപ്പിക്കുന്ന പൂര്‍ണമനുഷ്യന്റെ സങ്കല്‍പത്തിലാണ് മുര്‍തസാ മുതഹ്ഹരി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ നിര്‍വചനത്തില്‍ ശീഇസത്തില്‍ ചെറിയ സ്വാധീനം ഒഴിച്ചു നിര്‍ത്തിയാല്‍, നേരത്തെ പറഞ്ഞ ഇബാദത്തെന്ന് സങ്കല്‍പത്തിലാണ് മനുഷ്യന്റെ പൂര്‍ണത ചെന്നെത്തുന്നത്. ഇസ്‌ലാമിക ദര്‍ശനത്തിന്റെ മൂലശിലയായ ‘ദൈവമല്ലാതെ മറ്റൊരു ആരാധ്യനേയില്ല, മുഹമ്മദ് ദൈവദൂതനാകുന്നു’ എന്ന ആദര്‍ശം അതിന്റെ സമഗ്രാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുമ്പോഴാണ് പൂര്‍ണമനുഷ്യന്‍ പിറവികൊള്ളുന്നത്. അപ്പോള്‍ ദൈവാരാധനയും ദൈവബോധവും ദൈവസ്മരണയും ദൈവവിശ്വാസവും മനസംസ്‌കരണവും സദാചാരവുമൊക്കെ ജീവിതത്തില്‍ ഒഴിച്ച് നിര്‍ത്താനാവാത്ത സവിശേഷതകളായി മുന്നില്‍ വരും. ആരാധന വിശ്വാസത്തയെും വിശ്വാസം ആരാധനയെയും ആശ്രയിച്ചിരിക്കുന്നു. ദൈവവുമായുള്ള ജ്ഞാന പരമായ സാത്മ്യമാണ് വിശ്വാസം. ദൈവവുമായുള്ള കര്‍മപരമായ സാത്മ്യമാണ് അനുഷ്ഠാനപരമായി ആരാധനകള്‍. ഇസ്‌ലാമിക ദര്‍ശനം അവതരിപ്പിക്കുന്ന പൂര്‍ണമനുഷ്യന്റെ പ്രായോഗിക മാതൃകകള്‍ പ്രവാചകന്‍മാരാണെന്നത് വിശുദ്ധവേദവും തിരുചര്യയും ബോധ്യപ്പെടുത്തുന്നുണ്ട്. തുടര്‍ന്ന്, പ്രവാചകന്‍മാരുടെ മാതൃക അനുധാവനം ചെയ്ത് ജീവിതം അദ്ധ്യാത്മിക അനുഭവത്തിന്റെ വഴിത്താരയില്‍ ആവിഷ്‌കരിച്ചവരും. ഏതായാലും ‘ജീവിതലക്ഷ്യം’ എന്ന കൃതി മനസിന് നവീനമായൊരു അനുഭൂതിയാണ് നല്‍കുകയെന്നതില്‍ സംശയം വേണ്ട. ഈ കൃതിയുടെ വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് സി. ഹംസയാണ്.

Related Articles