Current Date

Search
Close this search box.
Search
Close this search box.

മണല്‍കൊട്ടാരവും മഞ്ഞുമനുഷ്യനും

sandcastles.jpg

 

ഈജിപ്തില്‍ നിന്നുള്ള എഴുത്തുകാരിയും പ്രഭാഷകയും ആയ സഹര്‍ അല്‍-നാദി ‘മണല്‍കൊട്ടാരവും മഞ്ഞുമനുഷ്യരും’ എന്ന തന്റെ ആദ്യ പുസ്തകത്തെക്കുറിച്ച് സംസാരിക്കുന്നു. 25 രാജ്യങ്ങളില്‍ സഞ്ചരിക്കുകയും വിവിധ ആന്താരാഷ്ട്ര വേദികളില്‍ പ്രഭാഷണം നടത്തുകയും ചെയ്ത അവര്‍ ‘വെറുക്കരുത് അറിവു നല്‍കുക’  (Don’t Hate, Edu-cate) എന്ന സംഘടനയുടെ സ്ഥാപകയും ഡയറക്ടറുമാണ്.

എഴുതുകയും ചാനല്‍ പ്രോഗ്രാമുകളില്‍ സ്ഥിരമായി പങ്കെടുക്കുകയും ചെയ്യുമെങ്കിലും ഞാന്‍ ആദ്യമായി ഒരു പുസ്തകം രചിക്കുന്നത് സ്വീഡനില്‍ വച്ചാണ്. മുസ്‌ലിമല്ലാത്ത (യുക്തിവാദി കൂടിയായ) ഒരു സ്വീഡിഷ് പൗരനാണ് ഇസ്‌ലാമിനെക്കുറിച്ച് പുസ്തകം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. പരസ്പരമുള്ള ബഹുമാനവും പഠിക്കാനാഗ്രഹിച്ചുകൊണ്ടുള്ള കൈമാറ്റവും സാധ്യമാണെന്ന വലിയ ഒരു സന്ദേശമാണ് സ്വീഡിഷ് കാരന്റെ  ഈ ആവശ്യം എന്നില്‍ ഉണ്ടാക്കിയത്. സ്വീഡിഷുകാര്‍ അതില്‍ വളരെ മുന്നിലാണ്. ജനിച്ചു എന്നതല്ലാതെ മറ്റുള്ളവരെപ്പോലെത്തന്നെ കാര്യമായി ആഴത്തിലുള്ള വിവിരമൊന്നുമില്ലാത്ത എന്റെ വിശ്വാസത്തെ ആധുനിക ആഗോള പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് ഒരു സ്ത്രീ എന്ന നിലയില്‍ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍.

ഇന്റര്‍നെറ്റിലൂടെ കണ്ട ഒരു ചിത്രമാണ് യഥാര്‍ഥത്തില്‍ എന്നില്‍ ചിന്തക്ക് കാരണമാക്കിയത്. സൗദി അറേബ്യയിലെ മഞ്ഞു പ്രദേശത്ത് നില്‍ക്കുന്ന ഒരു വ്യക്തിയുടെതാണ് ഫോട്ടോ. യഥാര്‍ഥത്തില്‍ നമ്മുടെ കാഴ്ചപ്പാടുകളെ അസ്ഥാനത്താക്കുന്നതാണ് ആ ചിത്രം. നാം ധരിച്ചു വച്ചിരിക്കുന്നത് സ്വീഡനില്‍ തണുപ്പും സൗദിയില്‍ മരുഭൂമിയുമാണെന്നാണ്. എന്നാല്‍ രണ്ടും രണ്ടിടത്തുമുണ്ട് എന്നതാണ് യാഥാര്‍ഥ്യം. സാംസ്‌കാരികമായി വൈവിധ്യം പുലര്‍ത്തുന്ന ജനതയെ ബന്ധിപ്പിക്കാനുള്ള ശ്രമമായിരുന്നു എന്റെ എഴുത്ത്. ആ ചിത്രം എനിക്കതിനുപകാരപ്പെട്ടു. ലോകത്തിന്റെ രണ്ടറ്റത്തുള്ള രണ്ടു കുട്ടികളോട് നാം അവരുടെ ചുറ്റുപാടില്‍ നിന്നു കൊണ്ട് എന്തെങ്കിലും നിര്‍മിക്കാന്‍ ആവശ്യപ്പെട്ടാല്‍ ചിലപ്പോള്‍ ചൂടേറിയ മരുഭൂമിയില്‍ നിന്നുള്ള കുട്ടി നിര്‍മിക്കുന്നത് ഒരു മണ്‍കൊട്ടാരവും മഞ്ഞുറഞ്ഞ തണുത്ത പ്രദേശത്തു നിന്നുള്ള കുട്ടി നിര്‍മിക്കുന്നത് ഒരു മഞ്ഞു മനുഷ്യനെയുമായിരിക്കും. പക്ഷെ രണ്ടിലും എത്ര വ്യത്യാസങ്ങളുണ്ടെങ്കിലും ചില സാമ്യതകള്‍ കൂടി നമുക്ക് കണ്ടെത്താന്‍ സാധിക്കും. ഏറ്റവും വലിയ സാമ്യത അത് നിര്‍മിച്ചത് രണ്ടു നിഷ്‌കളങ്കരായ കുട്ടികളാണ് എന്നതാണ്. രണ്ടുപേരും ദൈവത്തിന്റെ സൃഷ്ടികള്‍. രണ്ടാമത്തേത് അവര്‍ നിര്‍മിച്ചവ താല്‍ക്കാലികമായ അവരുടെ ആവിഷ്‌കാരം മാത്രമാണ് എന്നതാണ്. മനുഷ്യന്‍ പലപ്പോഴും മറന്നു പോകുന്ന അല്ലേങ്കില്‍ പ്രത്യക്ഷത്തില്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു വശമാണ് അവന്റെ ആത്മാവ് എന്നത്. ശരീരമാത്രമായ ലോകത്തിനാണ് നാം കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. യഥാര്‍ഥത്തില്‍ അവയെല്ലാം ഒരിക്കല്‍ നശിച്ചുപോകുന്നതാണെന്ന കാര്യം നാം മറക്കുന്നു. അത് സംഭവിക്കുന്നതിനു മുമ്പ് എന്തിനാണ് നാം ഇവിടേക്ക് വന്നതെന്ന കാര്യം നാം അറിയണം. കഴിഞ്ഞ മുപ്പത് വര്‍ഷമായി ഞാന്‍ അന്വേഷിച്ചു കൊണ്ടിരുന്ന കാര്യണത്. ഇന്ന് ഞാനതില്‍ ഒരു അറിവിലെത്തിയിരിക്കുന്നു. ഇസ്‌ലാമില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയതും അനുഷ്ഠിച്ചതും നാമമാത്രമായിരുന്നു. മറ്റു ചെറുപ്പക്കാരെപ്പോലെ ഞാനും ഭൗതിമായ സുഖത്തിനു വേണ്ടിയുള്ള നേരമില്ലാത്ത ഓട്ടത്തിലായിരുന്നു. ഭൗതികമായ എന്റെ സൗകര്യങ്ങള്‍ എന്നെ വേണ്ട രീതിയില്‍ തൃപ്തിപ്പെടുത്താതെ വന്നപ്പോള്‍ ഞാന്‍ ആത്മീയമായ അന്വേഷണത്തിലേക്ക് യാത്രതിരിച്ചു. പലതരത്തിലും ആ യാത്രതന്നെയായിരുന്നു എനിക്ക് ലഭിച്ച ഉത്തരം. മുസ്‌ലിം എന്ന അര്‍ഥത്തില്‍ ഞാനൊരു ലോക പൗരയായി മാറുകയായിരുന്നു എന്ന സന്ദേശമാണ് ഈ പുസ്തകത്തിലൂടെ കൈമാറാന്‍ ശ്രമിക്കുന്നത്.

എല്ലാ വൈവിധ്യങ്ങള്‍ക്കുമപ്പുറം എല്ലാവരുടെയും സഹോദരി. സ്വീഡന്‍ രാജാവ്, യു എന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ തുടങ്ങിയവരുമായൊക്കെ ഞാനിതിനു വേണ്ടി സംസാരിക്കുന്നുണ്ട്. ഏറ്റവും സന്തോഷം തന്നത് ട്രെയ്‌നുകളിലം പ്ലെയ്‌നുകളിലും തെരുവു കഫെകളിലും വച്ച് ലോകത്തിന്റെ വിവിധ കോണുകളിലുള്ള ജനങ്ങളുമായി സംസാരിക്കാനായതാണ്. അത്ഭൂതമെന്നു തന്നെ പറയാം മുസ്‌ലിംകളല്ലാതിരുന്നിട്ടും  അവരില്‍ നിന്നും ഇസ്‌ലാമിനെക്കുറിച്ച് പലതും ഞാന്‍ പഠിച്ചു. എന്റെ അഭിപ്രായത്തില്‍ ലോകത്തിന്റെ ഏതു കോണിലുമുള്ള ജനതയെയും അവരുടെ പ്രദേശികമായ വൈവിധ്യത്തെ സമ്മതിച്ചുകൊണ്ടു തന്നെ വളരെ പ്രായോഗികമായി അവരെ ഉള്‍ക്കൊള്ളാനുള്ള വിശാലത ഇസ്‌ലാമിന്റെ മാത്രം സവിശേഷതയാണ്. ഞാനെന്റെ പുസ്തകത്തിലൂടെ പറയാനാഗ്രഹിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യം ലോകം ഇന്നനുഭവിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ നിങ്ങള്‍ ഇസ്‌ലാമിനെ പരീക്ഷിച്ചു നോക്കണം എന്നാണ്. ഒരു യുവതി എന്ന നിലക്ക് മുസ്‌ലിം സ്ത്രീകളോട് ഞാന്‍ പറയുന്നു നിങ്ങള്‍ക്ക് നിങ്ങളുടെ ആവിഷ്‌കാരങ്ങള്‍ നടത്താന്‍ ഇത്രമാത്രം സുരക്ഷിതമായ വേറെ ഒരന്തരീക്ഷമില്ല എന്നതാണ് സത്യം. നാം പ്രചോദനത്തിനായി വേറെ എങ്ങും പോകേണ്ടതില്ല. വെറുതെ നിശ്ശബ്ദമായിരുന്ന് നിങ്ങളുടെ മനസ്സ് പറയുന്നത് എന്ത് എന്ന് ശ്രദ്ധിച്ചു നോക്കുക. (2013 ജൂണ്‍ 1ന് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം മൊത്തം 220 പേജാണ്)

വിവ : അത്തീഖുറഹ്മാന്‍

Related Articles