Current Date

Search
Close this search box.
Search
Close this search box.

മതപരിത്യാഗം ഇസ്‌ലാമിക വീക്ഷണത്തില്‍

murtad.jpg

ഇസ്‌ലാമിക വീക്ഷണത്തില്‍ ഇഹലോകം പരീക്ഷണ ഗേഹമാണ്. സ്രഷ്ടാവായ അല്ലാഹു തയ്യാറാക്കിയ ജീവിത രീതി അവലംബിക്കുവര്‍ ആരൊക്കെ, അല്ലാത്തവര്‍ ആരൊക്കെ എന്നതാണ് പരിശോധിക്കപ്പെടുന്നത്. ഇവിടെ അടിച്ചേല്‍പിക്കലിന് സ്ഥാനമില്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാരണം, അല്ലാഹു മനുഷ്യന് നല്‍കിയ സ്വാതന്ത്ര്യങ്ങളില്‍ പ്രഥമ പ്രധാനമായിട്ടുള്ളതാണ് വിശ്വാസ സ്വാതന്ത്ര്യം. അടിസ്ഥാനപരമായ ഈ മൗലികാവകാശം സര്‍വലോകര്‍ക്കും ലഭിക്കണമെന്നാണ് ഇസ്‌ലാമിന്റെ പക്ഷം. ആളുകള്‍ക്ക് ഇഛാസ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, പ്രവര്‍ത്തന സ്വാതന്ത്ര്യം തുടങ്ങിയവ അംഗീകരിച്ചു കൊടുക്കുക എന്നത് ദൈവിക ദര്‍ശനത്തിന്റെ പ്രകൃതിയും സവിശേഷതയുമാണ് .
അതിനാല്‍ ജനങ്ങള്‍ക്ക് ദൈവിക സന്ദേശം എത്തിക്കുക എന്ന ദൗത്യമാണ് അല്ലാഹു പ്രവാചകന്‍മാരെ ഏല്‍പിച്ചത്.  അത് സ്വീകരിപ്പിക്കാനുള്ള ബാധ്യതയൊന്നും തനിക്കില്ലെന്ന് തുറന്നുപ്രഖ്യാപിക്കാന്‍ പ്രവാചകനോട് അല്ലാഹു ആവശ്യപ്പെടുന്നത് ഖുര്‍ആനില്‍ നമുക്ക് വായിക്കാം. നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുക, അതു സ്വീകരിക്കുന്നില്ലെങ്കില്‍ അതിന്റെ അപകടകരമായ പരിണതിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുക, സ്വീകരിക്കുന്നവര്‍ക്ക് ലഭിക്കാന്‍ പോകുന്ന സൗഖ്യത്തെ കുറിച്ച് സന്തോഷ വാര്‍ത്ത അറിയിക്കുക. ഇത്ര മാത്രമാണ് തന്റെ ചുമതലയെന്ന് പ്രവാചകന്‍ പ്രഖ്യാപിക്കുന്നു. (അല്‍അഅ്‌റാഫ്:188)
മതം, വിശ്വാസം, ചിന്ത, ആദര്‍ശം മുതലായവ ഒരാളില്‍ അടിച്ചേല്‍പിക്കാവുന്നവയല്ല എന്നത് നിസ്തര്‍ക്കമാണ്. ഇനി ആരെങ്കിലും അടിച്ചേല്‍പിച്ചാല്‍ തീര്‍ച്ചയായും അവന്‍ കാപട്യത്തില്‍ അഭയം കണ്ടെത്തുകയായിരിക്കും ഫലം. കാപട്യമാകട്ടെ സത്യനിഷേധത്തേക്കാള്‍ ഗുരുതരമാണ്. കപടന്മാര്‍ക്ക് നരകത്തിന്റെ അടിത്തട്ടിലാണ് സ്ഥാനം. ചുട്ടുപഴുത്ത ഭൂപ്രദേശത്തുനിന്നും ഒരാളെ രക്ഷിച്ച് അയാളെ തീയിലിടുക ഇസ്‌ലാമിന്റെ ദൗത്യമല്ല.
അടിസ്ഥാനപരമായി ഇസ്‌ലാമിന്റെ രുചി ആസ്വദിച്ചിട്ടില്ലാത്തവരോട് ബലപ്രയോഗം നടത്തുക അതിന്റെ രീതിയല്ലാത്തതുപോലെ, ഇസ്‌ലാമിന്റെ മാധുര്യം ഒരാള്‍ ആസ്വദിക്കുകയും പിന്നീട് ദൗര്‍ഭാഗ്യം അവനെ അതിജയിക്കുകയും, അങ്ങനെ ബിംബാരാധനയിലേക്കോ ജൂതായിസത്തിലേക്കോ ക്രൈസ്തവതയിലേക്കോ അഗ്‌നിയാരാധനയിലേക്കോ മറ്റു അനിസ്‌ലാമിക മാര്‍ഗങ്ങളിലേക്കോ തിരിച്ചുപോവുകയാണെങ്കില്‍, അവന്റെ കാര്യത്തിലും യാതൊരു ബലപ്രയോഗവും ഇസ്‌ലാമില്‍ ഇല്ല. ആരംഭത്തില്‍ ഒരാള്‍ക്ക് ഇഷ്ടാനുസാരം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ളതുപോലെ, അവസാനത്തിലുമുണ്ട്.
ശത്രുക്കളുമായി ചേര്‍ന്ന് ഗൂഢാലോചനയിലേര്‍പ്പെടുകയോ കുതന്ത്രങ്ങള്‍ പ്രയോഗിക്കുകയോ ചെയ്യാതെ, സംശയാസ്പദമായ പിന്നാമ്പുറങ്ങളില്ലാതെ, തീര്‍ത്തും വ്യക്തിപരമായ മതപരിത്യാഗമാണെങ്കിലാണ് ഇപ്പറഞ്ഞത്. അതേസമയം, ഇസ്‌ലാമിനും ഇസ്‌ലാമിക രാഷ്ട്രത്തിനുമെതിരിലുള്ള ഗൂഢാലോചനയുടെയും തന്ത്രപരമായ നീക്കത്തിന്റെയും ഭാഗമായിട്ടാണതെങ്കില്‍ അത് മതപരിത്യാഗം എന്നല്ല വിളിക്കപ്പെടുക. മറിച്ച് അത് ചതിയും വഞ്ചനയും ഗൂഢാലോചനയും അല്ലാഹുവിനോടും റസൂലിനോടുമുള്ള പോരാട്ടവുമാണ്. അത്തരക്കാരുടെ ശിക്ഷ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.  അവര്‍ വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യുക എന്നതാണത്.
ലാ ഇക്‌റാഹ ഫിദ്ദീന്‍ എന്നത് ഇസ്‌ലാമിന്റെ ഒരു അടിസ്ഥാന സിദ്ധാന്തമാണ്. അല്ലാഹു ഒരിക്കലും വിശ്വാസത്തെ നിര്‍ബന്ധത്തിനും ബലപ്രയോഗത്തിനും വിധേയമാക്കിയിട്ടില്ല. മറിച്ച് ഹൃദയത്തിന്റെ അടിയുറച്ച അംഗീകാരവും സ്വതാല്പര്യപ്രകാരം തെരഞ്ഞെടുക്കലുമാണ് വിശ്വാസകാര്യത്തിലുളള അല്ലാഹുവിന്റെ നിശ്ചയം. അല്ലാഹു പറയുന്നു: നിന്റെ റബ്ബിന്റെ ഇച്ഛ (ഭൂമിയിലെല്ലാവരും വിശ്വാസികളും അനുസരണമുളളവരും തന്നെ ആകണമെന്നു)ആയിരുന്നുവെങ്കില്‍ ഭൂവാസികളഖിലം വിശ്വാസം കൈക്കൊളളുമായിരുന്നു. എന്നിരിക്കെ, ജനങ്ങള്‍ വിശ്വാസികളാകാന്‍, നീ അവരെ നിര്‍ബന്ധിക്കുകയോ? (യൂനുസ്: 99) അഥവാ, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ വിശ്വസിക്കാന്‍ ആളുകളെ നിര്‍ബന്ധിക്കുമായിരുന്നു. എന്നാല്‍ അപ്രകാരം ചെയ്തില്ല. അക്കാര്യം ഓരോരുത്തരുടെയും ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ഇസ്‌ലാമിന്റെ രുചി ആസ്വദിച്ചിട്ടില്ലാത്തവന്റെ കാര്യത്തില്‍ ഇസ്‌ലാം ബലം പ്രയോഗിക്കാത്ത പോലെ, അത് ആസ്വദിച്ച ശേഷം അതുപേക്ഷിച്ച് തനിക്ക് തോന്നുന്ന മനുഷ്യനിര്‍മ്മിത മതത്തിലേക്കോ വ്യവസ്ഥയിലേക്കോ പോകുന്നവന്റെ കാര്യത്തിലും ബലപ്രയോഗമില്ല. ഏത് തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ അവന്‍ ആദ്യാവസാനം സ്വതന്ത്രനാണ്. പിന്നീട് അവന്റെ വിചാരണ അല്ലാഹുവിങ്കലത്രെ.
പ്രമുഖരായ ഒരു പറ്റം പണ്ഡിതന്മാര്‍ ഈ വീക്ഷണവുമായി വിയോജിക്കുന്നവരായുണ്ട്. സത്യനിഷേധി ഗൃഹത്തില്‍, സത്യ നിഷേധികളായ മാതാപിതാക്കള്‍ക്ക് ജനിച്ച വ്യക്തിക്ക് ഈ സ്വാതന്ത്ര്യം അവരും വക വെച്ച് കൊടുക്കുന്നുണ്ട്. അവര്‍ പറയുന്നു: അവന്‍ സ്വന്തം കാര്യത്തില്‍ സ്വതന്ത്രനാണ്. ഈമാനോ കുഫ്‌റോ ഏതു വേണമെങ്കിലും ഇഷ്ടാനുസാരം തെരഞ്ഞെടുക്കാനുള്ള അധികാരം അവനുണ്ട്. അവന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, കുഫ്‌റില്‍ തുടരാം. അവന്‍ ഇഛിക്കുന്നുവെങ്കില്‍ വിശ്വാസികളുടെ സംഘത്തില്‍ ചേരുകയുമാവാം.
എന്നാല്‍ ഈമാനിന്റെ രുചി നുകര്‍ന്ന വിശ്വാസിയായ ഒരു മനുഷ്യന്‍, അവന്‍ ഒരു സത്യനിഷേധിയുടെ ഗൃഹത്തില്‍ ജനിക്കുകയും പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തവനായാലും, മുസ്‌ലിം ഗൃഹത്തില്‍ മുസ്‌ലിം മാതാപിതാക്കള്‍ക്ക് ജനിച്ചവനായാലും അവന് ഈ സ്വാതന്ത്ര്യമോ ഇഷ്ടാനുസാരം തെരഞ്ഞെടുക്കാനുള്ള അവകാശമോ ഉണ്ടായിരിക്കുകയില്ല. ഈമാനില്‍ നിന്ന് കുഫ്‌റിലേക്ക് മാറുക എന്നത് അവനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമാണ്. അങ്ങനെ, മാറിയാല്‍, ജീവിക്കാനുള്ള അവന്റെ അവകാശം നഷ്ടപ്പെടും. അവന്‍ വധിക്കപ്പെടേണ്ടത് അനിവാര്യമാണ്. ഇതാണ് അവരുടെ വീക്ഷണം. ഇമാം ശാഫിഈ, അബൂബക്ര്‍ അല്‍ ജസ്സ്വാസ്,  അലാഉദ്ദീന്‍ സമര്‍ഖന്ദി, അലാഉദ്ദീന്‍ കാസാനി, സര്‍ഖസി, ബുര്‍ഹാനുദ്ദീന്‍ മുര്‍ഗീനാനി, ഇബ്‌നു റുശ്ദ്, ദസൂഖി, നവവി, ഇബ്‌നു ഖുദാമ തുടങ്ങി നാല് മദ്ഹബിലെയും പ്രമുഖരായ പണ്ഡിതന്മാരൊക്കെയും മതപരിത്യാഗി അക്കാരണം കൊണ്ട് തന്നെ വധശിക്ഷക്ക് അര്‍ഹനാണെന്ന് പ്രഖ്യാപിക്കുന്നത് കാണാം.
ഇസ്‌ലാം ഉപേക്ഷിച്ച് പുറത്തുപോവുക എന്നത് പൊറുക്കപ്പെടാത്ത തെറ്റാണെന്നും ആരെങ്കിലും മുര്‍തദ്ദായാല്‍ ഒന്നുകില്‍ താമസംവിനാ ഇസ്‌ലാമിലേക്ക് തിരിച്ചുവരികയോ അല്ലെങ്കില്‍ കൊല്ലപ്പെടുകയോ അല്ലാതെ മറ്റൊരു വഴിയും അവന് മുന്നിലില്ല എന്നുമവര്‍ ഏക സ്വരത്തില്‍ പറയുന്നു.
ഇവിടെ ഒരു ചോദ്യം ഉത്ഭവിക്കുന്നു. അതായത്, ഒരാളുടെ ജീവനെടുക്കുക എന്നത് ഇസ്‌ലാമില്‍ നിസ്സാരമായ സംഗതിയല്ല. വധം അനിവാര്യമായാലല്ലാതെ അതിന് മുതിരാന്‍ പാടില്ല. അതുതന്നെ, നട്ടുച്ച സൂര്യനെപ്പോലെ തിളങ്ങുന്ന, ഉറച്ച പര്‍വതം കണക്കെ സ്ഥിരീകരിക്കപ്പെട്ട തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കണം. അങ്ങനെയെങ്കില്‍, എന്ത് അടിസ്ഥാനത്തിലാണ് പണ്ഡിതന്മാര്‍ ഇത്തരമൊരു ഫത്‌വ നല്‍കിയിട്ടുള്ളത്. മുര്‍തദ്ദിനെ വധിക്കാന്‍ സംശയരഹിതവും സുവ്യക്തവുമായ വല്ല തെളിവുകളും അവരുടെ പക്കലുണ്ടോ? പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഈ വിഷയം പുനഃപരിശോധനക്ക് വിധേയമാക്കുന്ന പ്രൗഢമായ കൃതിയാണ് ഡോ. ഇനായത്തുല്ലാഹ് സുബ്ഹാനിയുടെ ‘ലാ ഇക്‌റാഹ ഫിദ്ദീന്‍’. ‘വിശ്വാസ സ്വാതന്ത്ര്യം’ എന്ന പേരില്‍ അതിന്റെ മലയാള പരിഭാഷ പുറത്തിറക്കിയിരിക്കുന്നത് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (iph) ആണ്. വില: 65 രൂപ.

Related Articles